വാക്‌സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കുറച്ച ഹൈക്കോടതി വിധി; അപ്പീൽ നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ

കൊച്ചി: കൊവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കുറച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. വാക്‌സിന്റെ ഇടവേള 84 ദിവസത്തിൽ നിന്നും 28 ദിവസമാക്കിയാണ് കുറച്ചത്. വാക്‌സിൻ സ്വീകരിക്കുന്നവർക്ക് 28 ദിവസത്തിന് ബുക്കിംഗ് സൗകര്യം കിട്ടുന്ന തരത്തിൽ കോവിൻ പോർട്ടലിൽ മാറ്റം വരുത്തണമെന്നായിരുന്നു കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ്.

വിധിക്കെതിരെ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറിയടക്കമുള്ളവരുമായി അസി. സോളിസിറ്റർ ജനറൽ ചർച്ച നടത്തിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കൊവീഷിൽഡിന്റെ രണ്ട് ഡോസുകൾക്കിടയിൽ ഇടവേള 84 ദിവസമാക്കി നിശ്ചയിച്ചത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.