തിരുവനന്തപുരം: രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ഹരിത മുൻ സംസ്ഥാന സെക്രട്ടറി മിന ജലീൽ. ഫേസ്ബുക്കിലൂടെയാണ് മിനാ ജലീൽ ഇക്കാര്യം വ്യക്തമാക്കിയത്. ആക്ഷേപിച്ചവരുടെ പ്രയോഗങ്ങൾ തെറ്റായി തോന്നാത്തത് ഭീകരമായ അവസ്ഥയാണെന്നും ഹരിതയുടെ വാദത്തിന് മുസ്ലിം ലീഗ് പുല്ലുവില നൽകിയില്ലെന്നും മിന പറഞ്ഞു.
ഫാറൂഖ് കോളേജാണ് ലീഗ് എന്താണെന്നും, എം എസ് എഫ് എങ്ങനെയാണെന്നും, ഹരിത എന്തിനാണെന്നും പഠിപ്പിച്ചു തന്നത്. പിടിച്ച കൊടി തെറ്റിയിട്ടില്ലെന്ന് ഇന്നും വിശ്വസിക്കുന്നു കാരണം ഈ പ്രസ്ഥാനത്തിന്റെ അഭിമാനകരമായ അസ്ഥിത്വം മുന്നോട്ട് വയ്ക്കുന്ന ആദർശം പഠിച്ചാണ് ലീഗ് കാരിയായത്. ഫാറൂഖ് കോളേജിന്റെ മണ്ണിൽ നിന്നും വിദ്യാർത്ഥി യൂണിയന്റെ ആദ്യ ചെയർപേഴ്സണായി ചരിത്രത്തിന്റെ ഭാഗമായി ഈ പ്രസ്ഥാനത്തിന്റെ ആർജവമുള്ള നിലപാടായതിൽ ഏറെ അഭിമാനമുണ്ടെന്നും മിന വ്യക്തമാക്കി.
ഇന്ന് സെപ്റ്റംബർ 11, ഹരിത നിലവിൽ വന്നിട്ട് പത്തുവർഷം തികയുന്നു. പടിയിറങ്ങുകയാണ് സംതൃപ്തിയോടെ അഭിമാനത്തോടെ. അതിലേറെ ആർജ്ജവത്തോടെ ഈ സമരവുമായ് മുന്നോട്ട് പോകുക തന്നെ ചെയ്യും. പ്രഖ്യാപിക്കാനിരിക്കുന്ന സംസ്ഥാന കമ്മറ്റിക്ക് ആശംസകൾ അറിയിക്കുന്നുവെന്നും മിന ഫേസ്ബുക്കിൽ കുറിച്ചു.
ഹരിത നേതാക്കളെ അപമാനിച്ച പി കെ നവാസിനെയും മറ്റുള്ളവരെയും മുസ്ലിം ലീഗ് സംരക്ഷിച്ചു. ഇപ്പോഴും ഷാഫി ചാലിയം അടക്കമുള്ളവർ പരാതിക്കാരെ അപമാനിച്ചു കൊണ്ടിരിക്കുന്നു. ഹരിതയ്ക്ക് മുസ്ലിം ലീഗിലെ ഗ്രൂപ്പുകളുടെ പിന്തുണയില്ല .ആൺ അഹന്തയ്ക്ക് മുന്നിൽ അടിയറവ് പറയില്ല. നിലപാടുകളിൽ ഉറച്ചു നിന്ന് പരാതിയുമായി മുന്നോട്ടു പോകുമെന്നും മിന കൂട്ടിച്ചേർത്തു.

