തിരുവനന്തപുരം: കേരള ടൂറിസം മൊബൈൽ ആപ്പ് ഗൂഗിൽ പ്ലേ സ്റ്റോറിൽ ലഭ്യമാകും. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും ആകർഷകമായ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്താനും സന്ദർശനാനുഭവങ്ങൾ രേഖപ്പെടുത്താനും അവസരം നൽകുന്നതാണ് കേരളാ ടൂറിസം മൊബൈൽ ആപ്പ്. വിനോദസഞ്ചാരികൾക്ക് എല്ലാ സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
കേരളത്തിലെ ടൂറിസം ലക്ഷ്യസ്ഥാനങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാകും. ഇതുവരെ അറിയപ്പെടാത്ത ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവുകളും ഇതിൽ ഉണ്ടാകും. അധികം ശ്രദ്ധ ലഭിച്ചിട്ടില്ലാത്ത ടൂറിസം ആകർഷണങ്ങളെയും ഇടങ്ങളെയും കുറിച്ച് എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും യാത്രാനുഭവങ്ങൾ പങ്കുവയ്ക്കാനും ‘കഥ സൃഷ്ടിക്കുക’ എന്ന ഓപ്ഷനിലൂടെ സന്ദർശകന് അവസരം ലഭിക്കുന്ന തരത്തിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങളും അതിന്റെ ഭാഗമായുള്ള ഗ്രാമീണ ജീവിതാനുഭവങ്ങളും ആപ്പിൽ ഉണ്ടായിരിക്കും. ആറ് മാസത്തിനുള്ളിൽ കൂടുതൽ നൂതനമായ സവിശേഷതകളോടെ ആപ്പ് കൂടുതൽ നവീകരിക്കും. അടുത്ത ഘട്ടത്തിൽ അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കി ശബ്ദസഹായിയുടെ സാധ്യത ഉപയോഗിച്ച് അന്വേഷണം നടത്താൻ കഴിയുന്ന രീതി ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ യാത്ര ചെയ്യുന്നവർക്ക് തൊട്ടടുത്തുള്ള വൃത്തിയും സുരക്ഷിതത്വവുമുള്ള ടോയ്‌ലറ്റുകൾ ആപ്പിലൂടെ കണ്ടെത്താനാകും. റെസ്റ്റോറൻറുകളുടെയും പ്രാദേശിക രുചികളുടെയും മാപ്പിംഗ് ആപ്പിലെ മറ്റൊരു സവിശേഷതയാണ്. ഇതിലൂടെ അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള രുചിവൈവിധ്യങ്ങൾ കണ്ടെത്താം. ഓഗ്മെൻറഡ് റിയാലിറ്റി സാങ്കേതിക സാധ്യതകൾ കൂടി ചേരുമ്പോൾ ഒരു ഗെയ്മിംഗ് സ്റ്റേഷന്റെ സ്വഭാവങ്ങൾ കൂടിയുണ്ടാവുന്ന ആപ്പിന് ലോകമെങ്ങുമുള്ള യാത്രികരിൽ നിന്ന് മികച്ച പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളാ ടൂറിസത്തിന്റെ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായതോടെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ നിരവധി പേരാണ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ പ്രശംസിച്ച് രംഗത്തെത്തിയത്.

