ഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ ഇനി മുതല്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് പ്രത്യേക ടോയ്ലറ്റ് അനുവദിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പുറമെ ഇതുവരെ അംഗപരിമിതര്‍ക്ക് മാത്രമായിരുന്നു ഈ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്.
ലിംഗസമത്വം ഉറപ്പുവരുത്താനും, ട്രാന്സ്ജെന്ഡേഴ്സിനെതിരേയുളള അതിക്രമങ്ങള്‍ ചെറുക്കുന്നതിനും അവര്‍ക്ക് സുരക്ഷ ഉറപ്പു വരുത്തുന്നതിനുമാണ് പ്രത്യേക ശൗചാലയ സൗകര്യം ട്രാന്‍സ്ജെന്‍ഡേഴ്സിന് കൂടി ലഭ്യമാക്കിയതെന്ന് ഡല്‍ഹി മെട്രോ അധികൃതര്‍ അറിയിച്ചു.
വിവിധ സ്റ്റേഷനുകളിലായി ഇതുവരെ 347 ടോയ്ലറ്റുകളാണ് ട്രന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനുവേണ്ടി ഒരുക്കിയിരിക്കുന്നത്. മറ്റ് യാത്രാക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ടോയ്ലറ്റുകള്ക്ക് പുറമെയാണിത്.
ഈ സംവിധാനത്തെക്കുറിച്ചുള്ള സൂചന നല്‍കുന്നതിനായി ഇംഗ്ലീഷിലും ഹിന്ദിയിലും സൂചനാ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കോ പുരുഷന്മാര്ക്കോ ഉള്ള ടോയ്ലെറ്റുകള് അവരവരുടെ ജെന്‍ഡര്‍ അനുസരിച്ച് ട്രന്‍സ്ജെന്‍ഡറുകള്‍ക്ക് ഉപയോഗിക്കണമെന്ന് തോന്നുകയാണെങ്കില്‍ അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും ഡല്‍ഹി മെട്രോ അധികൃതര്‍ വ്യക്തമാക്കി.

