ചന്ദ്രികയുടെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ച കേസ്; കെ ടി ജലീൽ നാളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും

മലപ്പുറം: മുൻ മന്ത്രി കെ ടി ജലീൽ നാളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. ചന്ദ്രികയുടെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ടാണ് കെ.ടി. ജലീൽ എൻഫോഴ്സ്മെന്റിന് മുമ്പാകെ ഹാജരാകുന്നത്. നോട്ടീസ് നൽകിയത് പ്രകാരം തെളിവുകൾ ഹാജരാക്കുന്നതിന് വേണ്ടിയാണ് ഇഡിയ്ക്ക് മുന്നിലെത്തുന്നത്.

അതേസമയം എആർ നഗർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സമെന്റ് മുമ്പാകെ ജലീൽ കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നൽകിയതിനെ മുഖ്യമന്ത്രി തള്ളിയിരുന്നു. ഇക്കാര്യം എൻഫോഴ്സ്മെന്റ് അല്ല അന്വേഷിക്കേണ്ടതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണവുമായി ജലീൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ജീവിതത്തിൽ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ലെന്നും ജലീൽ പറഞ്ഞു.

കടം വാങ്ങിയ വകയിൽ പോലും ഒന്നും ആർക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽ വൽകരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും. മുഖ്യമന്ത്രി തനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളൻമാർക്കും വലതുപക്ഷ സൈബർ പോരാളികൾക്കും കഴുതക്കാമം കരഞ്ഞു തീർക്കാമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.