General (Page 1,414)

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസിന് പിന്തുണയുമായി കോൺഗ്രസ് എംപി ശശി തരൂർ. വിമർശനാത്മകമായി ഗോൾവാൾക്കറും സവർക്കറും സിലബസിൽ ഉൾപ്പെടുന്നതിൽ തെറ്റില്ലെന്നാണ് ശശി തരൂർ പറയുന്നത്. ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ വായിക്കൂ എങ്കിൽ സർവകലാശാലയിൽ പോയിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിലബസിൽ ഇത്തരം വിഷയങ്ങൾ ഉൾപ്പെടുത്തിയാൽ അധ്യാപകർ പഠിപ്പിക്കുമ്പോൾ വിദ്യാർഥികൾ ഇതൊക്കെ യാഥാർഥ്യമാണെന്ന് വിശ്വസിക്കും എന്നാണ് ചിലർ പറയുന്നത്. എന്നാൽ ഇത്തരത്തിലുള്ള സാഹചര്യം ഇല്ലാതാക്കാൻ അധ്യാപകർക്ക് ഉത്തരവാദിത്തമുണ്ട്. സവർക്കറും ഗോൾവാൾക്കറും പുസ്തകം എപ്പോൾ എഴുതി, ആ സമയത്ത് ലോകത്ത് എന്തായിരുന്നു സംഭവിച്ചുകൊണ്ടിരുന്നത്, എന്താണ് അവരുടെ വിശ്വാസം എന്നതൊക്കെ മനസ്സിലാക്കി വിമർശനാത്മകമായി പുസ്തകത്തെ മനസ്സിലാക്കുന്നതിൽ ഒരു തെറ്റും കാണുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആ പുസ്തകം മാത്രമായിരുന്നു സിലബസിൽ ഉൾപ്പെടുത്തിയിരുന്നതെങ്കിൽ അത് ശരിയല്ലായിരുന്നു. എന്നാൽ പല പുസ്തകങ്ങൾക്കിടയിൽ ഈ പുസ്തകങ്ങളും ഉണ്ട്. ഒരു യൂണിവേഴ്‌സിറ്റിക്കകത്ത് കയറിക്കഴിഞ്ഞാൽ പല അഭിപ്രായങ്ങളും ഉണ്ടാകും. അങ്ങനെ വരുമ്പോൾ ഒരു പുസ്തകം ഒരു സർവകലാശാലയിൽ ഉണ്ടാകരുതെന്ന് പറയാൻ സാധിക്കില്ല. വിദ്യാർഥികൾക്ക് എല്ലാം വായിക്കാം, എല്ലാം ചർച്ച ചെയ്യാം എന്നുണ്ടെങ്കിൽ അതിൽ തെറ്റില്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

കോട്ടയം: നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടില്ലിനെ പിന്തുണച്ച് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. സാമൂഹ്യതിന്മയ്‌ക്കെതിരായ ജാഗ്രതയാണ് ബിഷപ്പ് ഉയർത്തിയതെന്ന് ജോസ് കെ മാണി പറഞ്ഞു. മയക്കുമരുന്ന് സാമൂഹ്യ വിപത്താണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും ബിഷപ്പിനെ ആക്ഷേപിക്കുന്നവർ കേളത്തിന്റെ മതസാഹോദര്യവും സമാധാനവും തകർക്കാൻ ശ്രമിക്കുകയാണന്നും അദ്ദേഹം വ്യക്തമാക്കി.

ബിഷപ്പിന്റെ വാക്കുകൾ ചിലർ വളച്ചൊടിച്ചു. മയക്കുമരുന്ന് എന്ന സാമൂഹ്യ വിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രതാ നിർദേശം നൽകുകയുമാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ചെയ്തത്. സാമൂഹ്യതിന്മകൾക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവൽക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിർവഹിച്ചിട്ടുണ്ട്. സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങൾക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനിൽപ്പ് ലഹരിമാഫിയകൾക്ക് എതിരെയും രൂപപ്പെടണം. അതിന് സഹായകരമായ ആഹ്വാനത്തിന്റെ പേരിൽ അദ്ദേഹത്തെ ആക്ഷേപിക്കുന്നവർ കേരളത്തിന്റെ മതസാഹോദര്യവും സമാധാന അന്തരീക്ഷവുമാണ് തകർക്കാൻ ശ്രമിക്കുന്നത്. അത് എതിർക്കപ്പെടേണ്ടതുണ്ടെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടു.

പിതാവിന്റെ വാക്കുകൾ വളച്ചൊടിച്ച് ഉപയോഗിക്കുന്നത് സമൂഹത്തിന്റെ പൊതുവായ താൽപര്യങ്ങൾക്ക് വിപരീതമാണ്. മയക്കുമരുന്ന് കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ ഭീഷണി എന്നതിൽ തർക്കമില്ല. കേരളം അഭിമാനകരമായ മതമൈത്രി പുലർത്തുന്ന നാടാണ്. വ്യത്യസ്ത മതവിഭാഗങ്ങൾക്ക് ഇടയിലുള്ള സാഹോദര്യം നിലനിർത്താൻ നാമെല്ലാവരും കൂട്ടായി ശ്രമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഹമ്മദാബാദ്: ഭൂപേന്ദ്ര പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ഞായറാഴ്ച ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമറാണ് പ്രഖ്യാപനം നടത്തിയത്.

ശനിയാഴ്ച വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തുടർന്നാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും തീരുമാനമനുസരിച്ചാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 13 നാണ് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. ഘട്ലോദിയയിൽ നിന്നുള്ള എംഎൽഎയാണ് ഭൂപേന്ദ്ര പട്ടേൽ. 1.1 ലക്ഷം വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. നേരത്തെ അഹമ്മദാബാദ് അർബൻ ഡവലപ്മെന്റ് അതോറിറ്റി ചെയർമാനായിരുന്നു അദ്ദേഹം.

കാലാവധി അവസാനിക്കാൻ ഒരു വർഷം ബാക്കിയിരിക്കേ അപ്രതീക്ഷിതമായിരുന്നു വിജയ് രൂപാണി രാജിവെച്ചത്. കോവിഡ് പ്രതിസന്ധിയെ നേരിടുന്നതിൽ രൂപാണി പൂർണ പരാജയമായിരുന്നു എന്ന ആരോപണം ഉയർന്നിരുന്നു. ഗുജറാത്ത് ബിജെപി സംസ്ഥാനാധ്യക്ഷൻ സി.ആർ. പാട്ടീലുമായി ഭിന്നതകളുണ്ടായതും രൂപാണിക്ക് തിരിച്ചടിയായെന്നാണ് വിവരം. ഉദ്യോഗസ്ഥർക്കെതിരേ എം.എൽ.എ.മാർ രംഗത്തുവന്നതിനാൽ പാർട്ടിക്ക് മേൽനോട്ട സംവിധാനം ഉണ്ടാക്കേണ്ടിവന്നു. ബിജെപി എംഎൽഎമാരെ ഒന്നിച്ചു കൊണ്ടുപോകുന്നതിൽ അദ്ദേഹം പരാജയപ്പെട്ടെന്നും ഉദ്യോഗസ്ഥരുടെ മേലുള്ള നിയന്ത്രണം അദ്ദേഹത്തിന് നഷ്ടപ്പെട്ടുവെന്നും ചില കേന്ദ്രങ്ങളിൽ നിന്ന് വിമർശനങ്ങളുണ്ടായിരുന്നു.

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാലയിലെ സിലബസിനെ ചൊല്ലിയുണ്ടായ വിവാദത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വിവാദമായ സിലബസ്സ്, പ്രശ്‌നം നിറഞ്ഞതാണെന്നതു തന്നെയാണ് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ കാഴ്ചപ്പാടെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

രാഷ്ട്രീയചിന്ത എന്നാൽ മതജാതിബദ്ധമായ ചിന്തയാണെന്ന കാഴ്ചപ്പാടിലാണ് സിലബസ്സ് തയ്യാറാക്കിയിട്ടുള്ളത് എന്ന് പ്രഥമദൃഷ്ട്യാതന്നെ സംശയിക്കാൻ ഇട നൽകുന്ന വിധത്തിലാണ് സിലബസിലെ നല്ലൊരു ഭാഗം. മറ്റു പല കാഴ്ചപ്പാടുകൾക്കും അതിൽ ഇടം നൽകിയിട്ടില്ല. ഇന്ത്യൻ രാഷ്ട്രീയചിന്തയിലെ എല്ലാ ധാരകളും വിമർശനാത്മകമായി പരിശോധിക്കാനും നിഗമനങ്ങളിൽ എത്താനും കുട്ടികൾക്ക് കഴിവ് നൽകാൻ ഉതകുന്നതാകണം സിലബസ്. ചില പരികല്പനകൾ തമ്മിൽ മാത്രമുള്ള സംവാദത്തിലൂടെ രാഷ്ട്രീയചിന്തയെ പരിചയപ്പെടുത്തുന്നത് പരിമിതിയാണ്. വിജ്ഞാനവിപുലീകരണത്തിന് വേണ്ടി നിലകൊള്ളേണ്ട സിലബസ് അങ്ങനെ ആയിക്കൂടെന്ന് മന്ത്രി വ്യക്തമാക്കി.

വർഗ്ഗീയവിഭജന അജണ്ടകൾക്ക് ശക്തി കിട്ടാൻ സിലബസുകൾ കാരണം ആയിക്കൂടെന്ന സാമൂഹ്യകാഴ്ചപ്പാടും സർക്കാരിനുണ്ട്. സെക്യുലർ ഇടമായി തുടരേണ്ട ക്‌ളാസ്സുറൂമുകളെ വിഭാഗീയചിന്തകളുടെ വേദിയാക്കുന്നത് അപകടകരമാകും. വിമർശനാത്മകപഠനത്തിനായിപോലും വർഗ്ഗീയ നിലപാടുകളുള്ള ലേഖനങ്ങൾ ഔദ്യോഗിക സിലബസ്സിന്റെ ഭാഗമാകുന്നത് ദോഷം ചെയ്യും. ഭരണഘടനാമൂല്യങ്ങൾക്ക് വിരുദ്ധമായ കൃതികൾ സിലബസ്സിൽ ഉണ്ടാകുന്നത് ശരിയല്ലെന്ന് ബിന്ദു ചൂണ്ടിക്കാട്ടി.

ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഈ കാഴ്ചപ്പാടുകൾ സർവ്വകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. തുടർന്ന് അവർ നൽകിയ റിപ്പോർട്ടിൽ അവരുടെ ഭാഗത്തുനിന്നുള്ള പുനരാലോചന അറിയിച്ചു. സർവ്വകലാശാലകളുടെ പ്രവർത്തനങ്ങളിൽ, അവർക്കുള്ള ജനാധിപത്യപരമായ സ്വയംഭരണാവകാശം മറന്ന് ഇടപെടൽ ഞങ്ങളുടെ കാഴ്ചപ്പാടല്ല. അതിനാൽ, പൊതുസംവാദത്തിലേക്ക് വന്ന വിഷയം പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ സിലബസിൽ മാറ്റങ്ങൾ വരുത്തുമെന്നുമുള്ള സർവ്വകലാശാലയുടെ മറുപടിയെ വിശ്വാസത്തിലെടുക്കുകയാണ്. അവരുടെ നടപടികൾ വരട്ടെയെന്നും സിലബസിന്റെ സാമൂഹ്യകാഴ്ചപ്പാട് കൈവിടുന്ന സമീപനങ്ങൾ ഉണ്ടായാൽ ഉന്നതവിദ്യാഭ്യാസവകുപ്പ് തിരുത്തുമെന്നതിൽ ഒരു സംശയവും വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുംബൈ: കോൺഗ്രസ് നേതാക്കളെ കുറ്റപ്പെടുത്തി എൻസിപി നേതാവ് ശരദ് പവാർ. പഴയ പ്രതാപകാലം അയവിറക്കുന്ന ജന്മിയെപ്പോലെയാണ് കോൺഗ്രസെന്ന് അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് കശ്മീർ മുതൽ കന്യാകുമാരി വരെ ഭരിച്ചിരുന്ന പാർട്ടിയായിരുന്നു കോൺഗ്രസെന്നും എന്നാൽ ഇന്ന് അതല്ല സ്ഥിതിയെന്നും ശരദ് പവാർ വ്യക്തമാക്കി.

കോൺഗ്രസ് നേതാക്കൾ ഈ യാഥാർത്ഥ്യം അംഗീകരിക്കുന്നില്ല. ഒരു മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉത്തർപ്രദേശിലെ ഒരു ജമീന്ദാരെപ്പറ്റി ഞാൻ ഒരു കഥ പറഞ്ഞിരുന്നു. ഒരുപാട് ഭൂമിയും വലിയ വീടുമൊക്കെയുള്ള ഒരു ജന്മിയുണ്ടായിരുന്നു അയാൾ. പക്ഷെ ഭൂപരിധി നിയമം വന്നപ്പോൾ അയാളുടെ ഭൂമി വെറും 15-20 ഏക്കറായി ചുരുങ്ങി. പക്ഷേ അയാൾ അത് അംഗീകരിക്കില്ല. ദിവസവും രാവിലെ എഴുന്നേറ്റ് ഇക്കാണുന്ന ഭൂമി എല്ലാം എനിക്ക് സ്വന്തമാണെന്നാണ് അയാൾ പറയുന്നത്. ഇതാണ് കോൺഗ്രസിന്റെ മാനസികനിലയെന്ന് ശരദ് പവാർ ചൂണ്ടിക്കാട്ടി. സ്വന്തം വീട്ടിലെ അറ്റകുറ്റപ്പണികൾ പോലും നടത്താൻ സാധിക്കാത്ത സ്ഥിതിയിലാണ് അയാൾ എന്നും ശരദ് പവാർ വിശദമാക്കി.

ഒരു കാലത്ത് കോൺഗ്രസ് കരുത്തുള്ളവരായിരുന്നു. ഇന്നത്തെപ്പോലെ 40-45 എംപിമാരല്ല, അന്ന് 140 എംപിമാരുണ്ടായിരുന്നു. നമ്മൾ ഇപ്പോഴും ഈ പഴയ കോൺഗ്രസിനെയാണ് കാണുന്നത്. ഇന്നത്തെ കോൺഗ്രസ് അതിന്റെ അടുത്തെവിടെയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ട്രെയിനിൽ വൻ കവർച്ച. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനിലാണ് കവർച്ച നടന്നത്. പണവും സ്വർണ്ണവും മൊബൈലും ഉൾപ്പെടെയുള്ള വസ്തുക്കളാണ് കവർച്ച ചെയ്യപ്പെട്ടത്. നിസാമുദീൻ-തിരുവനന്തപുരം എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന കൗസല്യ, വിജയലക്ഷ്മി, മകൾ ഐശ്വര്യ എന്നിവരാണ് കവർച്ചക്കിരയായത്. തമിഴ്‌നാട് സ്വദേശികളാണ് ഇവർ.

വിജയലക്ഷ്മിയുടെ പക്കൽ ഉണ്ടായിരുന്ന 10 പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും പണവുമാണ് കവർച്ച ചെയ്യപ്പെട്ടത്. ട്രെയിൻ ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയപ്പോഴാണ് മൂന്നു സ്ത്രീകളെ അബോധാവസ്ഥയിൽ റെയിൽവേ ജീവനക്കാർ കണ്ടെത്തിയത്. തുടർന്ന് ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില മെച്ചപ്പെട്ടതിന് ശേഷം മാത്രമെ വിശദമായ മൊഴി രേഖപ്പെടുത്താൻ കഴിയൂവെന്ന് പോലീസ് അറിയിച്ചു.

മയക്കുമരുന്ന് ചേർത്ത ഭക്ഷണം നൽകിയോ സ്‌പ്രേ ഉപയോഗിച്ചോ സ്ത്രീകളെ ബോധരഹിതരാക്കിയതിന് ശേഷമാണ് കവർച്ച നടന്നിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. പുറത്തു നിന്ന ഭക്ഷണം വാങ്ങി കഴിച്ചിരുന്നുവെന്ന് ഇവർ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

ബാംഗ്ലൂർ: കോടതി ശിക്ഷിച്ച മഅ്ദനിക്ക് വേണ്ടി കേരള നിയമസഭ പ്രമേയം പാസാക്കിയെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ ആരോപണത്തിന് മറുപടിയുമായി അബ്ദുനാസർ മഅ്ദനി. ഏത് കോടതിയാണ് തന്നെ ശിക്ഷിച്ചതെന്ന് മുരളീധരൻ വ്യക്തമാക്കണമെന്ന് മഅ്ദനി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മഅ്ദനിയുടെ പ്രതികരണം.

കേന്ദ്രമന്ത്രിക്കും അൽപ്പം പരിസരബോധവും നിയമവിവരവും ആകാവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഏത് കോടതിയാണ് ശിക്ഷിച്ചതെന്നും എപ്പോഴായിരുന്നു അതെന്നും മഅ്ദനി ചോദിച്ചു. വല്ലപ്പോഴുമൊക്കെ സത്യവും പറഞ്ഞു ശീലിക്കുന്നത് നല്ലതാണ്. മാന്യന്മാരൊക്കെ ഇരിന്നിട്ടുള്ള പദവിയോട് അൽപമെങ്കിലും നീതി കാട്ടലാകാമല്ലോയെന്നും മഅ്ദനി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കേന്ദ്രമന്ത്രി ക്കും കുറച്ചു പരിസരബോധവും നിയമവിവരവുമൊക്കെ ആകാവുന്നതാണ്….
ഏത് കോടതിയാണ് ശിക്ഷിച്ചത്?
എപ്പോഴായിരുന്നു അത് ?
വല്ലപ്പോഴുമൊക്കെ സത്യവും പറഞ്ഞു ശീലിക്കുന്നത് നല്ലതാണ്
മാന്യന്മാരൊക്കെ ഇരിന്നിട്ടുള്ള പദവിയോട് അല്പമെങ്കിലും നീതി കാട്ടലാകാമല്ലോ?…..

കോഴിക്കോട്: കരിപ്പൂർ വിമാനപകടം ഉണ്ടായത് പൈലറ്റിന്റെ പിഴവ് മൂലമെന്ന് അന്വേഷണ റിപ്പോർട്ട്. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എയർക്രാഫ്റ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ചു.

റൺവെയുടെ പകുതി കഴിഞ്ഞ്, സുരക്ഷാ മേഖലയും കഴിഞ്ഞ ശേഷമാണ് വിമാനം ലാൻഡ് ചെയ്തത്. മുന്നറിയിപ്പുകൾ നൽകിയിട്ടും വിമാനം അമിത വേഗത്തിൽ മുന്നോട്ട് പോയെന്നാണ് റിപ്പോർട്ടിൽ വിശദമാക്കുന്നത്. പൈലറ്റിന് ഗോ എറൗണ്ട് നിർദ്ദേശം ഉണ്ടായിരുന്നിട്ടും അത് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും റിപ്പോർട്ടിലുണ്ട്.

വിമാനത്തിന്റെ ഇരുവശങ്ങളിലെ ടാങ്കുകളിൽ നിന്നും ഇന്ധന ചോർച്ചയുണ്ടായി. എന്നാൽ ആഘാത്തിന് ശേഷം തീപിടിത്തമുണ്ടാകാനുളള സാധ്യത ഉണ്ടായിരുന്നില്ലെന്നും വിമാനത്തിൽ സാങ്കേതിക പിഴവും തള്ളിക്കളയാനാവില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

veena

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് ചികിത്സാ സംവിധാനങ്ങൾക്ക് പുറമേ കനിവ് 108 ആംബുലൻസുകൾ കൂടി സജ്ജമാക്കി. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ 290 ആംബുലൻസുകളാണ് കോവിഡ് അനുബന്ധ സേവനങ്ങൾ നൽകുന്നത്. എന്നാൽ മൂന്നാം തരംഗം മുന്നിൽ കണ്ട് നിരത്തിലോടുന്ന 316 കനിവ് 108 ആംബുലൻസുകളേയും 1500 ജീവനക്കാരേയും സജ്ജമാക്കിയതായി വീണാ ജോർജ് വ്യക്തമാക്കി.

ഏതെങ്കിലുമൊരു സാഹചര്യം ഉണ്ടായാൽ മുഴുവൻ 108 ആംബുലൻസുകളും കോവിഡ് അനുബന്ധ സേവനങ്ങൾക്ക് ഉപയോഗിക്കാവുന്ന സംവിധാനവുമൊരുക്കിയിട്ടുണ്ട്. അതേസമയം കോവിഡിതര സേവനങ്ങൾക്കും പ്രാധാന്യം നൽകും. കേസുകളുടെ ആവശ്യകതയനുസരിച്ച് 108 ആംബുലൻസിന്റെ കൺട്രോൾ റൂം ഇതനുസരിച്ച് ക്രമീകരണം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ 4,29,273 പേർക്കാണ് കനിവ് 108 ആംബുലൻസുകൾ കോവിഡ് അനുബന്ധ സേവനങ്ങൾ നൽകിയത്. 2020 ജനുവരി 29 മുതലാണ് കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്ക് കനിവ് 108 ആംബുലൻസുകളുടെ സേവനം ലഭ്യമാക്കി തുടങ്ങിയത്. 19 മാസം പിന്നിടുമ്പോൾ 3,11,810 കോവിഡ് അനുബന്ധ ട്രിപ്പുകളാണ് ഓടിയത്. കൺട്രോൾ റൂം ജീവനക്കാരായ എമർജൻസി റെസ്പോൺസ് ഓഫീസർമാർ, ആംബുലൻസ് ജീവനക്കാരായ എമർജൻസി മെഡിക്കൽ ടെക്നീഷ്യന്മാർ, പൈലറ്റുമാർ എന്നിവരുടെ കൂട്ടായ പ്രയത്നമാണ് ഇതിന് പിന്നിലെന്ന് മന്ത്രി വ്യക്തമാക്കി.

പാലക്കാട് ജില്ലയിലാണ് ഏറ്റവും അധികം ആളുകൾക്ക് സേവനം നൽകിയത്. ഇവിടെ 81427 ആളുകൾക്ക് കോവിഡ് അനുബന്ധ സേവനങ്ങൾ എത്തിക്കാൻ കനിവ് 108 ആംബുലൻസുകൾക്ക് കഴിഞ്ഞു. തിരുവനന്തപുരം 39615, കൊല്ലം 29914, പത്തനംതിട്ട 14169, ആലപ്പുഴ 11534, കോട്ടയം 24718, ഇടുക്കി 12477, എറണാകുളം 23465, തൃശൂർ 35488, മലപ്പുറം 46906, കോഴിക്കോട് 33876, വയനാട് 19646, കണ്ണൂർ 29658, കാസർകോട് 26380 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ കോവിഡ് അനുബന്ധ സേവനം ലഭ്യമാക്കിയവരുടെ കണക്കുകൾ.

ഈ കാലയളവിൽ കോവിഡ് ബാധിതരായ മൂന്ന് യുവതികളുടെ പ്രസവം കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആംബുലൻസിനകത്ത് നടന്നിരുന്നു. കൂടാതെ നിലവിൽ കോഴിക്കോട് നിപ പ്രതിരോധ പ്രവർത്തനങ്ങളിലും കനിവ് 108 ആംബുലൻസുകളുടെ സേവനം ലഭ്യമാക്കി വരികയാണ്. ഇതിനായി നാല് കനിവ് 108 ആംബുലൻസുകൾ കോഴിക്കോട് വിന്യസിച്ചിട്ടുണ്ട്. 30 ട്രിപ്പുകളിൽ നിന്നായി 38 ആളുകൾക്ക് നിപ അനുബന്ധ സേവനം ഒരുക്കാൻ കനിവ് 108 ആംബുലൻസുകൾക്ക് സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: യുഡിഎഫ് വിട്ട് ഇടതുമുന്നണിയിൽ ചേരാനുള്ള തീരുമാനം ജോസ് പക്ഷത്തിന് ഗുണം ചെയ്തിട്ടുണ്ടാകാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് (എം) വിഭാഗത്തിന്റെ കടന്നുവരവ് എൽഡിഎഫിന് ഗുണം ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തേക്ക് എത്താനുള്ള കേരളാ കോൺഗ്രസ് എമ്മിന്റെ തീരുമാനം യുഡിഎഫിനെ ക്ഷയിപ്പിച്ചു എന്ന കാര്യം വസ്തുതയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി, മൂവാറ്റുപുഴ എന്നിവടങ്ങളിലെ തോൽവി സംബന്ധിച്ച് പരിശോധന നടത്തി തിരുത്തൽ വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെയും കേരളാ കോൺഗ്രസ് (എം) വിഭാഗത്തിനെതിരെ സിപിഎം രംഗത്തെത്തിയിരുന്നു. ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ എത്തിയെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ മുന്നണിക്കായില്ല എന്ന തരത്തിലുള്ള പരാമർശങ്ങളാണ് നേരത്തെ സിപിഐയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതിന്റെ തുടർച്ചയായാണ് കാനം രാജേന്ദ്രന്റെ പ്രതികരണം.

ജോസ് പക്ഷത്തിന്റെ മുന്നണിമാറ്റത്തെ മികച്ച തീരുമാനമായിട്ടാണ് സിപിഎം വിലയിരുത്തുന്നത്. പാലായിലടക്കം സംഭവിച്ച തോൽവിയിൽ സിപിഎമ്മിനെതിരെ കേരളാ കോൺഗ്രസ് (എം) ആരോപണം ഉന്നയിക്കുന്നുണ്ട്. പാർട്ടി ചെയർമാൻ കൂടിയായ ജോസ് കെ മാണി പാലായിൽ മാണി സി കാപ്പനെതിരെ പരാജയപ്പെടാൻ കാരണം ഒരു വിഭാഗത്തിന്റെ കാലുവാരൽ ആണെന്ന നിലപാടാണ് ജോസ് പക്ഷത്തിനുള്ളതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം കേരളാ പോലീസിൽ ആർഎസ്എസ് ഗ്യാങ്ങ് പ്രവർത്തിക്കുന്നുണ്ടെന്ന ആനി രാജയുടെ പ്രസ്താവനയെ പിന്തുണച്ച് പ്രതികരണം നടത്തിയ ഡി രാജയെയും കാനം രാജേന്ദ്രൻ പിന്തള്ളി. ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനത്തിന്റെ ലംഘനമാണ് ആനി രാജ നടത്തിയത്. കേരളവും ഉത്തർപ്രദേശും ഒരു പോലെയല്ലെന്നും ജനറൽ സെക്രട്ടറിയുടെ ഭാഗത്ത് കുഴപ്പമുണ്ടെങ്കിൽ വിമർശനം നടത്താമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കൗൺസിലിലെ ചർച്ചയുടെ വികാരം ജനറൽ സെക്രട്ടറിയെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.