താലിബാന് രൂപം നൽകിയത് പാകിസ്താൻ; ലക്ഷ്യം ഇന്ത്യയെ നേരിടുകയെന്ന് വെളിപ്പെടുത്തൽ

ഇസ്ലാമാബാദ്: താലിബാന് രൂപം നൽകിയത് പാകിസ്താനാണെന്ന് വെളിപ്പെടുത്തൽ. അഫ്ഗാനിസ്താൻ മുൻ ഉപ വിദേശകാര്യമന്ത്രി മഹ്മൂദ് സൈക്കലാണ് താലിബാന്റെ സൃഷ്ടിക്ക് പിന്നിൽ പാകിസ്താനാണെന്ന് വെളിപ്പെടുത്തിയത്. ഇന്ത്യയെ നേരിടുക എന്ന ഉദ്ദേശ്യത്തോടെയാണ് പാകിസ്താൻ താലിബാന് രൂപം നൽകിയതെന്നും പാക് മുൻ പ്രധാനമന്ത്രി പർവേസ് മുഷറഫിന്റെ വാക്കുകളെ ആധാരമാക്കി മഹ്മൂദ് സൈക്കൽ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയെ നേരിടാനാണ് പാകിസ്താൻ താലിബാനെ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. അടിമത്തത്തിന്റെ ചങ്ങലകളെ താലിബാൻ തകർക്കുമെന്നാണ് ഇമ്രാൻ ഖാന്റെ വിശ്വാസം. എസ് എം ഖുറേഷി, യൂസഫ് മൂദ് എന്നിവരാകട്ടെ താലിബാനു വേണ്ടി ലോകത്തിനു മേൽ സമ്മർദ്ദം ചെലുത്തുന്ന തിരക്കിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസൻ ഗ്രൂപ്പിൽ അഫ്ഗാൻ , പാക് പൗരൻമാരുണ്ട്, അൽ-ഖ്വയ്ദയുടെ നേതൃത്വത്തിന്റെ ഒരു പ്രധാന ഭാഗം താമസിക്കുന്നതും പാകിസ്താൻ – അഫ്ഗാൻ അതിർത്തി പ്രദേശത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താലിബാനും ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസനും അൽ-ഖ്വയ്ദയും തമ്മിൽ പുതുതായി ബന്ധം സ്ഥാപിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.