ന്യൂഡൽഹി: താലിബാൻ സർക്കാരിൽ ഭീകരസംഘടനയായ ഹഖാനി നെറ്റ്‌വർക്കിന് സ്ഥാനം നൽകിയതിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. വിഷയത്തിൽ രാജ്യത്തിന്റെ നിലപാട് ഇന്ത്യ അമേരിക്കയെയും റഷ്യയെയും അറിയിച്ചു. അഫ്ഗാൻ വിഷയത്തിൽ രാജ്യാന്തര വേദികളിൽ സഹകരിച്ചു നീങ്ങാനാണ് ഇന്ത്യയും റഷ്യയും തീരുമാനിച്ചിരിക്കുന്നത്.
റഷ്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് നിക്കോളെ പെട്രൂഷെവ് ഡൽഹിയിലെത്തി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതേസമയം നേരത്തെ ഐക്യരാഷ്ട്ര രക്ഷ സമിതിയിൽ ഇന്ത്യയും റഷ്യയും താലിബാനെക്കുറിച്ച് വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. താലിബാനുമായി ചേർന്നു നില്ക്കുന്ന നിലപാടാണ് റഷ്യയ്ക്കുള്ളത്.
ഹഖാനി നെറ്റ്‌വർക്കിലെ സിറാജുദ്ദീൻ ഹഖാനിക്കാണ് താലിബാൻ സർക്കാരിൽ ആഭ്യന്തര ചുമതല നൽകിയിരിക്കുന്നത്. 2008 ൽ കാബൂളിലെ ഇന്ത്യൻ എംബസി ആക്രമിച്ചതിന് പിന്നിൽ ഹഖ്ഖാനി നെറ്റ്‌വർക്കായിരുന്നു. ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മേഖലയിൽ ഭീകരസംഘടനകൾ ശക്തിപ്പെടുന്നതിലുളള ഇന്ത്യയുടെ ആശങ്ക പ്രകടിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. അഫ്ഗാനിൽ താലിബാൻ സർക്കാർ രൂപീകരിച്ചതിനെ കുറിച്ച് ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

