തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ കടുത്ത നിലപാടിലേക്ക് കടന്ന് കെപിസിസി. നേതാക്കൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ കെപിസിസി നൽകി കഴിഞ്ഞു. നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും കെപിസിസി അറിയിച്ചു.
ഡിസിസി പട്ടികയടക്കമുള്ള പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങളിൽ ചാനലുകളിലെ ചർച്ചയ്ക്ക് പോകരുതെന്ന് കെപിസിസി നേതാക്കൾക്ക് നിർദ്ദേശം നൽകി. ഈ വിഷയത്തിലെ പാർട്ടിയുടെ നിലപാട് ഹൈക്കമാൻഡും, സംസ്ഥാന നേതൃത്വവും വ്യക്തമാക്കിക്കൊള്ളാമെന്നാണ് കെപിസിസി നേതൃത്വം പാർട്ടി വക്താക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. വിലക്ക് ലംഘിച്ച് ചാനലുകളിലോ സമൂഹമാദ്ധ്യമങ്ങളിലോ പ്രതികരിച്ചാൽ നടപടിയുണ്ടാകുമെന്ന് കെപിസിസി അറിയിച്ചു.
ഡിസിസി പട്ടിക പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ഡിസിസി പട്ടികയിൽ വേണ്ടത്ര ചർച്ച നടന്നില്ലെന്ന് മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിപി അദ്ധ്യക്ഷൻ കെ സുധാകരനും ഈ വാദങ്ങൾ തള്ളി.

