കോവിഡ് പോരാട്ടത്തിനിടയിലും ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു; സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി കെ.ജി.എം.ഒ.എ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താനൊരുങ്ങി കെ.ജി.എം.ഒ.എ. കോവിഡ് പോരാട്ടത്തിനിടയിലും ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച നടപടിക്കെതിരെയാണ് കെ.ജി.എം.ഒ.എയുടെ പ്രതിഷേധം. ആഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു.

കഴിഞ്ഞ ഒന്നര വർഷത്തിലധികമായി സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം കോവിഡ് എന്ന മഹാമാരിക്കെതിരെ മുന്നിൽ നിന്നും പോരാടുകയാണ്. നിപ്പ വന്നപ്പോഴും, പ്രളയം വന്നപ്പോഴും കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമത തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഈ വസ്തുത വിലയിരുത്തി ആരോഗ്യ സംവിധാനങ്ങളെ നിലനിർത്തി കൊണ്ടുപോകുവാനും, ശക്തിപ്പെടുത്തുവാനുമുള്ള നയങ്ങൾ എടുക്കേണ്ടതുണ്ടെന്ന് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ നേതാക്കൾ വ്യക്തമാക്കുന്നു.

കടുത്ത മാനസിക സമ്മർദ്ദത്തിലും അമിത ജോലിഭാരം വഹിച്ചുകൊണ്ടിരിക്കുന്ന ഡോക്ടർമാർക്ക് ശമ്പള പരിഷ്‌കരണത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന ശമ്പളത്തിൽ വെട്ടിക്കുറവ് ഉണ്ടാക്കുകയാണ്. പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിച്ചിരിക്കുകയും ചെയ്യുന്നുണ്ട്. ഇത് ആത്മാർത്ഥമായി ഈ മേഖലയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിഭാഗത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കെ.ജി.എം.ഒ. എ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു. ഈ നീതി നിഷേധങ്ങൾക്കെതിരെ ഉത്തരവിറങ്ങിയ ശേഷം മാസങ്ങളായി നടത്തി വരുന്ന അഭ്യർത്ഥന പരിഗണിക്കപ്പെടാത്ത സാഹചര്യത്തിൽ കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ പരസ്യ പ്രതികരണത്തിന് നിർബന്ധിതരാവുകയാണെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.