General (Page 1,418)

ന്യൂഡൽഹി: ട്രെയിനുകൾ അകാരണമായി വൈകി ഓടിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് നിർദ്ദേശം നൽകി സുപ്രിം കോടതി. 2016 ൽ കുടുംബത്തോടൊപ്പം ജമ്മുവിലേക്ക് യാത്ര ചെയ്യുമ്പോൾ ട്രെയിൻ നാല് മണിക്കൂർ വൈകിയതിനെ തുടർന്ന് നഷ്ടം നേരിട്ട യാത്രക്കാരന് നഷ്ടപരിഹാരം നൽകണമെന്ന ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ഉത്തരവ് സുപ്രീം കോടതി ശരി വെച്ചു.

ജില്ലാ ഉപഭോക്തൃ ഫോറം റെയിൽവേയുടെ സേവനത്തിലെ പോരായ്മയായാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 25000 രൂപ യാത്രക്കാരന് നഷ്ടപരിഹാരമായും 5000 രൂപ യാത്രക്കാരന് നേരിട്ട മാനസിക ക്ലേശത്തിന് പരിഹാരമായും നൽകണമെന്നായിരുന്നു ഉപഭോക്തൃ തർക്ക പരിഗാര കമ്മീഷന്റെ ഉത്തരവ്. വ്യവഹാര ചെലവും ഒരുമാസത്തിനുള്ളിൽ കൊടുക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടിരുന്നു.

ഈ നടപടിക്കെതിരെയാണ് റെയിൽവേ സുപ്രിംകോടതിയെ സമീപിച്ചത്. എന്നാൽ സുപ്രീം കോടതിയിൽ റെയിൽവേ തിരിച്ചടി നേരിടുകയായിരുന്നു. ട്രെയിൻ വൈകിയോടുന്നത് റെയിൽവേയുടെ സേവനത്തിൽ ഉണ്ടാകുന്ന വീഴ്ച്ച അല്ലെന്നായിരുന്നു അഡീഷണൽ സോളിസ്റ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചത്. എന്നാൽ നഷ്ടപരിഹാരം നൽകണമെന്ന ദേശീയ ഉപഭോക്തൃ തർക്ക പരിഹാര സമിതിയുടെ ഉത്തരവിൽ കോടതിയുടെ ഇടപെടൽ വേണ്ടെന്ന് സുപ്രീം കോടതി അറിയിച്ചു.

രാജ്യത്ത് ഒരു യാത്രക്കാരനും റെയിൽവേ ഉൾപ്പെടെ അധികൃതരുടെയും ഭരണകൂടത്തിന്റെയും കാരുണ്യത്തിനായി കാത്തു നിൽക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്ന് കോടതി നിർദ്ദേശം നൽകി. സ്വകാര്യ ഗതാഗത മേഖലയിൽ ഉൾപ്പെടെ ഉത്തരവാദിത്തവും മത്സരവുമുള്ള ഇക്കാലത്ത് പൊതുഗാതാഗത മേഖല കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കണമെന്നും കോടതി വിശദമാക്കി.

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് 56 സി-295 എംവി യാത്രാ വിമാനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകി കേന്ദ്ര മന്ത്രിസഭ സുരക്ഷാ സമിതി. സ്‌പെയിൻ ആസ്ഥാനമാക്കിയുള്ള സ്വകാര്യ കമ്പനിയിൽ നിന്നും യാത്രാ വിമാനങ്ങൾ വാങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ആദ്യമായാണ് രാജ്യത്ത് വ്യോമസേന വിമാനങ്ങളുടെ നിർമാണം ഒരു സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നത്. നിലവിൽ വ്യോമസേനയുടെ പക്കലുള്ള ആവ്രോ വിമാനങ്ങൾക്കു പകരമാകും ഇവ ഉപയോഗിക്കുക. സ്‌പെയിൻ കമ്പനിയായ കാസ 1997 ൽ വികസിപ്പിച്ച വിമാനമാണിത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന 5 മുതൽ 10 ടൺ വരെ സംഭരണശേഷിയുള്ള യാത്രാ വിമാനങ്ങളാണ് സി-295 വിമാനങ്ങൾ.

വിമാനങ്ങൾക്ക് 20,000 കോടി മുതൽ 21,000 കോടി രൂപ വരെ ചെലവ് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിമാനത്തിന്റെ ചെലവ് വിനിമയ നിരക്കിനെ ആശ്രയിച്ചിരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നു. കരാർ ഒപ്പിട്ടു 48 മാസങ്ങൾക്കകം 56 വിമാനങ്ങളിൽ 16 എണ്ണം സ്‌പെയിനിൽ പൂർണമായും തയാറാക്കി നൽകും. ശേഷിക്കുന്ന 40 എണ്ണം 10 വർഷത്തിനുള്ളിൽ ടാറ്റാ കൺസോർഷ്യം ഇന്ത്യയിൽ നിർമിച്ചു നൽകും.

രാജ്യത്ത് വ്യോമയാന മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഇത് ഊർജം പകരുമെന്നും കേന്ദ്ര സർക്കാർ വിശദമാക്കി.

തിരുവനന്തപുരം: 2021 വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷാഭവനാണ് സൗകര്യം ഏർപ്പെടുത്തിയത്. കേരള സംസ്ഥാന ഐ.ടി. മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് സംവിധാനം ഏർപ്പെടുത്തിയതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം.

എല്ലാ രേഖകളും സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കാനുള്ള സംവിധാനമാണ് ഡിജിലോക്കർ. https://digilocker.gov.in ലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം.

ആദ്യമായി രജിസ്റ്റർ ചെയ്യാൻ വെബ്സൈറ്റിൽ കയറി സൈൻ അപ് ചെയ്ത് പേരും ജനനതീയതിയും (ആധാറിൽ നൽകിയിട്ടുള്ളത്), മറ്റ് വിവരങ്ങളായ ജൻഡർ, മൊബൈൽ നമ്പർ ആറക്ക പിൻനമ്പർ (ഇഷ്ടമുള്ള ആറക്ക ഡിജിറ്റ്), ഇ-മെയിൽ ഐ.ഡി, ആധാർ നമ്പർ എന്നിവ കൊടുത്ത് സബ്മിറ്റ് ചെയ്യണം. തുടർന്ന് മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റതവണ പാസ്‌വേഡ് (OTP) കൊടുത്ത ശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർനെയിമും പാസ്‌വേഡും നൽകണം.

എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നതിനായി ഡിജിലോക്കറിൽ ലോഗിൻ ചെയ്തശേഷം ‘Get more now’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. Education എന്ന സെക്ഷനിൽ നിന്ന് ‘Board of Public Examination Kerala’ തിരഞ്ഞെടുക്കുക. തുടർന്ന് ‘Class X School Leaving Certificate’ സെലക്ട് ചെയ്യുകയും രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ലഭിക്കും.

ഡിജിലോക്കർ സംബന്ധമായ പ്രശ്ന പരിഹാരത്തിനായി സംസ്ഥാന ഐ.ടി. മിഷന്റെ സിറ്റിസൺ കാൾ സെന്ററിലെ 0471-155300 (ടോൾ ഫ്രീ) 0471-2335523 (ടോൾഫ്രീ) എന്നീ ഫോൺ നമ്പറുകളിൽ വിളിക്കാം.

പാലാ: കത്തോലിക്ക യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. കേരളത്തിൽ ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും നടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതര മതസ്ഥരായ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കുറവിലങ്ങാട് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ടുള്ള പ്രസംഗത്തിലായിരുന്നു ബിഷപ്പിന്റെ പരാമർശം.

ലൗ ജിഹാദിന്റെ ഭാഗമായി പല പെൺകുട്ടികളും മതംമാറ്റപ്പെടുന്നു. മുസ്ലിങ്ങൾ അല്ലാത്തവരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇവരെ സഹായിക്കുന്ന ഒരു സംഘം കേരളത്തിലുണ്ടെന്നും കരുതിയിരിക്കണമെന്നുമാണ് ബിഷപ്പ് വ്യക്തമാക്കിയത്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന അവസ്ഥയാണ്. ഇതര മതസ്ഥരായ യുവതികൾ ഐ.എസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ലൗവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. ഇത്തരക്കാർക്ക് നിഷിപ്ത താത്പര്യമുണ്ട്. മുസ്ലിം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ പല തരത്തിൽ ശ്രമം നടക്കുന്ന അവസ്ഥ നിലവിലുണ്ട് ഹലാൽ വിവാദമൊക്കെ ഇതിന്റെ ഭാഗമാണ്. ഈ സാഹചര്യത്തിൽ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് വിശദമാക്കി.

ഇളംപ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളിലും കോളേജിലും ഹോസ്റ്റലിലും കച്ചവടസ്ഥാപനങ്ങളിലും അങ്ങനെ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം ജിഹാദികൾ വലവിരിച്ചുവെന്ന് നാം തിരിച്ചറിയണം. നാം ഒരുപാട് വൈകിപ്പോയി. അമുസ്ലീങ്ങളെ പ്രത്യേകിച്ച് ചെറുപ്പക്കാരെ ലഹരിമരുന്നിന് അടിമയാക്കാൻ ശ്രമിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ എന്നും എതിർക്കുന്ന പാർട്ടിയാണ് സി പി എമ്മെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കെ ടി ജലീലിന് സി പി എമ്മിന്റെ പിന്തുണ ലഭിക്കുന്നില്ല എന്നത് മാദ്ധ്യമ പ്രചാരണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ വിരുദ്ധതയാണ് മുസ്ലിം ലീഗിന്റെ മുഖമുദ്ര. ആലങ്കാരികമായി സ്ത്രീകൾക്ക് പദവി നൽകുകയെന്നതാണ് ലീഗിന്റെ സമീപനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം എആർ നഗർ ബാങ്ക് ക്രമക്കേടിൽ ഇ ഡി അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ കെ ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണ് ജലീലിനെ വിളിപ്പിച്ചത്. പ്രസ്താവന നടത്തുമ്പോൾ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജലീലിനോട് ആവശ്യപ്പെട്ടതായാണ് വിവരം.

ആർ നഗർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സമെന്റ് മുമ്പാകെ ജലീൽ കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നൽകിയതിനെ മുഖ്യമന്ത്രി തള്ളിയിരുന്നു. ഇക്കാര്യം എൻഫോഴ്‌സ്‌മെന്റ് അല്ല അന്വേഷിക്കേണ്ടതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണവുമായി ജലീൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ജീവിതത്തിൽ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ലെന്നും ജലീൽ പറഞ്ഞു.

മലപ്പുറം: ലൈംഗികാധിക്ഷേപം നടത്തിയ എംഎസ്എഫ് നേതാക്കൾക്കെതിരായ പരാതിയിലെ നിയമ നടപടികൾ തുടരുമെന്ന് ഹരിത നേതാവ് മുഫിദ തെസ്നി. ആത്മാഭിമാനത്തിന് മുറിവേറ്റപ്പോഴാണ് പ്രതികരിച്ചതെന്നും മുഫിദ തെസ്‌നി വ്യക്തമാക്കി. വനിത കമ്മീഷനെ സമീപിച്ചത് ഭരണഘടനാപരമായ അവകാശമാണ്. അതിനെ അച്ചടക്ക ലംഘനമായി കണക്കാക്കാനാകില്ലെന്ന് മുഫിദ പറഞ്ഞു. എംഎസ്എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മിഷനിൽ നൽകിയ പരാതി പിൻവലിക്കാൻ അന്ത്യശാസനം നൽകിയിട്ടും ചെയ്യാത്തതിനെ തുടർന്ന് മുസ്ലിംലീഗ് ഹരിത പിരിച്ചുവിട്ടിരുന്നു. അച്ചടക്കലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ലീഗ് നേതൃത്വം ഹരിതയെ പിരിച്ചുവിട്ടത്. ഇതിന് പിന്നാലെയാണ് മുഫിദയുടെ പ്രതികരണം.

എംഎസ്എഫിനെതിരായ പോരാട്ടം ലീഗ് പ്രത്യയശാസ്ത്രത്തിന് എതിരല്ല. വനിത കമ്മിഷനിൽ നൽകിയ പരാതി പിൻവലിക്കില്ല. നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. പിരിച്ചുവിട്ടതിന് എതിരെ കോടതിയെ സമീപിക്കുമെന്നാണ് ഹരിത നേതാക്കൾ വ്യക്തമാക്കുന്നത്. അതേസമയം പാർട്ടിയിൽ സ്ത്രീപുരുഷ ഭേദമില്ലെന്നും എല്ലാവരേയും ഒന്നായി കാണുന്നതാണ് പാർട്ടിയുടെ രീതിയെന്നും എം കെ മുനീർ വ്യക്തമാക്കി. ഹരിതക്കെതിരായ നടപടി പൊതുസമൂഹം പല തരത്തിൽ ചർച്ച ചെയ്തേക്കാം. ഹരിത വിഷയത്തിൽ വിശദമായ ചർച്ചയ്ക്ക് ശേഷം ഒറ്റക്കെട്ടായാണ് പാർട്ടി തീരുമാനമെടുത്തത്. താൻ ഉൾപ്പെടെയുള്ളവരടങ്ങിയ സമിതിയാണ് തീരുമാനിച്ചത്. അതിലിനി തനിക്കൊന്നും പറയാനില്ല. ഹരിത പിരിച്ചുവിട്ടത് അന്തിമതീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി കെ നവാസും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി. അബ്ദുൾ വഹാബും നടത്തിയ ലൈംഗീക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് വനിതാ വിഭാഗമായ ഹരിതയുടെ 10 നേതാക്കൾ പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചത്.

ന്യൂഡൽഹി: ഐഎസ് ബന്ധമുള്ള മൂന്ന് മലയാളികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. മലപ്പുറം സ്വദേശി മുഹമ്മദ് അമീൻ, കണ്ണൂർ സ്വദേശി മുഷബ് അൻവർ, കൊല്ലം ഓച്ചിറ സ്വദേശി റഹീസ് റഷീദ് എന്നിവർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. ഡൽഹിയിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ അറസ്റ്റിലായവർക്കെതിരെയാണ് കുറ്റപത്രം.

സംഭവവുമായി ബന്ധപ്പെട്ട് ആകെ പത്തു പേർക്കെതിരെയാണ് എൻഐഎ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മറ്റ് ഏഴ് പേരിൽ ചിലരെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ തകർച്ചയ്ക്ക് ശേഷം മൊഹമ്മദ് ആമീൻ 2020 മാർച്ചിൽ കാശ്മീരിലെത്തി. റഹീസ് റഷീദിന്റെ കൂടി സഹായത്തോടെ കാശ്മീരിൽ നിന്ന് ധനസമാഹരണം നടത്തി. ടെലഗ്രാം, ഹൂപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങൾ വഴി ഐസിസിനു വേണ്ടി പ്രചാരണം നടത്തിയെന്നും അന്വേഷണത്തിൽ തെളിഞ്ഞു. കണ്ണൂർ താണ സ്വദേശികളായ ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെ എൻഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പ്രതികൾക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളുടെ പ്രചാരണം, ഭീകര സംഘടനയിലേക്ക് ധനസമാഹരണം നടത്തൽ, സമാന മനസ്‌കരായ യുവാക്കളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് എൻഐഎ അറിയിച്ചു.

ക്യൂബ. ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നത്. രണ്ട് വയസു മുതലുള്ള കുട്ടികൾക്കാണ് ക്യൂബയിൽ വാക്‌സിൻ നൽകി തുടങ്ങിയത്. എത്രയും വേഗം വാക്‌സിനേഷൻ നടപടികൾ പൂർത്തികരിക്കാനാണ് അധികൃതരുടെ തീരുമാനം. സ്‌കൂൾ തുറക്കുന്നതിന് മുൻപ് കുട്ടികളിലെ വാക്‌സിനേ്ഷൻ പൂർത്തീകരിക്കമമെന്നാണ് ക്യൂബ പദ്ധതിയിടുന്നത്. ഒക്ടോബർ അവസാനത്തോടെ തുറക്കാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടൽ.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാത്ത തദ്ദേശീയമായി നിർമ്മിച്ച വാക്‌സിനാണ് ക്യൂബയിൽ കുട്ടികൾക്ക് നൽകുന്നതെന്നാണ് വിവരം. അതേസമയം കുട്ടികൾക്ക് നൽകിത്തുടങ്ങിയ വാക്‌സിനുകൾ ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാക്കിയതാണെന്നും മികച്ച രോഗ പ്രതിരോധശേഷി നൽകുന്നതാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നുമാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വാക്‌സിന്റെ ഫലപ്രാപ്തി 92 ശതമാനത്തിന് മുകളിലാണെന്നും അധികൃതർ വ്യക്തമാക്കുന്നു.

ചൈന, യുഎഇ, വെനസ്വേല തുടങ്ങിയവ ഉൾപ്പടെയുള്ള രാജ്യങ്ങൾ ചെറിയ കുട്ടികൾക്കുള്ള കുത്തിവയ്പ്പ് ഉടൻ ആരംഭിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളും കുട്ടികൾക്കുളള വാക്‌സിനേഷൻ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് വിവരം.

തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിൽ വാക്‌സിൻ ഉത്പാദന മേഖല സ്ഥാപിക്കാൻ തീരുമാനം. മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വാക്‌സിൻ ഉത്പാദന യൂണിറ്റ് ആരംഭിക്കാൻ തയ്യാറാകുന്ന ആങ്കർ വ്യവസായങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കും. ലീസ് പ്രീമിയത്തിന്റെ 50 ശതമാനം സബ്‌സിഡിയോടെ 60 വർഷത്തേയ്ക്ക് പാട്ടത്തിന് ഭൂമി നൽകും. കെ.എസ്.ഐ.ഡി.സി.യുമായുള്ള പാട്ടക്കരാർ രജിസ്റ്റർചെയ്യുന്നതിന് സ്റ്റാംപ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും ഒഴിവാക്കും.

ഉപകരണങ്ങൾ, പ്ലാൻറ്, യന്ത്രങ്ങൾ എന്നിവയുടെ വിലയുടെ 30 ശതമാനം വരെയുള്ള തുക ഫിൽ ഫിനിഷ് യൂണിറ്റിന് ഒരു കോടി രൂപയ്ക്കകത്തും വാക്‌സിൻ ഉത്പാദന യൂണിറ്റിന് അഞ്ച് കോടി രൂപയ്ക്കകത്തും സബ്‌സിഡിനിരക്കിലെ മൂലധനസഹായം എന്ന നിലക്ക് നൽകും. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങൾ മുഖേന 20 വർഷത്തെ ദീർഘകാല തിരിച്ചടവ് നിശ്ചയിച്ച് ആകർഷകമായ വായ്പകൾ നൽകും. ഫിൽ ഫിനിഷ് യൂണിറ്റിനുള്ള വായ്പാ പരിധി 20 കോടി രൂപയ്ക്കകത്തും വാക്‌സിൻ ഉത്പാദന യൂണിറ്റിനുള്ള വായ്പാ പരിധി 30 കോടി രൂപയ്ക്കകത്തും നിജപ്പെടുത്തും. ആകെ വായ്പാതുക 100 കോടി രൂപയ്ക്കകത്താകും.

സംരംഭത്തിന് ഏകജാലക അനുമതിയും ഫാസ്റ്റ് ട്രാക്ക് അംഗീകാരവും 30 ദിവസത്തിനുള്ളിൽ നൽകും. ബിൽ തുകയിൽ യൂണിറ്റിന് രണ്ട് രൂപ വൈദ്യുതിനിരക്ക് സബ്‌സിഡി നൽകും. പ്രവർത്തനമാരംഭിച്ച് രണ്ടുവർഷത്തേയ്ക്കുള്ള ബിൽ തുകയിൽ വാട്ടർ ചാർജ്ജ് സബ്‌സിഡിയും നൽകും. ഉൽപ്പാദിപ്പിക്കേണ്ട വാക്‌സിൻ, ഉപയോഗിക്കേണ്ട സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യം തുടങ്ങിയവ കമ്പനികൾക്ക് തീരുമാനിക്കാം. ലൈഫ് സയൻസ് പാർക്കിൽ പൂർത്തിയാകുന്ന 85,000 ചതുരശ്ര അടി കെട്ടിടം വാക്‌സിൻ ഉൽപ്പാദന യൂണിറ്റുകൾ സ്ഥാപിക്കുവാൻ അനുയോജ്യമാണെന്ന് കമ്പനികൾ ഉറപ്പുവരുത്തിയാൽ വാർഷിക വാർഷിക പാട്ടത്തിന് നൽകും. പാർക്കിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികൾക്കുമായി പൊതു മലിനജല ശുദ്ധീകരണ പ്ലാൻറ്, സോളാർപ്ലാൻറ്, ജൈവമാലിന്യ സംസ്‌കരണ കേന്ദ്രം എന്നിവ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്പ്‌മെൻറ് കോർപ്പറേഷൻ നിർമ്മിക്കും.

കമ്പനികളെ ക്ഷണിക്കുന്നതിന് രണ്ട് വ്യത്യസ്ത താൽപര്യ പത്രം തയ്യാറാക്കും. സാങ്കേതിക സമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യതയുള്ള കമ്പനികളെ ആങ്കർ ഇൻഡസ്ട്രീസായി പരിഗണിക്കുകയും പാർക്കിൽ അവരുടെ യൂണിറ്റുകൾ സ്ഥാപിക്കാൻ ക്ഷണിക്കുകയും ചെയ്യും.

ലൈഫ് സയൻസ് പാർക്കിൽ വാക്‌സിൻ ഉൽപ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള കൺസൾട്ടൻറായി വാക്‌സിൻ പ്രൊഡക്ഷൻ യൂണിറ്റ് വർക്കിംഗ് ഗ്രൂപ്പ് അംഗവും എച്ച്. എൽ.എൽ. ബയോടെക് ലിമിറ്റഡിലെ ഉദ്യോഗസ്ഥനുമായ വിജയകുമാർ സിസ്‌ളയെ നിയമിക്കും. ഡോ. ബി. ഇക്ബാലിൻറെ നേതൃത്വത്തിലുള്ള ടീമിനെ സംസ്ഥാന വാക്‌സിൻ നയം വികസിപ്പിക്കുന്നതിൻറെ ചുമതല ഏൽപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കൊച്ചി: സ്വകാര്യ സുരക്ഷാ ഏജൻസിയായ സിസ്‌കോയുടെ ജീവനക്കാരിൽ നിന്ന് ലൈസൻസില്ലാത്ത 19 തോക്കുകളും 100 ലധികം തിരകളും പിടികൂടിയ സംഭവത്തിൽ ഏജൻസിയുടെ കേരളാ സൂപ്പർവൈസറടക്കം 19 ജീവനക്കാർ അറസ്റ്റിൽ. കളമശേരി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കാശ്മീർ രജൗരി സ്വദേശികളായ സൂപ്പർവൈസർ വിനോദ് കുമാർ, നീരജ് കുമാർ, നാട്ടെർ സിംഗ്, ഓംകാർ സിംഗ്, മുഹമ്മദ് ഹനീഫ്, അജയ് കുമാർ, രാഷ്പാൽ കുമാർ, സുരേഷ് കുമാർ, അഞ്ചൽ കുമാർ, രവികുമാർ, ഇഷ്ഫാഖ് അഹമ്മദ്, മൊഹദ് ഷഫീഖ്, നന്ദ് കുമാർ, സുഭാഷ് ചന്ദർ, നരേഷ് കുമാർ, ഷെഫീർ അഹമ്മദ്, ജസ്ബിർ സിംഗ്, ബിഷൻ കുമാർ, മൊഹദ് അഷ്റഫ് എന്നിവരാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

മുംബൈ ആസ്ഥാനമായ സുരക്ഷാ ഏജൻസിയുടെ ജീവനക്കാരെയെല്ലാം കശ്മീരിൽ നിന്നാണ് റിക്രൂട്ട് ചെയ്തിരിക്കുന്നത്. കശ്മീരിൽ നിന്നാണ് തോക്കുകളും എത്തിച്ചിരിക്കുന്നത്. ബാങ്കുകളുടെ എ.ടി.എമ്മുകളിൽ പണം നിക്ഷേപിക്കുന്നതിന്റെ സുരക്ഷാ ചുമതലയുള്ള ഏജൻസിയാണ് സിസ്‌കോ. ഏജൻസിയുടെ ഹെഡ് ഓഫീസിലും ജീവനക്കാരുടെ വാടകവീട്ടിലും ശനിയാഴ്ചയായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്. വാടകവീട്ടിൽ നിന്നാണ് തോക്കുകൾ ലഭിച്ചത്. കസ്റ്റഡിയിലെടുത്ത തോക്കുകൾക്ക് എ.ഡി.എമ്മിന്റെ ലൈസൻസില്ലെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ലൈസൻസടക്കം ഹാജരാക്കണമെന്ന് പോലീസ് ഏജൻസിയോട് ആവശ്യപ്പെട്ടു. എന്നാൽ ഏജൻസി ലൈസൻസ് ഹാജരാക്കിയില്ല. തുടർന്നാണ് ജീവനക്കാരെ അറസ്റ്റ് ചെയ്യാൻ പോലീസ് തീരുമാനിച്ചത്. തോക്കുകളുടെ രജിസ്ട്രേഷൻ കശ്മീരിലെ രജൗരി ജില്ലയിലാണ്. രജൗരി കളക്ടറുമായി പോലീസ് ആശയവിനിയം നടത്തിയിട്ടുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താനായി പ്രത്യേക സംഘം കശ്മീരിലേക്ക് പോകാനും തീരുമാനിച്ചു.