General (Page 1,419)

ന്യൂഡൽഹി: താലിബാൻ സർക്കാരിൽ ഭീകരസംഘടനയായ ഹഖാനി നെറ്റ്‌വർക്കിന് സ്ഥാനം നൽകിയതിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. വിഷയത്തിൽ രാജ്യത്തിന്റെ നിലപാട് ഇന്ത്യ അമേരിക്കയെയും റഷ്യയെയും അറിയിച്ചു. അഫ്ഗാൻ വിഷയത്തിൽ രാജ്യാന്തര വേദികളിൽ സഹകരിച്ചു നീങ്ങാനാണ് ഇന്ത്യയും റഷ്യയും തീരുമാനിച്ചിരിക്കുന്നത്.

റഷ്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് നിക്കോളെ പെട്രൂഷെവ് ഡൽഹിയിലെത്തി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതേസമയം നേരത്തെ ഐക്യരാഷ്ട്ര രക്ഷ സമിതിയിൽ ഇന്ത്യയും റഷ്യയും താലിബാനെക്കുറിച്ച് വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. താലിബാനുമായി ചേർന്നു നില്ക്കുന്ന നിലപാടാണ് റഷ്യയ്ക്കുള്ളത്.

ഹഖാനി നെറ്റ്‌വർക്കിലെ സിറാജുദ്ദീൻ ഹഖാനിക്കാണ് താലിബാൻ സർക്കാരിൽ ആഭ്യന്തര ചുമതല നൽകിയിരിക്കുന്നത്. 2008 ൽ കാബൂളിലെ ഇന്ത്യൻ എംബസി ആക്രമിച്ചതിന് പിന്നിൽ ഹഖ്ഖാനി നെറ്റ്‌വർക്കായിരുന്നു. ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മേഖലയിൽ ഭീകരസംഘടനകൾ ശക്തിപ്പെടുന്നതിലുളള ഇന്ത്യയുടെ ആശങ്ക പ്രകടിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. അഫ്ഗാനിൽ താലിബാൻ സർക്കാർ രൂപീകരിച്ചതിനെ കുറിച്ച് ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

തിരുവനന്തപുരം: അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് കോളേജുകൾ തുറക്കുന്നതിനാൽ അവർക്കുള്ള കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കും. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കോളേജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാർത്ഥികളും കോവിഡ് വാക്സിൻ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണെന്ന് മന്ത്രി അറിയിച്ചു. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാൻ കാലാവധി ആയിട്ടുള്ളവർ രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിക്കേണ്ടതാണെന്ന് വീണാ ജോർജ് അഭ്യർത്ഥിച്ചു.

വിദ്യാർത്ഥികൾക്ക് വാക്സിൻ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായോ ആശ പ്രവർത്തകരുമായോ ബന്ധപ്പെടണം. സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നും വാക്സിൻ സൗജന്യമായി ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിൽ നിന്നും സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ കോവിഡ് വാക്സിൻ ലഭിക്കുന്നതാണ്. ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന രണ്ട് വാക്സിനുകളായ കോവിഷീൽഡും കോവാക്സിനും കോവിഡിനെ പ്രതിരോധിക്കാൻ ഒരുപോലെ സുരക്ഷിതവും ഫലപ്രദവുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി അനുഭവിക്കുന്ന അയൽക്കൂട്ടങ്ങൾക്ക് സഹായ ഹസ്തവുമായി സർക്കാർ. കുടുംബശ്രീയുടെ കീഴിലുള്ള 19,489 എഡിഎസുകൾക്കും അട്ടപ്പാടിയിലെ 133 ഊരുസമിതികൾക്കും ഒരു ലക്ഷം രൂപ വീതം റിവോൾവിങ് ഫണ്ട് നൽകാൻ സർക്കാർ തീരുമാനിച്ചു. 196.22 കോടി രൂപയാണ് സർക്കാർ ഇതിനായി അവതരിപ്പിച്ചിരിക്കുന്നത്.

സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണു പദ്ധതി നടപ്പാക്കുന്നത്. റിവോൾവിങ് ഫണ്ട് ലഭ്യമാക്കുന്നതിന് അർഹതയുള്ള അയൽക്കൂട്ടങ്ങളെ കണ്ടെത്താൻ പ്രത്യേക മാനദണ്ഡങ്ങളാണ് സർക്കാർ നിഷ്‌കർഷിച്ചിരിക്കുന്നത്. മാനദണ്ഡങ്ങൾ അനുസരിച്ച് അയൽക്കൂട്ടങ്ങളെ കണ്ടെത്തുന്നതിനും എത്ര രൂപ റിവോൾവിങ്ങ് ഫണ്ട് ഇനത്തിൽ അനുവദിക്കണമെന്ന ശുപാർശ ഉൾപ്പെടെയുള്ള പ്രപ്പോസൽ എഡിഎസുകൾ അതത് സിഡിഎസുകൾക്ക് സമർപ്പിക്കും.

ഓരോ എഡിഎസിനും ഫണ്ട് ഇനത്തിൽ ഒരു ലക്ഷം രൂപയാണ് ലഭിക്കുന്നത്. അയൽക്കൂട്ടങ്ങളുടെ വായ്പാ പ്രവർത്തനങ്ങൾക്ക് ഇത് ഏറെ സഹായകരമാകുമെന്നാണു വിലയിരുത്തപ്പെടുന്നത്. അയൽക്കൂട്ടങ്ങളുടെ വായ്പാ തിരിച്ചടവിന്റെ കൃത്യതയും കാര്യക്ഷമതയും പരിഗണിച്ച് ഒരു അയൽക്കൂട്ടത്തിനു കുറഞ്ഞത് 10,000 മുതൽ 20,000 രൂപ വരെയാണ് എഡിഎസ് അനുവദിക്കുന്നത്.

ചെന്നൈ: പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാടും. പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട് നിയമ സഭ പ്രമേയം പാസാക്കി. ബിജെപി സഭാംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് പ്രമേയം പാസാക്കിയത്. നടപടിയിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ നിയമസഭയിൽ നിന്നും ഇറങ്ങി പോയി.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. പൗരത്വ നിയമ ഭേദഗതി ഭരണഘടനയിലെ മതേതര മൂല്യങ്ങൾക്ക് എതിരാണെന്നും രാജ്യത്തെ മത സൗഹാർദ്ദത്തിനെ സാരമായി ബാധിക്കുമെന്നും എം കെ സ്റ്റാലിൻ വ്യക്തമാക്കി. ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്.

ജനാധിപത്യ രാജ്യങ്ങളിൽ ഭരണാധികാരികളുടെ തീരുമാനങ്ങൾ രാജ്യത്തെ മുഴുവൻ ജനങ്ങളുടേയും താൽപര്യങ്ങളും വികാരങ്ങളും ഉൾക്കൊണ്ടുകൊണ്ടുള്ളതാവണമെന്നും സ്റ്റാലിൻ വിശദമാക്കി. അഭയാർത്ഥികളെ മതത്തിന്റേയും രാജ്യത്തിന്റേയും പേരിൽ വേർതിരിക്കുന്നതാണ് നിയമ ഭേദഗതിയെന്നും സ്റ്റാലിൻ നിയമസഭയിൽ അറിയിച്ചു. ശ്രീലങ്കയിൽ നിന്നുമുള്ള തമിഴ് വംശജർക്ക് പൗരത്വം ലഭിക്കാനുള്ള അവസരത്തിനും നിയമ ഭേദഗതി തടസമായേക്കാം. അഭയാർത്ഥികളോട് മനുഷ്യത്വ പരമായ സമീപനമാണ് സ്വീകരിക്കേണ്ടതെന്നും സ്റ്റാലിൻ പറഞ്ഞു.

അതേസമയം പൗരത്വ നിയമ ഭേദഗതി ഇന്ത്യയിലെ മുസ്ലിംകൾക്കെതിരെയുള്ളതല്ലെന്ന് തമിഴ്‌നാട് ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ അറിയിച്ചു. ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്താനാണ് തമിഴ്‌നാട് സർക്കാരിന്റെ പ്രമേയമെന്നാണ് ബിജെപി എംഎൽഎ വനതി ശ്രീനിവാസൻ കുറ്റപ്പെടുത്തി. ന്യൂനപക്ഷത്തെ തെറ്റിധരിപ്പിക്കുകയാണ് സ്റ്റാലിൻ സർക്കാർ. പൗരത്വ നിയമ ഭേദഗതി ബാധിക്കുന്നത് മൂന്ന് രാജ്യങ്ങളെ സംബന്ധിച്ച് മാത്രമാണ്. അതിൽ ശ്രീലങ്കയില്ലെന്നും വനതി ശ്രീനിവാസൻ വിശദമാക്കി. ശ്രീലങ്കൻ തമിഴ് വംശജരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് കേന്ദ്രസർക്കാരെന്നും വനതി ശ്രീനിവാസൻ വ്യക്തമാക്കി.

മലപ്പുറം: മുൻ മന്ത്രി കെ ടി ജലീൽ നാളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. ചന്ദ്രികയുടെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ടാണ് കെ.ടി. ജലീൽ എൻഫോഴ്സ്മെന്റിന് മുമ്പാകെ ഹാജരാകുന്നത്. നോട്ടീസ് നൽകിയത് പ്രകാരം തെളിവുകൾ ഹാജരാക്കുന്നതിന് വേണ്ടിയാണ് ഇഡിയ്ക്ക് മുന്നിലെത്തുന്നത്.

അതേസമയം എആർ നഗർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സമെന്റ് മുമ്പാകെ ജലീൽ കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നൽകിയതിനെ മുഖ്യമന്ത്രി തള്ളിയിരുന്നു. ഇക്കാര്യം എൻഫോഴ്സ്മെന്റ് അല്ല അന്വേഷിക്കേണ്ടതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണവുമായി ജലീൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ജീവിതത്തിൽ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ലെന്നും ജലീൽ പറഞ്ഞു.

കടം വാങ്ങിയ വകയിൽ പോലും ഒന്നും ആർക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽ വൽകരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും. മുഖ്യമന്ത്രി തനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളൻമാർക്കും വലതുപക്ഷ സൈബർ പോരാളികൾക്കും കഴുതക്കാമം കരഞ്ഞു തീർക്കാമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

കാബൂൾ: പാകിസ്താനെതിരെ പ്രതിഷേധവുമായി അഫ്ഗാൻ പൗരന്മാർ. താലിബാൻ ഭീകരർക്ക് സഹായവും പിന്തുണയും നൽകുന്നതിനാണ് പാകിസ്താനെതിരെ പ്രതിഷേധവുമായി അഫ്ഗാൻ പൗരന്മാർ രംഗത്തെത്തിയിരിക്കുന്നത്. പഞ്ച്ശീറിൽ ആക്രമണം നടത്തുന്നതിന് താലിബാന് വേണ്ട സഹായങ്ങൾ പാക് സൈന്യം സഹായം നൽകുന്നുണ്ടെന്ന് പ്രതിരോധ സേനയുടെ നേതാവ് അഹമ്മദ് മസൂദ് അറിയിച്ചിരുന്നു. തുടർന്നാണ് പ്രതിഷേധവുമായി ജനങ്ങൾ നിരത്തിലിറങ്ങിയത്.

പാകിസ്താൻ അഫ്ഗാൻ വിട്ടു പോവുക എന്ന മുദ്രാവാക്യവും ബാനറുകളുമായി ആളുകൾ കാബൂളിലെ പാക് എംബസിക്ക് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. താലിബാൻ വെടിയുതിർത്താണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. പാക് ചാരസംഘടനയായ ഐഎസ്ഐ പ്രതിനിധി സംഘം താമസിക്കുന്ന കാബൂൾ സെറിന ഹോട്ടലിലേക്കും അഫ്ഗാൻ ജനത പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു.

പാകിസ്താൻ താലിബാൻ ഭീകരർക്ക് പരിശീലനം നൽകുന്നതായുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. താലിബാൻ സർക്കാർ രൂപവത്കരണത്തിന് മുന്നോടിയായി പാക് ചാരസംഘടനയായ ഐഎസ്ഐ മേധാവി ജനറൽ ഫൈസ് ഹമീദിന്റെ നേതൃത്വത്തിൽ ഒരു സംഘം കാബൂളിൽ എത്തിയിരുന്നു. താലിബാൻ ഭരണകൂടത്തിന് പിന്തുണ നൽകുന്നതായി പാക്കിസ്താൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബാജ്വയും വെളിപ്പെടുത്തിയിരുന്നു. ബ്രിട്ടൺ സന്ദർശനത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.

തൃശൂർ: സംസ്ഥാനത്ത് കരിമ്പനി റിപ്പോർട്ട് ചെയ്തു. തൃശൂർ വെള്ളിക്കുളങ്ങരയിലാണ് വയോധികന് കരിമ്പനി സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒരു വർഷം മുമ്പും ഇദ്ദേഹത്തിന് കരിമ്പനി സ്ഥിരീകരിച്ചിരുന്നു.

ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ് കരിമ്പനി ഉണ്ടാകുന്നത്. തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഈ രോഗം പ്രത്യക്ഷപ്പെടാം. കൊതുകുകളുടെ മൂന്നിലൊന്ന് വലിപ്പമുള്ള മണലീച്ചകൾ അഥവാ സാന്റ് ഫ്ളൈ ആണ് കരിമ്പനി പരത്തുന്നത്. ഈ പ്രാണികൾ പൊടിമണ്ണിലാണ് മുട്ടയിട്ട് വിരിയിക്കുന്നത്.

വളരെയധികം കരുതലോടെ കാണേണ്ട പകർച്ചപ്പനിയാണ് കരിമ്പനിയെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. സംസ്ഥാനത്ത് മണലീച്ചകളുടെ സാനിദ്ധ്യം ഉണ്ടെങ്കിലും രോഗവാഹികളായ ഈച്ചകളുടെ എണ്ണം കുറവാണെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ കണക്ക്. വിട്ടുമാറാത്ത പനി, രക്തക്കുറവ്, ക്ഷീണം, ശരീരഭാരം കുറയുക., തൊലിയിൽ വ്രണങ്ങൾ കാണുക തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഈ മാസത്തെ ശമ്പളം വൈകും. സർക്കാർ നൽകേണ്ട 65 കോടി രൂപ ധനസഹായം ഇതുവരെ നൽകിയില്ല. ധനസഹായം നൽകാൻ പണമില്ലെന്നാണ് ധനവകുപ്പ് കോർപറേഷനെ അറിയിച്ചിരിക്കുന്നത്.

ഓഗസ്റ്റ് മാസത്തിലും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വൈകിയാണ് ലഭിച്ചത്. പത്താം തീയതിയായിട്ടും ശമ്പളം നൽകാത്തതിന് ജീവനക്കാർ എം.ഡിയെ കുറ്റപ്പെടുത്തി രംഗത്തെത്തുകയും ചെയ്തിരുന്നു. അതേസമയം കെഎസ്ആർടിസിയിൽ പത്ത് വർഷമായി ശമ്പളപരിഷ്‌കരണം നടപ്പാക്കിയിട്ടില്ല. കെ സ്വിഫ്റ്റിനോടുളള തങ്ങളുടെ എതിർപ്പ് മൂലം സർക്കാർ മനപൂർവം ശമ്പളം വൈകിപ്പിക്കുകയാണെന്നാണ് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നത്.

2016 ഫെബ്രുവരി 28 ന് അവസാനിച്ച ശമ്പള കരാറിന് ശേഷം അഞ്ചര വർഷം കഴിഞ്ഞിട്ടും പുതിയ കരാറിനുളള പ്രാഥമിക ചർച്ചകൾ പോലും നടത്താൻ കഴിഞ്ഞിട്ടില്ല. ജൂൺ 30 ന് പുതിയ ശമ്പളം ലഭിക്കുമെന്ന് മുഖ്യമന്ത്രി വാക്കു നൽകിയിരുന്നെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. സർക്കാരിന്റെ നടപടികൾക്കെതിരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനും സംഘടനകൾ പദ്ധതിയിടുന്നുണ്ട്.

പാരിസ്: ഒസാമ ബിൻ ലാദന്റെ പ്രവൃത്തികളിൽ സമൂഹത്തോട് മാപ്പപേക്ഷിച്ച് മകൻ ഒമർ ബിൻ ലാദൻ. തന്റെ പിതാവിനോടും അയാൾ നടത്തിയ കുറ്റകൃത്യങ്ങളോടും തനിക്ക് അറപ്പും ഭയവും മാത്രമാണുള്ളതെന്നും ഒമർ പറയുന്നത്. ഇസ്രഈലി ദിനപ്പത്രമായ യെദോയിത് അഹ്‌റോനത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഒസാമ ബിൻ ലാദന്റെ ആൺമക്കളിൽ ഏറ്റവും ഇളയവനാണ് ഒമർ. ലോകത്തുള്ളവരെല്ലാം ഒന്നായി കഴിയണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് ഒമർ പറയുന്നത്. വ്യത്യസ്ത മതങ്ങളിൽ പെട്ടവർ അയൽക്കാരായി സമാധാനത്തിൽ കഴിയുന്ന ലോകമാണ് നമുക്ക് വേണ്ടതെന്നാണ് ഒമറിന്റെ നിലപാട്. അൽ-ഖ്വയ്ദയുടെ തലപ്പത്തേക്ക് വരാനുള്ള അവസരം ലഭിച്ചിരുന്നെങ്കിലും താൻ അത് നിഷേധിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വന്തം മക്കളെ സ്‌നേഹിക്കുന്നതിനേക്കാൾ കൂടുതൽ തന്റെ പിതാവ് അദ്ദേഹത്തിന്റെ ശത്രുക്കളെ വെറുത്തു. തന്റെ ജീവിതം മുഴുവൻ ഞാൻ പാഴാക്കി കളയുകയായിരുന്നല്ലോ എന്നോർക്കുമ്പോൾ ഞാനെന്തൊരു വിഡ്ഢിയാണെന്ന് തോന്നാറുണ്ട്. ഞാനതെല്ലാം ഉപേക്ഷിച്ചു പോരുമെന്ന് തനിക്ക് അന്നുതന്നെ തോന്നിയിരുന്നുവെന്നും ഒമർ മാദ്ധ്യമത്തോട് പറഞ്ഞു.

2001 സെപ്റ്റംബർ 11 ന് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിക്കപ്പെട്ടതോടെയാണ് തനിക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമായത്. ഇത്തരമൊരു ആക്രമണം സംഘടിപ്പിക്കാനുള്ള കഴിവ് പിതാവിനുണ്ടെന്ന് താൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ആ ദിവസമാണ് തന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചതെന്നും നഷ്ടങ്ങളുടെയും വേദനകളുടെ വർഷങ്ങൾക്കു ശേഷം പിതാവിനെ കുറിച്ച് ശരിയായ തിരിച്ചറിവ് ഉണ്ടായത് അപ്പോഴായിരുന്നുവെന്നും ഒമർ വിശദമാക്കി. പിതാവ് യുദ്ധത്തിനിടയിൽ നിരവധി പേരെ കൊന്നിട്ടുണ്ടാകാം. ആളുകളെ കൊല്ലുന്നതിലൂടെ എന്തെങ്കിലും സന്തോഷമോ വേദനയോ അദ്ദേഹം അനുഭവിച്ചിരിക്കാൻ സാധ്യതയില്ല. ബിൻ ലാദൻ എന്ന കുടുംബപ്പേര് തനിക്ക് ഭാരമാണ്. ഉസാമ ബിൻ ലാദൻ സൗദി പൗരനായിരുന്നതിനാൽ അറബ് ലോകത്തുള്ളവർക്ക് തന്നെ ഭയവും വെറുപ്പുമാണെന്നും ഒമർ അഭിപ്രായപ്പെട്ടു.

യൂറോപ്യൻ രാജ്യങ്ങളിലും പടിഞ്ഞാറൻ രാജ്യങ്ങളിലും അത് അത്രവലിയ പ്രശ്‌നമായി അനുഭവപ്പെടാറില്ല. ഉസാമയുടെ മകനായതിനാൽ ഞാനും അദ്ദേഹത്തെ പോലെയാണെന്നാണ് അറബ് രാജ്യങ്ങൾ കരുതുന്നതെന്നും എന്നാൽ താൻ ഒരിക്കലും അദ്ദേഹത്തെ പോലെയല്ലെന്നും ഒമർ വ്യക്തമാക്കുന്നു. പിതാവ് നല്ലതോ ചീത്തയോ ആകാം. എന്നാൽ ആ രീതിയിൽ മക്കളെ കാണുന്നത് ശരിയല്ലെന്നും അദ്ദേഹം അറിയിച്ചു.

കൊച്ചി: കൊവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കുറച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. വാക്‌സിന്റെ ഇടവേള 84 ദിവസത്തിൽ നിന്നും 28 ദിവസമാക്കിയാണ് കുറച്ചത്. വാക്‌സിൻ സ്വീകരിക്കുന്നവർക്ക് 28 ദിവസത്തിന് ബുക്കിംഗ് സൗകര്യം കിട്ടുന്ന തരത്തിൽ കോവിൻ പോർട്ടലിൽ മാറ്റം വരുത്തണമെന്നായിരുന്നു കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ്.

വിധിക്കെതിരെ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറിയടക്കമുള്ളവരുമായി അസി. സോളിസിറ്റർ ജനറൽ ചർച്ച നടത്തിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കൊവീഷിൽഡിന്റെ രണ്ട് ഡോസുകൾക്കിടയിൽ ഇടവേള 84 ദിവസമാക്കി നിശ്ചയിച്ചത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.