തിരുവനന്തപുരം: സർവ്വ രാഷ്ട്രീയ-മത-സമുദായ നേതാക്കളുടെ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി എം സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. കേരളത്തിൽ ആപത്ക്കരമായ നിലയിൽ വളർന്നുവരുന്ന സാമൂഹ്യ സംഘർഷം ഇല്ലാതാക്കാനും മത-സമുദായ-സൗഹൃദം ഉറപ്പുവരുത്താനും ഉതകുന്ന നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടി സർവ്വ രാഷ്ട്രീയ-മത-സമുദായ നേതാക്കളുടെ യോഗം വിളിക്കണമെന്നാണ് വി എം സുധീരന്റെ ആവശ്യം. ഇക്കാര്യത്തിൽ വേണ്ട നടപടികൾ ഉടനെ സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നുവെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കേരളത്തിന്റെ മതസൗഹാർദവും സാമൂഹിക ഇഴയടുപ്പവും തകർക്കുന്ന പല നീക്കങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാകുന്നത് അതീവ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും അഭിപ്രായപ്പെട്ടിരുന്നു. വലിയ രീതിയിൽ ചേരിതിരിവ് ,സ്പർധ, അവിശ്വാസം ഇവ വിവിധ മതവിശ്വാസികൾക്കിടയിൽ സൃഷ്ടിക്കാനുള്ള ബോധപൂർവ്വമുള്ള ശ്രമമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി വി ഡി സതീശൻ മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.
സാമൂഹിക മാദ്ധ്യമ പ്ലാറ്റ്‌ഫോമുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. വാട്ട്‌സ്ആപ്പ് ,ടെലിഗ്രാം തുടങ്ങിയ മെസേജിംഗ് ആപ്പുകൾ തുടങ്ങി ഫേസ്ബുക്കും യുട്യൂബുമെല്ലാം തെറ്റായ ആശയ പ്രചരണത്തിനായി ചിലർ ദുരുപയോഗം ചെയ്യുകയാണ്. വർഗീയ വിഷം ചീറ്റുന്ന ഇവരിൽ പലരും ഫേക്ക് ഐഡികളിലൂടെ ആസൂത്രിതമായി കേരളത്തിന്റെ മതമൈത്രി തകർക്കാൻ കച്ചകെട്ടി ഇറങ്ങിയവരാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പോലീസ് ഇക്കാര്യം ഗൗരവത്തോടെ അന്വേഷിക്കണം. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ സാമുദായിക സ്പർധ വളർത്തുന്നവരെ കണ്ടെത്തി കർശന ശിക്ഷ ഉറപ്പാക്കാൻ സൈബർ പോലീസിന് നിർദേശം നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.

