General (Page 1,432)

തിരുവനന്തപുരം: ഡി സി സി പുനഃസംഘടന പട്ടികയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് പ്രതികരിച്ച് കെ മുരളീധരൻ. നിലവിലെ സാഹചര്യത്തിൽ മെച്ചപ്പെട്ട പട്ടികയാണ് ഡിസിസി പുന:സംഘടനാ പട്ടികയെന്ന് കെ മുരളീധരൻ വ്യക്തമാക്കി. എല്ലാ കാലത്തേക്കാളും കൂടുതൽ വിശാലമായ ചർച്ചകളാണ് ഇത്തവണ നടന്നതെന്നും എം പി, എംഎൽഎമാർ, മുൻ പ്രസിഡന്റുമാർ എന്നിങ്ങനെ എല്ലാവരുമായി ഇത്തവണ ചർച്ച നടന്നുവെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി മാറ്റം വരുത്തിയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ഗ്രൂപ്പ് ഒരു യോഗ്യതയോ അയോഗ്യതയോ ആയിട്ടില്ല. കൂടുതൽ ജനകീയമായ മുഖമാണ് പുനഃസംഘടനയിലൂടെ കോൺഗ്രസിന് കിട്ടിയത്. എന്തെങ്കിലും ന്യൂനതയുണ്ടെങ്കിൽ ആലോചിക്കാവുന്നതേ ഉള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാഭാവികമായും കോൺഗ്രസിൽ അഭിപ്രായവ്യത്യസം ഉണ്ടാകും. കൂടുതലായി എന്തേലും അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ല. എല്ലാ കാലഘട്ടത്തിലും ഉദ്ദേശിച്ച പോലെ പട്ടിക വരാറില്ല. ഗ്രൂപ്പ് ഇത്തവണ ഒരു യോഗ്യത മാനദണ്ഡം ആയിട്ടില്ല. പട്ടികയിൽ ഉൾപ്പെട്ട 14 പേരും തികച്ചും യോഗ്യരാണ്. പ്രായമാവർ അനുഭവസമ്പത്തുള്ളവരാണ്. അവർക്ക് നന്നായി പ്രവർത്തിക്കാനാകില്ല എന്നില്ല. ചെറുപ്പക്കാരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഡി.സി.സി. അദ്ധ്യക്ഷ പട്ടികയ്ക്ക് എതിരെ രംഗത്തെത്തിയിട്ടുണ്ട്. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഉൾപ്പെടെയുള്ളവരാണ് പട്ടികയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. ഡിസിസി അദ്ധ്യക്ഷന്മാരെ തീരുമാനിക്കുന്നതിൽ കൂടുതൽ ചർച്ചകൾ വേണമായിരുന്നെന്ന് ഇരുനേതാക്കളും പറഞ്ഞത്.

തിരുവനന്തപുരം: മലബാർ കലാപത്തെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും പിന്തുണച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെ വിമർശനവുമായി ചരിത്രകാരനും മാപ്പിളക്കലാപ രക്തസാക്ഷി അനുസ്മരണ സമിതി ജനറൽ കൺവീനറുമായ ഡോ.സി.ഐ. ഐസക്ക്. വാരിയംകുന്നനെയും വെള്ളപൂശാനിറങ്ങും മുൻപ് മുഖ്യമന്ത്രി ചരിത്രം പഠിക്കാൻ പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മലബാർ കലാപം സ്വാതന്ത്ര്യസമരമല്ലെന്ന് വരുത്തിതീർക്കുന്നത് ചരിത്രം അറിയാത്തവരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കായിരുന്നു അദ്ദേഹം മറുപടി നൽകിയത്. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും മാപ്പിളക്കലാപത്തെ കുറിച്ചും വാരിയൻകുന്നനെ കുറിച്ചും ഒരു ചുക്കും ചുണ്ണാമ്പും അറിയാതെയാണ് മുഖ്യമന്ത്രി വ്യാജ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചെന്ന് അംഗീകരിക്കാനും അത് ആഘോഷിക്കാനും 75 വർഷം കഴിയേണ്ടി വന്ന ഒരു പാർട്ടിയുടെ നേതാവിൽ നിന്ന് ഇതേ പ്രതീക്ഷിക്കേണ്ടതുള്ളൂ. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകയും പിന്നിൽ നിന്ന് കുത്തുകയും ചെയ്ത പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റുകളുടേത്. മാപ്പിളക്കലാപത്തെ കാർഷിക സമരമെന്ന് വിളിച്ചത് കമ്മ്യൂണിസ്റ്റുകാരാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം കുറ്റസമ്മതമായി കാണാനാണ് താല്പര്യം. കമ്മ്യൂണിസ്റ്റുകൾക്ക് മാത്രമേ അത്തരം വ്യാഖ്യാനങ്ങൾ നടത്താൻ കഴിയൂവലെന്നും അദ്ദേഹം പരിഹസിച്ചു.

മഹാത്മാ ഗാന്ധിജിയും അംബേദ്കറുമടക്കമുള്ളവർ തള്ളിക്കളഞ്ഞ മാപ്പിളക്കലാപത്തെ വെള്ള പൂശാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ആസൂത്രിത പ്രചാരണം കൊണ്ട് സാധിക്കില്ല. നിരക്ഷരനായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എഴുതിയ, കത്തും ദേശാഭിമാനിയിൽ വന്ന ചന്ദ്രോത്തിന്റെ ലേഖനവുമാണ് മുഖ്യമന്ത്രിയുടെ ചരിത്ര രേഖ. ചരിത്രത്തെ കുറിച്ച് കേട്ടറിവുള്ളവർക്ക് പോലും പറ്റാത്ത പിഴവുകളാണ് മുഖ്യമന്ത്രി വിളിച്ചു പറയുന്നതെന്നും ഐസക്ക് കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഡിസിസി അദ്ധ്യക്ഷന്മാരുടെ പട്ടികയുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയ പരാമർശങ്ങളെ തളളി കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. ഏറെനാൾ രണ്ടുപേർ ചേർന്ന് കാര്യങ്ങൾ നിശ്ചയിച്ചുവെന്നും അതിൽ നിന്നും മാറിയ ഒരു സംവിധാനമുണ്ടാകുമ്പോൾ ഇത്തരം അഭിപ്രായ പ്രകടനങ്ങൾ സ്വാഭാവികമല്ലേയെന്നും അദ്ദേഹം ചോദിച്ചു.

താൻ നാല് വർഷം കെപിസിസി വർക്കിംഗ് പ്രസിഡന്റായിരുന്നു. അന്ന് പാർട്ടിയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ഇരുവരും ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചർച്ച നടത്തി വീതം വയ്ക്കുകയായിരുന്നു പതിവെന്നും അദ്ദേഹം വിമർശിച്ചു. ഡിസിസി അദ്ധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുമായി മൂന്ന് തവണയും ചെന്നിത്തലയുമായി രണ്ട് തവണയും ചർച്ച നടത്തി. അവരുടെ അഭിപ്രായം എഴുതിയ ഡയറിക്കുറിപ്പിനെ കുറിച്ചും സുധാകരൻ ചൂണ്ടിക്കാട്ടി.

ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാദ്ധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ രണ്ടു പേർക്കെതിരെ നടപടി സ്വീകരിച്ചു. മുൻ എം.എൽ.എ കെ ശിവദാസൻ നായർക്കെതിരെയും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ പി അനിൽ കുമാറിനെതിരെയുമാണ് നടപടി എടുത്തത്. ഇരുവരെയും പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. പാർട്ടിയ്ക്ക് മുന്നോട്ട് പോകാൻ മാർഗമില്ലെങ്കിൽ നടപടിയെടുക്കണ്ടേയെന്നാണ് കെ സുധാകരൻ ചോദിക്കുന്നത്. വ്യക്തതയില്ലാത്ത കാര്യത്തിനാണ് വിശദീകരണം ചോദിക്കുക. ഇവിടെ കാര്യങ്ങൾ വ്യക്തമല്ലേയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയുടെ വിമർശനത്തിൽ ദു:ഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കെതിരെ വധഭീഷണി മുഴക്കിയയാൾക്കെതിരെ കേസ്. മംഗളൂരു പോലീസാണ് കേസെടുത്തത്. എ കെ സിദ്ദിഖ് എന്നയാളാണ് എ പി അബുദുള്ളക്കുട്ടിക്കെതിരെ വധഭീഷണി മുഴക്കിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ആദ്യ താലിബാൻ നേതാവാണെന്ന വിവാദ പരാമർശം നടത്തിയതിനു പിന്നാലെയാണ് അബ്ദുള്ളക്കുട്ടിക്ക് നേരെ ഇയാൾ വധഭീഷണി നടത്തിയത്.

എകെ സിദ്ദിഖ് എന്ന പേരിലുള്ള ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നായിരുന്നു അബ്ദുള്ളക്കുട്ടിയ്ക്ക് വധഭീഷണി ലഭിച്ചത്. ഈ അക്കൗണ്ട് വ്യാജമാണോയെന്ന് പോലീസ് പരിശേധിക്കുകയാണ്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് വി പി കൃഷ്ണരാജ് മാഹിയാണ് പോലീസിൽ പരാതി നൽകിയത്. എന്നാൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് ഉയരുന്ന ആരോപണം. കേരളാ പോലീസ് പരാതി രജിസ്റ്റർ ചെയ്യാതിരുന്നതുകൊണ്ടാണ് മംഗളുരു പോലീസിന് പരാതി നൽകിയതെന്ന് അബ്ദുള്ളക്കുട്ടി അറിയിച്ചു.

വാരിയംകുന്നത്ത് കുഞ്ഞമഹമ്മദ് ഹാജിയുടെ പേരിൽ സ്മാരകമുണ്ടാക്കുന്നതും വാരിയംന്നത്ത് നടത്തിയത് സ്വാതന്ത്ര്യസമരമാണെന്നു പറഞ്ഞു കൊട്ടിഘോഷിക്കുന്നതും ചരിത്രത്തോടു കാണിക്കുന്ന ക്രൂരതയാണെന്നായിരുന്നും എ പി അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു. വാരിയംകുന്നന്റെ ആക്രമണത്തിന് ഇഎംഎസും കുടുംബവും ഇരകളായിരുന്നു. ഇക്കാര്യം വാരിയംകുന്നത്തിന് സ്മാരകം പണിയാൻ നടക്കുന്ന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

pinarayi

തിരുവനന്തപുരം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉൾപ്പെടെയുള്ളവരെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മലബാർ കാർഷിക കലാപത്തിന് നേതൃത്വം നൽകിയ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും സഹപ്രവർത്തകരെയും സ്വാതന്ത്ര്യ സമര സേനാനികളായി എല്ലാവരും അംഗീകരിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനി ലിസ്റ്റിൽ നിന്ന് കേന്ദ്രം അവരെ നീക്കിയതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് അടിസ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ സംബന്ധിച്ച് യാതൊരു ധാരണയുമില്ലാത്ത ഒരു കൂട്ടം ആളുകളാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം ഏതെങ്കിലുമൊരു രീതിയിൽ മാത്രം നടന്ന ഒന്നല്ല. അതിൽ സഹനസമരമുണ്ട്, വ്യക്തി സത്യഗ്രഹങ്ങൾ ഉണ്ട്, ബഹുജന മുന്നേറ്റമുണ്ട്, കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് നടത്തിയ സമരമുണ്ട്, ആയുധമേന്തിയ പോരാട്ടങ്ങളുമുണ്ട്. വ്യത്യസ്ത രാഷ്ട്രീയ പാർടികളും കാഴ്ചപ്പാടുകളും ഇത്തരം സമരങ്ങൾ നടത്തുമ്പോൾ അവയ്‌ക്കെല്ലാം ഒറ്റ ലക്ഷ്യമാണുണ്ടായത്. ബ്രിട്ടീഷുകാരെ ഈ രാജ്യത്ത് നിന്ന് പുറത്താക്കുകയെന്നതാണ്. അതിനുശേഷം ഏതുതരത്തിലുള്ള ഭരണസംവിധാനമാണ് ഉണ്ടാക്കേണ്ടെതെന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ പലർക്കും ഉണ്ടായിരുന്നു. അങ്ങനെ അഭിപ്രായങ്ങൾ പുലർത്തിയതുകൊണ്ട് അവർ സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമല്ലെന്ന് നിശ്ചയിക്കാൻ ആർക്കും അവകാശമില്ല. ഈ പൊതുകാഴ്ചപ്പാടാണ് ഇക്കാര്യത്തിൽ നാം സ്വീകരിക്കേണ്ടതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

മലബാർ കലാപമെന്ന് ആ സമരത്തെ അന്ന് വിളിച്ചത് മുഹമ്മ് അബ്ദുൾ റഹിമാനായിരുന്നു. അതിനകത്തെ കാർഷിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് മലബാറിലെ കാർഷിക കലാപമെന്നും കമ്മ്യൂണിസ്റ്റുകാർ വിലയിരുത്തി. 1921 ലെ മലബാർ കലാപം ബ്രിട്ടീഷുകാർക്കെതിരായ സമരമായിരുന്നെന്ന് ആർക്കും നിഷേധിക്കാനാവില്ല. അതോടൊപ്പം തന്നെ ബ്രിട്ടീഷുകാരുടെ സഹായികളായി വർത്തിച്ച ജന്മിമാർക്കെതിരായുള്ള സമരമായും അത് വികസിക്കുകയായിരുന്നു. ചില മേഖലകളിൽ മലബാർ കലാപത്തെ തെറ്റായ നിലയിലേക്ക് ചിലർ കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. അതിനെ ആ നിലയിൽ തന്നെ കാണേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വാരിയൻകുന്നത്താവട്ടെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ ഭാഗമായി അവരെ സഹായിച്ച എല്ലാ മതസ്തരെയും അതിന്റെ പേരിൽ എതിർത്തിട്ടുണ്ടെന്നത് ചരിത്ര യാഥാർത്ഥ്യമാണ്. ഖാൻ ബഹുദൂർ ചേക്കുട്ടി, തയ്യിൽ മൊയ്തീൻ തുടങ്ങിയവരെ ഉൾപ്പെടെ കൊലപ്പെടുത്തുകയാണ് അവർ ചെയ്തത്. അതേസമയം നിരപരാധികളെ കൊലപ്പെടുത്തുകയും മറ്റും ചെയ്യുന്നവർക്കെതിരെ ശക്തമായ നിലപാടാണ് വാരിയൻകുന്നത്ത് സ്വീകരിച്ചിരുന്നതെന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു. മലബാർ കലാപത്തെക്കുറിച്ച് എഴുതിയ മാധവമേനോനെ വാരിയൻകുന്നത്ത് സന്ദർശിക്കുന്ന സന്ദർഭം അദ്ദേഹം എഴുതുന്നുണ്ട്. അവിടെ നടന്ന തെറ്റായ പ്രവണതകൾ ചൂണ്ടിക്കാണിച്ചപ്പോൾ അവ അവസാനിപ്പിക്കാൻ തന്നെയാണ് താൻ വന്നതെന്ന് വാരിയൻകുന്നത്ത് പറഞ്ഞതായി മാധവമേനോൻ രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വിശദമാക്കി.

സർദാർ ചന്ദ്രോത്ത് 1946 ൽ ദേശാഭിമാനിയിൽ ഇക്കാര്യം രേഖപ്പെടുത്തുന്നുണ്ട്. ഹിന്ദുക്കൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ചുനിർത്തിക്കൊണ്ടുള്ള രാജ്യമെന്ന കാഴ്ചപ്പാടാണ് മുന്നോട്ടുവച്ചത്. മതരാഷ്ട്രവാദം തൻറെ ലക്ഷ്യമേയല്ലെന്ന് അദ്ദേഹം പറഞ്ഞ കാര്യം ചന്ദ്രോത്ത് രേഖപ്പെടുത്തുന്നുണ്ട്. മലബാർ കലാപം ഹിന്ദു-മുസ്ലീം സംഘർഷത്തിൻറേതാണെന്ന പ്രചരണം രാജ്യത്തെമ്പാടും വന്നപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിക്കൊണ്ട് വാരിയൻകുന്നത്ത് എഴുതിയ കത്ത് ഹിന്ദു പത്രം അടുത്ത കാലത്ത് തന്നെ പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ ഈ ആരോപണത്തെ ശക്തമായി വാരിയൻകുന്നത്ത് നിഷേധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇ.മൊയ്തു മൗലവിയുടെ ആത്മകഥയിലും വാരിയൻകുന്നത്തിനെ വർഗീയവാദിയായി ചിത്രീകരിക്കുന്ന രീതിയല്ല സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ ബ്രിട്ടീഷ് വിരുദ്ധ നിലപാട് സ്വീകരിക്കുകയും മതരാഷ്ട്രവാദത്തെ എതിർക്കാനും വിഭിന്നമായ നീക്കങ്ങളെ തടയാനും ശിക്ഷിക്കാനും മുന്നിട്ട് നിന്നതാണ് വാരിയൻകുന്നത്തിന്റെ പാരമ്പര്യമെന്ന് ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഇന്ത്യക്കാർക്ക് ലോകത്ത് ഏത് കോണിൽ പ്രതിസന്ധിയുണ്ടായാലും അവരെ രക്ഷിക്കാനുള്ള കരുത്ത് ഇന്ന് ഇന്ത്യയ്ക്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിലെ രക്ഷാ ദൗത്യം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ പരാമർശം. അഫ്ഗാനിസ്താനിൽ കുടുങ്ങിയ നൂറ്കണക്കിന് ഇന്ത്യക്കാരെ ഓപ്പറേഷൻ ദേവി ശക്തിയിലൂടെ നാട്ടിലേക്ക് തിരികെയെത്തിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അഫ്ഗാനിസ്താനിലെ സാഹചര്യമായാലും കോവിഡ് പ്രതിസന്ധിയായാലും ശരി ഇന്ത്യയുടെ ഇടപെടൽ ഇന്ന് ലോകത്തിന് മുന്നിൽ തെളിവായിക്കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. ജാലിയൻ വാലാ ബാഗിന്റെ നവീകരച്ച സ്മാരകം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടന ചടങ്ങ്. ജാലിയൻവാലാ ബാഗ് സാമാരകത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഒരു രാജ്യത്തിനും ജാലിയൻ വാലാബാഗിന്റെ ചരിത്രം മറക്കാൻ കഴിയുന്ന ഒന്നല്ലെന്ന് അദ്ദേഹം വിശദമാക്കി.

വിഭജനകാലത്ത് രാജ്യം ഏത് അവസ്ഥയിലൂടെയാണ് കടന്ന് പോയതെന്ന് രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും നോക്കിയാൽ നമുക്ക് കാണാൻ കഴിയും പ്രത്യേകിച്ച് പഞ്ചാബിൽ. ഇന്ത്യയുടെ ചരിത്രത്തിൽ ജാലിയൻവാലാ ബാഗിന്റെ പ്രസക്തി വളരെ വലുതാണെന്നും ഭഗത് സിംഗിനെപ്പോലെയുള്ളവർക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടാൻ ഊർജ്ജം പകർന്ന സ്മാരകമാണ് അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഗോത്ര വർഗ സമൂഹത്തേയും മോദി പ്രശംസിച്ചു. ചരിത്ര പുസ്തകങ്ങളിൽ അവരുടെ സംഭാവനകൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകിയതായി കാണുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

pinarayi

തിരുവനന്തപുരം: പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ -ജനസംഖ്യാ അനുപാതം ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച്ച ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അടുത്ത ആഴ്ച മുതൽ സംസ്ഥാനത്താകെ രാത്രികാല കർഫ്യൂ നടപ്പാക്കും. രാത്രി പത്തു മണി മുതൽ രാവിലെ ആറുവരെയായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുകയെന്ന് അദ്ദേഹം വിശദമാക്കി.

സംസ്ഥാനത്ത് അനുബന്ധ രോഗങ്ങളുള്ളവർക്കും പ്രായം കൂടിയവർക്കും കോവിഡ് ബാധയുണ്ടായാൽ അതിവേഗം ചികിത്സ ലഭ്യമാക്കാൻ നടപടിയെടുക്കും അവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് ഊന്നൽ നൽകും. അനുബന്ധ രോഗമുള്ളവർ ആശുപത്രിയിലെത്തുന്നില്ലെങ്കിൽ രോഗം അതിവേഗം വഷളാകാനും മരണം സംഭവിക്കാനും സാധ്യത വളരെ കൂടുതലാണ്. ആ വിപത്ത് ഒഴിവാക്കാനുള്ള എല്ലാ ഇടപെടലുമുണ്ടാകും. അനുബന്ധ രോഗികളുടെ കാര്യത്തിൽ ആദ്യത്തെ ദിവസങ്ങൾ വളരെ നിർണായകമാണ്. ആശുപത്രിയിൽ എത്തിക്കാൻ വൈകി പോയാൽ ഗുരുതരമാകുന്ന അവസ്ഥയിലേക്ക് നീങ്ങി പോകുന്ന സ്ഥിതി പല കേസുകളിലും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നത്തെ സ്ഥിതിയും അതിന്റെ സവിഷേതകളും വിലയിരുത്തി മുന്നോട്ടു പോകാനുള്ള തന്ത്രം ആവിഷ്‌കരിക്കാൻ ഈ രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ചു യോഗം ചേരും. എല്ലാ മെഡിക്കൽ കോളേജുകളിലെയും കോവിഡ് ചികിത്സാനുഭവമുള്ള പ്രധാന ഡോക്ടർമാർ, ചികിത്സാ പരിചയം ഉള്ള സ്വകാര്യ ആശുപത്രി ഡോക്ടർമാർ, രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകൾ, ആരോഗ്യ വിദഗ്ധർ എന്നിവരെ ആ യോഗത്തിൽ പങ്കെടുപ്പിക്കും. സെപ്തംബർ ഒന്നിന് ഈ യോഗം ചേരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തദ്ദേശ സ്വയം സ്ഥാപനങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗവും ഇതിന് ശേഷം സെപ്തംബർ മൂന്നിന് ചേരും. ആരോഗ്യ മന്ത്രിക്ക് പുറമെ റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരും ഈ യോഗത്തിൽ പങ്കെടുക്കും. ഓരോ തദ്ദേശസ്ഥാപനത്തിന്റെ കയ്യിലും വാക്‌സിൻ നൽകിയതിന്റെ കണക്ക് വേണം എന്നും അത് വിലയിരുത്തി കുറവ് പരിഹരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ഐ ടി ഐ പരീക്ഷ എഴുതേണ്ടവർക്ക് മാത്രം പ്രാക്ടിക്കൽ ക്ലാസിന് അനുമതി നൽകും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുതിർന്ന ഐ.പി.എസ് ഓഫീസർമാരെ ജില്ലകളിലേയ്ക്ക് പ്രത്യേകമായി നിയോഗിച്ചു. ഈ ഓഫീസർമാർ തിങ്കളാഴ്ച ചുമതല ഏറ്റെടുക്കും.

എല്ലാ ജില്ലകളിലും അഡീഷണൽ എസ്.പിമാർ കോവിഡ് നിയന്ത്രണങ്ങളുടെ ജില്ലാതല നോഡൽ ഓഫീസർമാരായിരിക്കും. ഇവർ ജില്ലകളിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തും. വ്യാപാരസ്ഥാപനങ്ങളുടെ ഉടമസ്ഥരുടേയും റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടേയും യോഗം സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഓണത്തിനു മുൻപ് വിളിച്ചു കൂട്ടിയിരുന്നു. ഇത്തരം യോഗങ്ങൾ വീണ്ടും ചേരാൻ നിർദ്ദേശിച്ചിട്ടുണ്ട്.

കടകളിൽ എത്തുന്നവരും ജീവനക്കാരും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് കടയുടമകളുടെ യോഗം ചേരുന്നത്. വാക്‌സിൻ എടുക്കാത്തവർ വളരെ അടിയന്തിരസാഹചര്യങ്ങളിൽ മാത്രമേ പുറത്തിറങ്ങുന്നുള്ളൂവെന്ന് ഉറപ്പാക്കാനാണ് റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം ചേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ദളിത് ജനവിഭാഗങ്ങള്‍ നേരിട്ട അനീതികള്‍ക്കെതിരെ അയ്യങ്കാളി നേതൃത്വം നല്‍കിയ ഐതിഹാസികമായ സമരങ്ങള്‍ കേരള ചരിത്രത്തിന്റെ ഗതി മാറ്റിയെഴുതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദളിതരുടെ മാത്രമല്ല, സ്ത്രീകളുടേയും കര്‍ഷകരുടേയും തൊഴിലാളികളുടേയും അവകാശപ്പോരാട്ടങ്ങളുടെ അമരക്കാരനായിരുന്നു മഹാത്മാവായിരുന്നു അദ്ദേഹമെന്നും അയ്യങ്കാളിയുടെ ജന്‍മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.

സഞ്ചാര സ്വാതന്ത്ര്യത്തിന്, വസ്ത്ര സ്വാതന്ത്ര്യത്തിന്, വിദ്യാഭ്യാസത്തിന്, കൂലിയ്ക്ക് എന്നിങ്ങനെ അടിച്ചമര്‍ത്തപ്പെട്ട മനുഷ്യര്‍ നേരിടുന്ന ഓരോ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി അയങ്കാളി ശക്തമായ പ്രക്ഷോഭങ്ങളുയര്‍ത്തിയ വ്യക്തിയാണ് അയങ്കാളിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഇന്ന് മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ്. ജന്മിത്വവും ജാതിസമ്പ്രദായവും അനാചാരങ്ങളും തീർത്ത അന്ധകാരത്തിനു മേൽ നവോത്ഥാനത്തിൻ്റെ വെളിച്ചം വിതറി കേരളത്തെ ആധുനികതയിലേയ്ക്ക് ആനയിച്ച മഹാവ്യക്തിത്വങ്ങളുടെ മുൻനിരയിലാണ് അയ്യങ്കാളിയുടെ സ്ഥാനം. ദളിതരുടെ മാത്രമല്ല, സ്ത്രീകളുടേയും കർഷകരുടേയും തൊഴിലാളികളുടേയും അവകാശപ്പോരാട്ടങ്ങളുടെ അമരക്കാരനായിരുന്നു അദ്ദേഹം.മൃഗങ്ങളേക്കാള്‍ നീചമായി പരിഗണിക്കപ്പെട്ടിരിക്കുന്ന ദളിത് ജനവിഭാഗങ്ങൾ നേരിട്ട അനീതികൾക്കെതിരെ അദ്ദേഹം നേതൃത്വം നൽകിയ ഐതിഹാസികമായ സമരങ്ങൾ കേരള ചരിത്രത്തിൻ്റെ ഗതി മാറ്റിയെഴുതി. സഞ്ചാര സ്വാതന്ത്ര്യത്തിന്, വസ്ത്ര സ്വാതന്ത്ര്യത്തിന്, വിദ്യാഭ്യാസത്തിന്, കൂലിയ്ക്ക് എന്നിങ്ങനെ അടിച്ചമർത്തപ്പെട്ട മനുഷ്യർ നേരിടുന്ന ഓരോ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി അയങ്കാളി ശക്തമായ പ്രക്ഷോഭങ്ങളുയർത്തി. വില്ലുവണ്ടി സമരവും, കല്ലുമാല സമരവും എല്ലാം നമ്മുടെ നവോത്ഥാനപ്രസ്ഥാനത്തിന് ഊർജ്ജവും പ്രചോദനവും നൽകി. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ദളിത് ജനവിഭാഗങ്ങൾക്കായി വിദ്യാലയം തന്നെ അദ്ദേഹം ആരംഭിച്ചു. കൂലി നിഷേധിക്കപ്പെട്ടിരുന്ന കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് അയ്യങ്കാളി നടത്തിയ പണിമുടക്ക് സമരം വർഗചൂഷണത്തിനെതിരായ പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി. അത്തരത്തിൽ ഒരു സമൂഹമെന്ന നിലയ്ക്ക് നാമിന്ന് അഭിമാനം കൊള്ളുന്ന നിരവധി നേട്ടങ്ങളിൽ അയ്യങ്കാളിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ജാതീയതയും വർഗീയതയും സാമ്പത്തികാസമത്വവും നാടിൻ്റെ പുരോഗതിയ്ക്കും ജനങ്ങളുടെ സമാധാനപൂർണ്ണമായ ജീവിതത്തിനും ഇന്നും വെല്ലുവിളികളാണ്. അവയെ ഇല്ലാതാക്കിക്കൊണ്ട് മാത്രമേ നിലവിൽ നമ്മൾ നേരിടുന്ന സാമൂഹ്യപ്രശ്നങ്ങൾക്ക് പൂർണമായ പരിഹാരം കണ്ടെത്താൻ സാധിക്കൂ. അതിനായി കൃത്യമായ രാഷ്ട്രീയ ബോധ്യമുൾച്ചേർന്ന സംഘടിതമായ മുന്നേറ്റമുണ്ടായേ തീരൂ. അത്തരമൊരു മുന്നേറ്റത്തിൽ അയങ്കാളിയുടെ ചരിത്രം നമുക്ക് വഴി കാട്ടും. അദ്ദേഹത്തിൻ്റെ ജീവിതം പ്രചോദനം പകരും. ആ ആശയങ്ങളുൾക്കൊണ്ട് നമുക്ക് ഒരുമിച്ചു മുന്നേറാം. സമത്വസുന്ദരമായ നവകേരളത്തിനായി സംഘടിക്കാം.

തിരുവനന്തപുരം: മൊബൈൽ ആപ്പിലൂടെ മത്സ്യം ഉപഭോക്താക്കൾക്കെത്തിക്കുന്ന മീമീ ഫിഷ് ആപ്പ് പുറത്തിറക്കി. ഫിഷറീസ് വകുപ്പിൻറെ നേതൃത്വത്തിലുള്ള ആപ്പ് മന്ത്രി സജി ചെറിയാനാണ് പുറത്തിറക്കിയത്. മീമീ ആപ്പിലൂടെയുള്ള ആദ്യ വിൽപന ചലച്ചിത്രതാരവും അവതാരകയുമായ ആനിക്കു നൽകിയാണ് മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്.

കടൽ മത്സ്യങ്ങൾക്കും ഉൾനാടൻ മത്സ്യങ്ങൾക്കുമൊപ്പം 20 ഓളം മൂല്യവർധിത ഉത്പന്നങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കാൻ മീമി ആപ്പിലൂടെ സാധിക്കുമെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. തുടക്കത്തിൽ കൊല്ലം ജില്ലയിലാണ് ആപ്പിന്റെ സേവനം ലഭിക്കുക. തുടർന്ന് ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിലും ഉത്പന്നങ്ങൾ വീടുകളിലെത്തിച്ചു നൽകും. കൊല്ലത്ത് ഇതിനായി 12 കിയോസ്‌ക്കുകൾ ആരംഭിച്ചിട്ടുണ്ട്. കിയോസ്‌ക്കുകളിൽ മികച്ച ശീതീകരണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പുതിയ സംരംഭത്തിലൂടെ കൂടുതൽ യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാനാവുമെന്നാണ് കരുതുന്നത്. കൊല്ലം ശക്തികുളങ്ങര ഫിഷ് പ്രോസസിംഗ് പ്ളാന്റിൽ സൗരോർജ സംവിധാനം വഴി മത്സ്യം അണുമുക്തമാക്കി ഉണക്കി വിപണിയിലെത്തിക്കുന്ന സംവിധാനത്തിനും തുടക്കം കുറിച്ചു.

സംസ്ഥാന തീരദേശ വികസന കോർപറേഷന്റെ (കെഎസ്സിഎഡിസി) സാമൂഹ്യ-സാമ്പത്തിക പദ്ധതിയുടെ ഭാഗമായി ‘പരിവർത്തനം’ എന്ന പദ്ധതിക്ക് കീഴിലാണ് മീമി ആപ്പ് നടപ്പാക്കുന്നത്. കേന്ദ്ര ഫിഷറീസ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട്, സാറ്റം (സൊസൈറ്റ് ഫോർ അഡ്വാൻസ് ടെക്‌നോളജീസ് ആൻഡ് മാനേജ്മൻറ് ) എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ഗൂഗിൾ പ്ലേ സ്റ്റോർ വഴി ഉപഭോക്താക്കൾക്ക് ആപ് ഡൗൺലോഡ് ചെയ്യാം. മത്സ്യത്തിന് പുറമെ പുതുമയുള്ള മത്സ്യോൽപന്നങ്ങളും ഭാവിയിൽ മീമീ ആപ്പ് വഴി ഉപഭോക്താക്കൾക്ക് എത്തിക്കുമെന്ന് സജി ചെറിയാൻ അറിയിച്ചു. സമീപത്തുള്ള മീമീ സ്റ്റോർ വഴിയോ മീമീ മൊബൈൽ ആപ്പ് വഴിയോ മത്സ്യം വാങ്ങാം.

ഫിഷറീസ് ഡയറക്ടർ ആർ.ഗിരിജ, കെഎസ്സിഎഡിസി എംഡി ഷേഖ് പരീത്, റോയ് നാഗേന്ദ്രൻ (ഓപ്പറേഷൻസ് ഡിവിഷൻ, പരിവർത്തനം) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് അതീവ ശ്രദ്ധ നൽകുന്ന മീമീ ഫിഷിന്റെ സംഭരണം, സംസ്‌കരണം, പാക്കിങ് മുതലായവ രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നത്. കടലിന്റെ ഏതു ഭാഗത്തുനിന്നു വലയിൽ വീണ മത്സ്യമെന്നത് മുതൽ മത്സ്യബന്ധനത്തൊഴിലാളികളുടെയും വള്ളങ്ങളുടെയും വിവരമടക്കം ഉപഭോക്താക്കൾക്ക് അറിയാനാകുമെന്നതാണ് മീമി ആപ്പിന്റെ സവിശേഷത.

യാതൊരു തരത്തിലുള്ള രാസവസ്തുക്കളും മീമീ ഫിഷിന്റെ ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തും. യൂറോപ്യൻ യൂണിയൻ നിഷ്‌കർഷിച്ചിട്ടുള്ള ഗുണമേന്മാ മാനദണ്ഡങ്ങളാണ് സംഭരണം, സംസ്‌കരണം, സൂക്ഷിക്കൽ മുതലായവയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സിഫ്റ്റ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് പിടിച്ച മത്സ്യത്തെ ഉടനെതന്നെ ശീതീകരണ സംവിധാനത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

ഇടയ്ക്ക് വച്ച് പഠനം മുടങ്ങിയ ബിരുദ വിദ്യാർഥികളെയാണ് ഹോം ഡെലിവറിക്കായി നിയോഗിക്കുന്നത്. അതോടൊപ്പം അവർക്ക് വേണ്ട അക്കാദമിക പരിശീലനം നൽകുകയും ബിരുദപഠനം പൂർത്തിയാക്കുന്നതിന് സഹായിക്കുകയും ചെയ്യാനാണ് പദ്ധതി. കടലിൽ വച്ചുതന്നെ മത്സ്യബന്ധന തൊഴിലാളികൾക്ക് നിശ്ചിത വില ലഭിക്കുന്നതിനാൽ കരയിലെത്താൻ വേഗം കൂട്ടി ബോട്ട് ഓടിക്കേണ്ട അവസ്ഥ ഇല്ലാതാകും, ഇന്ധനച്ചെലവ് 70 ശതമാനംവരെ കുറയ്ക്കാനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

മീമീ ഫിഷുമായി സഹകരിക്കുന്ന എല്ലാ ബോട്ടുകളിലും റേഡിയോ ഫ്രീക്വൻസി ഉപയോഗിക്കുന്ന ഐസ് പെട്ടികളാണ് നൽകുന്നത്. അതിനാൽ മത്സ്യം പിടിച്ച ദിവസം, സമയം, സ്ഥലം, വള്ളത്തിന്റെയും തൊഴിലാളികളുടെയും വിവരങ്ങൾ എന്നിവ ലഭ്യമാകും. മത്സ്യം എവിടെനിന്നു വന്നുവെന്നതിന്റെ 100 ശതമാനം വിവരങ്ങളും ലഭ്യമാകും.

ഡിസി കറന്റ മുഖേന ശീതീകരണ സംവിധാനം പ്രവർത്തിക്കുന്നതിനാൽ വൈദ്യുത തടസ്സം ഉണ്ടായാലും മീൻ കേടുകൂടാതെയിരിക്കും. കെഎസ്ഇബിയിൽനിന്നും വൈദ്യുതി ലഭിക്കാത്തയിടങ്ങളിൽ സൗരോർജവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ശീതീകരണ സംവിധാനത്തിൽ തടസ്സമില്ലാതെ വൈദ്യുതി ലഭിക്കും. എലി, മറ്റ് ക്ഷുദ്രജീവികൾ മുതലായവയുടെ ശല്യം ഗോഡൗണിലും മീമീ സ്റ്റോറുകളിലും ഉണ്ടാകാതിരിക്കാനുള്ള സെൻസർ സംവിധാനവും മീമി സ്റ്റോറുകളിലുണ്ട്. മീമീ ഉൽപന്നങ്ങൾ മാത്രമേ സ്റ്റോറുകൾ വഴി വിൽക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്താനായി സിസിടിവി സൗകര്യവും ഒരുക്കും.

ഏത് കാലാവസ്ഥയിലും ഗുണമേന്മ കാത്തുസൂക്ഷിക്കാൻ അത്യാധുനിക രീതിയിൽ പ്രത്യേകം തയാർ ചെയ്ത വാഹനങ്ങളിലാണ് ഹോം ഡെലിവറി സംവിധാനം ഒരുക്കിയിട്ടുള്ളത്.

ന്യൂജേഴ്സി: ലോകത്ത് ഏറ്റവും കൂടുതല്‍ ക്യാമറകളുള്ള ഈ നഗരമെന്ന ബഹുമതി സ്വന്തമാക്കി ഡല്‍ഹി. ഫോബ്സ് മാസിക പുറത്തിറക്കിയ പട്ടികയിലാണ് ലണ്ടനെയും പല സുപ്രധാന ചൈനീസ് നഗരങ്ങളെയും പിന്‍തള്ളി ഡല്‍ഹി ഒന്നാം സ്ഥാനത്തെത്തിയത്.

ലോകത്തെ 150 പ്രധാന നഗരങ്ങളെ അടിസ്ഥാനമാക്കി ഫോബ്സ് മാസിക നടത്തിയ കണക്കെടുപ്പിലാണ് പൊതുസ്ഥലത്ത് ഏറ്റവും കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്ന നഗരം എന്ന ബഹുമതി ഡല്‍ഹി സ്വന്തമാക്കിയത്. ചെന്നൈയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. മുംബൈ പട്ടികയില്‍ 18-ാം സ്ഥാനത്താണ്.

ഷങ്ഹായ്, ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നീ വന്‍ നഗരങ്ങളെ പിന്നിലാക്കി ഒന്നാമതെത്തിയതില്‍ നമുക്ക് അഭിമാനിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. തലസ്ഥാന നഗരത്തില്‍ ക്യാമറ നിരീക്ഷണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെയും കെജ്രിവാള്‍ അഭിനന്ദിച്ചു.