General (Page 1,431)

തിരുവനന്തപുരം: സംസ്ഥാനം സ്വന്തമായി ഉണ്ടാക്കിയ ജിഎസ്ടി സോഫ്റ്റ്‌വെയറിലെ പ്രശ്‌നങ്ങൾക്ക് അഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും പരിഹാരമുണ്ടായിട്ടില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും ജി.എസ്.ടി. വരുമാനം ദിനംപ്രതി ഇടിയുമ്പോഴും സോഫ്റ്റ്‌വെയറിലെ പ്രശ്‌നങ്ങൾ ഇതുവരെ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. വകുപ്പിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു വാങ്ങിക്കൂട്ടിയ സാമഗ്രികൾ വർഷങ്ങളായി കെട്ടുകൾ പോലും പൊട്ടിക്കാതെ ഇട്ടിരിക്കുന്ന അവസ്ഥയിലാണ്. ഒരു പ്രമുഖ മാദ്ധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടത്.

ഇക്കാര്യങ്ങളെല്ലാം നികുതിനിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വലിയ തിരിച്ചടിയാണുണ്ടാക്കുന്നത്. ജി.എസ്.ടി. നടപ്പാക്കിയപ്പോഴുള്ള നഷ്ടപരിഹാരം ഈ വർഷത്തോടെ അവസാനിക്കുകയാണ്. ഈ സാഹചര്യത്തിൽ വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ കേരളത്തിന്റെ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് വിവരം.

വരുമാനം വർധിപ്പിക്കണം, റിട്ടേണുകൾ കൃത്യമായി ഫയൽ ചെയ്യിക്കണം തുടങ്ങിയ നിർദേശങ്ങൾ മന്ത്രി ഉൾപ്പെടെയുള്ളവർ ജി.എസ്.ടി. വകുപ്പിനു നൽകുമ്പോഴും സോഫ്റ്റ്‌വെയറിലെ തകരാറിന് പരിഹാരമുണ്ടായിട്ടില്ല. ഇതാണ് ജിഎസ്ടി വകുപ്പ് നേരിടുന്ന ഏറ്റവും വലിയ പോരായ്മയും. ജി.എസ്.ടി. നടപ്പാക്കിയപ്പോൾ ദേശീയതലത്തിൽ തയാറാക്കിയ സോഫ്റ്റ്‌വെയറിനു പകരം കേരളം സ്വന്തം നിലയിൽ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറിലാണ് തകരാറുള്ളത്.

രേഖകൾ അപ്ലോഡ് ചെയ്യാൻ കഴിയുന്നില്ല, അപ്ലോഡ് ചെയ്തവ വീണ്ടും തുറക്കാൻ കഴിയുന്നില്ല തുടങ്ങിയവയാണ് പ്രധാന തകരാറുകൾ. ഇതു റിട്ടേണുകളുടെ പരിശോധനയിൽ പോലും പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം. ജി.എസ്.ടി ഇൻസ്പെക്ടർമാർ കടകളിൽ പരിശോധന നടത്തി വിവരങ്ങൾ പോർട്ടലലിൽ അപ്ലോഡ് ചെയ്യുന്നുണ്ടെങ്കിലും അവ പലതും പോർട്ടലിൽ ലഭ്യമല്ലെന്ന പരാതിയും ഉയരുന്നുണ്ട്. റിട്ടേണുകൾ സേവ് ചെയ്യാനും കഴിയുന്നില്ല. അഥവാ സേവ് ആയാലും പിന്നീട് തുറന്നുപരിശോധിക്കാൻ കഴിയുന്നില്ലെന്ന പരാതിയുമുണ്ട്.

ഇസ്ലാമാബാദ്: താലിബാന് രൂപം നൽകിയത് പാകിസ്താനാണെന്ന് വെളിപ്പെടുത്തൽ. അഫ്ഗാനിസ്താൻ മുൻ ഉപ വിദേശകാര്യമന്ത്രി മഹ്മൂദ് സൈക്കലാണ് താലിബാന്റെ സൃഷ്ടിക്ക് പിന്നിൽ പാകിസ്താനാണെന്ന് വെളിപ്പെടുത്തിയത്. ഇന്ത്യയെ നേരിടുക എന്ന ഉദ്ദേശ്യത്തോടെയാണ് പാകിസ്താൻ താലിബാന് രൂപം നൽകിയതെന്നും പാക് മുൻ പ്രധാനമന്ത്രി പർവേസ് മുഷറഫിന്റെ വാക്കുകളെ ആധാരമാക്കി മഹ്മൂദ് സൈക്കൽ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയെ നേരിടാനാണ് പാകിസ്താൻ താലിബാനെ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. അടിമത്തത്തിന്റെ ചങ്ങലകളെ താലിബാൻ തകർക്കുമെന്നാണ് ഇമ്രാൻ ഖാന്റെ വിശ്വാസം. എസ് എം ഖുറേഷി, യൂസഫ് മൂദ് എന്നിവരാകട്ടെ താലിബാനു വേണ്ടി ലോകത്തിനു മേൽ സമ്മർദ്ദം ചെലുത്തുന്ന തിരക്കിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസൻ ഗ്രൂപ്പിൽ അഫ്ഗാൻ , പാക് പൗരൻമാരുണ്ട്, അൽ-ഖ്വയ്ദയുടെ നേതൃത്വത്തിന്റെ ഒരു പ്രധാന ഭാഗം താമസിക്കുന്നതും പാകിസ്താൻ – അഫ്ഗാൻ അതിർത്തി പ്രദേശത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താലിബാനും ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസനും അൽ-ഖ്വയ്ദയും തമ്മിൽ പുതുതായി ബന്ധം സ്ഥാപിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാബൂൾ: കാബൂൾ വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം നടത്തി അമേരിക്ക. കാബൂൾ വിമാനത്താവളം ലക്ഷ്യമിട്ട ചാവേറുകളെ ഡ്രോൺ ആക്രമണം നടത്തി വധിച്ചതായി അമേരിക്ക അറിയിച്ചു. രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് അമേരിക്ക കാബൂളിൽ വ്യോമാക്രമണം നടത്തുന്നത്. സ്വയം പ്രതിരോധ നീക്കമാണ് നടത്തിയതെന്നും അമേരിക്ക പറയുന്നു.

അതേസമയം സ്‌ഫോടനം നടന്നത് ജനവാസ മേഖലയിലാണെന്നും ഒരു കുട്ടി കൊല്ലപ്പെട്ടുവെന്നും കാബൂൾ പോലീസ് വ്യക്തമാക്കുന്നു. ഖാജി ബാഗ്റയിലെ ഗുലൈയിൽ ജനവാസ മേഖലയിൽ റോക്കറ്റ് പതിച്ചാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാബൂളിൽ വീണ്ടുമൊരു ആക്രമണ സാധ്യതയുണ്ട് അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സ്‌ഫോടനം ഉണ്ടായത്. 36 മണിക്കൂറിനുള്ളിൽ ആക്രമണത്തിന് സാധ്യത ഉണ്ടെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയത്. ആക്രമണം നേരിടാൻ അമേരിക്കൻ സൈന്യത്തിന് ബൈഡൻ നിർദേശം നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം നടന്നിരുന്നു. നൂറിലധികം പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ 97 അഫ്ഗാനിസ്താൻ സ്വദേശികളും 19 അമേരിക്കൻ പട്ടാളക്കാരും ഉൾപ്പെടുന്നു. ഇരുന്നൂറോളം പേർക്ക് സ്ഫോടനത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജൻസികളും അക്രമണത്തിന് പിന്നിൽ ഐഎസ് ആണെന്ന് അറിയിച്ചിരുന്നു. ആക്രമിച്ചവർക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ ഇനി മുതല്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് പ്രത്യേക ടോയ്‌ലറ്റ് അനുവദിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പുറമെ ഇതുവരെ അംഗപരിമിതര്‍ക്ക് മാത്രമായിരുന്നു ഈ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്.

ലിംഗസമത്വം ഉറപ്പുവരുത്താനും, ട്രാന്‍സ്ജെന്‍ഡേഴ്സിനെതിരേയുളള അതിക്രമങ്ങള്‍ ചെറുക്കുന്നതിനും അവര്‍ക്ക് സുരക്ഷ ഉറപ്പു വരുത്തുന്നതിനുമാണ് പ്രത്യേക ശൗചാലയ സൗകര്യം ട്രാന്‍സ്ജെന്‍ഡേഴ്സിന് കൂടി ലഭ്യമാക്കിയതെന്ന് ഡല്‍ഹി മെട്രോ അധികൃതര്‍ അറിയിച്ചു.

വിവിധ സ്റ്റേഷനുകളിലായി ഇതുവരെ 347 ടോയ്‌ലറ്റുകളാണ് ട്രന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനുവേണ്ടി ഒരുക്കിയിരിക്കുന്നത്. മറ്റ് യാത്രാക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ടോയ്‌ലറ്റുകള്‍ക്ക് പുറമെയാണിത്.

ഈ സംവിധാനത്തെക്കുറിച്ചുള്ള സൂചന നല്‍കുന്നതിനായി ഇംഗ്ലീഷിലും ഹിന്ദിയിലും സൂചനാ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കോ പുരുഷന്മാര്‍ക്കോ ഉള്ള ടോയ്‌ലെറ്റുകള്‍ അവരവരുടെ ജെന്‍ഡര്‍ അനുസരിച്ച് ട്രന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഉപയോഗിക്കണമെന്ന് തോന്നുകയാണെങ്കില്‍ അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും ഡല്‍ഹി മെട്രോ അധികൃതര്‍ വ്യക്തമാക്കി.

veena

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളെ പൊതുസ്ഥലങ്ങളിൽ കൊണ്ടുപോകരുതെന്ന് മന്ത്രി നിർദ്ദേശം നൽകി. കോവിഡ് വന്നാൽ, ഒപ്പമുള്ള മറ്റ് അസുഖങ്ങൾക്ക് ഉള്ള മരുന്ന് കഴിച്ചു വീട്ടിൽ ഇരിക്കരുതെന്ന് മന്ത്രി നിർദ്ദേശിച്ചു.

ജലദോഷം, പനി ഇവ പോലും അവഗണിക്കരുത്. വാക്സിൻ എടുത്തവർ ആയാൽ പോലും ആശുപത്രിയിൽ പോകണമെന്ന് വീണാ ജോർജ് അഭ്യർത്ഥിച്ചു. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം അടക്കം മറ്റു രോഗങ്ങൾ ഉള്ളവർ കോവിഡ് ലക്ഷണം കണ്ടാൽ ആശുപത്രിയിലേക്ക് മാറണം. സ്വയം ചികിത്സ പാടില്ലെന്നും കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നാലും ചികിത്സ തേടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം സംസ്ഥാനത്തെ കോവിഡ് പരിശോധനാ തന്ത്രം പുതുക്കി. വാക്സിനെടുക്കാൻ അർഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേർ ആദ്യ ഡോസ് വാക്സിൻ എടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം. ജില്ലകളിലെ വാക്സിനേഷൻ നില അടിസ്ഥാനമാക്കി മാർഗ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സമൂഹത്തിലെ രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതൽ പേരെ പരിശോധിക്കുന്നതാണ്. സെന്റിനൽ, റാണ്ടം സാമ്പിളുകളെ അടിസ്ഥാനമാക്കി എല്ലാ ജില്ലകളും പരിശോധനകൾ നടത്തി കോവിഡ് സാഹചര്യം വിലയിരുത്തുന്നതാണ്. എല്ലാ ജില്ലകളും റാണ്ടം സാമ്പിളുകൾ എടുത്ത് രോഗ ബാധകളുടെ പുതിയ കേന്ദ്രങ്ങളും ക്ലസ്റ്ററുകളും വിലയിരുത്തുന്നതാണെന്നും മന്ത്രി അറിയിച്ചു.

കൊല്ലം: സ്വച്ഛ് ഭാരത് മിഷന്റെ (ഗ്രാമീൺ) രണ്ടാംഘട്ട മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നു. പദ്ധതി പ്രകാരം 2021-22 ൽ ഒഡിഎഫ് പ്ലസ് (വെളിയിട വിസർജ്ജന വിമുക്തം) ആക്കുന്നതിന് സംസ്ഥാനത്ത് 500 വില്ലേജുകൾ ഉൾപ്പെട്ട 300 ഗ്രാമ പഞ്ചായത്തുകളിൽ നടപടികൾക്ക് തുടക്കം കുറിച്ചു. കേന്ദ്രസർക്കാർ അംഗീകരിച്ച വാർഷിക കർമ പദ്ധതി പ്രകാരം 2021 ഒക്ടോബർ രണ്ടിനകം ഈ പഞ്ചായത്തുകളെ ഒഡിഎഫ് പ്ലസ് ആയി പ്രഖ്യാപിക്കണമെന്നാണ് നിർദ്ദേശം. ഇതിനായി നിശ്ചയിക്കപ്പെട്ട ഗ്രാമ പഞ്ചായത്തുകൾക്കുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സ്പെഷൽ സെക്രട്ടറി ആർ.എസ്. കണ്ണനാണ് നിർദ്ദേശങ്ങൾ നൽകിയത്.

ഗ്രാമങ്ങളിൽ പൊതു ശൗചാലയം കൃത്യമായ പരിപാലനത്തോടു കൂടി ഉറപ്പാക്കുക, സ്‌കൂളുകൾ, പഞ്ചായത്ത് ആസ്ഥാനങ്ങൾ, അങ്കണവാടികൾ എന്നിവയിൽ പുരുഷനും സ്ത്രീക്കും പ്രത്യേകമായി ഉപയോഗ യോഗ്യമായ ശൗചാലയങ്ങൾ ഉണ്ടെന്ന് ഉറപ്പു വരുത്തുക, എല്ലാ വീടുകളിലും ഉപയോഗ യോഗ്യമായ ശൗചാലയങ്ങൾ ഉറപ്പാക്കുക, പൊതുയിടങ്ങൾ വൃത്തിയുള്ളതും മലിനജലം കെട്ടി നിൽക്കാതെയും പ്ലാസ്റ്റിക് കൂമ്പാരങ്ങൾ ഇല്ലാതെയും സംരക്ഷിക്കുക തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ.

എല്ലാ സ്‌കൂളുകളിലും അങ്കണവാടികളിലും ചുരുങ്ങിയത് 80 ശതമാനം വീടുകളിലും പഞ്ചായത്ത് ആസ്ഥാനങ്ങളിലും ജൈവ മാലിന്യങ്ങളും ദ്രവ മാലിന്യവും സംസ്‌കരിക്കുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കണമെന്നും നിർദ്ദേശമുണ്ട്. ഗ്രാമത്തിൽ പ്ലാസ്റ്റിക് തരംതിരിക്കുന്നതിനും അത് ശേഖരിക്കുന്നതിനുമുള്ള സംവിധാനം, ഗ്രാമങ്ങളിൽ ഒഡിഎഫ് പ്ലസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അഞ്ചു വിവര വിജ്ഞാപന സന്ദേശങ്ങൾ പ്രാമുഖ്യത്തോടെ പ്രദർശിപ്പിക്കുക എന്നീ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

ഈ ഘടകങ്ങളെല്ലാം ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് കൃത്യമായി നിലവിലുണ്ടെന്ന് ഉറപ്പാക്കിയ ശേഷം ഓരോ ഗ്രാമപഞ്ചായത്തിലെയും അതാത് വാർഡുകളിലെ ഗ്രാമ സഭകൾ ഒഡിഎഫ് പ്ലസ് ആയി പ്രഖ്യാപിക്കുകയും തുടർന്ന് ഗ്രാമ പഞ്ചായത്ത് മുഴുവനായി ഒഡിഎഫ് പ്ലസ് ആയി പ്രഖ്യാപിക്കുകയും ചെയ്യണം. ജില്ലാതല ഗ്രാമ പഞ്ചായത്ത് തല മോണിട്ടറിങ് സംഘം പരിശോധന നടത്തിയ ശേഷം നിർദേശങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടോയെന്ന കാര്യം ഉറപ്പു വരുത്തണം. ജില്ലാ കളക്ടറാണ് ജില്ലാ തല മോണിട്ടറിങ് സംഘത്തിന്റെ ചെയർമാൻ. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ഹരിതകേരള മിഷൻ കോ-ഓർഡിനേറ്റർ, ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ എന്നിവരാണ് മോണിറ്ററിംഗ് സംഘത്തിലെ മറ്റ് അംഗങ്ങൾ. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ചെയർമാനായിട്ടുള്ളതാണ് ഗ്രാമ പഞ്ചായത്ത് തല പരിശോധന ടീം. സെപ്തംബർ 10 മുതൽ 20 വരെയുള്ള കാലയളവിലാണ് ഗ്രാമ പഞ്ചായത്തുകളിൽ പരിശോധന നടത്തേണ്ടത്.

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താനൊരുങ്ങി കെ.ജി.എം.ഒ.എ. കോവിഡ് പോരാട്ടത്തിനിടയിലും ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച നടപടിക്കെതിരെയാണ് കെ.ജി.എം.ഒ.എയുടെ പ്രതിഷേധം. ആഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു.

കഴിഞ്ഞ ഒന്നര വർഷത്തിലധികമായി സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം കോവിഡ് എന്ന മഹാമാരിക്കെതിരെ മുന്നിൽ നിന്നും പോരാടുകയാണ്. നിപ്പ വന്നപ്പോഴും, പ്രളയം വന്നപ്പോഴും കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമത തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഈ വസ്തുത വിലയിരുത്തി ആരോഗ്യ സംവിധാനങ്ങളെ നിലനിർത്തി കൊണ്ടുപോകുവാനും, ശക്തിപ്പെടുത്തുവാനുമുള്ള നയങ്ങൾ എടുക്കേണ്ടതുണ്ടെന്ന് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ നേതാക്കൾ വ്യക്തമാക്കുന്നു.

കടുത്ത മാനസിക സമ്മർദ്ദത്തിലും അമിത ജോലിഭാരം വഹിച്ചുകൊണ്ടിരിക്കുന്ന ഡോക്ടർമാർക്ക് ശമ്പള പരിഷ്‌കരണത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന ശമ്പളത്തിൽ വെട്ടിക്കുറവ് ഉണ്ടാക്കുകയാണ്. പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിച്ചിരിക്കുകയും ചെയ്യുന്നുണ്ട്. ഇത് ആത്മാർത്ഥമായി ഈ മേഖലയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിഭാഗത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കെ.ജി.എം.ഒ. എ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു. ഈ നീതി നിഷേധങ്ങൾക്കെതിരെ ഉത്തരവിറങ്ങിയ ശേഷം മാസങ്ങളായി നടത്തി വരുന്ന അഭ്യർത്ഥന പരിഗണിക്കപ്പെടാത്ത സാഹചര്യത്തിൽ കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ പരസ്യ പ്രതികരണത്തിന് നിർബന്ധിതരാവുകയാണെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.

കോഴിക്കോട്: ജില്ലയിലെ 32 പഞ്ചായത്തുകൾ അടച്ചിടും. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് നടപടി. പുതുക്കിയ കോവിഡ് മാനദണ്ഡം അനുസരിച്ചാണ് പഞ്ചായത്തുകൾ അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്. കോഴിക്കോട് ജില്ലയിൽ 3548 പേർക്കാണ് ഞായറാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചത്. 23.74 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2822 പേരാണ് ജില്ലയിൽ ഞായറാഴ്ച്ച രോഗമുക്തി നേടിയതെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

31334 കോഴിക്കോട് സ്വദേശികളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 92070 പേർ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതുവരെ 858129 പേർ നിരീക്ഷണം പൂർത്തിയാക്കി. 2119 മരണങ്ങളാണ് ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും കണക്കുകളിൽ വിശദമാക്കുന്നു.

അതേസമയം സംസ്ഥാനത്തെ കോവിഡ് പരിശോധനാ സ്ട്രാറ്റജി പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേർ വാക്‌സിനെടുത്ത പശ്ചാത്തലത്തിലാണ് പരിശോധനാ സ്ട്രാറ്റജി പുതുക്കിയത്.

ഓരോ ജില്ലകളിലെയും വാക്‌സിനേഷൻ നില അടിസ്ഥാനമാക്കി മാർഗ നിർദ്ദേശവും പുറത്തിറക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും സെന്റിനൽ, റാൻഡം സാമ്പിളുകളെടുത്ത് പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

80 ശതമാനത്തിന് മുകളിൽ ആദ്യ ഡോസ് വാക്‌സിൻ എടുത്ത ജില്ലകളിൽ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർക്ക് ആർ.ടി.പി.സി.ആർ. പരിശോധന നടത്തുന്നതാണ്. ഇവിടങ്ങളിൽ സെന്റിനൽ സർവയലൻസിന്റെ ഭാഗമായി ആന്റിജൻ പരിശോധന നടത്തുന്നതാണ്. കടകൾ, മാളുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, ട്രാൻസിറ്റ് സൈറ്റുകൾ തുടങ്ങിയ ഉയർന്ന സാമൂഹിക സമ്പർക്കം ഉള്ള ആളുകൾക്കിടയിലാണ് പരിശോധന നടത്തുന്നത്. ജില്ലയിലെ രോഗത്തിന്റെ സ്ഥിതി വിലയിരുത്താനുള്ള റാൻഡം പരിശോധനയ്ക്കും ആന്റിജൻ മതിയാകും.

80 ശതമാനത്തിന് മുകളിൽ ആദ്യ ഡോസ് വാക്‌സിൻ എടുത്ത തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും ഈ രീതി പിന്തുടരുന്നതാണ്. 80 ശതമാനത്തിന് താഴെ ആദ്യ ഡോസ് വാക്‌സിൻ നൽകിയ തദ്ദേശ സ്ഥാപന പ്രദേശങ്ങളിൽ പഴയ രീതി തുടരും. രണ്ട് ഡോസ് വാക്‌സിൻ എടുത്ത് രണ്ടാഴ്ച കഴിഞ്ഞവരെ രോഗലക്ഷണമില്ലെങ്കിൽ റാൻഡം പരിശോധനയിൽ നിന്നും ഒഴിവാക്കും. രണ്ട് മാസത്തിനകം രോഗം സ്ഥിരീകരിച്ചവരേയും ഒഴിവാക്കുന്നതാണ്. ശേഖരിക്കുന്ന സാമ്പിളുകൾ കാലതാമസം കൂടാതെ ലാബുകളിലയച്ച് പരിശോധിച്ച് ഫലങ്ങൾ എത്രയും വേഗം അപ്ലോഡ് ചെയ്യേണ്ടതാണ്. ഇതിന് വിരുദ്ധമായി ചെയ്യുന്ന ലാബുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ആന്റിജൻ, ആർ.ടി.പി.സി.ആർ. ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന നടത്തി നടപടി സ്വീകരിക്കുന്നതാണ്.

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ കടുത്ത നിലപാടിലേക്ക് കടന്ന് കെപിസിസി. നേതാക്കൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ കെപിസിസി നൽകി കഴിഞ്ഞു. നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും കെപിസിസി അറിയിച്ചു.

ഡിസിസി പട്ടികയടക്കമുള്ള പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങളിൽ ചാനലുകളിലെ ചർച്ചയ്ക്ക് പോകരുതെന്ന് കെപിസിസി നേതാക്കൾക്ക് നിർദ്ദേശം നൽകി. ഈ വിഷയത്തിലെ പാർട്ടിയുടെ നിലപാട് ഹൈക്കമാൻഡും, സംസ്ഥാന നേതൃത്വവും വ്യക്തമാക്കിക്കൊള്ളാമെന്നാണ് കെപിസിസി നേതൃത്വം പാർട്ടി വക്താക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. വിലക്ക് ലംഘിച്ച് ചാനലുകളിലോ സമൂഹമാദ്ധ്യമങ്ങളിലോ പ്രതികരിച്ചാൽ നടപടിയുണ്ടാകുമെന്ന് കെപിസിസി അറിയിച്ചു.

ഡിസിസി പട്ടിക പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ഡിസിസി പട്ടികയിൽ വേണ്ടത്ര ചർച്ച നടന്നില്ലെന്ന് മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിപി അദ്ധ്യക്ഷൻ കെ സുധാകരനും ഈ വാദങ്ങൾ തള്ളി.

ആലപ്പുഴ: പാകിസ്ഥാനിലേക്ക് പോകാൻ ശ്രമിക്കുന്ന ശ്രീലങ്കൻ സംഘം കേരളത്തെ ഒരു ഇടത്താവളമാക്കാൻ സാദ്ധ്യതയുണ്ടെന്ന് രഹസ്യ വിവരം. ഇന്റലിജൻസാണ് ഇതുസംബന്ധിച്ച രഹസ്യ വിവരം നൽകിയത്. കടൽമാർഗം കേരളത്തിലെത്തുന്ന 13 അംഗ സംഘം ആലപ്പുഴയിൽ തങ്ങാനാണ് സാദ്ധ്യതയെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. ആലപ്പുഴയിൽ നിന്ന് കരമാർഗമോ കടൽമാർഗമോ കൊച്ചിയിലെത്തിയ ശേഷം അവിടെനിന്ന് പാകിസ്ഥാനിലേക്ക് കടക്കാനാണ് സംഘത്തിന്റെ പദ്ധതിയെന്നാണ് സൂചന. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ഇന്റലിജൻസ്.

ഹോം സ്റ്റേ, റിസോർട്ട്, മറ്റു ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്താൻ ഇന്റലിജൻസ് പോലീസിന് നിർദ്ദേശം നൽകി. സംശയം തോന്നുന്നവരുടെ യാത്രാ രേഖകൾ പരിശോധിക്കാനും കടലോര ജാഗ്രതാ സമിതി പ്രവർത്തകരെ വിവരം അറിയിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ഇന്റലിജൻസ് നിർദ്ദേശിച്ചു.

തമിഴ്നാട് സ്വദേശികൾ എന്ന വ്യാജേനയാണ് ഈ സംഘം കേരളത്തിൽ സഞ്ചരിക്കുക. അർത്തുങ്കൽ, തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സ്റ്റേഷൻ പരിധികൾ കേന്ദ്രീകരിച്ചാകും കൂടുതൽ അന്വേഷണം നടത്തേണ്ടതെന്നും ഇന്റലിജൻസ് വ്യക്തമാക്കുന്നു. അതേസമയം ആലപ്പുഴയിൽ ഇത്തരത്തിൽ ആരുടേയും സാന്നിധ്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ആലപ്പുഴ വഴി കടന്നു പോകുന്നവരെ പരിശോധിക്കണമെന്ന നിർദ്ദേശം മാത്രമാണുള്ളതെന്നും ജില്ലാ പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.