General (Page 1,429)

ബെയ്ജിങ്: കുട്ടികൾ ഓൺലൈൻ ഗെയിം കളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ചൈന. 18 വയസ്സിനു താഴെയുള്ള കുട്ടികൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും മാത്രമേ ഓൺലൈൻ ഗെയിം കളിക്കാൻ പാടുള്ളൂവെന്നാണ് ചൈന നൽകിയിരിക്കുന്ന പുതിയ നിർദ്ദേശം. ഇതിന് സമയ പരിധിയും ചൈന നിശ്ചയിച്ചിട്ടുണ്ട്. ഒരു മണിക്കൂർ നേരം മാത്രമെ കുട്ടികൾ ഓൺലൈൻ ഗെയിം കളിക്കാവൂവെന്നാണ് പുതിയ നിബന്ധന. ചൈനയിലെ നാഷനൽ പ്രസ് ആൻഡ് പബ്ലിക്കേഷൻ അഡ്മിനിസ്‌ട്രേഷനാണു പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്.

രാത്രി എട്ടു മണി മുതൽ ഒൻപതു വരെയാണ് കുട്ടികൾക്ക് ഓൺലൈൻ ഗെയിം കളിക്കാൻ അനുവദിച്ചിരിക്കുന്ന സമയം. ഈ നിശ്ചിത സമയത്തല്ലാതെ കുട്ടികൾ ഗെയിം കളിക്കുന്നതു തടയാൻ ഗെയിം കമ്പനികൾക്കും ചൈന നിർദേശം നൽകി. ഇതു പാലിക്കപ്പെടുന്നുണ്ടോ എന്നറിയാൻ പരിശോധനകൾ ശക്തമാക്കാനാണ് അധികൃതർക്ക് നൽകിയിരിക്കുന്ന നിർദേശം.

കുട്ടികൾ വീഡിയോ ഗെയിമുകൾക്ക് അടിമകളാകുന്നത് ചൈനയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതോടെയാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. നേരത്തേ കുട്ടികൾക്ക് ഗെയിം കളിക്കാനുള്ള സമയം ചൈന ദിവസം 90 മിനിറ്റായി കുറച്ചിരുന്നു. നേരത്തെ ഇത് മൂന്ന് മണിക്കൂറായിരുന്നു.

കൊച്ചി: അവയവദാനവുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. ക്രിമിനൽ കേസിൽ ഉൾപ്പെട്ടന്നതിന്റെ പേരിൽ അവയവ ദാനത്തിന് അനുമതി നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി. കൊല്ലം നെടുമ്പന സ്വദേശി രാധാകൃഷ്ണ പിള്ളയ്ക്ക് വൃക്ക മാറ്റിവെക്കാൻ അനുമതി നിഷേധിച്ച എറണാകളും ജില്ലാ മേൽനോട്ട സമിതിയുടെ നടപടി റദ്ദാക്കിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ക്രിമിനൽ കേസിലെ പ്രതിയായിരുന്നു വൃക്ക നൽകാൻ തയ്യാറായത്. മനുഷ്യ ശരീരത്തിൽ ക്രിമിനൽ വൃക്കയോ കരളോ ഹൃദയമോ ഇല്ല. എല്ലാവരിലും ഒഴുകുന്നത് മനുഷ്യ രക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ഗുരുതരാവസ്ഥയിലുള്ള രോഗികൾ മാസങ്ങളോളം അനുമതിക്കായി കാത്തുനിൽക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ല. അവയവദാനത്തിനുള്ള അപേക്ഷ ലഭിച്ചാൽ മേൽനോട്ട സമിതികൾ അപേക്ഷ പരിഗണിച്ച് 24 മണിക്കൂറിനകം തീരുമാനമെടുക്കണമെന്ന് കോടതി നിർദ്ദേശിച്ചു. അപേക്ഷകൾ പരിഗണിക്കാൻ വൈകിയാൽ അതിന്റെ കാരണം മേൽനോട്ട സമിതി വ്യക്തമാക്കണം. ഇക്കാര്യങ്ങൾ വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉടൻ സർക്കുലർ ഇറക്കണമെന്നും കോടതി നിർദ്ദേശം നൽകി.

തിരുവനന്തപുരം: ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിളുകൾ പുതുക്കി നിശ്ചയിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരുടേയും നിയമസഭാ അംഗങ്ങളുടേയും ആവശ്യം പരിഗണിച്ചാണ് തീരുമാനം. വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്കുള്ള ഇടവേള വർധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതൽ സമയം ലഭിക്കുന്ന തരത്തിൽ പരീക്ഷ ക്രമീകരിക്കാൻ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി.

സെപ്റ്റംബർ ആറു മുതൽ 16 വരെ ഹയർ സെക്കണ്ടറി പരീക്ഷ എന്നത് പുതുക്കിയ ടൈംടേബിൾ പ്രകാരം സെപ്റ്റംബർ ആറ് മുതൽ 27 വരെയാകും. സെപ്റ്റംബർ ഏഴു മുതൽ 16 വരെ വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ എന്നത് സെപ്റ്റംബർ ഏഴ് മുതൽ 27 വരെയാകും. ഒരു പരീക്ഷ കഴിഞ്ഞാൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് അടുത്ത പരീക്ഷ എന്ന രീതിയിലാണ് ടൈം ടേബിളുകൾ ക്രമീകരിച്ചിരിക്കുന്നത്. ചില വിഷയങ്ങളിലെ പരീക്ഷകൾ തമ്മിൽ അതിലേറെ ദിവസങ്ങളുടെ ഇടവേളയുണ്ട്. കുട്ടികൾക്ക് പരീക്ഷാ ദിനങ്ങൾക്കിടയിൽ പഠിക്കാനുള്ള സമയം കുറയും എന്ന ബുദ്ധിമുട്ട് ഇതോടെ ഇല്ലാതാകും എന്നാണ് കരുതുന്നതെന്ന് മന്ത്രി അറിയിച്ചു.

കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ആവശ്യാനുസരണം ചോദ്യങ്ങൾ തെരഞ്ഞെടുക്കാനും ഉത്തരം എഴുതാനും അവസരം ഒരുക്കുന്ന വിധം അധികം ചോദ്യങ്ങൾ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 80 സ്‌കോറുള്ള പരീക്ഷയ്ക്ക് 160 സ്‌കോർ, 60 സ്‌കോറുള്ളതിന് 120 സ്‌കോർ,40 സ്‌കോറുള്ളതിന് 80 സ്‌കോർ എന്ന കണക്കിലാണ് ചോദ്യങ്ങൾ ഉണ്ടായിരിക്കുക. ഇതിൽ നിന്നും ഓരോ വിഭാഗത്തിലും നിർദ്ദേശിച്ചിട്ടുള്ള നിശ്ചിത എണ്ണം ചോദ്യങ്ങൾ ഇഷ്ടാനുസരണം തെരഞ്ഞെടുത്ത് ഉത്തരമെഴുതാൻ അവസരം ഉണ്ടായിരിക്കും. നിശ്ചിത എണ്ണത്തിൽ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാൽ അവയിൽ നിന്നും മികച്ച സ്‌കോർ ലഭിച്ച നിശ്ചിത എണ്ണം മാത്രമേ പരിഗണിക്കുകയുള്ളുവെന്ന് മന്ത്രി വ്യക്തമാക്കി.

എസ് സി ഇ ആർ ടി നിശ്ചയിച്ച ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങളിൽ നിന്നു തന്നെ മുഴുവൻ സ്‌കോറും നേടാൻ കുട്ടിയെ സഹായിക്കും വിധം ആവശ്യാനുസരണം ചോദ്യങ്ങൾ ചോദ്യപേപ്പറിൽ ഉണ്ടാകും. അഭിരുചിക്കനുസരിച്ച് ഉത്തരമെഴുതാൻ കുട്ടികളെ സഹായിക്കുന്നതിന് മറ്റു പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അധികമായി ഓപ്ഷൻ അനുവദിക്കുമ്പോൾ ചോദ്യങ്ങളുടെ എണ്ണം വർദ്ധിക്കും. ഇവ വായിച്ച് മനസ്സിലാക്കാൻ കൂടുതൽ സമയം ആവശ്യമായി വരുന്നതുകൊണ്ട് സമാശ്വാസ സമയം 20 മിനിറ്റ് ആയി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: താലിബാനുമായി ചർച്ച നടത്തി ഇന്ത്യ. ദോഹയിൽ വെച്ചായിരുന്നു ചർച്ച. താലിബാൻ ഉപമേധാവിയുമായി ഖത്തറിലെ ഇന്ത്യൻ അംബാസഡറാണ് ചർച്ച നടത്തിയത്. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ ചർച്ചയിൽ ആവശ്യപ്പെട്ടതായാണ് വിവരം. അഫ്ഗാൻ മണ്ണ് ഭീകരവാദികൾക്ക് താവളമാകരുതെന്നും കൂടിക്കാഴ്ച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടു.

ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ താലിബാന്റെ ഖത്തറിലെ രാഷ്ട്രീയ കാര്യാലയ തലവൻ ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായുമായി കൂടിക്കാഴ്ച നടത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി അഫ്ഗാനിസ്താനിലെ പുതിയ അധികാരികളുടെ അഭ്യർത്ഥന പ്രകാരമായിരുന്നു കൂടിക്കാഴ്ച്ചയെന്നാണ് റിപ്പോർട്ടുകൾ.
.

അതേസമയം, ഇന്ത്യയിലെ എൻഐഎ കേസുകളിൽ പ്രതികളായ 25 പേർ അഫ്ഗാനിലുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്. ഇതിൽ ചിലർക്ക് ജീവൻ നഷ്ടപ്പെട്ടതായും എത്ര പേർ ജീവനോടെ ബാക്കിയുണ്ടെന്ന വിവരം ശേഖരിക്കുകയാണെന്നും എൻഐഎ അറിയിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കി അദാനി ഗ്രൂപ്പ്. ഈ വരുന്ന ഒക്ടോബർ 18 ന് വിമാനത്താവളം നടത്തിപ്പ് ഏറ്റെടുക്കാനാണ് അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്. പിണറായി സർക്കാരിന്റെ എതിർപ്പുകൾ വകവെയ്ക്കാതെയാണ് അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.

വ്യോമയാനമന്ത്രാലയവുമായി വിമാനത്താവള നടത്തിപ്പിനുള്ള ധാരണാപത്രം അദാനി ഗ്രൂപ്പ് ഒപ്പുവച്ചു. അദാനി ഗ്രൂപ്പ് വിമാനത്താവള നടത്തിപ്പിനായുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത് 50 വർഷത്തേക്കാണ്. കസ്റ്റംസ്, ഇമിഗ്രേഷൻ, സെക്യൂരിറ്റി, എയർ ട്രാഫിക് മാനേജ്മെന്റ്, കമ്യൂണിക്കിഷേൻ നാവിഗേഷൻ സർവ്വൈലൻസ് തുടങ്ങിയ സേവനങ്ങളുടെ ചുമതല എയർപോർട്ട് അതോറിറ്റിയ്ക്കും വ്യോമയാന മന്ത്രാലയത്തിനും സംയുക്തമായാണ്. ഇതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിലാണ് അദാനി ഗ്രൂപ്പ് ഒപ്പുവെച്ചത്. അതേസമയം വിമാനത്താവളത്തിന്റെ നടത്തിപ്പ്, പരിപാലനം, വികസനം, ഭൂമി എന്നിവയുടെ ചുമതല അദാനി ഗ്രൂപ്പിനാണ്.

ബെയ്ജിങ്: താലിബാന്‍ ഭരണത്തിന്‍ കീഴിലായ അഫ്ഗാനുമായി ബന്ധം സ്ഥാപിക്കണമെന്നു യുഎസിനോട് ചൈന. അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് തീവ്രവാദ ഗ്രൂപ്പുകളുടെ പുനരുജ്ജീവനത്തിന് അവസരം നല്‍കുമെന്നും, രാജ്യത്തെ സ്ഥിതി അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ടെന്നും ചൈന വ്യക്തമാക്കി.

അഫ്ഗാനില്‍ നിന്ന് യുഎസ് സേനയുടെ പിന്‍മാറ്റത്തിനുള്ള സമയപരിധി ഓഗസ്റ്റ് 31ന് അവസാനിക്കാനിരിക്കെ ഇരു രാജ്യങ്ങളും നടത്തിയ ചര്‍ച്ചയിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ടെലിഫോണില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘അഫ്ഗാനിലെ സ്ഥിതിഗതികള്‍ അടിസ്ഥാനപരമായി മാറ്റത്തിന് വിധേയമായിട്ടുണ്ട്. എല്ലാ കക്ഷികളും താലിബാനുമായി ബന്ധം സ്ഥാപിക്കുന്നത് അനിവാര്യമാണ്. ഇത് സജീവമായി തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്’ എന്ന് വിദേശകാര്യ മന്ത്രി പറഞ്ഞതായി ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസും ചൈനയും തമ്മിലുള്ള പിരിമുറുക്കങ്ങള്‍ സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചയും നടന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മാത്രമല്ല, അഫ്ഗാനിസ്താന് അടിയന്തിരമായി ആവശ്യമായ സാമ്പത്തിക, ഉപജീവനമാര്‍ഗവും മാനുഷിക സഹായവും നല്‍കാന്‍ അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും, പുതിയ അഫ്ഗാന്‍ രാഷ്ട്രീയ ഘടന, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സാധാരണ പ്രവര്‍ത്തനം നിലനിര്‍ത്തുക, സാമൂഹിക സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുക, കറന്‍സി മൂല്യത്തകര്‍ച്ച തടയുക, വിലക്കയറ്റം തടയുക, നേരത്തെമുതലുള്ള സമാധാനപരമായ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ തുടരുക തുടങ്ങിയ കാര്യങ്ങള്‍ക്കായി യുഎസും അന്താരാഷ്ട്ര സമൂഹവും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും വാങ് യി പറഞ്ഞു.

തീവ്രവാദ ശക്തികളെ ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ അഫ്ഗാന്‍ യുദ്ധത്തിന് സാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന വസ്തുതകളാണ് മുന്നിലുള്ളത്. യുഎസ്-നാറ്റോ സഖ്യം തിടുക്കത്തില്‍ പിന്‍വാങ്ങുന്നത് അഫ്ഗാനിലെ വിവിധ തീവ്രവാദ ഗ്രൂപ്പുകള്‍ വീണ്ടും സജീവമാകാനുള്ള അവസരമൊരുക്കുമെന്നും, അഫ്ഗാനിസ്താന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ബഹുമാനിച്ചുകൊണ്ടുതന്നെ ഭീകരതയെയും അക്രമത്തെയും ചെറുക്കാന്‍ സഹായിക്കുന്നതിനുള്ള മൂര്‍ച്ചയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വാങ് യുഎസിനോട് ആവശ്യപ്പെടുകയും ചെയ്തു.

ബംഗളൂരു: കേരളത്തിൽ നിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റെയ്ൻ ഏർപ്പെടുത്തി കർണാടക. ഏഴു ദിവസമായിരിക്കും നിർബന്ധിത ക്വാറന്റെയ്ൻ. ഇതുസംബന്ധിച്ച ഉത്തരവ് കർണാടക സർക്കാർ പുറത്തിറക്കി.

എട്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധന നടത്തും. കേരളത്തിൽ നിന്ന് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കും ക്വാറന്റെയ്‌നും എട്ടാം ദിവസം പരിശോധനയും നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. കേരളത്തിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനിവും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് സർക്കാരിന്റെ തീരുമാനം. അതിർത്തിയിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. കേരളത്തിന്റെ അതിർത്തിയിൽ കൂടുതൽ പൊലീസിനെ നിയോഗിക്കാനാണ് തീരുമാനം. രണ്ടു ഡോസ് വാക്‌സീനും സ്വീകരിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ ആർടിപിസിആർ പരിശോധന വേണ്ടെന്ന കേന്ദ്ര സർക്കാരിന്റെ ഉത്തരവിന് വിരുദ്ധമായാണ് കർണാടക സർക്കാർ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ന്യൂഡൽഹി: കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെതിരെ നടപടി. കോൺഗ്രസ് ഹൈക്കമാൻഡിനെ വെല്ലുവിളിക്കുകയും വന്യമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതിന് പി എസ് പ്രശാന്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിയാണ് ഇക്കാര്യം അറിയിച്ചത്.

ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ, തെറ്റു തിരുത്താൻ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് പി എസ് പ്രശാന്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചത്. പാർട്ടിയെയും പാർട്ടി നേതാക്കളെയും അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നു സുധാകരൻ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു പി.എസ്.പ്രശാന്ത്. ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രശാന്ത് ഹൈക്കമാഡിനെതിരെ രംഗത്തെത്തിയത്. കെ.സി.വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് പ്രശാന്ത് രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു. വേണുഗോപാൽ ബിജെപി ഏജന്റാണെന്നും കോൺഗ്രസിനെ തകർക്കുന്നുവെന്നുമായിരുന്നു പ്രശാന്തിന്റെ ആരോപണം.

തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത പാലോട് രവിക്കെതിരെയും പ്രശാന്ത് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

ചെന്നൈ: കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കർശന നിർദേർശങ്ങൾ പുറപ്പെടുവിച്ച് തമിഴ്‌നാട് സർക്കാർ. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വാക്സിൻ സർട്ടിഫിക്കറ്റും 72 മണിക്കൂർ സമയ പരിധിയുള്ള ആർ.ടി.പി.സി.ആർ. പരിശോധനാ ഫലവും നിർബന്ധമാക്കി. പരിശോധന ശക്തമാക്കണമെന്ന് സർക്കാർ കോളേജുകൾക്ക് നിർദേശം നൽകുകയും ചെയ്തു. കേരളത്തിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

അതേസമയം, തമിഴ്നാട്ടിൽ ലോക്ക് ഡൗൺ നീട്ടി. സെപ്റ്റംബർ 15 വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. വെള്ളി മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ പ്രവേശനമുണ്ടായിരിക്കില്ലെന്ന് പുതിയ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ചകളിൽ ബീച്ചുകൾ അടച്ചിടാനും പുതിയ ഉത്തരവിൽ നിർദ്ദേശിക്കുന്നു.

സെപ്തംബർ ഒന്നു മുതൽ തമിഴ്‌നാട്ടിൽ സ്‌കൂളുകൾ തുറക്കാനിരിക്കുകയാണ്. യൂണിഫോം ധരിച്ച വിദ്യാർത്ഥികൾക്ക് സർക്കാർ ബസുകളിൽ തമിഴ്‌നാട് സർക്കാർ സൗജന്യ യാത്ര ഏർപ്പെടുത്തി. ഐ.ടി.ഐ. വിദ്യാർത്ഥികൾക്ക് ഈ സേവനം ലഭ്യമാകാൻ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്.

covid

ജോഹന്നാസ്ബർഗ്: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഗവേഷകർ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ജനിതക വകഭേദം സംഭവിച്ച കോവിഡ് വൈറസിന് വീണ്ടും പരിവർത്തനം സംഭവിച്ച് അതിവേഗം പടർന്നു പിടിക്കുന്ന പുതിയ വകഭേദം കണ്ടെത്തിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസസും(എൻഐസിഡി), ദക്ഷിണാഫ്രിക്കയിലെ ക്രിസ്പ് എന്ന ഗവേഷണ സ്ഥാപനവും ചേർന്നാണ് സി.1.2 എന്ന വകഭേദം കണ്ടെത്തിയത്. വാക്സിനുകൾ നൽകുന്ന പ്രതിരോധത്തെ മറികടക്കാൻ കഴിവുളളതാണ് ഈ പുതിയ കോവിഡ് വകഭേദമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ദക്ഷിണാഫ്രിക്കൻ വകഭേദം ചൈന, ആഫ്രിക്കൻ രാജ്യങ്ങളായ കോംഗൊ, മൗറീഷ്യസ് എന്നിവിടങ്ങളിലും ഇംഗ്ലണ്ടിലും, പോർച്ചുഗലിനും, സ്വിറ്റ്സർലാന്റിലും, ന്യൂസിലാന്റിലും പിന്നീട് കണ്ടെത്തിയിരുന്നു. എന്നാൽ സി.1 വകഭേദത്തേക്കാൾ അതിവേഗം പടരുന്നതാണ് സി.1.2 വകഭേദം.

ലോകത്ത് ഇതുവരെ കണ്ടെത്തിയ പരിവർത്തനം വന്ന വൈറസിനെക്കാൾ അപകടകാരിയാണിതെന്നാണ് വിവരം. മെയ് മാസത്തിൽ 0.2 ശതമാനമായിരുന്ന ജീനോമിൽ നിന്ന് ജൂണിൽ 1.6 ശതമാനമായി ഉയർന്നു. ജൂലായിൽ ഇത് രണ്ട് ശതമാനമായി ഉയർന്നു. ബീറ്റ, ഡെൽറ്റാ വകഭേദത്തിൽ കണ്ട വർദ്ധനക്ക് തുല്യമാണിതെന്ന് ഗവേഷകർ വ്യക്തമാക്കി. സി.1.2ന് പരിവർത്തന നിരക്ക് വർഷത്തിൽ 41.8 ആണ്. ഇത് നിലവിലെ മറ്റ് കൊവിഡ് വകഭേദങ്ങളുടെ ഇരട്ടിയാണെന്നും ആൽഫ, ബീറ്റ വകഭേദമുണ്ടായവരിൽ രൂപപ്പെട്ട ആന്റിബോഡികളെയും രോഗപ്രതിരോധ സംവിധാനത്തെയും മറികടക്കാൻ ഇതിന് കഴിയുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.