അഫ്ഗാനിലെ പുതിയ താലിബാൻ സർക്കാരിന്റെ ഉദ്ഘാടന ചടങ്ങിൽ റഷ്യ പങ്കെടുക്കില്ല; നീക്കങ്ങൾ നിരീക്ഷിച്ച് ലോകരാജ്യങ്ങൾ

മോസ്‌കോ: അഫ്ഗാനിലെ പുതിയ താലിബാൻ സർക്കാരിന്റെ ഉദ്ഘാടന ചടങ്ങിൽ റഷ്യ പങ്കെടുക്കില്ല. റഷ്യൻ ഗവൺമെന്റിന്റെ ആസ്ഥാനമായ ക്രെംലിനാണ് ഇക്കാര്യം അറിയിച്ചത്. താലിബാൻ സർക്കാരിന്റെ ഉദ്ഘാടന ചടങ്ങിൽ അംബാസഡർ തലത്തിലുള്ള ഉദ്യോഗസ്ഥർ രാജ്യത്തെ പ്രതിനിധാനം ചെയ്യുമെന്ന് റഷ്യയുടെ പാർലമെന്റിന്റെ ഉപരിസഭയുടെ സ്പീക്കർ പറഞ്ഞിരുന്നതായാണ് ആർ.ഐ.എ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നത്.

പാകിസ്ഥാൻ, ചൈന, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങളെ പുതിയ സർക്കാർ രൂപീകരണ ചടങ്ങിൽ പങ്കെടുക്കാൻ താലിബാൻ ക്ഷണിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത വന്നിരുന്നു. അഫ്ഗാനിൽ ഇപ്പോഴും തങ്ങളുടെ എംബസികൾ പ്രവർത്തിപ്പിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഉൾപ്പെടുന്നവയാണ് ഈ മൂന്ന് രാജ്യങ്ങളും. അഫ്ഗാൻ വിഷയത്തിലെ റഷ്യയുടെയും ചൈനയുടെയും നീക്കങ്ങളെ ലോകരാജ്യങ്ങൾ ഏറെ ശ്രദ്ധയോടെ നീരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

യു.എൻ ഭീകരപ്പട്ടികയിലുളള താലിബാൻ നേതാവ് മുല്ല മുഹമ്മദ് ഹസ്സൻ അഖുന്ദിനെയാണ് തങ്ങളുടെ ഇടക്കാല സർക്കാരിന്റെ നേതാവായി താലിബാൻ തെരഞ്ഞെടുത്തത്. താലിബാൻ സഹസ്ഥാപകൻ അബ്ദുൾ ഗനി ബരാദറാണ് ഉപനേതാവ്. ആഭ്യന്തരത്തിന്റെ ചുമതല നൽകയിരിക്കുന്ന ഹഖാനി ഗ്രൂപ്പിനാണ്. സിറാജുദ്ദീൻ ഹഖാനിയ്ക്കാണ് ആഭ്യന്തര മന്ത്രി സ്ഥാനം.