തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളെ പൊതുസ്ഥലങ്ങളിൽ കൊണ്ടുപോകരുതെന്ന് മന്ത്രി നിർദ്ദേശം നൽകി. കോവിഡ് വന്നാൽ, ഒപ്പമുള്ള മറ്റ് അസുഖങ്ങൾക്ക് ഉള്ള മരുന്ന് കഴിച്ചു വീട്ടിൽ ഇരിക്കരുതെന്ന് മന്ത്രി നിർദ്ദേശിച്ചു.
ജലദോഷം, പനി ഇവ പോലും അവഗണിക്കരുത്. വാക്സിൻ എടുത്തവർ ആയാൽ പോലും ആശുപത്രിയിൽ പോകണമെന്ന് വീണാ ജോർജ് അഭ്യർത്ഥിച്ചു. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം അടക്കം മറ്റു രോഗങ്ങൾ ഉള്ളവർ കോവിഡ് ലക്ഷണം കണ്ടാൽ ആശുപത്രിയിലേക്ക് മാറണം. സ്വയം ചികിത്സ പാടില്ലെന്നും കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നാലും ചികിത്സ തേടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം സംസ്ഥാനത്തെ കോവിഡ് പരിശോധനാ തന്ത്രം പുതുക്കി. വാക്സിനെടുക്കാൻ അർഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേർ ആദ്യ ഡോസ് വാക്സിൻ എടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം. ജില്ലകളിലെ വാക്സിനേഷൻ നില അടിസ്ഥാനമാക്കി മാർഗ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സമൂഹത്തിലെ രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതൽ പേരെ പരിശോധിക്കുന്നതാണ്. സെന്റിനൽ, റാണ്ടം സാമ്പിളുകളെ അടിസ്ഥാനമാക്കി എല്ലാ ജില്ലകളും പരിശോധനകൾ നടത്തി കോവിഡ് സാഹചര്യം വിലയിരുത്തുന്നതാണ്. എല്ലാ ജില്ലകളും റാണ്ടം സാമ്പിളുകൾ എടുത്ത് രോഗ ബാധകളുടെ പുതിയ കേന്ദ്രങ്ങളും ക്ലസ്റ്ററുകളും വിലയിരുത്തുന്നതാണെന്നും മന്ത്രി അറിയിച്ചു.

