General (Page 1,412)

തിരുവനന്തപുരം: സർവ്വ രാഷ്ട്രീയ-മത-സമുദായ നേതാക്കളുടെ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി എം സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. കേരളത്തിൽ ആപത്ക്കരമായ നിലയിൽ വളർന്നുവരുന്ന സാമൂഹ്യ സംഘർഷം ഇല്ലാതാക്കാനും മത-സമുദായ-സൗഹൃദം ഉറപ്പുവരുത്താനും ഉതകുന്ന നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടി സർവ്വ രാഷ്ട്രീയ-മത-സമുദായ നേതാക്കളുടെ യോഗം വിളിക്കണമെന്നാണ് വി എം സുധീരന്റെ ആവശ്യം. ഇക്കാര്യത്തിൽ വേണ്ട നടപടികൾ ഉടനെ സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നുവെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കേരളത്തിന്റെ മതസൗഹാർദവും സാമൂഹിക ഇഴയടുപ്പവും തകർക്കുന്ന പല നീക്കങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാകുന്നത് അതീവ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും അഭിപ്രായപ്പെട്ടിരുന്നു. വലിയ രീതിയിൽ ചേരിതിരിവ് ,സ്പർധ, അവിശ്വാസം ഇവ വിവിധ മതവിശ്വാസികൾക്കിടയിൽ സൃഷ്ടിക്കാനുള്ള ബോധപൂർവ്വമുള്ള ശ്രമമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി വി ഡി സതീശൻ മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.

സാമൂഹിക മാദ്ധ്യമ പ്ലാറ്റ്‌ഫോമുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. വാട്ട്‌സ്ആപ്പ് ,ടെലിഗ്രാം തുടങ്ങിയ മെസേജിംഗ് ആപ്പുകൾ തുടങ്ങി ഫേസ്ബുക്കും യുട്യൂബുമെല്ലാം തെറ്റായ ആശയ പ്രചരണത്തിനായി ചിലർ ദുരുപയോഗം ചെയ്യുകയാണ്. വർഗീയ വിഷം ചീറ്റുന്ന ഇവരിൽ പലരും ഫേക്ക് ഐഡികളിലൂടെ ആസൂത്രിതമായി കേരളത്തിന്റെ മതമൈത്രി തകർക്കാൻ കച്ചകെട്ടി ഇറങ്ങിയവരാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പോലീസ് ഇക്കാര്യം ഗൗരവത്തോടെ അന്വേഷിക്കണം. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ സാമുദായിക സ്പർധ വളർത്തുന്നവരെ കണ്ടെത്തി കർശന ശിക്ഷ ഉറപ്പാക്കാൻ സൈബർ പോലീസിന് നിർദേശം നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.

തിരുവനന്തപുരം: കേരള ടൂറിസം മൊബൈൽ ആപ്പ് ഗൂഗിൽ പ്ലേ സ്റ്റോറിൽ ലഭ്യമാകും. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും ആകർഷകമായ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്താനും സന്ദർശനാനുഭവങ്ങൾ രേഖപ്പെടുത്താനും അവസരം നൽകുന്നതാണ് കേരളാ ടൂറിസം മൊബൈൽ ആപ്പ്. വിനോദസഞ്ചാരികൾക്ക് എല്ലാ സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

കേരളത്തിലെ ടൂറിസം ലക്ഷ്യസ്ഥാനങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാകും. ഇതുവരെ അറിയപ്പെടാത്ത ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവുകളും ഇതിൽ ഉണ്ടാകും. അധികം ശ്രദ്ധ ലഭിച്ചിട്ടില്ലാത്ത ടൂറിസം ആകർഷണങ്ങളെയും ഇടങ്ങളെയും കുറിച്ച് എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും യാത്രാനുഭവങ്ങൾ പങ്കുവയ്ക്കാനും ‘കഥ സൃഷ്ടിക്കുക’ എന്ന ഓപ്ഷനിലൂടെ സന്ദർശകന് അവസരം ലഭിക്കുന്ന തരത്തിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങളും അതിന്റെ ഭാഗമായുള്ള ഗ്രാമീണ ജീവിതാനുഭവങ്ങളും ആപ്പിൽ ഉണ്ടായിരിക്കും. ആറ് മാസത്തിനുള്ളിൽ കൂടുതൽ നൂതനമായ സവിശേഷതകളോടെ ആപ്പ് കൂടുതൽ നവീകരിക്കും. അടുത്ത ഘട്ടത്തിൽ അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കി ശബ്ദസഹായിയുടെ സാധ്യത ഉപയോഗിച്ച് അന്വേഷണം നടത്താൻ കഴിയുന്ന രീതി ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ യാത്ര ചെയ്യുന്നവർക്ക് തൊട്ടടുത്തുള്ള വൃത്തിയും സുരക്ഷിതത്വവുമുള്ള ടോയ്‌ലറ്റുകൾ ആപ്പിലൂടെ കണ്ടെത്താനാകും. റെസ്റ്റോറൻറുകളുടെയും പ്രാദേശിക രുചികളുടെയും മാപ്പിംഗ് ആപ്പിലെ മറ്റൊരു സവിശേഷതയാണ്. ഇതിലൂടെ അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള രുചിവൈവിധ്യങ്ങൾ കണ്ടെത്താം. ഓഗ്മെൻറഡ് റിയാലിറ്റി സാങ്കേതിക സാധ്യതകൾ കൂടി ചേരുമ്പോൾ ഒരു ഗെയ്മിംഗ് സ്റ്റേഷന്റെ സ്വഭാവങ്ങൾ കൂടിയുണ്ടാവുന്ന ആപ്പിന് ലോകമെങ്ങുമുള്ള യാത്രികരിൽ നിന്ന് മികച്ച പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളാ ടൂറിസത്തിന്റെ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായതോടെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ നിരവധി പേരാണ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ പ്രശംസിച്ച് രംഗത്തെത്തിയത്.

vaccine

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് ഈയാഴ്ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് ഇക്കാര്യം അറിയിച്ചത്. ഭാരത് ബയോടെക്കാണ് കൊവാക്സിൻ നിർമ്മിച്ചത്.

മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന്റെ വിവരങ്ങൾ ഭാരത് ബയോടെക്ക് കേന്ദ്രസർക്കാരിന്റെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷ(സി.ഡി.എസ്.സി.ഒ.)ന്റെ സബ്ജക്ട് എക്സ്പേർട്ട് കമ്മിറ്റി(എസ്.ഇ.സി.)ക്ക് സമർപ്പിച്ചിരുന്നു.

ഈയാഴ്ചയ്ക്കുള്ളിൽ ലോകാരോഗ്യ സംഘടനയുടെ എമർജെൻസി യൂസ് ലിസ്റ്റിങ്(ഇ.യു.എൽ.) കൊവാക്സിന് ലഭിക്കുമെന്നാണ് വിവരം. വാക്സിന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതോടെ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ ബുദ്ധിമുട്ട് കുറയുമെന്ന് കോവിഡ് വർക്കിങ് ഗ്രൂപ്പ് ചെയർമാൻ എൻ.കെ. അറോറ അറിയിച്ചു.

കൊവാക്സിന് എമർജെൻസി യൂസ് ലിസ്റ്റിങ് ലഭിക്കാൻ ആവശ്യമായ മുഴുവൻ രേഖകളും ജൂലൈ ഒൻപതിനു തന്നെ സമർപ്പിച്ചതായി ഭാരത് ബയോടെക്കിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. കൃഷ്ണ എല്ല ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. സമർപ്പിച്ച രേഖകളുടെ പരിശോധനാ നടപടികൾ ആരംഭിച്ചതായും ഉടൻതന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്ബ്. കേരളത്തിൽ വ്യവസായ സൗഹൃദം സംസാരത്തിൽ മാത്രമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നോക്കുകൂലി നിരോധിക്കണമെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും എംഎൽഎമാർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൊഴിലില്ലായ്മയെക്കുറിച്ച് ആർക്കും സംസാരിക്കാനില്ല. നമ്മുടെ ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ഇത് മനസ്സിലാക്കാതെയാണ് കേരളത്തിൽ കാര്യങ്ങൾ നടക്കുന്നത്. വ്യവസായം ആരംഭിക്കാൻ നിരവധി വിദേശ രാജ്യങ്ങൾ തന്നെ സമീപിച്ചിട്ടുണ്ട്. ശ്രീലങ്കൻ സർക്കാരുമായി വിവിധ തലത്തിലുള്ള ചർച്ചകൾ പൂർത്തിയായി. ശ്രീലങ്കൻ പ്രധാനമന്ത്രിയുമായോ, പ്രസിഡന്റുമായോ ഉള്ള ചർച്ചയ്ക്ക് അവസരമൊരുങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശ്രീലങ്കൻ ഹൈക്കമ്മീഷണർ നേരിട്ടു വന്നാണ് ക്ഷണിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രതിനിധികൾ കഴിഞ്ഞ ആഴ്ച വന്നു. ശ്രീലങ്കയ്ക്ക് പുറമേ മൗറീഷ്യസ്, യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളും വ്യവസായം ആരംഭിക്കാൻ ക്ഷണിച്ചിട്ടുണ്ട്. ഇതുവരെ ഒൻപത് സർക്കാരുകളാണ് വ്യവസായം ആരംഭിക്കാൻ ക്ഷണിച്ചത്. കേരളം തരുന്നതിനേക്കാൾ മികച്ച പാക്കേജുകളാണ് മറ്റ് സംസ്ഥാനങ്ങൾ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച്ച സർക്കാർ ഓഫീസുകൾ പ്രവൃത്തി ദിനമാക്കി. സർക്കാർ ഓഫീസുകളിൽ ശനിയാഴ്ച്ച എല്ലാ സേവനങ്ങളും ലഭ്യമാകും. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച പഞ്ചിംഗ് വഴിയുള്ള ഹാജർ പുന:രാരംഭിക്കാനും തീരുമാനിച്ചു.

അതേസമയം സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവു നൽകുന്നത് പരിഗണനയിലാണ്. ചൊവ്വാഴ്ച്ച ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നത് ഉൾപ്പെടെയുള്ള ഇളവ് ഉണ്ടാകുമെന്നാണ് സൂചന.

ന്യൂഡൽഹി: കോവിഡ് രോഗിയായിരിക്കെ ആത്മഹത്യ ചെയ്താൽ കുടുംബത്തിനു കോവിഡ് നഷ്ടപരിഹാരം നൽകില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. കോവിഡ് നഷ്ടപരിഹാരത്തിനുവേണ്ടി മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനു കേന്ദ്രം സമർപ്പിച്ച മാർഗരേഖ പരിഗണിച്ചാണ് കോടതിയുടെ നടപടി.

കോവിഡ് രോഗി ആത്മഹത്യ ചെയ്താലും കോവിഡ് മരണമായി തന്നെ കണക്കാക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് എം.ആർ.ഷാ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം. മരണ സർട്ടിഫിക്കറ്റ് നൽകുന്നതിലെ പരാതികൾ പരിഹരിക്കാനുള്ള ജില്ലാതല സമിതികൾ എത്ര ദിവസത്തിനകം രൂപീകരിക്കണമെന്നു വ്യക്തമാക്കാനും കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സമിതിക്കു മുൻപാകെ ഹാജരാക്കേണ്ട രേഖകൾ ഏതൊക്കെയെന്നതിൽ വ്യക്തത വരുത്തണമെന്നും കോടതി നിർദേശിച്ചു.

കാബൂള്‍: എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കാതെ രൂപീകരിച്ച താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫ്രാന്‍സ്. അതുകൊണ്ട് തന്നെ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫ്രാന്‍സിന്‍റെ വിദേശകാര്യമന്ത്രി ജീന്‍ വെസ് ലെ ഡ്രിയാന്‍ വ്യക്തമാക്കി.

ഒരിക്കലും ഈ താലിബാന്‍ സര്‍ക്കാരുമായി ഫ്രാന്‍സിന് ബന്ധമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാരുമായി ഒരു ഇടപാടുകള്‍ക്ക് ഫ്രാന്‍സ് ഉണ്ടായിരിക്കില്ലെന്നും വിദേശകാര്യമന്ത്രി ജീന്‍ വെസ് ലെ ഡ്രിയാന്‍ പറഞ്ഞു.

താലിബാന്‍ സര്‍ക്കാരിന് മുന്നില്‍ ഒരു പിടി വ്യവസ്ഥകള്‍ വെച്ചിട്ടുണ്ടെന്നും അക്കാര്യത്തില്‍ എന്തെങ്കിലും നടപടിയുണ്ടാകുമോ എന്ന കാര്യം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സ് 5 ബ്രോഡ്കാസ്റ്റില്‍ വന്ന അഭിമുഖത്തിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.

വിദേശപൗരന്മാരെയും അഫ്ഗാന്‍ പൗരന്‍മാരെയും പോകാന്‍ അനുവദിക്കാമെന്ന് താലിബാന്‍ പറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ താലിബാന്‍റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. താലിബാന്‍ എല്ലാവരെയും ഉള്‍ച്ചേര്‍ത്തിട്ടുള്ള, എല്ലാവര്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. എന്തായാലും ഇപ്പോള്‍ ഫ്രാന്‍സ് ഒരു പിടി വ്യവസ്ഥകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അത് അംഗീകരിച്ചാല്‍ മാത്രമേ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കാന്‍ കഴിയൂ. ജപ്പാന്‍, യുഎസ്, കാനഡ എന്നീ രാജ്യങ്ങളും താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കേണ്ട എന്ന നിലപാടിലാണെന്നറിയുന്നു.

മുല്ല മുഹമ്മദ് ഹസൻ അഖുന്‍ദ് പ്രധാനമന്ത്രിയായുള്ള 33-അംഗ താലിബാന്‍ സര്‍ക്കാര്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് അധികാരമേറ്റത്. ഇതില്‍ പാകിസ്ഥാന് അധികാരമുള്ള ഹഖാനി ശൃംഖലയും പഷ്തൂണ്‍ വംശജര്‍ക്കുമാണ് പുതിയ താലിബാന്‍ സര്‍ക്കാരില്‍ അധികാരമുള്ളത്.

ചെന്നൈ: നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. 12-ാം ക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കി മെഡിക്കൽ പ്രവേശനം നടത്തണമെന്നാണ് തമിഴ്‌നാട് ആവശ്യപ്പെടുന്നത്.

പ്രതിപക്ഷ കക്ഷിയായ എഐഎഡിഎംകെ ബില്ലിനെ പിന്തുണച്ചു. എന്നാൽ നീറ്റ് പരീക്ഷയെ പേടിച്ച് ഇന്നലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിൽ ഉത്തരവാദിത്തം സർക്കാരിനാണെന്ന് എഐഎഡിഎംകെ കുറ്റപ്പെടുത്തി. നീറ്റ് പരീക്ഷ റദ്ദാക്കുമെന്ന വാഗ്ദാനം ഡിഎംകെ നടപ്പാക്കിയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.

തിരുവനന്തപുരം: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് വർഗ്ഗീയത ആളി കത്തിക്കുവാൻ ബി.ജെ.പി പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുൻപ് എങ്ങും ഇല്ലാത്ത നിലയിൽ ഇന്ന് രാജ്യത്തും സംസ്ഥാനത്തും വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുവാൻ ബി.ജെ.പി ശ്രമം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിലും ഏത് സംഭവം നടന്നാലും അതിൽ വർഗ്ഗീയത ആളിക്കത്തിക്കാൻ ആണ് ബി.ജെ.പി ശ്രമിക്കുന്നത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയെ ചൊല്ലി കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുകയാണ് ബി.ജെ.പി. നമുക്ക് ആവശ്യം മത വിശ്വാസികൾ തമ്മിലുള്ള അനുരഞ്ജനവും, യോജിപ്പും പരസ്പര വിശ്വാസത്തോടുകൂടി ഉള്ള പ്രവർത്തനങ്ങളും ആണ്. കേരളം മതനിരപേക്ഷതയിൽ ഉറച്ചു നിൽക്കുന്ന ഒരു സംസ്ഥാനമാണ്. നമ്മുടെ സംസ്ഥാനത്ത് ബി.ജെ.പി നമ്മളെ തമ്മിലടിപ്പിക്കാനുള്ള കാരണങ്ങൾ കണ്ടെത്തുവാൻ ബോധപൂർവം ശ്രമിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗോവ ഗവർണർ ശ്രീധരൻ പിള്ളയുടെ പ്രസ്താവന ഗവർണറുടെ കസേരയ്ക്ക് ഒരിക്കലും യോജിച്ചതല്ല. മതേതരത്വത്തിന് പേരുകേട്ട നമ്മുടെ കേരളത്തിൽ സമാധാന അന്തരീക്ഷം കളങ്കപ്പെടുത്താൻ നോക്കുന്ന ബി.ജെ.പി യെ നാം ഒരുമിച്ച് നിന്ന് നേരിടണം. ബി.ജെ.പിയുടെയും ആർ.എസ്.എസ്‌ന്റെയും ഈ നീക്കത്തിനെതിരെ ജനങ്ങൾ ജാഗരൂരായിരിക്കണം. ഗോൾവാൾക്കറുടെ ചരിത്രം പഠിപ്പിക്കാൻ താല്പര്യം എടുക്കുന്ന പിണറായി വിജയന്റെ വൈസ് ചാൻസലർ ആണ് ഇന്ന് കേരളത്തിൽ ഉള്ളത്. മഹാത്മാ ഗാന്ധിയെയും ജവഹർലാൽ നെഹ്‌റുവിനെയും മാറ്റിനിർത്തി ഗോൾവാൽക്കരെ പഠിപ്പിക്കണം എന്ന് പറയുന്ന വൈസ് ചാൻസലറും അക്കാദമിക് സമിതികളും ആരുടെ താൽപര്യങ്ങളാണ് സംരക്ഷിക്കാൻ ആണ് നോക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

നെഹ്‌റുവിന്റെയും ഗാന്ധിയുടെയും സ്മരണകളെ പോലും ഭയക്കുന്ന ഒരു സർക്കാർ ആണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത്. ചരിത്ര താളുകളിൽ നിന്നും നെഹ്‌റുവിനെയും ഗാന്ധിയെയും തുടച്ചു മാറ്റുവാനുള്ള പ്രയത്‌നങ്ങളാണ് ബി.ജെ.പി ചെയ്യുന്നത്. ഇതേ നയമാണ് കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ സ്വീകരിച്ചത്. രാജ്യമെങ്ങും കാണുന്ന ഈ പ്രവണത കേരള സർക്കാരും കണ്ണൂർ യൂണിവേഴ്‌സിറ്റിയും എന്തിനാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ നാട്ടിൽ മതേതരത്വം നിലനിർത്തുവാനുള്ള ഉത്തരവാദിത്വവും കോൺഗ്രസ് പാർട്ടിക്ക് ഉണ്ട്. ഈ വർഗ്ഗീയത നീക്കങ്ങൾക്കെതിരെ ഒരു മതേതര പാർട്ടി എന്ന നിലയ്ക്ക് നാം ഒറ്റക്കെട്ടായി അണിനിരക്കേണ്ട ഒരു സന്ദർഭം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകുന്നത് പരിഗണനയിൽ. നാളെ ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.

ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നത് ഉൾപ്പെടെയുള്ള ഇളവ് ഉണ്ടാകുമെന്നാണ് സൂചന. സർക്കാർ ഓഫീസുകൾ ശനിയാഴ്ച തുറന്ന് പ്രവർത്തിക്കാനും തീരുമാനമുണ്ട്. സർക്കാർ ജീവനക്കാർക്ക് കാർഡ് വഴി പഞ്ചിങ് നിർബന്ധമാക്കാനും ആലോചനയുണ്ട്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്.

സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം 1027, കണ്ണൂര്‍ 814, ഇടുക്കി 501, വയനാട് 445, പത്തനംതിട്ട 381, കാസര്‍ഗോഡ് 194 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,90,219 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,60,694 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,525 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1853 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 2,08,773 കോവിഡ് കേസുകളില്‍, 13.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,650 ആയി.