കാബൂൾ: പാകിസ്താനെതിരെ പ്രതിഷേധവുമായി അഫ്ഗാൻ പൗരന്മാർ. താലിബാൻ ഭീകരർക്ക് സഹായവും പിന്തുണയും നൽകുന്നതിനാണ് പാകിസ്താനെതിരെ പ്രതിഷേധവുമായി അഫ്ഗാൻ പൗരന്മാർ രംഗത്തെത്തിയിരിക്കുന്നത്. പഞ്ച്ശീറിൽ ആക്രമണം നടത്തുന്നതിന് താലിബാന് വേണ്ട സഹായങ്ങൾ പാക് സൈന്യം സഹായം നൽകുന്നുണ്ടെന്ന് പ്രതിരോധ സേനയുടെ നേതാവ് അഹമ്മദ് മസൂദ് അറിയിച്ചിരുന്നു. തുടർന്നാണ് പ്രതിഷേധവുമായി ജനങ്ങൾ നിരത്തിലിറങ്ങിയത്.
പാകിസ്താൻ അഫ്ഗാൻ വിട്ടു പോവുക എന്ന മുദ്രാവാക്യവും ബാനറുകളുമായി ആളുകൾ കാബൂളിലെ പാക് എംബസിക്ക് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. താലിബാൻ വെടിയുതിർത്താണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. പാക് ചാരസംഘടനയായ ഐഎസ്ഐ പ്രതിനിധി സംഘം താമസിക്കുന്ന കാബൂൾ സെറിന ഹോട്ടലിലേക്കും അഫ്ഗാൻ ജനത പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു.
പാകിസ്താൻ താലിബാൻ ഭീകരർക്ക് പരിശീലനം നൽകുന്നതായുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. താലിബാൻ സർക്കാർ രൂപവത്കരണത്തിന് മുന്നോടിയായി പാക് ചാരസംഘടനയായ ഐഎസ്ഐ മേധാവി ജനറൽ ഫൈസ് ഹമീദിന്റെ നേതൃത്വത്തിൽ ഒരു സംഘം കാബൂളിൽ എത്തിയിരുന്നു. താലിബാൻ ഭരണകൂടത്തിന് പിന്തുണ നൽകുന്നതായി പാക്കിസ്താൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബാജ്വയും വെളിപ്പെടുത്തിയിരുന്നു. ബ്രിട്ടൺ സന്ദർശനത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.

