പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട് നിയമ സഭ പ്രമേയം പാസാക്കി

ചെന്നൈ: പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാടും. പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട് നിയമ സഭ പ്രമേയം പാസാക്കി. ബിജെപി സഭാംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് പ്രമേയം പാസാക്കിയത്. നടപടിയിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ നിയമസഭയിൽ നിന്നും ഇറങ്ങി പോയി.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. പൗരത്വ നിയമ ഭേദഗതി ഭരണഘടനയിലെ മതേതര മൂല്യങ്ങൾക്ക് എതിരാണെന്നും രാജ്യത്തെ മത സൗഹാർദ്ദത്തിനെ സാരമായി ബാധിക്കുമെന്നും എം കെ സ്റ്റാലിൻ വ്യക്തമാക്കി. ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്.

ജനാധിപത്യ രാജ്യങ്ങളിൽ ഭരണാധികാരികളുടെ തീരുമാനങ്ങൾ രാജ്യത്തെ മുഴുവൻ ജനങ്ങളുടേയും താൽപര്യങ്ങളും വികാരങ്ങളും ഉൾക്കൊണ്ടുകൊണ്ടുള്ളതാവണമെന്നും സ്റ്റാലിൻ വിശദമാക്കി. അഭയാർത്ഥികളെ മതത്തിന്റേയും രാജ്യത്തിന്റേയും പേരിൽ വേർതിരിക്കുന്നതാണ് നിയമ ഭേദഗതിയെന്നും സ്റ്റാലിൻ നിയമസഭയിൽ അറിയിച്ചു. ശ്രീലങ്കയിൽ നിന്നുമുള്ള തമിഴ് വംശജർക്ക് പൗരത്വം ലഭിക്കാനുള്ള അവസരത്തിനും നിയമ ഭേദഗതി തടസമായേക്കാം. അഭയാർത്ഥികളോട് മനുഷ്യത്വ പരമായ സമീപനമാണ് സ്വീകരിക്കേണ്ടതെന്നും സ്റ്റാലിൻ പറഞ്ഞു.

അതേസമയം പൗരത്വ നിയമ ഭേദഗതി ഇന്ത്യയിലെ മുസ്ലിംകൾക്കെതിരെയുള്ളതല്ലെന്ന് തമിഴ്‌നാട് ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ അറിയിച്ചു. ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്താനാണ് തമിഴ്‌നാട് സർക്കാരിന്റെ പ്രമേയമെന്നാണ് ബിജെപി എംഎൽഎ വനതി ശ്രീനിവാസൻ കുറ്റപ്പെടുത്തി. ന്യൂനപക്ഷത്തെ തെറ്റിധരിപ്പിക്കുകയാണ് സ്റ്റാലിൻ സർക്കാർ. പൗരത്വ നിയമ ഭേദഗതി ബാധിക്കുന്നത് മൂന്ന് രാജ്യങ്ങളെ സംബന്ധിച്ച് മാത്രമാണ്. അതിൽ ശ്രീലങ്കയില്ലെന്നും വനതി ശ്രീനിവാസൻ വിശദമാക്കി. ശ്രീലങ്കൻ തമിഴ് വംശജരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് കേന്ദ്രസർക്കാരെന്നും വനതി ശ്രീനിവാസൻ വ്യക്തമാക്കി.