അഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും തകരാറുകൾ പരിഹരിക്കാതെ സംസ്ഥാനം സ്വന്തമായി വികസിപ്പിച്ചെടുത്ത ജിഎസ്ടി സോഫ്റ്റ്‌വെയർ

തിരുവനന്തപുരം: സംസ്ഥാനം സ്വന്തമായി ഉണ്ടാക്കിയ ജിഎസ്ടി സോഫ്റ്റ്‌വെയറിലെ പ്രശ്‌നങ്ങൾക്ക് അഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും പരിഹാരമുണ്ടായിട്ടില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും ജി.എസ്.ടി. വരുമാനം ദിനംപ്രതി ഇടിയുമ്പോഴും സോഫ്റ്റ്‌വെയറിലെ പ്രശ്‌നങ്ങൾ ഇതുവരെ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. വകുപ്പിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു വാങ്ങിക്കൂട്ടിയ സാമഗ്രികൾ വർഷങ്ങളായി കെട്ടുകൾ പോലും പൊട്ടിക്കാതെ ഇട്ടിരിക്കുന്ന അവസ്ഥയിലാണ്. ഒരു പ്രമുഖ മാദ്ധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടത്.

ഇക്കാര്യങ്ങളെല്ലാം നികുതിനിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വലിയ തിരിച്ചടിയാണുണ്ടാക്കുന്നത്. ജി.എസ്.ടി. നടപ്പാക്കിയപ്പോഴുള്ള നഷ്ടപരിഹാരം ഈ വർഷത്തോടെ അവസാനിക്കുകയാണ്. ഈ സാഹചര്യത്തിൽ വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ കേരളത്തിന്റെ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് വിവരം.

വരുമാനം വർധിപ്പിക്കണം, റിട്ടേണുകൾ കൃത്യമായി ഫയൽ ചെയ്യിക്കണം തുടങ്ങിയ നിർദേശങ്ങൾ മന്ത്രി ഉൾപ്പെടെയുള്ളവർ ജി.എസ്.ടി. വകുപ്പിനു നൽകുമ്പോഴും സോഫ്റ്റ്‌വെയറിലെ തകരാറിന് പരിഹാരമുണ്ടായിട്ടില്ല. ഇതാണ് ജിഎസ്ടി വകുപ്പ് നേരിടുന്ന ഏറ്റവും വലിയ പോരായ്മയും. ജി.എസ്.ടി. നടപ്പാക്കിയപ്പോൾ ദേശീയതലത്തിൽ തയാറാക്കിയ സോഫ്റ്റ്‌വെയറിനു പകരം കേരളം സ്വന്തം നിലയിൽ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറിലാണ് തകരാറുള്ളത്.

രേഖകൾ അപ്ലോഡ് ചെയ്യാൻ കഴിയുന്നില്ല, അപ്ലോഡ് ചെയ്തവ വീണ്ടും തുറക്കാൻ കഴിയുന്നില്ല തുടങ്ങിയവയാണ് പ്രധാന തകരാറുകൾ. ഇതു റിട്ടേണുകളുടെ പരിശോധനയിൽ പോലും പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം. ജി.എസ്.ടി ഇൻസ്പെക്ടർമാർ കടകളിൽ പരിശോധന നടത്തി വിവരങ്ങൾ പോർട്ടലലിൽ അപ്ലോഡ് ചെയ്യുന്നുണ്ടെങ്കിലും അവ പലതും പോർട്ടലിൽ ലഭ്യമല്ലെന്ന പരാതിയും ഉയരുന്നുണ്ട്. റിട്ടേണുകൾ സേവ് ചെയ്യാനും കഴിയുന്നില്ല. അഥവാ സേവ് ആയാലും പിന്നീട് തുറന്നുപരിശോധിക്കാൻ കഴിയുന്നില്ലെന്ന പരാതിയുമുണ്ട്.