ബംഗളുരു: കേരളതീരത്തേക്ക് ഭീകരർ എത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കർണാടക. കർണാടകയുടെ തീര മേഖലയിലും വന പ്രദേശങ്ങളിലും നിരീക്ഷണം കർശനമാക്കിയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ അറിയിച്ചു. മേഖലകളിൽ സംശയാസ്പദമായി എന്തെങ്കിലും നടക്കുന്നുണ്ടോന്ന് നിരീക്ഷിച്ചു വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ദേശവിരുദ്ധ പ്രവർത്തനങ്ങൾ ചെറുക്കുന്നതിൽ ദേശീയ അന്വേഷണ ഏജൻസിയ്‌ക്കൊപ്പം കർണാടക പോലീസും ജാഗ്രത പുലർത്തുന്നുണ്ട്. എന്നാൽ ചിലത് തുറന്നു പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താനിലേക്ക് പോകുന്നതിന് രണ്ട് ബോട്ടുകളിലായി 12 ഭീകരർ ആലപ്പുഴയിലെത്തിയതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ശ്രീലങ്ക വഴി കടൽമാർഗമാണ് ഇവർ ആലപ്പുഴയിൽ എത്തിയതെന്നാണ് വിവരം. ഇതേതുടർന്നാണ് ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലെ തീരദേശങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്.

