General (Page 1,430)

veena

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകരുടെ വാക്സിനേഷൻ അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിനകം പൂർത്തിയാക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. വാക്സിനെടുക്കാൻ ശേഷിക്കുന്ന അധ്യാപകർ, മറ്റ് സ്‌കൂൾ ജീവനക്കാർ എന്നിവർ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് മന്ത്രി നിർദ്ദേശം നൽകി.

വാക്സീനേഷൻ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 4,78,635 പേർക്കാണ് വാക്സിൻ നൽകിയത്. 1,459 സർക്കാർ കേന്ദ്രങ്ങളും 373 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1832 വാക്സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 2,86,31,227 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 2,09,75,647 പേർക്ക് ഒന്നാം ഡോസ് വാക്സിനും 76,55,580 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയതെന്ന് മന്ത്രി അറിയിച്ചു.

2021 ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷൻ അനുസരിച്ച് 59.20 ശതമാനം പേർക്ക് ഒന്നാം ഡോസും 21.61 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 73.02 ശതമാനം പേർക്ക് ഒന്നാം ഡോസും 26.66 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ടെന്നും വീണാ ജോർജ് വിശദമാക്കി.

സംസ്ഥാനത്തിന് 8,00,860 ഡോസ് വാക്സിൻ കൂടി ലഭ്യമായി. ഇതിൽ 5,09,640 ഡോസ് വാക്സിൻ ഞായറാഴ്ചയും 2,91,220 ഡോസ് വാക്സിൻ തിങ്കളാഴ്ചയുമാണ് എത്തിയത്. തിരുവനന്തപുരം 2,72,000, എറണാകുളം 3,14,360, കോഴിക്കോട് 2,14,500 എന്നിങ്ങനെ ഡോസ് വാക്സീനാണെത്തിയത്. ഇതുകൂടാതെ 15 ലക്ഷം എഡി സിറിഞ്ചും ലഭ്യമായിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.

ദോഹ: കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനത്തിനായി ഖത്തറിന്റെ സാങ്കേതിക സഹായം തേടാനൊരുങ്ങി താലിബാൻ. വിമാനത്താവളത്തിന്റെ സുഗമമായ പ്രവർത്തനത്തിന് വേണ്ടിയാണ് താലിബാൻ ഖത്തറിന്റെ സഹായം തേടാനൊരുങ്ങുന്നത്. നേരത്തെ വിഷയത്തിൽ താലിബാൻ തുർക്കിയുടെ സഹായം തേടിയിരുന്നെങ്കിലും മറുപടി ലഭിക്കാതെ വന്നതോടെയാണ് ആവശ്യവുമായി ഖത്തറിനെ സമീപിച്ചിരിക്കുന്നത്.

അഫ്ഗാനാന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കിയെങ്കിലും യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോഴും കാബൂൾ വിമാനത്താവളം. യുഎസ് സൈന്യം കാബൂളിൽ നിന്നും പൂർണ്ണമായി പിന്മാറുന്നതോടെ അഫ്ഗാനിൽ വീണ്ടും പ്രതിസന്ധി ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 31 ആണ് യുഎസ് സൈനികർക്ക് രാജ്യം വിടാനായി താലിബാൻ നൽകിയ സമയ പരിധി അവസാനിക്കുന്നത്. വിദേശ സൈന്യങ്ങളെല്ലാം പിന്മാറിയതിന് ശേഷം കാബൂളിന്റെ പ്രവർത്തനം പൂർണ്ണമായും ഏറ്റെടുക്കാനാണ് താലിബാന്റെ പദ്ധതി.

സ്വന്തം നിലയ്ക്ക് വിമാനത്താവളം പ്രവർത്തിപ്പിക്കാൻ നിലവിൽ താലിബാന് കഴിവില്ല. ഈ സാഹചര്യത്തിലാണ് സഹായത്തിനായി താലിബാൻ തുർക്കിയെ സമീപിച്ചത്. തുർക്കിയിൽ നിന്നും മറുപടി ലഭിക്കാതെ വന്നതോടെയാണ് ഖത്തറിനെ സമീപിക്കാൻ താലിബാൻ ഭീകരർ തീരുമാനിച്ചത്.

vaccine

ന്യുഡൽഹി: കോവിഡ് വൈറസിനെതിരെ വികസിപ്പിച്ച വാക്സിൻ നിർമിക്കാൻ ആഗോള തലത്തിൽ പങ്കാളികളെ അന്വേഷിച്ച് ഭാരത് ബയോടെക്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തിനകത്തും പുറത്തും കൊവാക്‌സിൻ വേണ്ടവർക്ക് അത് കൃത്യമായി ലഭ്യമാക്കുവാൻ സാധിക്കുന്ന വിധത്തിലുളള നിർമ്മാണ പങ്കാളികളെയാണ് കമ്പനി ഇപ്പോൾ തേടുന്നതെന്നാണ് റിപ്പോർട്ട്.

രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ കോവിഡ് വാക്സിനാണ് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ. എന്നാൽ, ഭാരത് ബയോടെക്കിന് തങ്ങളുടെ വിതരണരംഗം ശക്തിപ്പെടുത്താൻ സാധിച്ചില്ലെന്ന തരത്തിലുള്ള വിമർശനങ്ങൾ ശക്തമായിരുന്നു. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട അത്രയും വാക്സിൻ വിതരണം ചെയ്യുന്നതിൽ കമ്പനി പരാജയപ്പെട്ടതിന് കാരണം ഉത്പാദനം കൂട്ടാൻ കഴിയാതിരുന്നതാണെന്നാണ് ലഭ്യമാകുന്ന വിവരം.

ഇതിന് പരിഹാരം കാണാനായാണ് കമ്പനി വാക്‌സിൻ നിർമ്മാണത്തിനായി അന്താരാഷ്ട്ര തലത്തിൽ പങ്കാളികളെ തേടുന്നത്.

വിഴിഞ്ഞം: വിഴിഞ്ഞത്ത് ശക്തമായ കാറ്റും മഴയും. മരങ്ങൾ ഒടിഞ്ഞ് വീണ് വൈദ്യുത ബന്ധവും ഗതാഗതവും തകരാറിലായി. ഇന്നലെ വൈകുന്നേരമാണ് തീരത്ത് ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടത്. മൂന്ന് മണിക്കൂറോളം നേരം തീരത്ത് ശക്തമായ കാറ്റ് വീശിയടിച്ചു. നിരവധി മരങ്ങൾ കാറ്റിൽ കടപുഴകി വീണു.

ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന അധികൃതരുടെ മുന്നറിയിപ്പ് അറിയാതെ നിരവധി വള്ളങ്ങൾ കടലിൽ ഇറങ്ങിയിരുന്നു. ഇവയിൽ ചിലത് തിരിച്ചെത്തിയെങ്കിലും മറ്റുള്ളവ കടലിൽ കുടുങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരുന്ന മുന്നറിയിപ്പ്. കേരള-ലക്ഷദ്വീപ്, കർണ്ണാടക തീരങ്ങളിൽ 40 മുതൽ 50 കിലോമീറ്ററോളം വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിരുന്നു.

കാറ്റും മഴയും ശക്തമാകുന്നതിനിടയിൽ പുറംകടലിൽ മീൻ പിടിത്തത്തിൽ ഏർപ്പെട്ടിരുന്ന നിരവധി വള്ളങ്ങൾ തീരത്തടുപ്പിച്ചു. എന്നാൽ ഉൾക്കടലിൽ പോയ വള്ളങ്ങളെ രാത്രിയും കരക്കെത്തിക്കാനായിട്ടില്ല. കരയിൽ വീശിയടിച്ചതു പോലെ ശക്തമായ കാറ്റ് കടലിനെയും ബാധിച്ചതായാണ് മത്സ്യത്തൊഴിലാളികൾ അറിയിക്കുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരത്തെ പാങ്ങോട് സൈനിക കേന്ദ്രത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തലുമായി രഹസ്യാന്വേഷണ ഏജന്‍സികള്‍. ഉറിയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിനു സമാനമായ ആക്രമണത്തിനുപോലും സാധ്യതയുണ്ടെന്ന് ഏജന്‍സികള്‍ അറിയിച്ചു.

തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള പലരും സൈനിക കേന്ദ്രത്തിനു സമീപമുള്ള പൂജപ്പുര, ജഗതി, ഇലിപ്പോട്, ഇടപ്പഴഞ്ഞി, തിരുമല എന്നിവിടങ്ങളില്‍ വാടകയ്ക്ക് താമസിച്ചിരുന്നതായി അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. ശ്രീലങ്കന്‍ പൗരന്മാരും ഇക്കൂട്ടത്തില്‍ പെടും. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ നിയന്ത്രണത്തിലുള്ളവരും സൈനിക കേന്ദ്രത്തിനു ചുറ്റുമായി താമസിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനെ തുടര്‍ന്ന്, സംശയാസ്പദമായ സാഹചര്യത്തില്‍ കടലില്‍ ബോട്ടുകള്‍ കാണുന്നുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാകിസ്താനിലേക്ക് കടക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തീരമേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. കര്‍ശന നിരീക്ഷണവും നടത്തുന്നുണ്ട്. ഹോംസ്റ്റേ, റിസോര്‍ട്ട്, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് പരിശോധന ശക്തമാക്കി. സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസ് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്ത, ശ്രീലങ്കയിലെ പള്ളിയില്‍ 2019 ല്‍ ഭീകരര്‍ നടത്തിയ സ്ഫോനത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലാണെന്ന് കേന്ദ്ര ഇന്റലിജന്‍സും ആര്‍മി ഇന്റലിജന്‍സും കണ്ടെത്തിയിരുന്നു. കള്ളക്കടത്ത്, ലഹരി മരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട് അടുത്ത നാളായി നടന്ന കേസുകളുടെ അന്വേഷണം എത്തിയത് പാങ്ങോട് സൈനിക കേന്ദ്രത്തിന് ചുറ്റുമായി താമസിച്ചവരിലേക്കായിരുന്നു. ശ്രീലങ്കയില്‍ നിന്നും മത്സ്യബന്ധന ബോട്ടുകളില്‍ ഒരു സംഘം കഴിഞ്ഞ ദിവസം കേരളത്തില്‍ പ്രവേശിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു.

തിരുവനന്തപുരം: ഡിസിസി അധ്യക്ഷൻമാരുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എല്ലാ വിഷയങ്ങളും ചർച്ച ചെയ്തുവെന്നും ആരോപണങ്ങൾക്ക് മറുപടി പറഞ്ഞു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രൂപ്പ് നേതാക്കൾക്ക് പറയാനുള്ളത് പറയാം. പക്ഷേ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാണ്. എല്ലാ ദിവസവും വിവാദവുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

സെമി കേഡർ സംവിധാനത്തിലേക്കാണ് കോൺഗ്രസ് പോകുന്നത്. അടുത്ത ആറ് മാസത്തിനുള്ള കോൺഗ്രസിന്റെ രൂപവും ഭാവവും മാറും. കോൺഗ്രസ് നേതൃത്വത്തിന്റെ നെടുംതൂണുകളിൽ ഒന്നാണ് കെ മുരളീധരൻ. അദ്ദേഹത്തിന്റെ വാക്കുകൾക്ക് ആ നിലയും വിലയുമുണ്ടാവും. പാർട്ടിയുടെ തണലും ശക്തിയുമായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഇനിയും വേണം എന്നാണ് ആഗ്രഹം. എല്ലാവരേയും സഹകരിച്ചു കൊണ്ടു പോകുക എന്നതാണ് പാർട്ടിയുടെ നയമെന്നും എല്ലാവരോടും സഹകരിക്കണം എന്നാണ് തങ്ങൾ അഭ്യർത്ഥിക്കുന്നതെന്നും കെ സുധാകരൻ വിശദമാക്കി.

സഹകരിക്കാതെ നിൽക്കാത്തവരെ സഹകരിപ്പിക്കാനുള്ള മെക്കാനിസം ഞങ്ങൾക്ക് അറിയില്ല. ഇത്രയും കാലം ചോരയും നീരും കൊടുത്ത് വളർത്തിയ പാർട്ടിയെ നശിപ്പിക്കാതെ നോക്കേണ്ട ബാധ്യത നേതാക്കൾക്കുണ്ട്. പാർട്ടിക്ക് വേണ്ടി വിയർപ്പ് ഒഴുക്കിയവർ തന്നെ പാർട്ടിക്ക് ഹാനികരമായ കാര്യങ്ങൾ ചെയ്യരുതെന്ന് അനിൽ അക്കരയെ തള്ളി സുധാകരൻ പറഞ്ഞു. പിണറായിയെ പുകഴ്ത്തി എ വി ഗോപിനാഥ് നടത്തിയ പ്രസ്താവനയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അത് പറയാൻ സാഹചര്യം ഉണ്ടാക്കാൻ പാടില്ലായിരുന്നുവെന്നായിരുന്നു സുധാകരന്റെ പ്രതികരണം.

താരിഖ് അൻവറിനെ മാറ്റുന്നതൊക്കെ ഹൈക്കമാൻഡിന്റെ തീരുമാനമാണ്. കേരളത്തിലെ നേതാക്കളല്ല ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. നേതാക്കൾക്ക് എന്തും ആവശ്യപ്പെടാൻ അധികാരവും അവകാശവുമുണ്ട്. അതിൽ തനിക്ക് ഒന്നും ചെയ്യാനില്ല. പാലക്കാടുള്ള ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് ഗോപിനാഥൻ പാർട്ടി വിടാനുള്ള തീരുമാനം എടുത്തത്. ഗോപിനാഥും ഞാനും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. അങ്ങനെ തന്നെ കൈയ്യൊഴിയാൻ ഗോപിനാഥിനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാർട്ടി വിട്ട് ഗോപിനാഥ് എവിടെയും പോവില്ലെന്നും അദ്ദേഹം പാർട്ടിയിൽ സജീവമാകുമെന്നും തനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്. അതിനായുളള നടപടികൾ കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ തന്നിൽ നിന്നുണ്ടാകും. കെപിസിസി പുന:സംഘടന നടപടികളിലേക്ക് പാർട്ടി കടക്കുകയാണ്. എത്രയും പെട്ടെന്ന് അതു പൂർത്തിയാകും. പൊതുരംഗത്ത് സജീവമായുള്ള ആളുകളെ കണ്ടെത്തി പാർട്ടി തലപ്പത്തേക്ക് കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് ക്ലിയറന്‍സ്, പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ തുടങ്ങിയവയ്ക്കു ലഭിക്കുന്ന അപേക്ഷകളില്‍ കാലതാമസം കൂടാതെ തീര്‍പ്പാക്കാന്‍ നിര്‍ദേശം. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവര്‍ എന്നിവരുടെ അപേക്ഷകളില്‍ സൂക്ഷ്മപരിശോധന നടത്തണമെന്നും, അപേക്ഷകള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കണമെന്നും, അപേക്ഷകളിന്മേല്‍ അന്വേഷണം നടത്തി കഴിയുന്നതും 48 മണിക്കൂറിനുളളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും നിര്‍ദേശമുണ്ട്.

മാത്രമല്ല, അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്നില്ലന്ന് ഉറപ്പാക്കാന്‍ റേഞ്ച് ഡി.ഐ.ജിമാരെ ഡിജിപി ചുമതലപ്പെടുത്തി.

തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി എ കെ ബാലൻ. കോൺഗ്രസ് വലിയൊരു പൊട്ടിത്തെറിയിലേക്കാണ് പോകുന്നതെന്ന് എ കെ ബാലൻ പറഞ്ഞു. കോൺഗ്രസിനെ രക്ഷിക്കാൻ ഇനി ആരു വിചാരിച്ചാലും കഴിയില്ല. കെ. സുധാകരന്റെ ശൈലി ഉൾക്കൊള്ളാൻ പറ്റുന്ന ഘടനയല്ല ഇന്ന് കോൺഗ്രസിനുള്ളത്. കോൺഗ്രസിന്റെ ഉള്ളിൽ ജനാധിപത്യപരമായി ചിന്തിക്കുന്ന നല്ല ഒരു വിഭാഗമുണ്ട്. അവർക്ക് ഉൾക്കൊള്ളാൻ പറ്റുന്ന രീതിയിലല്ല സുധാകരന്റെ സമീപനങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സെമി കേഡർ പാർട്ടി എന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസിനെ നയിക്കാൻ സാധിക്കില്ല. കാരണം ഗ്രൂപ്പില്ലാതെ കോൺഗ്രസിന് നിലനിൽപ്പില്ല. ഇക്കാര്യം കെ സി ജോസഫ് തന്നെ പറഞ്ഞിട്ടുണ്ട്. ഗ്രൂപ്പില്ലാത്ത കോൺഗ്രസിനെയാണ് സുധാകരൻ സ്വപ്നം കാണുന്നതെങ്കിൽ, ഇനി കോൺഗ്രസുണ്ടാകില്ല. പകരം ഗ്രൂപ്പുകൾ മാത്രമേ ഉണ്ടാകൂ. ഗ്രൂപ്പിന് അതീതമായി കോൺഗ്രസിനെ കേഡർ പാർട്ടി ആക്കി വളർത്താം എന്നത് കേവലം ദിവാസ്വപ്നമാണ്. മുല്ലപ്പള്ളിക്കും സുധീരനും ഉണ്ടായ അനുഭവം സുധാകരനും ഉണ്ടാകും എന്നുള്ള ഓർമ്മപ്പെടുത്തൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയിരിക്കയാണ്. അഭിപ്രായം പറഞ്ഞതിന് രണ്ട് മുതിർന്ന നേതാക്കൾക്കെതിരെ സസ്‌പെൻഷൻ നടപടി എടുത്തു കഴിഞ്ഞു. ഈ നടപടി സാമാന്യനീതിക്ക് നിരക്കുന്നതല്ലെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഉമ്മൻചാണ്ടിയെ പ്രകടമായി വെല്ലുവിളിക്കുന്ന സ്ഥിതിയും ഉണ്ടായി. ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരുഷമായും പരസ്യമായും ശാസിക്കുകയാണ്. ഇതും കോൺഗ്രസിന്റെ ചരിത്രത്തിലില്ലാത്തതാണ്. സി പി ഐ എമ്മിനോടും അതിന്റെ നേതാക്കളോടും കാട്ടുന്ന ശത്രുതാപരമായ സമീപനം തന്നെ കോൺഗ്രസിന്റെ പാരമ്പര്യമുള്ള നേതാക്കളോടും കെ സുധാകരൻ കാണിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ തെരഞ്ഞെടുക്കാൻ പോലും അനുവദിക്കാത്തതു കൊണ്ടാണല്ലോ ഇവിടെയുള്ള കാര്യം ഞങ്ങൾ നോക്കിക്കൊള്ളാമെന്ന് ചെന്നിത്തലയ്ക്ക് പറയേണ്ടി വന്നത്. ആ ചെന്നിത്തലയോട് ശത്രുതാപരമായ സമീപനമാണ് സുധാകരനുള്ളത്. ഇത് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ അംഗീകരിക്കുമെന്ന് തോന്നുന്നില്ലെന്ന് എ കെ ബാലൻ പറഞ്ഞു.

ഈ നേതാക്കളെ ശാസിക്കുന്നതിനെ അണികൾ ചോദ്യം ചെയ്യുകയാണ്. തെറ്റുണ്ടെങ്കിൽ തിരുത്താമെന്ന സുധാകരന്റെ പ്രസ്താവന കുറ്റസമ്മതമാണ്. എന്തിനാണ് അഞ്ച് മാസത്തോളമെടുത്ത ഈ പ്രക്രിയ പൂർത്തീകരിക്കാൻ സോണിയാ ഗാന്ധിയുടെയടുക്കൽ പോയതെന്നും അദ്ദേഹം ചോദിച്ചു. ഒരു ജില്ലയിലെ ഭാരവാഹികളെ നിശ്ചയിക്കാൻ ആ ജില്ലയിലുള്ളവർക്കോ സംസ്ഥാനത്തുള്ളവർക്കോ കഴിഞ്ഞില്ലെങ്കിൽ പിന്നെ കോൺഗ്രസിന്റെ അസ്തിത്വമെന്താണ്? എന്തിനാണ് ഡൽഹിയിലേക്കോടുന്നത്? ഹൈക്കമാന്റ് എന്നു പറഞ്ഞാൽ മുമ്പുണ്ടായിരുന്ന വൈകാരിക ബന്ധമൊന്നും അണികൾ ഇപ്പോൾ കൽപ്പിക്കുന്നില്ല. എഐസിസിക്ക് പ്രസിഡന്റ് പോലും ഇപ്പോഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതെല്ലാം സൂചിപ്പിക്കുന്നത് കോൺഗ്രസ് അതിന്റെ നാശത്തിലേക്ക് എത്തിയിരിക്കുന്നു എന്നാണ്. അതുകൊണ്ട് പല സ്ഥലത്തും കോൺഗ്രസ് പൊട്ടിത്തെറിക്കാൻ പോവുകയാണ്. അതിന്റെ തുടക്കം പാലക്കാട്ടായിരിക്കുമെന്നാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ജോസഫ് വാഴക്കൻ. ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർട്ടി നേതൃത്വത്തിനെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്. ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പാർട്ടിയുടെ ആരുമല്ലാതാക്കാനുള്ള നീക്കം അത്ഭുതപ്പെടുത്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.

പാർട്ടിയുടെ വളർച്ചയിലും തളർച്ചയിലും കൂടെ നിന്ന നേതാക്കളാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും. ഇവരെ ഇരുട്ടിൽ നിർത്തുന്ന ദാർഷ്ട്യം പാർട്ടിയെ എവിടേയും എത്തിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉമ്മൻ ചാണ്ടിയോട് ലിസ്റ്റ് ആവശ്യപ്പെട്ട കെ സുധാകരന്റെ നടപടിക്കെതിരെയും ജോസഫ് വാഴക്കൻ വിമർശനം ഉന്നയിച്ചു. വിഡി സതീശന്റെ കൈയിൽ ലിസ്റ്റ് കൊടുക്കാനായി ഉമ്മൻ ചാണ്ടിയോട് ചിലർ പറഞ്ഞു. എന്നാൽ ഉമ്മൻ ചാണ്ടി അത് ചെയ്തില്ലായെന്നും ഇവിടെ പറയുന്നത് കേട്ടു. ഉമ്മൻ ചാണ്ടി ഉന്നതനാണ്. കെസി വേണുഗോപാൽ വഹിക്കുന്ന അതേ പോസ്റ്റാണ് അദ്ദേഹത്തിനുള്ളത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്പരം ആലോചിക്കാതെ ഒന്നും ചെയ്തിരുന്നില്ല. ഇനി ഞങ്ങളാണ് തീരുമാനിക്കുന്നതെന്ന് ദാർഷ്ട്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാബൂള്‍: അഫ്ഗാന്‍ ഭരണം പിടിച്ചടക്കിയ താലിബാന്‍ ഇന്ത്യയുമായി നയതന്ത്രബന്ധം നിലനിര്‍ത്താന്‍ നീക്കം ആരംഭിച്ചു. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. സാംസ്‌കാരിക, വാണിജ്യ, രാഷ്ട്രീയ ബന്ധം തുടരുമെന്നാണ് താലിബാന്റെ പ്രസ്താവന.

അഫ്ഗാനുമായി ഇന്ത്യയ്ക്ക് മികച്ച നയതന്ത്ര ബന്ധമാണ് നേരത്തെ ഉണ്ടായിരുന്നത്. അഫ്ഗാന്‍ ഇന്ത്യയുടെ ബദ്ധശത്രുവായ താലിബാന്റെ ഭരണത്തിന്റെ കീഴിലായതോടെ എല്ലാ ബന്ധങ്ങളും രാജ്യം വിച്ഛേദിച്ചിരുന്നു.

അതേസമയം ഇന്ത്യയിലുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് കേന്ദ്രം വിസ നീട്ടി നല്‍കിയിട്ടുണ്ട്, രണ്ടുമാസത്തേക്കാണ് വിസ നീട്ടി നല്‍കിയത്.