തിരുവനന്തപുരം: നാർക്കോട്ടിക്സ് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. അപ്രിയ സത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താക്കളായെന്നും മുരളീധരൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോസഫ് മാഷിന്റെ കൈവെട്ടിയ കാലംകഴിഞ്ഞു. ജിഹാദികളെ പിന്തുണയ്ക്കുന്നവർ അത് മനസ്സിലാക്കണം. കേരളത്തിൽ നാർക്കോട്ടിക്ക് ജിഹാദ് ഉണ്ടോയെന്ന് കേന്ദ്രസർക്കാരിന് അറിവുണ്ടോയെന്ന് അന്വേഷിച്ച് പറയാമെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ്പിനെതിരെ ചില രാഷ്ട്രീയ നേതാക്കൾ നടത്തുന്ന പരാമർശങ്ങൾ അപ്രിയസത്യങ്ങൾ പറയുന്നവർക്കെതിരെ നടക്കുന്ന അക്രമമായി കണക്കാക്കപ്പെടും. ആക്രമിച്ചതുകൊണ്ട് സത്യങ്ങൾ ഇല്ലാതാകില്ല. ക്രൈസ്തവ സമൂഹത്തിനിടയിൽ നിലനിൽക്കുന്ന ആശങ്കയാണ് ബിഷപ്പ് പങ്കുവെച്ചത്. കേരളത്തിലെ ഹിന്ദു സമൂഹത്തിനിടയിലും കാലാകാലങ്ങളായി ഈ ആശങ്ക നിലനിൽക്കുന്നുണ്ട്. ബിഷപ്പിന്റെ പരാമർശത്തെ എതിർത്തവർ ഐഎസ് വക്താക്കളാണോ എന്ന് വ്യക്തമാക്കണം. നാർക്കോട്ടിക് ജിഹാദ് പുതിയ വാക്കാണെന്നാണ് ചിലരുടെ വാദം. ഭീകര സംഘടനകളുടെ പ്രധാന വരുമാന മാർഗ്ഗം ലഹരിക്കടത്താണ്. കേരളത്തിൽ ലഹരിക്കടത്ത് വർദ്ധിക്കുന്നുവെന്നാണ് മാദ്ധ്യമ വാർത്തകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

