സ്വച്ഛ് ഭാരത് മിഷൻ; രണ്ടാംഘട്ട മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നു, 300 ഗ്രാമ പഞ്ചായത്തുകൾ ഒഡിഎഫ് പ്ലസ് ആകും

കൊല്ലം: സ്വച്ഛ് ഭാരത് മിഷന്റെ (ഗ്രാമീൺ) രണ്ടാംഘട്ട മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നു. പദ്ധതി പ്രകാരം 2021-22 ൽ ഒഡിഎഫ് പ്ലസ് (വെളിയിട വിസർജ്ജന വിമുക്തം) ആക്കുന്നതിന് സംസ്ഥാനത്ത് 500 വില്ലേജുകൾ ഉൾപ്പെട്ട 300 ഗ്രാമ പഞ്ചായത്തുകളിൽ നടപടികൾക്ക് തുടക്കം കുറിച്ചു. കേന്ദ്രസർക്കാർ അംഗീകരിച്ച വാർഷിക കർമ പദ്ധതി പ്രകാരം 2021 ഒക്ടോബർ രണ്ടിനകം ഈ പഞ്ചായത്തുകളെ ഒഡിഎഫ് പ്ലസ് ആയി പ്രഖ്യാപിക്കണമെന്നാണ് നിർദ്ദേശം. ഇതിനായി നിശ്ചയിക്കപ്പെട്ട ഗ്രാമ പഞ്ചായത്തുകൾക്കുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സ്പെഷൽ സെക്രട്ടറി ആർ.എസ്. കണ്ണനാണ് നിർദ്ദേശങ്ങൾ നൽകിയത്.

ഗ്രാമങ്ങളിൽ പൊതു ശൗചാലയം കൃത്യമായ പരിപാലനത്തോടു കൂടി ഉറപ്പാക്കുക, സ്‌കൂളുകൾ, പഞ്ചായത്ത് ആസ്ഥാനങ്ങൾ, അങ്കണവാടികൾ എന്നിവയിൽ പുരുഷനും സ്ത്രീക്കും പ്രത്യേകമായി ഉപയോഗ യോഗ്യമായ ശൗചാലയങ്ങൾ ഉണ്ടെന്ന് ഉറപ്പു വരുത്തുക, എല്ലാ വീടുകളിലും ഉപയോഗ യോഗ്യമായ ശൗചാലയങ്ങൾ ഉറപ്പാക്കുക, പൊതുയിടങ്ങൾ വൃത്തിയുള്ളതും മലിനജലം കെട്ടി നിൽക്കാതെയും പ്ലാസ്റ്റിക് കൂമ്പാരങ്ങൾ ഇല്ലാതെയും സംരക്ഷിക്കുക തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ.

എല്ലാ സ്‌കൂളുകളിലും അങ്കണവാടികളിലും ചുരുങ്ങിയത് 80 ശതമാനം വീടുകളിലും പഞ്ചായത്ത് ആസ്ഥാനങ്ങളിലും ജൈവ മാലിന്യങ്ങളും ദ്രവ മാലിന്യവും സംസ്‌കരിക്കുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കണമെന്നും നിർദ്ദേശമുണ്ട്. ഗ്രാമത്തിൽ പ്ലാസ്റ്റിക് തരംതിരിക്കുന്നതിനും അത് ശേഖരിക്കുന്നതിനുമുള്ള സംവിധാനം, ഗ്രാമങ്ങളിൽ ഒഡിഎഫ് പ്ലസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അഞ്ചു വിവര വിജ്ഞാപന സന്ദേശങ്ങൾ പ്രാമുഖ്യത്തോടെ പ്രദർശിപ്പിക്കുക എന്നീ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

ഈ ഘടകങ്ങളെല്ലാം ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് കൃത്യമായി നിലവിലുണ്ടെന്ന് ഉറപ്പാക്കിയ ശേഷം ഓരോ ഗ്രാമപഞ്ചായത്തിലെയും അതാത് വാർഡുകളിലെ ഗ്രാമ സഭകൾ ഒഡിഎഫ് പ്ലസ് ആയി പ്രഖ്യാപിക്കുകയും തുടർന്ന് ഗ്രാമ പഞ്ചായത്ത് മുഴുവനായി ഒഡിഎഫ് പ്ലസ് ആയി പ്രഖ്യാപിക്കുകയും ചെയ്യണം. ജില്ലാതല ഗ്രാമ പഞ്ചായത്ത് തല മോണിട്ടറിങ് സംഘം പരിശോധന നടത്തിയ ശേഷം നിർദേശങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടോയെന്ന കാര്യം ഉറപ്പു വരുത്തണം. ജില്ലാ കളക്ടറാണ് ജില്ലാ തല മോണിട്ടറിങ് സംഘത്തിന്റെ ചെയർമാൻ. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ഹരിതകേരള മിഷൻ കോ-ഓർഡിനേറ്റർ, ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ എന്നിവരാണ് മോണിറ്ററിംഗ് സംഘത്തിലെ മറ്റ് അംഗങ്ങൾ. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ചെയർമാനായിട്ടുള്ളതാണ് ഗ്രാമ പഞ്ചായത്ത് തല പരിശോധന ടീം. സെപ്തംബർ 10 മുതൽ 20 വരെയുള്ള കാലയളവിലാണ് ഗ്രാമ പഞ്ചായത്തുകളിൽ പരിശോധന നടത്തേണ്ടത്.