വാഷിംഗ്ടൺ: അമേരിക്കൻ നയതന്ത്രജ്ഞരെ മാത്രം ബാധിക്കുന്ന ഹവാന സിൻഡ്രോം എന്ന അവസ്ഥയ്ക്ക് പിന്നിലെ കാരണങ്ങളറിയാൻ ഗവേഷണങ്ങൾ തുടർന്ന് ശാസത്രജ്ഞർ. നിരവധി പരീക്ഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും അവസ്ഥയ്ക്ക് പിന്നിലെ യഥാർത്ഥ കാരണമെന്താണെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞില്ല. അടുത്തിടെ ഈ രോഗത്തിന്റെ ഭീഷണിയെത്തുടർന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്നാം യാത്ര വൈകിയതോടെയാണ് ഇതുസംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായത്. ഈ അജ്ഞാത രോഗത്തിന് പിന്നിൽ ചൈനയാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. നിഗൂഢമായ ഒരു മൈക്രോവേവ് അല്ലെങ്കിൽ സോണിക്ക് ആയുധം ഉപയോഗിച്ച് ചൈനയാണ് തങ്ങളെ ലക്ഷ്യമിടുന്നതെന്നാണ് അമേരിക്ക സംശയിക്കുന്നത്. മൈക്കോവേവ് ആയുധങ്ങൾ കണ്ടുപിടിക്കുന്നതുമായി ബന്ധപ്പെട്ട് ചൈന നേരത്തേ പരീക്ഷണങ്ങൾ നടത്തിയിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത് ഈ സംശയത്തിന് കൂടുതൽ ബലമേകുന്നു.
ഹവാന സിൻഡ്രോമിനെ കുറിച്ച് 2016 മുതലാണ് പുറത്തറിയാൻ തുടങ്ങിയത്. അതിന് മുൻപ് ഇത്തരമൊരു അവസ്ഥ ഉണ്ടായിരുന്നോയെന്ന കാര്യം വ്യക്തമല്ല. വിചിത്രമായതും പല തരത്തിലുള്ളതുമായ ശബ്ദങ്ങൾ കേൾക്കുക, ഛർദി, അതിശക്തമായ തലവേദന, ക്ഷീണം, തലകറക്കം, ഉറക്ക പ്രശ്നങ്ങൾ, കേൾവിക്കുറവ്, ഓർമപ്രശ്നങ്ങൾ എന്നിവയാണ് ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങൾ. അപരിചിതമായ ശാരീരിക അസ്വസ്ഥതകളും ഇതോടൊപ്പം അനുഭവപ്പെടാറുണ്ട്. രോഗം തീവ്രമായാൽ ചിലർ മരണപ്പെടും. എന്നാൽ മറ്റു ചിലർ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലായിരിക്കും. സമർത്ഥരായ ഉദ്യോഗസ്ഥരെയാണ് ഈ രോഗം കൂടുതലായി ബാധിക്കുക. ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ അമേരിക്കൻ നയതന്ത്ര പ്രതിനിധികൾക്കും എംബസിയിലെ ചില ഉദ്യോഗസ്ഥർക്കുമാണ് ആദ്യമായി ഈ രോഗലക്ഷണങ്ങൾ പ്രകടമായത്.
അധികം വൈകാതെ തന്നെ മറ്റുരാജ്യങ്ങളിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥരെയും ഈ രോഗം ബാധിച്ചു. ഈ അവസ്ഥയ്ക്ക് കാരണമായി റഷ്യയെ ആയിരുന്നു അമേരിക്ക ആദ്യം സംശയിച്ചിരുന്നത്. റഷ്യക്കെതിരെയുള്ള നീക്കങ്ങൾക്കായി അതീവ രഹസ്യമായി വിദേശരാജ്യങ്ങളിൽ എത്തുന്ന അമേരിക്കൻ ഉദ്യോഗസ്ഥരിൽ ചിലർക്ക് രോഗംബാധിച്ചതോടെയാണ് അമേരിക്ക റഷ്യയെ സംശയിച്ചത്. എന്നാൽ ഇതിന് വേണ്ട തെളിവുകൾ കണ്ടെത്താൻ അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നില്ല. അമേരിക്കൻ ഉദ്യോസ്ഥർക്കെതിരേ ക്യൂബയും റഷ്യയും ചേർന്ന് അജ്ഞാത ആക്രമണം നടത്തിയെന്ന് 2017 ൽ ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. പിന്നീടാണ് ചൈനയാണ് ഈ രോഗത്തിന് കാരണമെന്ന സംശയം തോന്നി തുടങ്ങിയത്.
2020 ൽ പുറത്തുവന്ന നാഷണൽ അക്കാഡമീസ് ഓഫ് സയൻസ് പഠനങ്ങൾ പ്രകാരം സൂക്ഷ്മതരംഗങ്ങളുടെ പ്രയോഗമാണ് ഹവാന സിൻഡ്രോമിന്റെ വിശ്വസനീയമായ കാരണം എന്ന് വ്യക്തമായിരുന്നു. പലർക്കും ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടായത് ചില പ്രത്യേക സ്ഥലത്തുവച്ചോ മുറികളിൽ വച്ചോ ആണ്. ആദ്യം ശക്തമായ വേദനയും മുഴക്കമുളള ശബ്ദം കേട്ടതായി തോന്നുകയും ചെയ്യും. തുടർന്നാണ് മറ്റ് അവസ്ഥകൾ ആരംഭിക്കുന്നത്. ഇതോടെയാണ് വൈദ്യുതകാന്തിക തരംഗങ്ങൾ പ്രത്യേക ആവൃത്തിയിൽ ഉപയോഗിക്കുന്നതാവാം രോഗത്തിന് കാരണമെന്ന നിഗമനത്തിൽ ഗവേഷകർ എത്തിയത്. ലോകത്തെ സ്വന്തം കാൽച്ചുവട്ടിൽ നിർത്താനുള്ള അമേരിക്കയുടെ തരംതാണ പ്രവൃത്തിയാണ് ഈ രോഗത്തിന് പിന്നിലെന്നാണ് അമേരിക്ക വിശ്വസിക്കുന്നത്. ഭരണാധികാരികൾക്ക് നേരെയും ഇത്തരം ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് അമേരിക്ക ആശങ്കപ്പെടുന്നു.

