തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ആവശ്യമില്ലെന്ന് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം. ബുധനാഴ്ച ചേർന്ന വിദഗ്ധരുടെ യോഗത്തിലാണ് ഇത്തരമൊരു നിർദ്ദേശം ഉയർന്നത്. രാത്രി കർഫ്യൂ ഒഴിവാക്കാമെന്നും ഞായറാഴ്ചകളിലെ ലോക്ക് ഡൗൺ ഒഴിവാക്കണമെന്നുമാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ആരോഗ്യ വിദഗ്ധർ മുന്നോട്ട് വെച്ച നിർദ്ദേശമെന്നാണ് വിവരം. പ്രൈമറി സ്‌കൂളുകൾ തുറക്കാമെന്നും യോഗത്തിൽ നിർദ്ദേശം ഉണ്ടായി.
ആൾക്കൂട്ടം നിയന്ത്രിക്കാനുള്ള ക്രമീകരണം ഉറപ്പാക്കി പരമാവധി മേഖലകൾ തുറക്കാം. കേരളത്തിലെ ഇപ്പോഴത്തെ രോഗവ്യാപനത്തിൽ കാര്യമായ ആശങ്ക വേണ്ട. വാക്സിനേഷൻ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനാൽ അധികം വൈകാതെ രോഗവ്യാപനത്തിന്റെ തോതു നിയന്ത്രിക്കാനാകുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞത് രോഗബാധ അപകടകരമാകാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്നതിന്റെ സൂചനയാണ്. കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക മേഖലകളെ കൂടുതൽ സജീവമാക്കാനുള്ള ആലോചനകൾ അത്യാവശ്യമാണെന്നായിരുന്നു യോഗത്തിലെ വിലയിരുത്തൽ.
കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത ആദ്യ സമയം മുതൽ കേരളം സ്വീകരിച്ചു വരുന്ന പ്രതിരോധ മാർഗങ്ങൾ ഫലപ്രദമാണെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ആരോഗ്യമേഖലയെ ശക്തിപ്പെടുത്തി മരണ നിരക്ക് കുറച്ചു നിർത്തിയതിന് സംസ്ഥാനത്തെ മിക്കവരും അഭിനന്ദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗൗരവതരമായ ചർച്ചകൾ യോഗത്തിൽ ഉണ്ടായി. കോവിഡ് വ്യാപനം തടയുന്നതിന് പരിശോധനയിലും പ്രതിരോധ കുത്തിവയ്പ്പിലും സ്വീകരിക്കാവുന്ന പുതിയ ആശയങ്ങളെ കുറിച്ചും ചർച്ച ചെയ്തു. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ ഊന്നൽ നൽകി ഈ ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകുമെന്ന് യോഗത്തിൽ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ക്രിയാത്മക നിർദ്ദേശങ്ങളാലും വ്യത്യസ്ത നിരീക്ഷണങ്ങളാലും സമ്പന്നമായ ചർച്ച സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

