General (Page 1,420)

കാബൂൾ: അഫ്ഗാനിൽ ഇടക്കാല സർക്കാർ രൂപീകരിച്ച് താലിബാൻ. മുല്ല ഹസൻ അഖുന്ദിന്റെ നേതൃത്വത്തിൽ താലിബാൻ അഫ്ഗാനിൽ ഇടക്കാല സർക്കാർ രൂപീകരിച്ചത്. മുല്ല അബ്ദുൾ ഗനി ബറാദറാണ് ഉപപ്രധാനമന്ത്രി. മൗലവി ഹന്നാഫി അഫ്ഗാനിലെ രണ്ടാമത്തെ ഉപനേതാവാകും. താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

താലിബാനിലെ തീവ്ര ഭീകരവാദ സംഘടനയായ ഹഖാനി ഗ്രൂപ്പിനാണ് ആഭ്യന്തര വകുപ്പ് നൽകിയിരിക്കുന്നത്. സിറാജുദ്ദീൻ ഹഖാനിയെയാണ് ആഭ്യന്തര മന്ത്രിയായി നിയമിച്ചത്. അമീർ മുതാഖിയെ വിദേശകാര്യ മന്ത്രിയായും ഷേർ അബ്ബാസിനെ വിദേശകാര്യ സഹമന്ത്രിയായും നിയമിച്ചു. അബ്ദുൾ ഹക്കീമിനാണ് നിയമ വകുപ്പിന്റെ ചുമതല. മുല്ല യാക്കൂബിനെ പ്രതിരോധ മന്ത്രിയായി നിയമിക്കുമെന്നും താലിബാൻ വക്താവ് അറിയിച്ചു.

അതേസമയം അഫ്ഗാനിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് താലിബാനിൽ തർക്കവും അഭിപ്രായ ഭിന്നതയും രൂക്ഷമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

തിരുവനന്തപുരം: മുൻമന്ത്രി കെ.ടി. ജലീലിനെ തളളി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ സഹകരണ മേഖല ഇ.ഡി. കൈകാര്യം ചെയ്യേണ്ടതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എ.ആർ. നഗർ ബാങ്കിലെ തിരിമറിയിൽ സഹകരണ വകുപ്പ് നടപടിയെടുത്തിട്ടുണ്ടെന്നും ഇ.ഡി അന്വേഷിക്കണമെന്ന ആവശ്യം സാധാരണ നിലയിൽ ജലീൽ ഉന്നയിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. എ.ആർ. നഗർ സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പലതവണ ജലീലിനെ ചോദ്യം ചെയ്തതുകൊണ്ട് ഇ.ഡിയിൽ അദ്ദേഹത്തിന് വിശ്വാസം കൂടിയിട്ടുണ്ടാകാം. ജലീൽ പരാമർശിച്ച ബാങ്കിന്റെ പേരിൽ കോപ്പറേറ്റീവ് ഡിപ്പാർട്ട്‌മെന്റ് കർശന നടപടിയിലേക്ക് നീങ്ങിയതാണ്. അതിൽ കോടതിയുടെ സ്റ്റേ നിലനിൽക്കുന്നതു കൊണ്ടാണ് മറ്റു നടപടികളിലേക്ക് നീങ്ങാൻ കഴിയാതിരുന്നതെന്ന് മുഖ്യമന്ത്രി വിശദമാക്കി.

ഇവിടെ അന്വേഷിക്കാൻ ആവശ്യമായ സംവിധാനങ്ങളുണ്ട്. ആ സംവിധാനത്തിന്റെ ഭാഗമായി അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിന് യാതൊരു വിധത്തിലുളള തടസവും ഇവിടെ ഉണ്ടാകില്ല. കുറ്റം എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയും അതിന്റെ ഭാഗമായി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. കേരളത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിട്ടും നിപ കേസുകൾ അടക്കം പരിശോധിക്കാൻ പൂണെയിലെ ലാബിൽ അയക്കുന്നതിനാണ് ശ്രീജിത്ത് പണിക്കർ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. കേരളത്തിൽ ആലപ്പുഴയിലും തിരുവനന്തപുരത്തും ടെസ്റ്റ് ചെയ്ത് നിപ്പ സ്ഥിരീകരിക്കേണ്ടതാണ്. എന്തുകൊണ്ട് അത് നാം ചെയ്യുന്നില്ലെന്ന് ശ്രീജിത്ത് പണിക്കർ ചോദിക്കുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സർക്കാരിനോട് നിരവധി ചോദ്യങ്ങളും ശ്രീജിത്ത് പണിക്കർ ഉന്നയിക്കുന്നുണ്ട്.

ശ്രീജിത്ത് പണിക്കറിന്റെ വാക്കുകൾ:

നിപ്പ ആര് സ്ഥിരീകരിക്കണം?

2019ൽ ദി ന്യൂസ് മിനിറ്റ് എന്ന പോർട്ടൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയെ ഉദ്ധരിച്ച് ചിലർ പറയുന്നത് കേരളത്തിൽ നിപ്പ സ്ഥിരീകരിക്കാൻ കഴിയില്ലെന്നാണ്. അങ്ങനെയാണോ കാര്യങ്ങൾ?
അതിലേക്ക് വരുന്നതിനു മുൻപ് 2019 മുതൽ കേരളം എന്തുചെയ്തു എന്നു നോക്കാം.

[1] തിരുവനന്തപുരത്ത് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒന്നാം ഘട്ടം 2019 ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അന്ന് പ്രസംഗിച്ച ഡെപ്യൂട്ടി സ്പീക്കർ വി ശശി പറഞ്ഞത് ഒരു വർഷത്തിനകം രണ്ടാം ഘട്ടം പൂർത്തിയാക്കാനാണ് ശ്രമമെന്നാണ്. [https://www.youtube.com/watch?v=XFig8GjbOv0 (1:18 മുതൽ 1:43 വരെ)]

[2] പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയ പിആർ പ്രകാരം ഒന്നാം ഘട്ടത്തിൽ ബയോ സേഫ്റ്റി ലെവൽ 3 സൗകര്യങ്ങളാണ് ലാബിന് ഉള്ളത്. രണ്ടാം ഘട്ടത്തിൽ ഇത് ലെവൽ 4ലേക്ക് ഉയർത്തും. അതായത് 2019 ഫെബ്രുവരിയിൽ ലെവൽ 3 ഉണ്ട്. ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞതു പ്രകാരം 2020 ഫെബ്രുവരിയോടെ ലെവൽ 4 ആവണം. [https://www.prd.kerala.gov.in/node/38068]

[3] കോവിഡ് കാരണം ഇക്കാര്യത്തിൽ സർക്കാരിന്റെ ശ്രദ്ധക്കുറവ് ഉണ്ടായെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ രണ്ടാംഘട്ടം പൂർത്തിയാകുമെന്ന് ഉദ്ഘാടന ചടങ്ങിൽ പറഞ്ഞ സമയം 2020 ഫെബ്രുവരി ആയിരുന്നു. കേരളത്തിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് 2020 ജനുവരി 30നും. അന്ന് രണ്ടാഴ്ച കൂടി കിട്ടിയിരുന്നെങ്കിൽ എന്തായാലും രണ്ടാം ഘട്ടം പൂർത്തിയാകുമായിരുന്നു എന്നാരും പറയില്ലല്ലോ. [https://www.youtube.com/watch?v=NAem4BSUOEE (1:40 മുതൽ 2:03 വരെ)]

ഇനി കേന്ദ്രസർക്കാർ പറയുന്നത് എന്തെന്ന് നോക്കാം.

[4] നാഷണൽ ഡിസീസ് കൺട്രോൾ സെൽ നിഷ്‌കർഷിക്കുന്നത് നിപ്പ സ്ഥിരീകരണത്തിന് മൂന്ന് ടെസ്റ്റുകളാണ്. ഇതിൽ ഏതെങ്കിലും ടെസ്റ്റ് ചെയ്താൽ മതിയാകും എന്നാണ്. ഇതിൽ പറയുന്ന രണ്ടു ടെസ്റ്റുകൾ ചെയ്യാൻ ലാബിന് ബയോ സേഫ്റ്റി ലെവൽ 2 അല്ലെങ്കിൽ 3 സൗകര്യമാണ് വേണ്ടത്. ഒരു ടെസ്റ്റിന് ലെവൽ 4 സൗകര്യം വേണം. അതായത് ലെവൽ 3 സൗകര്യമുള്ള തിരുവനന്തപുരത്ത് രണ്ടുതരം ടെസ്റ്റുകളെങ്കിലും ചെയ്ത് രോഗം സ്ഥിരീകരിക്കാൻ കഴിയണം. [https://ncdc.gov.in/showfile.php?lid=240]

[5] പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ടെസ്റ്റുകൾ നടത്തുന്നതിനെ കുറിച്ച് നാഷണൽ ഡിസീസ് കൺട്രോൾ സെൽ പറയുന്നത് ഇത്രമാത്രമാണ്. വൈറൽ ആർഎൻഎ മോളിക്കുലാർ ഡിറ്റക്ഷൻ, എലിസ ടെസ്റ്റ് വഴിയുള്ള ഐജിഎം ആന്റിബോഡി ഡിറ്റക്ഷൻ എന്നിവ വഴി നിപ്പ സ്ഥിരീകരിക്കുന്ന പൊതുമേഖലയിലെ സ്ഥാപനം നിലവിൽ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആണ്. ‘പൊതുമേഖലയിലെ നിലവിലെ സ്ഥാപനം’ എന്നത് 2018ലെ വിവരമാണ്. തിരുവനന്തപുരത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യപ്പെടുന്നത് 2019 ഫെബ്രുവരിയിൽ ആണെന്നോർക്കണം. [https://ncdc.gov.in/showfile.php?lid=233]

ഇനി കേരളസർക്കാർ പറയുന്നത് എന്തെന്ന് നോക്കാം.

[6] എങ്ങനെ നിപ്പ സ്ഥിരീകരിക്കാമെന്നും ചികിത്സിക്കാമെന്നുമുള്ള മാനദണ്ഡങ്ങൾ സംസ്ഥാന ആരോഗ്യവകുപ്പ് കഴിഞ്ഞ വർഷം പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ രോഗസ്ഥിരീകരണത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. 14ആം പേജിൽ പറയുന്നു, സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലോ, ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലോ അയയ്ക്കാമെന്ന്. അതായത് ആലപ്പുഴ ലാബിൽ സ്ഥിരീകരണം നടത്താം. ഈ പേജിൽ മോശം ഇംഗ്ലീഷിലാണ് കാര്യങ്ങൾ എഴുതിയിരിക്കുന്നത്. [https://health.kerala.gov.in/…/NIPAH_Virus_Infection…]

അതുകൊണ്ട് ഞാൻ വീണ്ടും കേന്ദ്രസർക്കാർ പറയുന്നത് എന്തെന്ന് നോക്കി.

[7] കേന്ദ്രസർക്കാരിന്റെ ദേശീയ ആരോഗ്യ പോർട്ടലിൽ നിപ്പയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ വിശദീകരിക്കുന്നുണ്ട്. നാഷണൽ ഡിസീസ് കൺട്രോൾ സെൽ നിർദ്ദേശങ്ങളും ലോകാരോഗ്യ സംഘടനയുടെ ബുള്ളറ്റിനുകളും അടിസ്ഥാനപ്പെടുത്തി കേരളത്തിലെ ആരോഗ്യവകുപ്പ് തയ്യാറാക്കിയ മാനദണ്ഡങ്ങളാണ് ഇവ. തയ്യാറാക്കിയിരിക്കുന്നത് 2019 ജൂണിൽ. ഇതിന്റെ രണ്ടാം പേജിൽ പറയുന്നുണ്ട് രോഗസ്ഥിരീകരണം നടത്തേണ്ടത് എങ്ങനെയെന്ന്. സ്ഥിരീകരണത്തിനുള്ള കേരളത്തിലെ സ്ഥാപനം ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആണെന്ന് ഇതിൽ വ്യക്തമായി പറയുന്നുണ്ട്. 2019 ജൂൺ 3 മുതൽ പുതിയ തിരുത്തലുകൾ ഉണ്ടാകുന്നതുവരെ ഈ മാനദണ്ഡങ്ങളാണ് കേരളത്തിൽ പാലിക്കേണ്ടത് എന്ന് ഇതിന്റെ ആറാം പേജിൽ പറയുന്നു. [https://www.nhp.gov.in/NHPfiles/adph_06062019.pdf]

വീണ്ടും ദി ന്യൂസ് മിനിറ്റ് വാർത്തയിലേക്ക്.

മേല്പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ആലപ്പുഴയിലും തിരുവനന്തപുരത്തും ടെസ്റ്റ് ചെയ്ത് നിപ്പ സ്ഥിരീകരിക്കേണ്ടതാണ്. എന്തുകൊണ്ട് അത് നാം ചെയ്യുന്നില്ല? 2019ലെ ദി ന്യൂസ് മിനിറ്റ് വാർത്ത അതുവരെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ളതാണെന്ന് വ്യക്തം. ആലപ്പുഴ ലാബിൽ സ്ഥിരീകരിക്കാമെന്നുള്ള തീരുമാനവും തിരുവനന്തപുരം ലാബിന്റെ ഉദ്ഘാടനവുമൊക്കെ പിന്നീട് വന്നതാണല്ലോ. തന്നെയുമല്ല ആ റിപ്പോർട്ടിൽ തന്നെ ലാബുകൾക്ക് ഉണ്ടാകേണ്ട സൗകര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്.

ചോദ്യങ്ങൾ ഇവയാണ്.

എന്തുകൊണ്ട് മേല്പറഞ്ഞ മാനദണ്ഡങ്ങൾ പ്രകാരം കേരളത്തിൽ നിപ്പ സ്ഥിരീകരിക്കുന്നില്ല? രോഗം സ്ഥിരീകരിച്ച ശേഷവും സാമ്പിളുകൾ പൂനെയിലെ ലാബിൽ തന്നെ അയയ്ക്കുന്നത് എന്തിനാണ്? തിരുവനന്തപുരം ലാബിന് ലെവൽ 3 സൗകര്യങ്ങൾ ഇല്ലേ? ഇവിടെ ലെവൽ 4 സൗകര്യങ്ങൾ എന്നുവരും? രോഗസ്ഥിരീകരണത്തിലെ കാലതാമസത്തിന് ആരാണ് ഉത്തരവാദി? സ്ഥിരീകരണം പൂനെയിൽ നിന്ന് മാത്രമേ പറ്റൂ എന്ന വാദത്തിന്റെ അടിസ്ഥാനം എന്താണ്? അങ്ങനെയെങ്കിൽ കേരളത്തിൽ സ്ഥിരീകരണം നടത്താമെന്ന മേല്പറഞ്ഞ രേഖകളുടെ അർത്ഥമെന്താണ്? അറിയാനുള്ള അവകാശം സാധാരണക്കാർക്കുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ബിരുദ – ബിരുദാനന്തര സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകി സർക്കാർ. ഒക്ടോബർ 4 മുതൽ ടെക്‌നിക്കൽ, പോളി ടെക്‌നിക്, മെഡിക്കൽ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള ബിരുദ – ബിരുദാനന്തര സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാനാണ് സർക്കാർ അനുമതി നൽകിയത്. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

കോളേജുകളിലെത്തുന്നവർ ഒരു ഡോസ് വാക്‌സിനെങ്കിലും നിർബന്ധമായും എടുത്തിരിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അവസാന വർഷ വിദ്യാർത്ഥികളെയും അധ്യപാകരെയും മറ്റു ജീവനക്കാരേയും ഉൾക്കൊള്ളിച്ചു കൊണ്ട് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. അവസാന വർഷ വിദ്യാർത്ഥികളെയാണ് ആദ്യ ഘട്ടത്തിൽ പരിഗണിക്കുന്നത്.

സംസ്ഥാനത്ത് റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസ്സിന് മുകളിലുള്ളവർക്കുള്ള പരിശീലന സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി. ബയോ ബബിൾ മാതൃകയിലായിരിക്കും ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതെന്ന് അദ്ദേഹം അറിയിച്ചു.

ഒരു ഡോസ് വാക്‌സിനേഷനെങ്കിലും പൂർത്തിയാക്കിയ അധ്യാപകരേയും വിദ്യാർത്ഥികളേയും ഉൾക്കൊള്ളിച്ചു കൊണ്ട് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കോഴിക്കോടു നിന്നു പാലക്കാട് വഴി കോയമ്പത്തൂരിലേക്കു പുതിയ ഗ്രീൻഫീൽഡ് പാത സംബന്ധിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയിൽനിന്ന് ഉറപ്പു ലഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സംസ്ഥാന സർക്കാരിൽ നിന്നു പദ്ധതി നിർദേശം ലഭിച്ചാലുടൻ ഇക്കാര്യത്തിൽ അനുകൂല തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

വനഭൂമി ഏറ്റെടുക്കാതെ മൈസൂരുവിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന ബദൽ പാതയ്ക്കും കേന്ദ്രം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് വി മുരളീധരൻ വ്യക്തമാക്കി. നിർമാണം നടക്കുന്ന കന്യാകുമാരി മുംബൈ ദേശീയപാതയുടെ നിർമാണം വേഗത്തിലാക്കാനും കേന്ദ്രമന്ത്രി നിർദേശം നൽകി.

തലശ്ശേരി-മാഹി-വടകര ബൈപാസുകളുടെയും കോഴിക്കോട് ബൈപാസിന്റെയും പണി വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കും. മലബാർ ചേംമ്പർ ഓഫ് കോമേഴ്‌സ് ഭാരവാഹികളോടൊപ്പം നിതിൻ ഗഡ്കരിയെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് വി. മുരളീധരൻ ഇക്കാര്യങ്ങൾ അറിയിച്ചത്. ചേംമ്പർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ഹസീബ് അഹമ്മദ്, വൈസ് പ്രസിഡൻറ് നിത്യാനന്ദ് കാമത്ത്, സെക്രട്ടറി മഹബൂബ്, ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ നവ്യ ഹരിദാസ് തുടങ്ങിയവരും നിതിൻ ഗഡ്കരിയെ കാണാനെത്തിയ സംഘത്തിലുണ്ടായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഞായറാഴ്ച ലോക്ക് ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് ലോക്ക് ഡൗണും രാത്രികാല കർഫ്യുവും പിൻവലിക്കാൻ തീരുമാനിച്ചത്.

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുകയാണെന്നും ജാഗ്രത തുടർന്നാൽ പുതിയ കേസുകൾ കുറച്ചുകൊണ്ടുവരാൻ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ജനസംഖ്യയുടെ 76.15 ശതമാനം പേർക്ക് (2,18,54,153) ആദ്യ ഡോസ് വാക്‌സിനും 28.73 ശതമാനം പേർക്ക് (82,46,563) രണ്ട് ഡോസ് വാക്‌സിനും നൽകി. 45 വയസിൽ കൂടുതൽ പ്രായമുള്ള 92 ശതമാനത്തിലധികം പേർക്ക് ഒറ്റ ഡോസും 48 ശതമാനം പേർക്ക് രണ്ട് ഡോസും വാക്‌സിനേഷൻ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം: ചലച്ചിത്ര താരം മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള സിനിമയുടെ മികവിനെ ദേശാതിർത്തികൾക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടിയെന്ന് പിണറായി വിജയൻ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ നേർന്നത്.

താരമായല്ല, അഭിനേതാവ് എന്ന നിലയിൽ വിലയിരുത്തപ്പെടണമെന്ന് ആഗ്രഹിക്കുന്ന, കലയോട് അസാധാരണമായ പ്രതിബദ്ധത പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹം. ജീവിതത്തോടും കലയോടുമുള്ള ഈ നിലപാടാണ് ഇന്ന് നിൽക്കുന്ന ഉയരത്തിൽ എത്താൻ മമ്മൂട്ടിയെ പ്രാപ്തനാക്കിയത്. ആത്മാർഥതയും അദ്ധ്വാനവും കൈമുതലാക്കി മുന്നോട്ടു പോവുക എന്ന മാതൃകയാണ് വളർന്നു വരുന്ന കലാകാരന്മാർക്ക് അദ്ദേഹം സമ്മാനിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തന്റെ കലാജീവിതം എന്നും പുതുപരീക്ഷണങ്ങളാൽ തീക്ഷ്ണമായി മുന്നോട്ട് കൊണ്ടുപോകാനും മലയാള സിനിമയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. ഹൃദയപൂർവ്വം എല്ലാ ഭാവുകങ്ങളും നേരുന്നു. അദ്ദേഹത്തെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇൻഡോർ: മദ്ധ്യപ്രദേശിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി അജ്ഞാതർ. വായിലേക്ക് ആസിഡ് ഒഴിച്ചാണ് അജ്ഞാതർ തെരുവുനായ്ക്കളെ കൊന്നൊടുക്കിയത്. മധ്യപ്രദേശിലെ ഉജ്ജയിനിയിലെ മഹാലക്ഷ്മി നഗറിലാണ് സംഭവം. തെരുവു നായ്ക്കളോട് ഇത്തരമൊരു ക്രൂരത ചെയ്തവരെ കണ്ടെത്തണമെന്നാണ് നാട്ടുകാരും മൃഗസംരക്ഷണ പ്രവർത്തകരും ആവശ്യപ്പെടുന്നത്. സെപ്തംബർ രണ്ടിനാണ് അജ്ഞാതർ തെരുവുനായ്ക്കളുടെ വായിൽ ആഡിഡ് ഒഴിച്ചത്.

അജ്ഞാതരുടെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ നായ്ക്കളെ മൃഗസംരക്ഷകരെത്തി സമീപത്തെ മൃഗാശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ചത്ത നായകളെ ഉജ്ജയിൻ മുനിസിപ്പൽ കോർപ്പറേഷൻ തൊഴിലാളികൾ മറവ് ചെയ്തു. സംഭവത്തിന് പിന്നിലുള്ള കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മൃഗസംരക്ഷകർ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മിസോറാം ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. കേരളത്തിൽ എല്ലാ രംഗങ്ങളിലും സംജാതമായിട്ടുള്ള അനിശ്ചിതത്വവും, അരക്ഷിതാവസ്ഥയും മൂലം പുനർനിർമ്മിത നവകേരളത്തെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പാടെ പൊലിഞ്ഞു വീഴുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോവിഡ് വ്യാപനം തടയുന്നതിൽ ദയനീയമായി പരാജയപ്പെട്ടതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന വേളയിലാണ് നിപാ വൈറസ് മൂലം 12കാരൻ മരണപ്പെട്ട ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ആരോഗ്യക്ഷേമ പ്രവർത്തന രംഗത്തുണ്ടായിട്ടുള്ള അനിശ്ചിതാവസ്ഥ കേരളത്തെ ദുർഘട പൂർണമായ സാഹചര്യത്തിൽ എത്തിച്ചു. മൂന്നുകൊല്ലം മുമ്പ് 17 ജീവൻ കവർന്ന നിപാ ദുരന്തത്തിന്റെ പാഠങ്ങൾ പഠിച്ചില്ല. വാഗ്ദാനം ചെയ്ത ഒരു വൈറോളജി ലാബ് പോലും തുടങ്ങാൻ സർക്കാരിന് കഴിഞ്ഞില്ല. ഒരു പ്രതിരോധ സംവിധാനങ്ങളുമില്ലാതെ അമ്പൊഴിഞ്ഞ ആവനാഴിയുമായി മഹാമാരിയോട് സർക്കാർ യുദ്ധം ചെയ്യുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പൊള്ളയായ അവകാശവാദങ്ങളും മുടന്തൻ ന്യായങ്ങളായും കൊണ്ട് തടി തപ്പി രക്ഷപ്പെടാൻ സർക്കാരിന് കഴിയില്ല. സ്ത്രീപീഡനത്തിന്റെ വേദനിപ്പിക്കുന്ന സംഭവങ്ങൾ കേരളത്തിന്റെ യശസ്സിനെ വികൃതമാക്കി. ഐ.എസ്.ആർ.ഓയിലേക്ക് കൊണ്ടുവന്ന സാധനസാമഗ്രികൾ തടഞ്ഞ് 10 ലക്ഷം നോക്കുകൂലി ചോദിക്കുവാനും, നാടിന്റെ അഭിമാനമായ ബഹിരാകാശ ഗവേഷണ സ്ഥാപനത്തെ വെല്ലുവിളിക്കാനും ചില ശക്തികൾ തയ്യാറായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മഹാമാരിയും,സ്ത്രീപീഡനവും, അരാജകത്വവും, നോക്കുകൂലിയുമെല്ലാം കേരളത്തിന്റെ യശസ്സിനെ മാത്രമല്ല നിലനിൽപ്പിനെ പോലും അതീവ ഗുരുതരമായി ബാധിക്കുന്ന ഗൗരവസ്വഭാവമുള്ള പ്രശ്‌നങ്ങളാണെന്ന തിരിച്ചറിവ് കേരളസർക്കാരിന് ഉണ്ടാവണം. ഒരു നിക്ഷേപകൻ പോലും കേരളത്തിലേക്ക് വരാത്ത സ്ഥിതിവിശേഷമാണിപ്പോഴുള്ളത്. കേരളത്തെ അപകീർത്തിപ്പെടുത്തുന്നതും, വികസന മുരടിപ്പ് ഉണ്ടാക്കുന്നതുമായ ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സാഹചര്യം വിലയിരുത്താനായി യോഗം ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ വസതിയിലാണ് ഉന്നത തല യോഗം ചേർന്നത്.

പഞ്ച്ശീർ അടക്കം അഫ്ഗാനിസ്താന്റെ മുഴുവൻ നിയന്ത്രണവും തങ്ങളുടെ കൈവശമാണെന്ന താലിബാൻ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി യോഗം ചേർന്നത്. പാക് ചാര സംഘടനയായ ഐഎസ്‌ഐ അഫ്ഗാനിസ്താനിൽ നടത്തുന്ന പരസ്യ ഇടപെടലിനെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. അഫ്ഗാനിൽ കുടുങ്ങിയവരെ തിരികെ എത്തിക്കുന്ന വിഷയവും ചർച്ചയായി. അഫ്ഗാനിസ്താനിലെ പൗരൻമാർ ഇന്ത്യയിലേക്ക് വരുന്നത് തടയില്ലെന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നത്. അഫ്ഗാൻ പൗരന്മാർക്ക് ഇ വിസ സൗകര്യം കേന്ദ്രം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

അഫ്ഗാനിസ്താനിൽ എത്തിയ പാക് ചാര സംഘടന ഐഎസ്‌ഐയുടെ മേധാവി ലഫ്റ്റനൻറ് ജനറൽ ഫയിസ് ഹമീദ് സർക്കാർ രൂപീകരണത്തിനായി കാബൂളിൽ തുടരുകയാണ്. വടക്കൻ പ്രവിശ്യയിലെ സംഘർഷത്തിലും പാകിസ്താൻ കാലിബാനെ സഹായിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.