General (Page 1,428)

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ആവശ്യമില്ലെന്ന് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം. ബുധനാഴ്ച ചേർന്ന വിദഗ്ധരുടെ യോഗത്തിലാണ് ഇത്തരമൊരു നിർദ്ദേശം ഉയർന്നത്. രാത്രി കർഫ്യൂ ഒഴിവാക്കാമെന്നും ഞായറാഴ്ചകളിലെ ലോക്ക് ഡൗൺ ഒഴിവാക്കണമെന്നുമാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ആരോഗ്യ വിദഗ്ധർ മുന്നോട്ട് വെച്ച നിർദ്ദേശമെന്നാണ് വിവരം. പ്രൈമറി സ്‌കൂളുകൾ തുറക്കാമെന്നും യോഗത്തിൽ നിർദ്ദേശം ഉണ്ടായി.

ആൾക്കൂട്ടം നിയന്ത്രിക്കാനുള്ള ക്രമീകരണം ഉറപ്പാക്കി പരമാവധി മേഖലകൾ തുറക്കാം. കേരളത്തിലെ ഇപ്പോഴത്തെ രോഗവ്യാപനത്തിൽ കാര്യമായ ആശങ്ക വേണ്ട. വാക്സിനേഷൻ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനാൽ അധികം വൈകാതെ രോഗവ്യാപനത്തിന്റെ തോതു നിയന്ത്രിക്കാനാകുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞത് രോഗബാധ അപകടകരമാകാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്നതിന്റെ സൂചനയാണ്. കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക മേഖലകളെ കൂടുതൽ സജീവമാക്കാനുള്ള ആലോചനകൾ അത്യാവശ്യമാണെന്നായിരുന്നു യോഗത്തിലെ വിലയിരുത്തൽ.

കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത ആദ്യ സമയം മുതൽ കേരളം സ്വീകരിച്ചു വരുന്ന പ്രതിരോധ മാർഗങ്ങൾ ഫലപ്രദമാണെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ആരോഗ്യമേഖലയെ ശക്തിപ്പെടുത്തി മരണ നിരക്ക് കുറച്ചു നിർത്തിയതിന് സംസ്ഥാനത്തെ മിക്കവരും അഭിനന്ദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗൗരവതരമായ ചർച്ചകൾ യോഗത്തിൽ ഉണ്ടായി. കോവിഡ് വ്യാപനം തടയുന്നതിന് പരിശോധനയിലും പ്രതിരോധ കുത്തിവയ്പ്പിലും സ്വീകരിക്കാവുന്ന പുതിയ ആശയങ്ങളെ കുറിച്ചും ചർച്ച ചെയ്തു. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ ഊന്നൽ നൽകി ഈ ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകുമെന്ന് യോഗത്തിൽ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ക്രിയാത്മക നിർദ്ദേശങ്ങളാലും വ്യത്യസ്ത നിരീക്ഷണങ്ങളാലും സമ്പന്നമായ ചർച്ച സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: മുട്ടിൽ മരംമുറി കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. കേസ് സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടു. പൊതുതാൽപര്യ ഹർജിയിലെ ആവശ്യം തീർപ്പാക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

മുട്ടിൽ കേസിന്റെ ഫലപ്രദമായ അന്വേഷണത്തിന് കോടതി മാർഗരേഖ പുറപ്പെടുവിക്കുകയും ചെയ്തു. തൃശൂർ സ്വദേശി ജോർജ് വട്ടുകുളമാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും, ഈ ഘട്ടത്തിൽ ഇടപെടേണ്ടതില്ലെന്നും ഹൈക്കോടതി അറിയിച്ചു. അന്വേഷണത്തിന് ഭാവിയിൽ വീഴ്ചകളുണ്ടായാൽ പൊതുജനത്തിന് കോടതിയെ സമീപിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു.

pinarayi

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി കോഴ്സുകളിൽ കൂടുതൽ സീറ്റുകൾ അനുവദിക്കാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്, എന്നീ ഏഴ് ജില്ലകളിലാണ് 20 ശതമാനം സീറ്റുകൾ വർധിപ്പിക്കുക. ഈ ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 20-21 വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് എല്ലാ വിഷയങ്ങളിലും സീറ്റുകൾ അധികമായി അനുവദിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും.

ഈ വർഷം കൂടുതൽ വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷയിൽ തുടർപഠനത്തിന് യോഗ്യത നേടിയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി. സീറ്റ് വർധിപ്പിക്കണ വിഷയം സംബന്ധിച്ച് നിരവധി അപേക്ഷകളാണ് സർക്കാരിന് മുന്നിലെത്തിയിരുന്നത്.

കുടുംബശ്രീ അംഗങ്ങൾക്ക് റീസർജന്റ് കേരള ലോൺ സ്‌കീം (ആർകെഎൽഎസ്) മുഖേന അനുവദിച്ച ബാങ്ക് വായ്പയുടെ ഈ വർഷത്തെ മൂന്നാം ഗഡു പലിശ സബ്സിഡി തുകയായ 75,12,91,693 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മുൻകൂറായി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് അനുവദിക്കാനും യോഗത്തിൽ തീരുമാനമായി.

സംസ്ഥാനത്ത് വിവിധ സേവനങ്ങൾക്കായി ഏകീകൃത വിവര സംവിധാനം കൊണ്ടുവരാനുള്ള തീരുമാനവും നിർണായകമാകും. സംസ്ഥാനത്തെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള കേന്ദ്രീകൃത പൊതു പ്ലാറ്റ് ഫോമാകും ഇത്.

നിക്ഷേപകരുടെ പരാതി, ബുദ്ധിമുട്ടുകൾ എന്നിവ സമയബന്ധിയമായി പരിഹരിക്കുവാൻ ജില്ലാ/ സംസ്ഥാന പരാതി പരിഹാര കമ്മിറ്റികൾ രൂപീകരിക്കുന്നതിനുള്ളഓർഡിനൻസ് കൊണ്ടുവരും. അതിനുള്ള ശുപർശ ഗവർണർക്ക് സമർപ്പിക്കാനും തീരുമാനിച്ചു.

മലപ്പുറം ജില്ലയിലെ നിലമ്പൂർ ബഡ്‌സ് സ്‌കൂൾ ഫോർ ദ ഹിയറിംഗ് ഇംപയേർഡിൽ അനുവദിക്കപ്പെട്ട 18 തസ്തികകൾക്ക് പുറമേ അസിസ്റ്റൻറ് ടീച്ചർ (യു.പി)-2, സ്പീച്ച് തെറാപ്പിസ്റ്റ്-1, മേട്രൻ-1, കുക്ക്-1 എന്നീ തസ്തികകൾ സൃഷ്ടിക്കും. കുക്ക് തസ്തിക ദിവസ വേതനാടിസ്ഥനത്തിലായിരിക്കും.

2016 ജനുവരി 20ലെ പത്താം ശമ്പളകമ്മീഷൻ ആനുകൂല്യം സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ 35 തസ്തികളിലെ ജീവനക്കാർക്കു കൂടി ലഭ്യമാക്കാൻ തീരുമാനിച്ചു. ഇലക്ട്രോണിക് മാധ്യമം മുഖേന സമൻസ് നൽകുന്നതിന് 1973ലെ ക്രിമിനൽ നടപടി നിയമ സംഹിതയിലെ 69, 91 എന്നീ വകുപ്പുകളിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടി രജിസ്ട്രാർ(ജില്ലാ കോടതി) ലഭ്യമാക്കിയ ശുപാർശയിൽ നിയമ നിർമാണം നടത്താൻ തീരുമാനിച്ചു.

ലക്‌നൗ: രാജ്യത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി ഉത്തർപ്രദേശ്. യോഗി ആദിത്യനാഥ് സർക്കാരിന്റെ കീഴിൽ അഞ്ച് വർഷം കൊണ്ടാണ് ഉത്തർപ്രദേശ് ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയത്. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നയങ്ങളാണ് ഉത്തർപ്രദേശിനെ ഇത്തരമൊരു ഉയരത്തിലേക്കെത്തിച്ചത്.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുന്നതിന് മുൻപ് അധികാരത്തിലിരുന്ന അഖിലേഷ് യാദവ് സർക്കാർ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി യുപിയെ മാറ്റാൻ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. സംസ്ഥാനത്തിന്റെ ക്രമസമാധാന നില അപകടത്തിലായതാണ് ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങളെത്താതിരിക്കാൻ പ്രധാന കാരണമായത്. വ്യവസായികളിൽ പലരും അക്രമികളുടെ കൈകളാൽ കൊല്ലപ്പെടുന്ന അവസ്ഥയായതിനാൽ സംസ്ഥാനത്ത് നിക്ഷേപം നടത്താൻ താത്പര്യം പ്രകടിപ്പിച്ചവരെല്ലാം ഭയന്ന് പിന്മാറി.

യോഗി സർക്കാർ അധികാരത്തിലേറിയപ്പോൾ ആദ്യം ശരിയാക്കിയത് സംസ്ഥാനത്തെ പോലീസ് സംവിധാനമായിരുന്നു. പട്ടാപ്പകൽ പോലും ആയുധവുമായി നടന്നിരുന്ന ഗുണ്ടകളെ ജയിലിലാക്കാൻ പോലീസിന് കഴിഞ്ഞു. ഭരണസംവിധാനങ്ങളെ ചോദ്യം ചെയ്ത അക്രമികളെ പലരെയും വധിച്ചു. ഇതോടെ സംസ്ഥാനത്തെ ക്രമസമാധാന നില സാധാരണ രീതിയിലായി.

പിന്നീട് സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിനായി വിവിധ നിക്ഷേപക ഉച്ചകോടികളും എക്‌സ്പോകളും കൃത്യമായ ആസൂത്രണത്തോടെ യോഗി ആദിത്യനാഥ് സർക്കാർ ഉത്തർപ്രദേശിൽ സംഘടിപ്പിച്ചു. യുപി ഇൻവെസ്റ്റർ ഉച്ചകോടിയിൽ 4.68 ലക്ഷം കോടി രൂപയുടെ നിക്ഷേപവും ഏതാനും മാസങ്ങൾക്ക് മുമ്പ് സംഘടിപ്പിച്ച ഡിഫൻസ് എക്‌സ്പോയിൽ 70,000 കോടിയിലധികം രൂപയുടെ നിക്ഷേപവുമാണ് വാഗ്ദ്ധാനം ചെയ്യപ്പെട്ടത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്തും നിക്ഷേപകരുടെ ആശങ്ക അകറ്റാൻ സംസ്ഥാനം ശ്രദ്ധിച്ചു. വ്യവസായം, നിർമ്മാണം, വരുമാനം, തൊഴിൽ, വിദ്യാഭ്യാസം, കൃഷി, സാമൂഹിക ക്ഷേമം, ഗ്രാമീണ വികസനം, നഗരകാര്യങ്ങൾ, എന്നീ 11 മേഖലകളിൽ ലോക്ക് ഡൗണിന്റെ സാമ്പത്തികവും സാമൂഹികവുമായ ആഘാതം വിലയിരുത്താൻ സർക്കാർ കമ്മിറ്റികൾ രൂപീകരിച്ചു. നിക്ഷേപ സൗഹൃദത്തിന് ആവശ്യമായ രീതിയിൽ നിയമങ്ങൾ കൊണ്ടുവന്നത് നിക്ഷേപങ്ങൾ കൂടുതർ കരുത്ത് പകർന്നു.

ഉത്തർപ്രദേശിൽ നിക്ഷേപത്തിനായി അണിനിരക്കുന്ന കമ്പനികളിൽ ലോക ഭീമൻമാർ വരെ ഉൾപ്പെട്ടിട്ടുണ്ട്. അമേരിക്കൻ കമ്പനികൾ ഉൾപ്പെടെ 40 വിദേശ കമ്പനികളാണ് ഉത്തർ പ്രദേശിലെ നിക്ഷേപ പട്ടികയിലുള്ളത്. ആമസോൺ, അമേരിക്കൻ ടവർ കോർപ്പറേഷൻ, ആപ്പിൾ, കാറ്റർപില്ലർ, ഡെൽഫി, സിസ്‌കോ, ഡെലോയിറ്റ്, എമേഴ്‌സൺ, ഏണസ്റ്റ് & യംഗ്, ഗൂഗിൾ, ജോൺസൺ & ജോൺസൺ, ജെപി മോർഗൻ & കമ്പനി, ലോക്ക്ഹീഡ് മാർട്ടിൻ, മാരിയറ്റ് ഇന്റർനാഷണൽ, മാസ്റ്റർകാർഡ്, മോണ്ടെലെസ് ഇന്റർനാഷണൽ, കാർലൈൽ ഗ്രൂപ്പ്, വാൾമാർട്ട്, വാർബർഗ് പിൻകസ്, ഐഎച്ച്എസ് മാർക്കിറ്റ്, യുഎസ്ഐബിസി, മൈക്രോസോഫ്റ്റ്, ഡെൽഫി ന്യൂ ഹോളണ്ട്, ഗ്ലോബൽ ലോജിക്, എക്‌സൽ, പെപ്‌സികോ, സിനോപ്‌സിസ്, കാർഗിൽ തുടങ്ങിയവ ഉത്തർപ്രദേശിൽ യൂണിറ്റുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ബംഗളുരു: കേരളതീരത്തേക്ക് ഭീകരർ എത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കർണാടക. കർണാടകയുടെ തീര മേഖലയിലും വന പ്രദേശങ്ങളിലും നിരീക്ഷണം കർശനമാക്കിയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ അറിയിച്ചു. മേഖലകളിൽ സംശയാസ്പദമായി എന്തെങ്കിലും നടക്കുന്നുണ്ടോന്ന് നിരീക്ഷിച്ചു വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ദേശവിരുദ്ധ പ്രവർത്തനങ്ങൾ ചെറുക്കുന്നതിൽ ദേശീയ അന്വേഷണ ഏജൻസിയ്‌ക്കൊപ്പം കർണാടക പോലീസും ജാഗ്രത പുലർത്തുന്നുണ്ട്. എന്നാൽ ചിലത് തുറന്നു പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താനിലേക്ക് പോകുന്നതിന് രണ്ട് ബോട്ടുകളിലായി 12 ഭീകരർ ആലപ്പുഴയിലെത്തിയതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ശ്രീലങ്ക വഴി കടൽമാർഗമാണ് ഇവർ ആലപ്പുഴയിൽ എത്തിയതെന്നാണ് വിവരം. ഇതേതുടർന്നാണ് ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലെ തീരദേശങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്.

കാബൂൾ: അഫ്ഗാന്റെ നിയന്ത്രണം കയ്യടക്കിയതിന് പിന്നാലെ കാടൻ നിയമങ്ങൾ നടപ്പിലാക്കി താലിബാൻ. അമേരിക്കൻ സൈന്യത്തിന് കഴിഞ്ഞ ഇരുപത് വർഷമായി വിവിധ സഹായങ്ങൾ ചെയ്തു എന്ന് സംശയിക്കുന്നവർക്കായി താലിബാൻ ഭീകരർ അന്വേഷണം ആരംഭിച്ചു. സംശയമുള്ളവരുടെ വീടിന് മുന്നിൽ സ്റ്റിക്കർ പതിക്കുകയാണ് താലിബാന്റെ ആദ്യ നടപടി.

നേരത്തെ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്താൻ വിട്ടപ്പോഴും ഈ രീതിയിലൂടെയാണ് എതിരാളികളെന്ന് കരുതുന്നവരോട് താലിബാൻ പ്രതികാരം ചെയ്തത്. ‘കീഴടങ്ങുകയോ മരിക്കുകയോ’ ചെയ്യണമെന്ന് വീടുകളിൽ പതിക്കുന്ന നോട്ടീസിൽ താലിബാൻ ആവശ്യപ്പെട്ടിരിക്കുന്നത്. താലിബാൻ വിളിച്ചു ചേർക്കുന്ന കോടതികളിൽ കത്തുമായി ഹാജരാകാനും ഇത്തരക്കാർക്ക് നിർദ്ദേശമുണ്ട്.

അഫ്ഗാനിസ്താനിലെ വിവിധ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും വീടുകളിൽ താലിബാൻ ഇത്തരത്തിൽ സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്. സ്റ്റിക്കറുകൾ കണ്ടതോടെ ആളുകൾ ആശങ്കയിലാണ്. ബ്രിട്ടീഷ് സൈന്യത്തിന് ക്യാമ്പുകൾ നിർമ്മിക്കാൻ സഹായിച്ചയാൾക്ക് കഴിഞ്ഞ ദിവസം ഇത്തരത്തിൽ നോട്ടീസ് ലഭിച്ചിരുന്നു. താലിബാൻ ഭീഷണി മുൻകൂട്ടി കണ്ട് ബ്രിട്ടനിലേക്ക് അഭയാർത്ഥിയായി കൊണ്ടുപോകാൻ ഇയാൾ അപേക്ഷ നൽകിയെങ്കിലും അത് നിരസിക്കപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരായാൽ ഇത്തരക്കാർക്ക് കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക.

ഏറ്റവും വേഗതയേറിയ ഛിന്നഗ്രഹം കണ്ടെത്തി. സൂര്യനോട് ചേര്‍ന്നു നില്‍ക്കുന്നതാണെങ്കിലും ഭൂമിയേക്കാള്‍ വളരെ അടുത്താണീ ഛിന്നഗ്രഹമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സൂര്യനില്‍ നിന്നും ഏകദേശം 20 ദശലക്ഷം കിലോമീറ്റര്‍ അകലെയാണിതെന്നാണ് അനുമാനം.

2021 പിഎച്ച്27 എന്നറിയപ്പെടുന്ന ഈ ഛിന്നഗ്രഹം ഓരോ 113 ദിവസത്തിലും സൂര്യനുചുറ്റും ഒരു ഭ്രമണപഥം പൂര്‍ത്തിയാക്കുന്നു. ഈ ബഹിരാകാശ ശിലയ്ക്ക് ഒരു ഛിന്നഗ്രഹത്തിനുള്ള ഏറ്റവും ചുരുങ്ങിയ പരിക്രമണ കാലഘട്ടം എന്ന വലിയ പ്രത്യേകതയുണ്ട്. ബുധനുശേഷം സൂര്യനു ചുറ്റുമുള്ള രണ്ടാമത്തെ ഏറ്റവും ചെറിയ ഭ്രമണപഥമാണിത് എന്ന പ്രത്യേകതയുമുണ്ട്.

സൂര്യനുചുറ്റും സഞ്ചരിക്കുമ്പോള്‍ ബുധന്റെയും ശുക്രന്റെയും ഭ്രമണപഥത്തെ മറികടക്കുന്ന അസ്ഥിരമായ ഒരു ഭ്രമണപഥം ഇതിനുമുണ്ട്. ഏതാനും ദശലക്ഷം വര്‍ഷങ്ങള്‍ക്കുള്ളില്‍, ഛിന്നഗ്രഹത്തിന്റെ ഈ ഭ്രമണപഥം അതിന്റെ നാശത്തിന് തന്നെ കാരണമായേക്കാം. ഈ പാറക്കല്ലുകള്‍ ബുധനോ ശുക്രനോ സൂര്യനോടോ കൂട്ടിയിടിക്കുകയോ സൗരയൂഥത്തിലെ നിലവിലെ സ്ഥാനത്ത് നിന്ന് തെറിച്ചുവീഴുകയോ ചെയ്യാം. ഛിന്നഗ്രഹം സൂര്യന്റെ ഭീമമായ ഗുരുത്വാകര്‍ഷണ മണ്ഡലത്തിന് സമീപത്തായതിനാല്‍ അതിന്റെ ഭ്രമണപഥത്തിലെ എല്ലാ ഫലങ്ങളും അനുഭവിക്കുന്നു. ഈ ഛിന്നഗ്രഹം ഏകദേശം 20 ഛിന്നഗ്രഹങ്ങളില്‍ ഒന്ന് മാത്രമാണ്, അവ ഭൂമിയുടെ സൂര്യന്റെ ഭ്രമണപഥത്തില്‍ പൂര്‍ണ്ണമായും ഉള്‍ഭാഗത്തുള്ള ഛിന്നഗ്രഹങ്ങളാണ്.

കാര്‍നെഗി ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ സയന്‍സിലെ ജ്യോതിശാസ്ത്രജ്ഞനായ സ്‌കോട്ട് ഷെപ്പാര്‍ഡ്, ബ്രൗണ്‍ യൂണിവേഴ്സിറ്റി ജ്യോതിശാസ്ത്രജ്ഞരായ ഇയാന്‍ ഡെല്‍ അന്റോണിയോയും ഷെന്‍മിംഗ് ഫൂവും ആഗസ്റ്റ് 13 ന് നടത്തിയ നിരീക്ഷണങ്ങളിലാണ് ഈ ഛിന്നഗ്രഹം കണ്ടെത്തിയത്. ചിലിയിലെ സെറോ ടൊലോലോ ഇന്റര്‍അമേരിക്കന്‍ ഒബ്സര്‍വേറ്ററിയിലെ വെക്ടര്‍ എം. ബ്ലാങ്കോ 4 മീറ്റര്‍ ടെലിസ്‌കോപ്പില്‍ സ്ഥാപിച്ചിട്ടുള്ള ഡാര്‍ക്ക് എനര്‍ജി ക്യാമറ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ എടുത്തത്.

എന്നാല്‍ ഡാര്‍ക്ക് എനര്‍ജി ക്യാമറ 2021 പിഎച്ച്27 പോലെയുള്ള വസ്തുക്കളെ തിരയാനുള്ള ശക്തമായ ഉപകരണമാണ്. പ്രത്യേകിച്ച് സൂര്യാസ്തമയസമയത്തും സൂര്യോദയത്തിന് തൊട്ടുമുമ്പും. ആഗസ്റ്റ് 14, 15 തീയതികളില്‍ ചിലിയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ള ഒന്നിലധികം ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാന്‍ ശാസ്ത്രജ്ഞര്‍ തീരുമാനിക്കുകയായിരുന്നു.

തിരുവനന്തപുരം: മുൻമന്ത്രി ജി സുധാകരനെതിരെ സിപിഎം കടുത്ത നടപടികൾ സ്വീകരിക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. സുധാകരനെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ പേരിൽ ശാസിക്കുക മാത്രമെ ചെയ്യൂവെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം.

സിപിഎമ്മിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ മുൻ മന്ത്രി ജി.സുധാകരനെ നേരിട്ടു കുറ്റപ്പെടുത്തുന്ന പരാമർശമാണുള്ളത്. എന്നാൽ അതിനെ പാർട്ടി അത്ര ഗൗരവത്തോടെ എടുത്തിട്ടില്ലെന്നാണ് സൂചന. റിപ്പോർട്ടിന്റെ ഉള്ളടക്കം ഉൾപ്പെടുത്തി തയാറാക്കിയ ‘പാർട്ടി കത്തിൽ’ സുധാകരനെതിരെ പേരെടുത്തു പറഞ്ഞു കൊണ്ടുള്ള പരാമർശം ഒഴിവാക്കി.

തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ ചില സംഘടനാ വിഷയങ്ങൾ ഉയർന്നു വന്നുവെന്നും അവിടെ തെരഞ്ഞെടുപ്പു വിജയം ഉറപ്പിക്കുന്നതിനു സഹായകരമല്ലാത്ത ചില നിലപാടുകൾ ജി.സുധാകരന്റെ ഭാഗത്തു നിന്നുണ്ടായെന്നും അവലോകന റിപ്പോർട്ടിൽ പറയുന്നു. തിരഞ്ഞെടുപ്പിന് ആവശ്യമായ സഹായങ്ങൾ നൽകുന്നതിലും പരിമിതികളുണ്ടായെന്നും ഈ വീഴ്ചകൾ സംസ്ഥാനകമ്മിറ്റി പ്രത്യേകം പരിശോധിക്കണമെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്.

അമ്പലപ്പുഴയിൽ തിരഞ്ഞെടുപ്പു പ്രവർത്തനത്തിനു സഹായകരമല്ലാത്ത ചില നിലപാടുകൾ ഉണ്ടായി എന്നു മാത്രമാണ് പാർട്ടി കത്തിൽ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലാണ് സുധാകരന് തുണയായതെന്നാണ് റിപ്പോർട്ടുകൾ. ആലപ്പുഴ എംപി എഎം ആരിഫിന്റെ നേതൃത്വത്തിലാണ് സുധാകരനെതിരെ നീക്കം നടന്നത്. ഇതിനെ മന്ത്രി സജി ചെറിയാൻ ആദ്യ ഘട്ടത്തിൽ പൂർണ്ണമായും പിന്തുണച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ ഉണ്ടായതോടെ കാര്യങ്ങൾ മാറി മറിയുകയായിരുന്നു. സുധാകരൻ സിപിഎം സംസ്ഥാന സമിതി അംഗമായി തുടരുമെന്നും കീഴ് ഘടകത്തിലേക്ക് തരം താഴ്ത്തില്ലെന്നുമുള്ള സൂചനകളും പുറത്തു വരുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ്, കോൺട്രാക്ട് കരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യത്തെ രണ്ട് ത്രൈമാസ ക്വാർട്ടറുകളിലെ വാഹന നികുതി അടയ്‌ക്കേണ്ട തീയതി ദീർഘിപ്പിച്ചു. സെപ്തംബർ 30 ആണ് വാഹന നികുതി അടയ്‌ക്കേണ്ട അവസാന തീയതി. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് വൈറസ് മഹാമാരി മൂലം വാഹന ഉടമകൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടി. നികുതി അടക്കേണ്ട തീയതി ഓഗസ്റ്റ് 31 ന് അവസാനിക്കവെയാണ് തീയതി നീട്ടി നൽകാൻ തീരുമാനിച്ചത്.

covid

തിരുവനന്തപുരം: വാക്‌സിനേഷൻ എൺപത് ശതമാനം പൂർത്തീകരിച്ച മൂന്നു ജില്ലകളിലും എൺപത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആർ ടി പി സി ആർ പരിശോധന മാത്രം നടത്താൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് എൺപത് ശതമാനം പൂർത്തീകരിച്ചത്. വാക്‌സിനേഷൻ എൺപത് ശതമാനത്തിന് അടുത്തെത്തിയ സാഹചര്യത്തിൽ തിരുവനന്തപുരം, ഇടുക്കി, കാസർകോട് ജില്ലകളിലും ആർടിപിസിആർ ടെസ്റ്റ് മാത്രമാകും നടത്തുക. എല്ലാ ജില്ലകളിലും ആർടിപിസിആർ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ജില്ലകൾക്ക് വാക്‌സിൻ വിതരണം നടത്തുമ്പോൾ താരതമ്യേന കുറഞ്ഞ തോതിൽ വാക്‌സിനേഷൻ നടന്ന ജില്ലകളെ പരിഗണിച്ച് ക്രമീകരണം ഉണ്ടാക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാക്‌സിനേഷൻ കണക്കെടുത്ത് ആനുപാതികമായി വാക്‌സിൻ നൽകാൻ ജില്ലകളും ശ്രദ്ധിക്കണം.

സി.1.2 കോവിഡ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് വരുന്നവരെ പരിശോധിക്കാൻ വിമാനത്താവളങ്ങളിൽ പ്രത്യേക സംവിധാനം ഒരുക്കും. അവരെ ആർടിപിസിആർ ടെസ്റ്റിന് വിധേയമാക്കുകയും ക്വാറൻറെയിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നല്ലതോതിൽ വാക്‌സിൻ നൽകാനായിട്ടുണ്ട്. ബാക്കിയുള്ളവർക്ക് കൂടി എത്രയും പെട്ടെന്ന് നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ ഡബ്യൂഐപിആർ ഏഴിൽ കൂടുതലുള്ള പഞ്ചായത്തുകളിൽ പൂർണ്ണ ലോക്ക് ഡൗണാണ്. ഗ്രാമ പഞ്ചായത്തുകളിൽ വാർഡുതലത്തിൽ കോവിഡ് പരിശോധനാ വിവരങ്ങൾ ശേഖരിക്കണം. ഇത് ലഭ്യമാകുന്ന മുറയ്ക്ക് വാർഡ്തല ലോക്ക് ഡൗണാകും ഏർപ്പെടുത്തുക. അധ്യാപകരെ സെക്ടറൽ മജിസ്‌ട്രേറ്റ് ജോലിയിൽ നിന്ന് ഒഴിവാക്കണമെന്ന നിർദ്ദേശം നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സന്നദ്ധരാവുന്ന അധ്യാപകരെ ഉൾപ്പെടുത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ എട്ട് ലക്ഷം ഡോസ് വാക്‌സിൻ സംസ്ഥാനത്തിന്റെ പക്കലുണ്ട്. അത് ഉടൻ നൽകി തീർക്കും. സിറിഞ്ചുകളുടെ അഭാവം ഇല്ല. ഐസിയു ബെഡുകളുടെയും വെന്റിലേറ്ററുകളുടെയും ഏണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. വീടുകളിൽ കഴിയുന്ന കോവിഡ് ബാധിതരിൽ വാക്‌സിനേഷൻ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ച എത്രപേരുണ്ടെന്ന കണക്ക് എടുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.