തൃശൂർ: സംസ്ഥാനത്ത് കരിമ്പനി റിപ്പോർട്ട് ചെയ്തു. തൃശൂർ വെള്ളിക്കുളങ്ങരയിലാണ് വയോധികന് കരിമ്പനി സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒരു വർഷം മുമ്പും ഇദ്ദേഹത്തിന് കരിമ്പനി സ്ഥിരീകരിച്ചിരുന്നു.
ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ് കരിമ്പനി ഉണ്ടാകുന്നത്. തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഈ രോഗം പ്രത്യക്ഷപ്പെടാം. കൊതുകുകളുടെ മൂന്നിലൊന്ന് വലിപ്പമുള്ള മണലീച്ചകൾ അഥവാ സാന്റ് ഫ്ളൈ ആണ് കരിമ്പനി പരത്തുന്നത്. ഈ പ്രാണികൾ പൊടിമണ്ണിലാണ് മുട്ടയിട്ട് വിരിയിക്കുന്നത്.
വളരെയധികം കരുതലോടെ കാണേണ്ട പകർച്ചപ്പനിയാണ് കരിമ്പനിയെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. സംസ്ഥാനത്ത് മണലീച്ചകളുടെ സാനിദ്ധ്യം ഉണ്ടെങ്കിലും രോഗവാഹികളായ ഈച്ചകളുടെ എണ്ണം കുറവാണെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ കണക്ക്. വിട്ടുമാറാത്ത പനി, രക്തക്കുറവ്, ക്ഷീണം, ശരീരഭാരം കുറയുക., തൊലിയിൽ വ്രണങ്ങൾ കാണുക തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

