General (Page 1,416)

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാലയിലെ സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികരായ ഗോൾവാൾക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയ വിഷയത്തിൽ പ്രതികരണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ ഒത്താശ ചെയ്ത സിപിഎമ്മിന്റെ നിലപാട് മതേതര കേരളത്തെ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധത്തിലെ ഒരേടു മാത്രമാണ് കണ്ണൂർ സർവകലാശാല സിലബസ് വിവാദമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ രംഗത്തെ ആർഎസ്എസിന്റെ തൊഴുത്തിൽക്കെട്ടാനുള്ള ഏതു നീക്കവും ചെറുത്തിരിക്കും. കണ്ണൂർ യൂണിവേഴ്‌സിറ്റി ഭരിക്കുന്ന എസ്എഫ്‌ഐ ഈ വിഷയത്തിൽ മൗനം ഭജിക്കുന്നതും യൂണിയൻ ചെയർമാൻ സിലബിസിനെ പരസ്യമായി പിന്തുണച്ചതും സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ നാട്ടിലെ സർവകാലാശാലയിൽ ഹൈന്ദവ അജണ്ട ഉൾപ്പെടുത്തി വിദ്യാഭ്യാസത്തെ കാവിവത്കരിക്കാൻ ശ്രമിച്ചിട്ടും മുഖ്യമന്ത്രി ഉത്തരവാദിത്വം സർവകലാശാലയുടെ തലയിൽ കെട്ടിവച്ച് കൈകഴുകി. വിദ്യാഭ്യാസ മന്ത്രിയും അതു തന്നെ ചെയ്തു. മതനിരപേക്ഷതയുടെ അപ്പോസ്‌ത്തോലരെനന്ന് സ്വയം വാദിക്കുമ്പോഴാണ് ഈ ഉരുണ്ടുകളിയെന്നത് വിചിത്രമാണ്. മഹാത്മഗാന്ധിയെയും നെഹ്‌റുവിനെയും തമസ്‌ക്കരിച്ച് വർഗീയവാദികളെ പ്രകീർത്തിക്കുന്ന ബിജെപി ശൈലി തന്നെയാണ് സിപിഎമ്മും എസ്എഫ്‌ഐയും സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിജി സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികരായ ഗോൾവാൽക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തി ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് കണ്ണൂർ സർവകലാശാല പിന്നോട്ട് പോയതും വിവാദ വിഷയം പഠിക്കാൻ രണ്ടംഗ സമിതിയെ നിയമിക്കാൻ തയ്യാറായതും കെഎസ്‌യു, യൂത്ത്‌കോൺഗ്രസ് സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ്. എന്നാൽ ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാൻ സാധിക്കില്ല. ബോർഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്ന ആക്ഷേപം ശക്തമാണ്. സിലബസ് രൂപീകരണത്തിൽ വേണ്ടത്ര ചർച്ചകൾ നടത്താതെ പ്രത്യേക താൽപ്പര്യം മാത്രമാണ് പരിഗണിച്ചതെന്നും ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും സുധാകരൻ വിശദമാക്കി.

പിണറായി വിജയന്റെ അടിമക്കൂട്ടമായി അധഃപതിച്ച ഭരണപക്ഷ വിദ്യാർത്ഥി സംഘടനകൾ സംഘപരിവാറിനനുകൂലമായി നിന്നപ്പോൾ വിദ്യാർത്ഥി പക്ഷത്ത് നിന്നു കൊണ്ട് സർവ്വകലാശാലയിലെ കാവിവത്കരണത്തിനെതിരെ പ്രതിഷേധമുയർത്തിയ സമര ഭടൻമാർക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ അറിയിക്കുന്നു. സവർക്കറെയും ഗോൾവൾക്കറെയും പഠിക്കണമെന്ന് പറഞ്ഞ എസ്എഫ്‌ഐയുടെ മുഖത്തേറ്റ അടി കൂടിയാണ് നമ്മുടെ കുട്ടികളുടെ സമര വിജയം. എന്നാൽ ഏതു നിമിഷവും ഈ താൽക്കാലിക മരവിപ്പിക്കൽ പിൻവലിച്ചേക്കാം. സംഘ പരിവാർ കൈയ്യും കാലും കെട്ടിയിട്ട ഒരു മുഖ്യമന്ത്രിയുടെ പാവക്കൂത്ത് ആണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്. പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഒളിഞ്ഞും തെളിഞ്ഞുമുള്ള ആർഎസ്എസ് ബന്ധം കേരള സമൂഹം പലവട്ടം കണ്ടിട്ടുള്ളതാണ്. ഏറ്റവുമൊടുവിൽ ആർഎസ്എസ് വോട്ട് വാങ്ങി തുടർ ഭരണം നേടിയതിനുള്ള പ്രതിഫലമാകാം സംഘപരിവാറിന് പ്രിണറായി വിജയൻ നൽകിക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര വകുപ്പിനെ കാവി പുതപ്പിച്ചതിനു ശേഷം വിദ്യാഭ്യാസ മേഖലയിലും സംഘപരിവാറിന്റെ വിഷം കുത്തിവെയ്ക്കാനുള്ള വിജയന്റെ ശ്രമങ്ങൾ അപലപനീയമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയുടെ എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്‌സ് പ്രോഗ്രാം കോഴ്‌സിൽ ഗുരുജിയുടെ ‘രാഷ്ട്ര വിചാരം’ പാഠ്യ വിഷയം ആക്കാനുള്ള നീക്കം കുത്സിത ശ്രമവും ചരിത്ര ബോധത്തിന്റെ അഭാവവുമായി മാത്രമേ കാണാനാകൂവെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഗുരുജിയുടെ ഗ്രന്ഥങ്ങൾ എന്ന പേരിൽ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്ന രണ്ട് ഗ്രന്ഥങ്ങളും ഗുരുജി രചിച്ചതല്ല എന്നതാണ് രസകരമായ വസ്തുതയെന്ന് അദ്ദേഹം പറഞ്ഞു.

‘We or Our Nationhood Defined’ എന്ന പുസ്തകത്തിലെ 3 അദ്ധ്യായങ്ങൾ പാഠ്യ വിഷയമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് വീര സവർക്കരുടെ സഹോദരൻ ഗണേശ് ദാമോദര സവർക്കർ മറാത്തിയിൽ എഴുതിയ രാഷ്ട്ര മീമാംസ എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷ മാത്രമാണ്. പരിഭാഷകൻ ഗുരുജി ആണെന്ന് മാത്രം. അതാണ് ഗുരുജിയുടെ രചന എന്ന നിലയിൽ പാഠ്യ വിഷയമാക്കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രണ്ടാമത്തേത് ‘വിചാരധാര’യിൽ നിന്നുള്ള ‘ആഭ്യന്തര ഭീഷണി’ എന്ന അധ്യായമാണ്. ഈ ഗ്രന്ഥവും ഗുരുജി എഴുതിയതല്ല. പുസ്തകത്തിനൊപ്പമുള്ള പ്രസാധക കുറിപ്പിൽ തന്നെ ഇക്കാര്യം വ്യക്തമായി എഴുതിയിട്ടുണ്ട്. ചരിത്ര ബോധമില്ലാതെ ഇതും ഗുരുജിയുടെ രചനയായി എണ്ണുകയാണ്. ഗുരുജിയെപറ്റിയും അദ്ദേഹത്തിന്റെ ദർശനങ്ങളെ കുറിച്ചും പഠിപ്പിക്കണമെങ്കിൽ അദ്ദേഹത്തിന്റെ മൗലിക കൃതികൾ നിരവധിയുണ്ട്. ആർ.എസ്.എസിന്റെ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖായിരുന്ന ആർ. ഹരിയേട്ടൻ എഡിറ്റ് ചെയ്ത് 12 വല്യ വാല്യങ്ങളിലായി ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഷകളിലും പുറത്തിറക്കിയ ശ്രീഗുരുജി സാഹിത്യ സർവ്വസ്വം ലഭ്യമാണ്. അതിൽ ഉള്ള കാര്യങ്ങൾ ആണ് ഗുരുജിയുടെ അഭിപ്രായങ്ങൾ അതുവഴി ആർ.എസ്.എസിന്റേതും. അല്ലാതെ മറ്റുള്ളവർ എഴുതിയതിന് മറുപടി പറയേണ്ട ബാധ്യത ആർ.എസ്.എസിനില്ലെന്ന് അദ്ദേഹം വിശദമാക്കി.

ഏതെങ്കിലും ദർശനം പഠിക്കുന്നത് കൊണ്ട് ആകാശം ഇടിഞ്ഞു വീഴുമെന്ന ചിന്തയുമില്ല. അത് ആർ എസ്.എസിന്റെ ചെലവിൽ വേണ്ടന്നെ ഉള്ളൂ. ചരിത്ര ബോധമില്ലാതെ അസത്യം പ്രചരിപ്പിക്കുന്നവരുടെ അജണ്ട മറ്റെന്തോ ആണെന്ന കാര്യം സംശയമില്ല. വിവാദത്തിലൂടെ വ്യക്തിഹത്യയാണ് ഇവർ ലക്ഷ്യമിടുന്നത്. അതിന് അറിഞ്ഞോ അറിയാതെയോ ചിലർ കയ്യടിക്കുകയാണ്. അവരോട് കൂടിയാണ്. ഇതിന് പിന്നിൽ ഗൂഡ അജണ്ട ഉണ്ടെന്ന് നിങ്ങളും തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

pinarayi

തിരുവനന്തപുരം: സംസ്ഥാനത്ത് ആശ്വാസം നൽകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടിപിആറിന്റെയും പുതുതായി ഉണ്ടായ കേസുകളുടെയും വളർച്ചാ നിരക്ക് യഥാക്രമം 8 ശതമാനവും 10 ശതമാനവും കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെപ്റ്റംബർ 3 മുതൽ 9 വരെയുള്ള കാലയളവിൽ, ശരാശരി സജീവ കേസുകൾ 2,42,278 ആണ്. അതിൽ 13 ശതമാനം മാത്രം രോഗികളാണ് ആശുപത്രി, ഡി.സി.സി., സി.എഫ്.എൽ.ടി.സി., സി.എസ്.എൽ.ടി.സി. എന്നിവിടങ്ങളിൽ ചികിത്സയിലുള്ളത്. ആകെ രോഗികളിൽ 2 ശതമാനം പേർക്ക് മാത്രമേ ഈ കാലയളവിൽ ഓക്‌സിജൻ കിടക്കകൾ വേണ്ടിവന്നിട്ടുള്ളൂ. ആകെ രോഗികളിൽ ഒരു ശതമാനം മാത്രമേ ഐ.സി.യുവിലുള്ളൂ. ഈ കാലയളവിൽ 1,87,561 പുതിയ കേസുകളാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 21,000 കേസുകളും കുറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സെപ്റ്റംബർ 30 നകം 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. 18 വയസ്സിനു മുകളിലുള്ള 78.03 ശതമാനം പേർക്ക് (2,23,94,059) ഒരു ഡോസ് വാക്‌സിനും 30.16 ശതമാനം പേർക്ക് (86,55,858) രണ്ട് ഡോസ് വാക്‌സിനും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വിശദമാക്കി.

ഡെൽറ്റാ വൈറസിനു വാക്‌സിൻ ഉയർത്തുന്ന പ്രതിരോധം ഭേദിക്കാനുള്ള കഴിവ് ചെറിയ തോതിലുണ്ട്. പക്ഷേ, അതിൽ ഭയപ്പെടേണ്ടതില്ല. കാരണം വാക്‌സിൻ എടുത്തവരിൽ രോഗം ഗുരുതരമാകില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യം പൊതുവേ ഉണ്ടാകാറില്ല. മരണസാധ്യത ഏറെക്കുറെ ഇല്ല എന്നു തന്നെ പറയാം. രണ്ടോ അതിലധികമോ അനുബന്ധ രോഗങ്ങൾ ഉള്ളവർ മാത്രമാണ് വാക്‌സിൻ എടുത്തതിന് ശേഷം മരണമടഞ്ഞിട്ടുള്ളത്. അവർക്കിടയിൽ പോലും രോഗം ഗുരുതരമാക്കാതിരിക്കാൻ വാക്‌സിൻ സഹായകരമാണ്. അതിനാൽ വാക്‌സിൻ എത്രയും പെട്ടെന്ന് സ്വീകരിച്ച് രോഗപ്രതിരോധ ശേഷിയാർജ്ജിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

കോവിഡ് ബാധിച്ചവരിൽ 20 ശതമാനം പേർക്കെങ്കിലും കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതു മുന്നിൽ കണ്ട് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികളിൽ വരെ കോവിഡാനന്തര രോഗങ്ങൾ ചികിത്സിക്കാനുള്ള പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പോലീസുദ്യോഗസ്ഥർ പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂവെന്ന് കർശന നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ഇതിസംബന്ധിച്ച സർക്കുലറും പുറപ്പെടുവിച്ചു.

പൊതുജനങ്ങളോട് സഭ്യമായ വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂവെന്നാണ് നിർദ്ദേശം. എടാ, എടീ, നീ എന്നീ വാക്കുകൾ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി ഒരു കാരണവശാലും തുടരാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് നിർദേശം.

പോലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് പെരുമാറുന്ന രീതികൾ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് സസൂക്ഷ്മം നിരീക്ഷിക്കും. നിർദ്ദേശത്തിന് വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടൻ നടപടി സ്വീകരിക്കും. പത്ര-ദൃശ്യ മാധ്യമങ്ങൾ, സാമൂഹ്യ മാദ്ധ്യമങ്ങൾ എന്നിവ വഴി വഴി ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയോ പരാതികൾ ലഭിക്കുകയോ ചെയ്താൽ യൂണിറ്റ് മേധാവി ഉടൻ തന്നെ വിശദമായ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനമധ്യത്തിൽ സേനയുടെ സൽപ്പേരിന് അവമതിപ്പും അപകീർത്തിയും ഉണ്ടാക്കുന്ന സാഹചര്യങ്ങൾ സംഭവിക്കാതിരിക്കാൻ യൂണിറ്റ് മേധാവിമാർ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും പോലീസ് മേധാവി നിർദ്ദേശം നൽകി.

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി സംസ്ഥാന സർക്കാർ. പ്രതിവാര കൊവിഡ് വ്യാപന നിരക്ക് എട്ട് ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ മാത്രമേ ഇനി കർശനമായ കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടാകൂ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തെ പ്രതിവാര കോവിഡ് വ്യാപന നിരക്ക് ഏഴു ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിലായിരുന്നു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.

ക്വാറൻെയ്ൻ ലംഘിക്കുന്നവരെ നിർബന്ധിതമായി ക്വാറൻെയ്‌നിലേക്കയക്കാൻ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ അത്തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും നടക്കുന്നുണ്ട്. അത് കൂടുതൽ ശക്തിപ്പെടുത്തും. രോഗികളുള്ള വീടുകളിൽനിന്നുള്ളവർ ക്വാറൻറയിൻ ലംഘിക്കുന്നത് കർശനമായി തടയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മറ്റു സംസ്ഥാനങ്ങൾ വിദ്യാർത്ഥികൾക്കു സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശനത്തിനായി രണ്ട് ഡോസ് വാക്‌സിൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ ആ വിഭാഗക്കാരുടെ വാക്‌സിനേഷൻ അടിയന്തിരമായി പൂർത്തിയാക്കാൻ ശ്രമിക്കും. കോവിഡ് പോസിറ്റീവായി ക്വാറന്റെയ്‌നിൽ കഴിയുന്നവർ വീടുകളിൽ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിച്ചു വരുന്നത്. തദ്ദേശ സ്ഥാപനങ്ങളും ഈ രംഗത്ത് ശക്തമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അതോടൊപ്പം പോലീസ് മോട്ടോർ സൈക്കിൾ പട്രോൾ സംഘത്തിന്റെ സഹായത്തോടെയാണ് ഇതിനു വേണ്ട പരിശോധനകൾ നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23,419 വീടുകളിൽ ഇത്തരം പരിശോധനകൾ നടത്തിയെന്നും അദ്ദേഹം വിശദമാക്കി.

കോവിഡ് പോസിറ്റീവായവരും അവരുമായി നേരിട്ടു സമ്പർക്കത്തിൽ വന്നവരുമായ 4,19,382 പേരെയാണ് കഴിഞ്ഞ ഏഴുദിവസത്തിനുള്ളിൽ പോലീസ് ഫോൺ മുഖേന ബന്ധപ്പെട്ട് അവർ ക്വാറന്റെയ്‌നിൽ കഴിയുന്നുവെന്ന് ഉറപ്പു വരുത്തിയത്. അതിഥി തൊഴിലാളികൾക്ക് വാക്‌സിൻ നൽകാൻ ആവശ്യമായ നടപടികൾ ജില്ലാ കലക്ടർമാർ സ്വീകരിക്കും. സ്വകാര്യ ആശുപത്രികളിൽ നിന്നു പണം ഈടാക്കിക്കൊണ്ട് 20 ലക്ഷം ഡോസ് വാക്‌സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വാങ്ങി വിതരണം ചെയ്യാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിരുന്നു. 10 ലക്ഷം ഡോസ് വാക്‌സിൻ ഇതിനകം സംഭരിച്ചു കഴിഞ്ഞുവെന്ന് അദ്ദേഹം അറിയിച്ചു.

അണുബാധ ഉണ്ടാകുന്നതു സംബന്ധിച്ച് എല്ലാവരും മനസ്സിലാക്കേണ്ട രണ്ട് പ്രത്യേക വസ്തുതകളുണ്ട്. ഒരു വ്യക്തിയിൽ ആദ്യം അണുബാധയുണ്ടാവുന്നു. തുടർന്ന് രോഗം പ്രകടമാവുകയും ചെയ്യുന്നു. വാക്‌സിനേഷനു ശേഷമുള്ള കാലഘട്ടത്തിൽ ലോകമെങ്ങും, പകർച്ചവ്യാധിയുടെ തീവ്രത തീരുമാനിക്കാൻ ഇത് പരിവർത്തന നിരക്കായി (കൺവേർഷൻ റേറ്റ്) കണക്കാക്കുന്നു. നിലവിൽ 2,37,643 കോവിഡ് കേസുകളിൽ, 12.85% വ്യക്തികൾ മാത്രമാണ് ആശുപത്രികളിലോ ഫീൽഡ് ആശുപത്രികളിലോ പ്രവേശിക്കപ്പെട്ടിട്ടുള്ളത്. ഈ ശതമാനം ഏറെക്കുറെ സ്ഥിരമായി തുടരുന്നുണ്ട്. അണുബാധ ഉണ്ടാവുന്ന വ്യക്തികളിൽ ഉചിതമായ പരിചരണവും പിന്തുണയും നൽകുന്നത് കൊണ്ട് രോഗത്തിലേക്കുള്ള മാറ്റം ആശങ്കാജനകമായ അളവിൽ വർധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

ആശുപ്രതിയിൽ എത്തുന്ന ഭൂരിഭാഗം രോഗികളും, വൈകി എത്തുന്നവരായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് വൈകി ആശുപ്രതിയിൽ എത്തി മരണം സംഭവിച്ചവരിൽ, ഏറ്റവും അധികം പ്രമേഹവും രക്തസമ്മർദ്ദവും ഒരുമിച്ചുള്ളവർ ആണ്. അതിനാൽ, കോവിഡ് അണുബാധ സ്ഥിരീകരിച്ച എല്ലാ ആളുകളെയും പ്രത്യേകിച്ച് അനുബന്ധ രോഗങ്ങൾ ഉണ്ടെങ്കിൽ കൃത്യസമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതാണ്. മാത്രമല്ല ട്രീറ്റ്‌മെൻറ് പ്രോട്ടോക്കോളുകൾ അനുസരിച്ച് ചികിത്സ എടുക്കുകയും ചെയ്യണം. വാക്‌സിനേഷൻ എടുത്തവരിൽ രോഗലക്ഷണമുള്ളവർ മാത്രം ഡോക്ടറെ സമീപിച്ചാൽ മതിയാകും. വാക്‌സിനേഷൻ എടുക്കാത്ത ആളുകൾ, രോഗലക്ഷണമുണ്ടെങ്കിൽ, ആർടിപിസിആർ പരിശോധന നടത്തേണ്ടതാണ്. ആൻറിജൻ പരിശോധന അടിയന്തര ആവശ്യങ്ങൾക്ക് മാത്രമാണ് നടത്തേണ്ടത്. അനുബന്ധ രോഗങ്ങളുള്ളവരിൽ വാക്‌സിനേഷൻ എടുക്കാത്ത ആളുകൾ ആർടിപിസിആർ പരിശോധന നടത്തുകയും ഡോക്ടറെ കാണുകയും ചെയ്യേണ്ടതാണ്. ഗൃഹ നിരീക്ഷണത്തിൽ തുടരുന്ന കോവിഡ് പോസിറ്റീവ് ആയ എല്ലാ യുവാക്കളും പ്രമേഹ പരിശോധന ചെയ്യേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

pinarayi

തിരുവനന്തപുരം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേൾക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബഹുമാന്യനായ ഒരു പണ്ഡിതനും സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തി എന്ന നിലയിലും ചേരിതിരിവുണ്ടാകാതിരിക്കുകയാണ് പ്രസ്താവനകൾ നടത്തുമ്പോൾ പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഷപ്പ് ഇത്തരമൊരു പ്രസ്താവന നടത്തിയത് ഏത് സാഹചര്യത്തിലാണെന്നും ഉദ്ദേശിച്ചത് എന്താണെന്നും വ്യക്തമല്ല. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവർ ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ മതപരമായ ചേരിതിരിവുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. നാർക്കോട്ടിക് എന്ന വാക്കിന് ഏതെങ്കിലുമൊരു മതത്തിന്റെ നിറം ചാർത്തിക്കൊടുക്കേണ്ട കാര്യമില്ലെന്നും അതിന്റെ നിറം സാമൂഹിക വിരുദ്ധതയാണെന്നും മുഖ്യമന്ത്രി വിശദമാക്കി.

നാർക്കോട്ടിക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരു പ്രത്യേക സമുദായത്തെ മാത്രം ബാധിക്കുന്നതല്ല. സമൂഹത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നം എന്ന നിലയിൽ നിയമനടപടികൾ ശക്തമാക്കുകയാണ് ചെയ്തു വരുന്നത്. ഒരു മതവും മയക്കുമരുന്നിനെയോ അതിന്റെ ഉപയോഗത്തേയോ പ്രോത്സാഹിപ്പിക്കുന്നില്ല. നാർക്കോട്ടികുമായി ബന്ധപ്പെട്ട് എല്ലാ ജനവിഭാഗത്തിനും ആശങ്കയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും സജീവമാണെന്നായിരുന്നു പാലാ ബിഷപ്പ് മാർ ജേസഫ് കല്ലറങ്ങാട്ടിന്റെ പരാമർശം. ഇതിന് വേണ്ടി പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ മുസ്ലീം സംഘടനകൾ ഉയർത്തുന്നത്.

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്സാഹന പദ്ധതിക്കായി പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാം. പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കാണ് സമ്മാനം ലഭിക്കുകയെന്ന് പട്ടിക ജാതി വികസന വകുപ്പ് അറിയിച്ചു.

2020-21 അക്കാഡമിക് വർഷം പത്താംക്ലാസ് മുതൽ മുകളിലേക്കുള്ള എല്ലാ അംഗീകൃത കോഴ്സുകളിലും (പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ) അവസാന വർഷ പൊതുപരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ പട്ടികജാതിവിഭാഗം വിദ്യാർത്ഥികൾക്ക് http://egrantz.kerala.gov.in മുഖേന അപേക്ഷ നൽകാം. ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സഹിതമാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകർ കേരളത്തിനുള്ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചവരാകണമെന്നാണ് നിബന്ധന. കൂടുതൽ വിവരങ്ങൾ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭ്യമാകും.

കാബൂൾ: സെപ്തംബർ 11 ന് അഫ്ഗാനിൽ താലിബാൻ തങ്ങളുടെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുമെന്ന് റിപ്പോർട്ടുകൾ. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ഇരുപത് വർഷം തികയുന്ന ദിവസമാണ് താലിബാൻ അഫ്ഗാനിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നതെന്നാണ് വിവരം. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഞങ്ങളെ കൈകാര്യംചെയ്യുന്ന രീതി സംബന്ധിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ടെന്നും അമേരിക്കയെ മുറിപ്പെടുത്താനോ നാണംകെടുത്താനോ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും താലിബാൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യപന്നത്. പക്ഷേ ഞങ്ങൾക്കിത് ഒരു വലിയ ദിവസമാണെന്നും താലിബാൻ ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സർക്കാർ രൂപവത്കരണ ചടങ്ങിലേക്ക് റഷ്യ, ചൈന, തുർക്കി, ഇറാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളെ താലിബാൻ ക്ഷണിച്ചതായാണ് റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. അഫ്ഗാനിലെ താലിബാൻ മന്ത്രിസഭയിലെ അഞ്ച് അംഗങ്ങളെങ്കിലും ഐക്യരാഷ്ട്രസഭയുടെ ആഗോള ഭീകര പട്ടികയിലുള്ളവരാണ്. അമേരിക്കയുടെ ഉപരോധ പട്ടികയിലെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരരിൽ ഒരാളായ സിറാജുദ്ദീൻ ഹഖാനിയെയാണ് ആഭ്യന്തര മന്ത്രിയായി നിയമിച്ചതായി താലിബാൻ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം അഫ്ഗാനിലെ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ചൈന താലിബാൻ സർക്കാരിനെ അംഗീകരിക്കുകയും പുതിയ ഭരണകൂടവുമായി ആശയവിനിമയം നടത്താൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര സമൂഹവും അമേരിക്കയും പ്രതീക്ഷിച്ചതുപോലുള്ള ഒരു ഭരണകൂടമല്ല താലിബാൻ അഫ്ഗാനിൽ രൂപീകരിച്ചിരിക്കുന്നതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കിയിരുന്നു.

ശ്രീനഗർ: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കശ്മീരിലെ സാഹോദര്യം തകർക്കാനാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി നേതൃത്വം ജമ്മു കശ്മീരിനെ ദുർബലപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിലെ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്യവെയാണ് രാഹുലിന്റെ പരാമർശങ്ങൾ. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി കശ്മീരിലെത്തിയത്.

കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞ സംസ്ഥാന പദവി ജമ്മു കശ്മീർ തിരിച്ചുപിടിക്കണമെന്ന് രാഹുൽ ഗാന്ധി പരിപാടിയിൽ ആവശ്യപ്പെട്ടു. താനൊരു കശ്മീരി പണ്ഡിറ്റാണെന്നും തന്റെ കുടുംബവും കശ്മീരി പണ്ഡിറ്റാണെന്നും അദ്ദേഹം വിശദമാക്കി. തന്റെ മാതാപിതാക്കൾക്ക് ജമ്മു കശ്മീരുമായി ദീർഘകാലത്തെ ബന്ധമുണ്ട്. മാതാ വൈഷ്ണോദേവി ക്ഷേത്രം സന്ദർശിച്ചതിന് പിന്നാലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയതു പോലെയാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം വിശദമാക്കി.

വെള്ളിയാഴ്ച്ച രാവിലെ കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം തന്നെ വന്നുകണ്ടിരുന്നു. മുൻപ് കോൺഗ്രസ് അവർക്കായി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കിയതായും എന്നാൽ അധികാരത്തിലെത്തിയ ശേഷം ബിജെപി യാതൊന്നും ചെയ്തിട്ടില്ലെന്നും കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി അറിയിച്ചു. കശ്മീർ സഹോദരങ്ങൾക്കായി ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പുനൽകുന്നതായും രാഹുൽ ഗാന്ധി വിശദീകരിച്ചു.

കശ്മീരിന് തന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ട്. എന്നാൽ ഹൃദയം ഇപ്പോൾ വേദനിക്കുന്നു. ജമ്മുകശ്മീരിൽ ഒരു സഹോദര്യമുണ്ടായിരുന്നു. ബിജെപിയും ആർഎസ്എസും ഈ സഹോദര്യ ബന്ധം തകർക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരം: പാർട്ടിയുടെ കീഴിലുള്ള സഹകരണ സംഘങ്ങളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ജില്ലാ കമ്മിറ്റികൾക്ക് നിർദ്ദേശം നൽകി സിപിഎം. ഈ മാസം 30 നകം സംസ്ഥാന സമിതിക്ക് റിപ്പോർട്ട് കൈമാറണമെന്നാണ് സിപിഎമ്മിന്റെ നിർദ്ദേശം. നിക്ഷിപ്ത താത്പര്യക്കാർ അഴിമതി കാട്ടുന്നുവെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജൂലൈ മാസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പാർട്ടിയുടെ കീഴിലുള്ള എല്ലാ സഹകരണ ബാങ്കുകളുടെയും പ്രവർത്തനങ്ങൾ പരിശോധിക്കണമെന്നാണ് പാർട്ടി കീഴ്ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഈ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.

കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതിയുടെ വിവരങ്ങൾ പുറത്തുവന്നതോടെയാണ് പാർട്ടി ഇത്തരമൊരു തീരുമാനമെടുത്തത്. കരുുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് അഞ്ചുവർഷത്തിനുള്ളിൽ നിക്ഷേപകർ 200 കോടി പിൻവലിച്ചതിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇത്ര ചെറിയ കാലയളവിൽ ഇത്രയേറെ നിക്ഷേപം പിൻവലിച്ചതിനു പിന്നിൽ ഭരണസമിതിക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നുണ്ട്.