കെഎസ്ആർടിസിയിൽ ഈ മാസത്തെ ശമ്പളം വൈകും; നൽകാൻ പണമില്ലെന്ന് ധനവകുപ്പ്

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഈ മാസത്തെ ശമ്പളം വൈകും. സർക്കാർ നൽകേണ്ട 65 കോടി രൂപ ധനസഹായം ഇതുവരെ നൽകിയില്ല. ധനസഹായം നൽകാൻ പണമില്ലെന്നാണ് ധനവകുപ്പ് കോർപറേഷനെ അറിയിച്ചിരിക്കുന്നത്.

ഓഗസ്റ്റ് മാസത്തിലും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വൈകിയാണ് ലഭിച്ചത്. പത്താം തീയതിയായിട്ടും ശമ്പളം നൽകാത്തതിന് ജീവനക്കാർ എം.ഡിയെ കുറ്റപ്പെടുത്തി രംഗത്തെത്തുകയും ചെയ്തിരുന്നു. അതേസമയം കെഎസ്ആർടിസിയിൽ പത്ത് വർഷമായി ശമ്പളപരിഷ്‌കരണം നടപ്പാക്കിയിട്ടില്ല. കെ സ്വിഫ്റ്റിനോടുളള തങ്ങളുടെ എതിർപ്പ് മൂലം സർക്കാർ മനപൂർവം ശമ്പളം വൈകിപ്പിക്കുകയാണെന്നാണ് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നത്.

2016 ഫെബ്രുവരി 28 ന് അവസാനിച്ച ശമ്പള കരാറിന് ശേഷം അഞ്ചര വർഷം കഴിഞ്ഞിട്ടും പുതിയ കരാറിനുളള പ്രാഥമിക ചർച്ചകൾ പോലും നടത്താൻ കഴിഞ്ഞിട്ടില്ല. ജൂൺ 30 ന് പുതിയ ശമ്പളം ലഭിക്കുമെന്ന് മുഖ്യമന്ത്രി വാക്കു നൽകിയിരുന്നെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. സർക്കാരിന്റെ നടപടികൾക്കെതിരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനും സംഘടനകൾ പദ്ധതിയിടുന്നുണ്ട്.