വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുവാൻ അൾത്താര ഉപയോഗിക്കരുത്; പാലാ ബിഷപ്പിന്റെ പരാമർശം തള്ളി മാർ കൂറിലോസ്‌

കോട്ടയം: പാലാ ബിഷപ്പ് മാർ ജോസഫ് കള്ളറങ്ങാട്ടിന്റെ നാർക്കോട്ടിക്‌സ് ജിഹാദ് പരാമർശത്തെ തള്ളി യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുവാൻ അൾത്താര ഉപയോഗിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സുവിശേഷം സ്നേഹത്തിന്റെതാണ്, വിദ്വേഷത്തിന്റേതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കംകൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ അഭിനന്ദിച്ച് മറ്റൊരു കുറിപ്പും ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. നാർക്കോട്ടിക് പ്രശ്നത്തിന് ഒരു മതത്തിന്റെയും നിറം കൊടുക്കരുതെന്നും അതിന്റെ നിറം സാമൂഹ്യ വിരുദ്ധതയുടേതാണെന്നുമുള്ള പിണറായിയുടെ നിലപാടിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.