General (Page 1,415)

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയായതിൽ പിണറായി വിജയന് കടപ്പാടുള്ളത് ബി.ജെ.പിയോടും നരേന്ദ്ര മോദി സർക്കാരിനോടുമാണെന്ന് സുധാകരൻ പറഞ്ഞു. ബി.ജെ.പിയുടെ അന്ധമായ കോൺഗ്രസ് വിരോധമാണ് രണ്ടാം പിണറായി സർക്കാരിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം ഡി.സി.സിയിൽ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ബി.ജെ.പി-സി.പി.എം സഖ്യത്തെ നേരിടാൻ കോൺഗ്രസിന് പുതിയ മുഖവും ശൈലിയും നൽകാനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷത്തെ കുരുക്കിലാക്കാവുന്ന ഒരവസരവും ബി.ജെ.പി വിനിയോഗിക്കുന്നില്ല. അന്വേഷണ ഏജൻസികൾ തലങ്ങും വിലങ്ങും കയറി ഇറങ്ങിയിട്ടും ഒരു തൂവൽ പോലും ഇളകിയില്ലെന്ന് അദ്ദേഹം വിമർശിച്ചു. എന്തിന്റെ ഉറപ്പിലാണ് പിണറായി നിൽക്കുന്നതെന്ന് ഊഹിക്കാവുന്നതാണ്. ലാവ്ലിൻ കേസ് എത്ര തവണയാണ് സുപ്രീംകോടതി മാറ്റിവെച്ചത്. ഈ കേസിൽ സി.ബി.ഐയുടെ നിലപാട് മാറ്റത്തിന് പിന്നിൽ കേന്ദ്ര സർക്കാരിന്റെ ഗൈഡൻസുണ്ടെന്നാണ് സുധാകരൻ ആരോപിക്കുന്നത്.

കണ്ണൂർ സർവകലാശാല പി.ജി സിലബസിൽ വിവാദ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഗോൾവാൾക്കറെ പഠിപ്പിക്കണമെന്ന് തീരുമാനിച്ചത് ഉന്നതവിദ്യാഭ്യാസ മന്ത്രിയും സിൻഡിക്കേറ്റ് അംഗങ്ങളും സി.പി.എം നേതൃത്വവും അറിഞ്ഞെടുത്ത തീരുമാനമാണ്. ആർ.എസ്.എസിനെ ഒപ്പം നിർത്താൻ സി.പി.എം സർവകലാശാലയെ കൂട്ടുപിടിക്കുകയാണെന്നും ബി.ജെ.പി- സി.പി.എം ധാരണയുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ഹരിത മുൻ സംസ്ഥാന സെക്രട്ടറി മിന ജലീൽ. ഫേസ്ബുക്കിലൂടെയാണ് മിനാ ജലീൽ ഇക്കാര്യം വ്യക്തമാക്കിയത്. ആക്ഷേപിച്ചവരുടെ പ്രയോഗങ്ങൾ തെറ്റായി തോന്നാത്തത് ഭീകരമായ അവസ്ഥയാണെന്നും ഹരിതയുടെ വാദത്തിന് മുസ്ലിം ലീഗ് പുല്ലുവില നൽകിയില്ലെന്നും മിന പറഞ്ഞു.

ഫാറൂഖ് കോളേജാണ് ലീഗ് എന്താണെന്നും, എം എസ് എഫ് എങ്ങനെയാണെന്നും, ഹരിത എന്തിനാണെന്നും പഠിപ്പിച്ചു തന്നത്. പിടിച്ച കൊടി തെറ്റിയിട്ടില്ലെന്ന് ഇന്നും വിശ്വസിക്കുന്നു കാരണം ഈ പ്രസ്ഥാനത്തിന്റെ അഭിമാനകരമായ അസ്ഥിത്വം മുന്നോട്ട് വയ്ക്കുന്ന ആദർശം പഠിച്ചാണ് ലീഗ് കാരിയായത്. ഫാറൂഖ് കോളേജിന്റെ മണ്ണിൽ നിന്നും വിദ്യാർത്ഥി യൂണിയന്റെ ആദ്യ ചെയർപേഴ്സണായി ചരിത്രത്തിന്റെ ഭാഗമായി ഈ പ്രസ്ഥാനത്തിന്റെ ആർജവമുള്ള നിലപാടായതിൽ ഏറെ അഭിമാനമുണ്ടെന്നും മിന വ്യക്തമാക്കി.

ഇന്ന് സെപ്റ്റംബർ 11, ഹരിത നിലവിൽ വന്നിട്ട് പത്തുവർഷം തികയുന്നു. പടിയിറങ്ങുകയാണ് സംതൃപ്തിയോടെ അഭിമാനത്തോടെ. അതിലേറെ ആർജ്ജവത്തോടെ ഈ സമരവുമായ് മുന്നോട്ട് പോകുക തന്നെ ചെയ്യും. പ്രഖ്യാപിക്കാനിരിക്കുന്ന സംസ്ഥാന കമ്മറ്റിക്ക് ആശംസകൾ അറിയിക്കുന്നുവെന്നും മിന ഫേസ്ബുക്കിൽ കുറിച്ചു.

ഹരിത നേതാക്കളെ അപമാനിച്ച പി കെ നവാസിനെയും മറ്റുള്ളവരെയും മുസ്ലിം ലീഗ് സംരക്ഷിച്ചു. ഇപ്പോഴും ഷാഫി ചാലിയം അടക്കമുള്ളവർ പരാതിക്കാരെ അപമാനിച്ചു കൊണ്ടിരിക്കുന്നു. ഹരിതയ്ക്ക് മുസ്ലിം ലീഗിലെ ഗ്രൂപ്പുകളുടെ പിന്തുണയില്ല .ആൺ അഹന്തയ്ക്ക് മുന്നിൽ അടിയറവ് പറയില്ല. നിലപാടുകളിൽ ഉറച്ചു നിന്ന് പരാതിയുമായി മുന്നോട്ടു പോകുമെന്നും മിന കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച്ച നടത്തി തുഷാർ വെള്ളാപ്പള്ളി. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ആദ്യം തുറന്നു പറഞ്ഞത് എസ് എൻ ഡി പി യോഗമാണെന്ന് അദ്ദേഹം പറഞ്ഞു. ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സത്യം പറയുന്നവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.

ബിഡിജെഎസിന് ലഭിക്കേണ്ട ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളെ കുറിച്ചു ബിജെപി ദേശീയ അധ്യക്ഷനുമായി വിശദമായ ചർച്ച നടത്തി. സ്ഥാനങ്ങളിലേക്കുള്ള പട്ടിക ജെ പി നദ്ദയ്ക്ക് കൈമാറിയെന്നും തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. അനുകൂല നടപടി ഉണ്ടാകുമെന്ന് ജെപി നദ്ദ ഉറപ്പു നൽകിയെന്നും സംസ്ഥാനത്ത് എൻഡിഎ യെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചു ചർച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പിഎഫ് അക്കൗണ്ടിൽ നിന്നും കോടികളുടെ വെട്ടിപ്പ് നടത്തിയ മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തു. കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ജീവനക്കാർക്കു വേണ്ടിയുള്ള പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് 2.71 കോടി രൂപ വെട്ടിച്ചതിനാണ് നടപടി.

ലോക്ക്ഡൗൺ സമയത്ത് ഉണ്ടായ പ്രതിസന്ധി തരണം ചെയ്യുന്നതിനു വേണ്ടി കേന്ദ്ര സർക്കാർ പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിരവധി ഇളവുകൾ നൽകിയിരുന്നു. ഈ ഇളവുകൾ മറയാക്കിയാണ് ഉദ്യോഗസ്ഥർ കോടികളുടെ തട്ടിപ്പ് നടത്തിയത്. എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ വിജിലൻസ് വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തത്.

കണ്ടീവലി റീജിയണൽ ഓഫീസിലെ സീനിയർ സോഷ്യൽ സെക്യൂരിറ്റി ഓഫീസർ ചന്ദൻ കുമാർ സിൻഹയാണ് തട്ടിപ്പിന് പിന്നിലെ സൂത്രധാരനെന്ന് സിബിഐ അറിയിച്ചു. കോയമ്പത്തൂർ, ചെന്നൈ മേഖലാ ഓഫീസുകളിലെ അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർമാരായ ഉത്തം ടാഗറേയും വിജയ് ജാർപെയുമാണ് ഇയാളുടെ സഹായികൾ. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന വിവരം അന്വേഷിക്കുകയാണെന്നും സിബിഐ വ്യക്തമാക്കി.

മെയ് 18 നാണ് ഈ തട്ടിപ്പിനെ കുറിച്ച് പി എഫ് വിജിലൻസുകാർക്ക് വിവരം ലഭിക്കുന്നത്. ലോക്ക്ഡൗൺ സമയത്ത് നിരവധി സ്വകാര്യ കമ്പനികൾ തങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യം മുതലാക്കി കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് പൂട്ടിപോയ കമ്പനികളുടെ അക്കൗണ്ടിൽ രജിസ്റ്റർ ചെയ്ത ശേഷം ഇവരുടെ പേരിൽ പണം തട്ടിയെടുക്കുകയായിരുന്നു പ്രതികൾ. ലോക്ക്ഡൗൺ സമയമായതിനാൽ 5 ലക്ഷത്തിനു കീഴിലുള്ള സംഖ്യ പിൻവലിക്കുന്നതിന് മേൽ ഉദ്യോഗസ്ഥരുടെ അനുമതി വേണ്ടെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. ഇത് മനസിലാക്കി 2.75 ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലുള്ള സംഖ്യയാണ് ഇവർ ഓരോ തവണയും പിൻവലിച്ചിരുന്നത്. അങ്ങനെ രണ്ടു കോടിയിലധികം രൂപ ഇവർ തട്ടിയെടുത്തു.

കോട്ടയം: പാലാ ബിഷപ്പ് മാർ ജോസഫ് കള്ളറങ്ങാട്ടിന്റെ നാർക്കോട്ടിക്‌സ് ജിഹാദ് പരാമർശത്തെ തള്ളി യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുവാൻ അൾത്താര ഉപയോഗിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സുവിശേഷം സ്നേഹത്തിന്റെതാണ്, വിദ്വേഷത്തിന്റേതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കംകൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ അഭിനന്ദിച്ച് മറ്റൊരു കുറിപ്പും ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. നാർക്കോട്ടിക് പ്രശ്നത്തിന് ഒരു മതത്തിന്റെയും നിറം കൊടുക്കരുതെന്നും അതിന്റെ നിറം സാമൂഹ്യ വിരുദ്ധതയുടേതാണെന്നുമുള്ള പിണറായിയുടെ നിലപാടിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

മോസ്‌കോ: അഫ്ഗാനിലെ പുതിയ താലിബാൻ സർക്കാരിന്റെ ഉദ്ഘാടന ചടങ്ങിൽ റഷ്യ പങ്കെടുക്കില്ല. റഷ്യൻ ഗവൺമെന്റിന്റെ ആസ്ഥാനമായ ക്രെംലിനാണ് ഇക്കാര്യം അറിയിച്ചത്. താലിബാൻ സർക്കാരിന്റെ ഉദ്ഘാടന ചടങ്ങിൽ അംബാസഡർ തലത്തിലുള്ള ഉദ്യോഗസ്ഥർ രാജ്യത്തെ പ്രതിനിധാനം ചെയ്യുമെന്ന് റഷ്യയുടെ പാർലമെന്റിന്റെ ഉപരിസഭയുടെ സ്പീക്കർ പറഞ്ഞിരുന്നതായാണ് ആർ.ഐ.എ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നത്.

പാകിസ്ഥാൻ, ചൈന, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങളെ പുതിയ സർക്കാർ രൂപീകരണ ചടങ്ങിൽ പങ്കെടുക്കാൻ താലിബാൻ ക്ഷണിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത വന്നിരുന്നു. അഫ്ഗാനിൽ ഇപ്പോഴും തങ്ങളുടെ എംബസികൾ പ്രവർത്തിപ്പിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഉൾപ്പെടുന്നവയാണ് ഈ മൂന്ന് രാജ്യങ്ങളും. അഫ്ഗാൻ വിഷയത്തിലെ റഷ്യയുടെയും ചൈനയുടെയും നീക്കങ്ങളെ ലോകരാജ്യങ്ങൾ ഏറെ ശ്രദ്ധയോടെ നീരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

യു.എൻ ഭീകരപ്പട്ടികയിലുളള താലിബാൻ നേതാവ് മുല്ല മുഹമ്മദ് ഹസ്സൻ അഖുന്ദിനെയാണ് തങ്ങളുടെ ഇടക്കാല സർക്കാരിന്റെ നേതാവായി താലിബാൻ തെരഞ്ഞെടുത്തത്. താലിബാൻ സഹസ്ഥാപകൻ അബ്ദുൾ ഗനി ബരാദറാണ് ഉപനേതാവ്. ആഭ്യന്തരത്തിന്റെ ചുമതല നൽകയിരിക്കുന്ന ഹഖാനി ഗ്രൂപ്പിനാണ്. സിറാജുദ്ദീൻ ഹഖാനിയ്ക്കാണ് ആഭ്യന്തര മന്ത്രി സ്ഥാനം.

ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയിൽ നിർണായക നേട്ടം കരസ്ഥമാക്കി കേരളം. നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് ഏർപ്പെടുത്തിയ ‘ഇന്ത്യ റാങ്കിംഗ് 2021’ ൽ നൂറു മികച്ച കോളജുകളിൽ പത്തൊമ്പതെണ്ണവും കേരളത്തിലാണുള്ളത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് പട്ടിക പുറത്തു വിട്ടത്. സഹമന്ത്രിമാരായ അന്നപൂർണ ദേവി, സുഭാസ് സർക്കാർ, ഡോ. രാജ് കുമാർ രഞ്ജൻ സിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഐഐടി മദ്രാസാണ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് രണ്ടാം സ്ഥാനവും ഐഐടി ബോംബെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഐഐടി ഡൽഹി, ഐഐടി കാൺപൂർ, ഐഐടി ഖരഗ്പൂർ, ഐഐടി റൂർക്കി, ഐഐടി ഗുവാഹത്തി, ജെഎൻയു, ബനാറസ് ഹിന്ദു സർവ്വകലാശാല എന്നിവയാണ് പട്ടികയിൽ ആദ്യ പത്തു സ്ഥാനങ്ങൾ നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠം പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്ത് ഇടം നേടി. കേരളാ യൂണിവേഴ്‌സിറ്റി 43 -ാം സ്ഥാനവും എംജി സർവ്വകലാശാല 52 -ാം സ്ഥാനവും കരസ്ഥമാക്കി. കുസാറ്റിന് 65 -ാം സ്ഥാനവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയ്ക്ക് 95 -ാം സ്ഥാനവുമാണ് ലഭിച്ചത്.

മികച്ച സർവ്വകലാശാലകളിൽ ബംഗളൂരു ഐഐഎസ്, ജെഎൻയു, ബനാറസ് ഹിന്ദു സർവ്വകലാശാല, കൽക്കത്ത യൂണിവേഴ്‌സിറ്റി, അമൃത വിശ്വവിദ്യാപീഠം എന്നിവ പട്ടികയിൽ ആദ്യ അഞ്ചു സ്ഥാനങ്ങൾ നേടി.

മികച്ച കോളജുകളിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് 25-ാം സ്ഥാനത്താണുള്ളത്. എറണാകുളം രാജഗിരിക്ക് 31-ാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് 44 -ാം സ്ഥാനത്താണ്., എറണാകുളം സെന്റ് തെരേസാസ് 45 സ്ഥാനത്തും തിരുവനന്തപുരം ഗവ. വിമൺ കോളേജ് 46 -ാം സ്ഥാനത്തും എറണാകുളം എസ്.എച്ച് കോളജ് 63 സ്ഥാനത്തുമുണ്ട്. തൃശ്ശൂർ സെന്റ് തോമസ് കോളജ് 64 -ാം സ്ഥാനവും കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളജ് 69 -ാം സ്ഥാനവും കോഴിക്കോട് ഫറൂഖ് കോളജ് 73 -ാം സ്ഥാനവും ചങ്ങനാശേരി എസ്.ബി കോളജ് 79 -ാം സ്ഥാനവും തിരുവല്ല മാർത്തോമ കോളജ് 80 -ാം സ്ഥാനവും കാസർകോട് ഗവ. കോളജ് 82 -ാം സ്ഥാനവും കോതമംഗലം മാർ അത്താനാസിയോസ് 86 -ാം സ്ഥാനവും ആലപ്പുഴ ബിഷപ്പ് മൂർ 89 -ാം സ്ഥാനവും കോട്ടയം ബിസിഎം 89 -ാം സ്ഥാനവും കരസ്ഥമാക്കി.

എറണാകുളം മഹാരാജാസ് കോളജ് 92 -ാം സ്ഥാനത്താണുള്ളത്. കോട്ടയം സിഎംഎസ് കോളജ് 93 -ാം സ്ഥാനവും കണ്ണൂർ ഗവ. ബ്രണ്ണൻ കോളജ് 97 -ാം സ്ഥാനവും പാലക്കാട് ഗവ. വിക്ടോറിയ കോളജ് 99 -ാം സ്ഥാനവും നേടി.

തിരുവനന്തപുരം: നാർക്കോട്ടിക്സ് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. അപ്രിയ സത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താക്കളായെന്നും മുരളീധരൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോസഫ് മാഷിന്റെ കൈവെട്ടിയ കാലംകഴിഞ്ഞു. ജിഹാദികളെ പിന്തുണയ്ക്കുന്നവർ അത് മനസ്സിലാക്കണം. കേരളത്തിൽ നാർക്കോട്ടിക്ക് ജിഹാദ് ഉണ്ടോയെന്ന് കേന്ദ്രസർക്കാരിന് അറിവുണ്ടോയെന്ന് അന്വേഷിച്ച് പറയാമെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പിനെതിരെ ചില രാഷ്ട്രീയ നേതാക്കൾ നടത്തുന്ന പരാമർശങ്ങൾ അപ്രിയസത്യങ്ങൾ പറയുന്നവർക്കെതിരെ നടക്കുന്ന അക്രമമായി കണക്കാക്കപ്പെടും. ആക്രമിച്ചതുകൊണ്ട് സത്യങ്ങൾ ഇല്ലാതാകില്ല. ക്രൈസ്തവ സമൂഹത്തിനിടയിൽ നിലനിൽക്കുന്ന ആശങ്കയാണ് ബിഷപ്പ് പങ്കുവെച്ചത്. കേരളത്തിലെ ഹിന്ദു സമൂഹത്തിനിടയിലും കാലാകാലങ്ങളായി ഈ ആശങ്ക നിലനിൽക്കുന്നുണ്ട്. ബിഷപ്പിന്റെ പരാമർശത്തെ എതിർത്തവർ ഐഎസ് വക്താക്കളാണോ എന്ന് വ്യക്തമാക്കണം. നാർക്കോട്ടിക് ജിഹാദ് പുതിയ വാക്കാണെന്നാണ് ചിലരുടെ വാദം. ഭീകര സംഘടനകളുടെ പ്രധാന വരുമാന മാർഗ്ഗം ലഹരിക്കടത്താണ്. കേരളത്തിൽ ലഹരിക്കടത്ത് വർദ്ധിക്കുന്നുവെന്നാണ് മാദ്ധ്യമ വാർത്തകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: എഐസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് കുരുക്ക് മുറുകുന്നു. ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് കെ സി വേണുഗോപാലിനെതിരെ നിർണായക തെളിവുകൾ പരാതിക്കാരി സിബിഐയ്ക്ക് കൈമാറി. പീഡന ദൃശ്യങ്ങളും ടെലഫോൺ സംഭാഷണങ്ങളും ചികിത്സ രേഖകളും ഉൾപ്പെടെയുള്ള തെളിവുകളാണ് പരാതിക്കാരി സിബിഐയ്ക്ക് നൽകിയതെന്നാണ് വിവരം.

അന്വേഷണ സംഘത്തിന്റെ തലവനായ ഡിവൈഎസ്പി രൺധീർ സിംഗ് ഷഖാവത്തിനാണ് പരാതിക്കാരി തെളിവുകൾ കൈമാറിയത്. പരാതിക്കാരി നൽകിയ രേഖകൾ അന്വേഷണ സംഘം ഉടൻ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനു ശേഷമാണ് കേസിൽ തുടർ നടപടികൾ സ്വീകരിക്കുക. കെ സി വേണുഗോപാൽ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് സോളാർ കേസിലെ പരാതിക്കാരി കൂടിയായ യുവതി നൽകിയിരിക്കുന്ന മൊഴി. പീഡനത്തെ തുടർന്ന് തനിക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നതായും പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്.

തിരുവനന്തപുരം സിബിഐ ഓഫീസിൽ എത്തിയാണ് പരാതിക്കാരി വേണുഗോപാലിനെതിരെ മൊഴി നൽകിയത്. അന്വേഷണത്തിന് ഭാഗമായി വീണ്ടും വിളിപ്പിക്കുമെന്നും മാദ്ധ്യമങ്ങളുമായി വിവരങ്ങൾ പങ്കു വെക്കരുതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പരാതിക്കാരിയോട് നിർദ്ദേശിച്ചു. കെ സി വേണുഗോപാൽ, ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി, ഉമ്മൻചാണ്ടി, എ പി അനിൽകുമാർ, ഹൈബി ഈഡൻ, അടൂർ പ്രകാശ് ഉൾപ്പെടെ അഞ്ചു പേർക്ക് എതിരെയാണ് ബലാത്സംഗ പരാതി നൽകിയത്.

തൃശ്ശൂർ: കളരി അഭ്യസിക്കാനായി കരസേനാംഗങ്ങൾ തൃശൂരിലെത്തി. തൃശ്ശൂരിലെ പാവറട്ടി എളവള്ളിയിലെ ശ്രീഗുരുകുലം കളരിയിലാണ് പന്ത്രണ്ട് അംഗ കരസേനാസംഘം ആയോധനകല അഭ്യസിക്കുന്നതിന് വേണ്ടി എത്തിയിരിക്കുന്നത്. കരസേനയുടെ പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായാണ് സൈനിക സംഘം കളരി അഭ്യസിക്കാൻ തൃശൂരിലെത്തിയത്. 11 മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും സംഘത്തിലുള്ളത്. ഇതിൽ മൂന്ന് പേർ കളരി നേരത്തെ പഠിച്ചിട്ടുണ്ട്.

ബംഗളൂരുവിലെ പട്ടാളക്യാമ്പിൽ നിന്നും ബറ്റാലിയൻ ഹവിൽദാറുടെ നേതൃത്വത്തിലാണ് സംഘം കളരിപ്പയറ്റ് അഭ്യസിക്കുന്നതിനായി സംസ്ഥാനത്തെത്തിയത്. നാല് മാസമായി ആരംഭിച്ച ആയോധന കളരി അഭ്യാസത്തിൽ നിന്ന് ഹൃദിസ്ഥമാക്കിയ ചുവടുകളും അടവുകളും ചെന്നൈയിലും ബെംഗളൂരുവിലും നടന്ന സൈനിക അഭ്യാസ പ്രദർശനത്തിൽ ഇവർക്ക് പ്രശംസ നേടിക്കൊടുത്തിരുന്നു.

കളരി ആയോധനകലകൾ സൈനിക ക്യാമ്പിലെ അഭ്യാസമുറകളിൽ ഉൾപ്പെടുത്തുന്നതിനെപ്പറ്റിയുള്ള ആലോചനയുടെ ഭാഗമായാണ് കരസേനാംഗങ്ങൾ തൃശൂരിലെത്തിയതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചനകൾ. അഞ്ച് കളരി ഗുരുക്കളുടെ നേതൃത്വത്തിൽ മുഴുവൻ സമയ പരിശീലനമാണ് സൈനികർക്ക് നൽകുന്നത്. കുറുവടി ഉപയോഗിക്കുന്ന പയറ്റിലും കുന്തപ്പയറ്റിലും സൈനികർ പരിശീലനം പൂർത്തിയാക്കി. പരിക്കുകളെ സ്വയം മറികടക്കാനുള്ള മർമ്മ ചികിത്സയിലും സൈനികർക്ക് പരിശീലനം നൽകും.വാളും പരിചയും ഉറുമിയും ഉപയോഗിച്ചായിരുന്നു സൈനികർക്ക് ആദ്യം ആയുധ പരിശീലനം നൽകിയത്. വ്യത്യസ്ത വശങ്ങളിൽ നിന്നുള്ള ആക്രമണം ചെറുക്കാൻ പാകത്തിനു ചുമട്ടടിയിലും സൈനികർക്ക് പരിശീലനം നൽകി.

ആദ്യസംഘത്തിന്റെ പരിശീലനം പൂർത്തിയായ ശേഷം കൂടുതൽ സൈനികർക്ക് പരിശീലനം നൽകുമെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. മെയ്പ്പയറ്റിലുള്ള പരിശീലനവും പൂർത്തിയാക്കി ഈ മാസം പകുതിയോടെ സൈനികർ ബംഗളൂരുവിലെ ക്യാമ്പിലേക്ക് മടങ്ങുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.