General (Page 1,413)

ന്യൂഡൽഹി: പ്രായപൂർത്തിയായ മുഴുവൻ പേർക്കും കോവിഡ് വാക്‌സിന്റെ ആദ്യഡോസ് നൽകി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും. ഹിമാചൽ പ്രദേശ്, ഗോവ, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് അർഹരായ മുഴുവൻ പേർക്കും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് നൽകിയത്. ദാദ്രാ ആൻഡ് നാഗർഹവേലി-ദാമൻ ആൻഡ് ദിയു, ലഡാക്ക്, ലക്ഷദ്വീപ് എന്നിവയാണ് വാക്‌സിന്റെ മുഴുവൻ ഡോസും നൽകിയ കേന്ദ്ര ഭരണ പ്രദേശങ്ങൾ.

ഈ നേട്ടം കൈവരിച്ച സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അഭിനന്ദനം അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോഗ്യ പ്രവർത്തകരെയും അദ്ദേഹം അഭിനന്ദനിച്ചു.

രാജ്യത്ത് പ്രായപൂർത്തിയായ മുഴുവൻ പേർക്കും വാക്സിൻ നൽകിയ ആദ്യ സംസ്ഥാനം ഹിമാചൽ പ്രദേശാണ്. ഓഗസ്റ്റ് 29-നാണ് ഹിമാചൽ ഈ നേട്ടം കൈവരിച്ചത്. സെപ്റ്റംബർ പത്തിനാണ് ഗോവ ഈ നേട്ടം കരസ്ഥമാക്കിയത്. ദാദ്ര ആൻഡ് നാഗർഹവേലി- ദാമൻ ആൻഡ് ദിയു-6.26 ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്ത. ലഡാക്ക് 1.97 ലക്ഷം ഡോസുകളും ലക്ഷദ്വീപ് 53,499 ഡോസുകളും വിതരണം ചെയ്തു. ഹിമാചൽ പ്രദേശ് 55.74 ലക്ഷം ഡോസ് വാക്സിനും ഗോവയും സിക്കിമും യഥാക്രമം 11.83 ലക്ഷം ഡോസും 5.10 ലക്ഷം ഡോസും വിതരണം ചെയ്തു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സസീശൻ. പാലാ ബിഷപ്പിന്റെ നർക്കോട്ടിക്സ് ജിഹാദ് പരാമർശത്തെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിലും മറ്റുമായി നടക്കുന്ന പ്രശ്നവുമായി ബന്ധപ്പെട്ടാണ് വിഡി സതീശൻ സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ ഐഡിയുണ്ടാക്കി വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ സർക്കാർ നോക്കുകുത്തിയാകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്വേഷവും വിരോധവും വളർത്താനുളള ശ്രമങ്ങൾ ചെറുക്കണം. വിഷയത്തിൽ സിപിഎമ്മിന് നിഗൂഢമായ അജണ്ടയുണ്ട്. പ്രശ്നത്തിന് പിന്നിൽ സംഘപരിവാർ അജണ്ടയുണ്ട്. രണ്ടു കൂട്ടരും തമ്മിലടിക്കട്ടെയെന്നാണ് സർക്കാർ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രണ്ട് വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുളള ശ്രമം സർക്കാർ തടയണം. ഇരുകൂട്ടരുമായും ചർച്ച നടത്താൻ സർക്കാർ തയ്യാറാകണം. ഒരു വിഭാഗത്തിന് പരാതിയുണ്ടെങ്കിൽ സർക്കാർ അന്വേഷിക്കണമെന്നും ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ പൂർണപിന്തുണ സർക്കാരിന് ഉണ്ടാകുമെന്നും വി ഡി സതീശൻ അറിയിച്ചു.

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശം ഗുണത്തേക്കാൾ ദോഷമെങ്കിൽ പിൻവലിക്കണമെന്ന് മാർത്തോമ്മാ സഭാ അധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ. എല്ലാ മതാചാര്യന്മാർക്കും ഇത് ബാധകമാണെന്ന് മാർത്തോമ്മാ സഭാ അധ്യക്ഷൻ വ്യക്തമാക്കി. തെറ്റുകൾ ചൂണ്ടികാട്ടുമ്പോൾ വിഭാഗീയതയും രാഷ്ട്രീയ മുതലെടുപ്പും നടത്തുന്നത് ശരിയല്ലെന്നും മത സൗഹാർദ്ദം നിലനിർത്തേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്ന് തിയഡോഷ്യസ് മെത്രോപ്പൊലീത്ത പറഞ്ഞു.

ലാഭേച്ഛയെ കരുതി മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്തുന്ന പ്രവണതയുണ്ടെങ്കിൽ ദോഷകരം. പ്രസ്താവനകളുടെ പേരിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണം. കൂടുതൽ സംസാരിക്കും തോറും മുറിവുകൾ ഉണ്ടാകുകയാണ്. ഉപയോഗിച്ച് കൂടാത്ത വാക്കാണ് പാലാ ബിഷപ്പ് പറഞ്ഞത്. പറയുന്ന കാര്യങ്ങളിൽ സഭ നേതൃത്വം ജാഗ്രത കാട്ടണം. മതസൗഹാർദ്ദം ഉറപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി രാജിയുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. രാജിയ്ക്ക് പിന്നിലെ കാരണങ്ങളെ കുറിച്ച് പ്രത്യേക വെളിപ്പെടുത്തലുകളൊന്നും നടത്തിയിട്ടില്ല. ബിജെപിയിൽ നേതൃമാറ്റം സാധാരണമാണെന്നായിരുന്നു രാജിയുമായി ബന്ധപ്പെട്ട് ബിജെപിയുടെ പ്രതികരണം. എന്നാൽ രാജി പ്രഖ്യാപനത്തിന് പിന്നിലെ കാരണങ്ങൾ ഇതൊന്നുമല്ലെന്നാണ് വിവരം.

വിജയ് രുപാണിയെ ഉയർത്തിക്കാട്ടി അടുത്ത തെരഞ്ഞെടുപ്പ് വിജയിക്കുക എളുപ്പമല്ലെന്ന് ആർ.എസ്.എസ് നടത്തിയ ഒരു സർവേ പറയുന്നതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആം ആദ്മി പാർട്ടിയുടെ ജൻ സംവേദ്‌ന യാത്രയിൽ കോവിഡ് കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് പറ്റിയ വീഴ്ച്ചകൾ ഉയർത്തിക്കാട്ടാൻ പാർട്ടി പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചിരുന്നു. 27 വർഷം സംസ്ഥാനം ഭരിച്ച ബി.ജെ.പിക്കെതിരെ ഭരണ വിരുദ്ധ വിരുദ്ധ വികാരം ഉയരാനുളള സാദ്ധ്യതയും ഏറെയാണ്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രാജി പ്രഖ്യാപനമെന്നാണ് സൂചനകൾ.

ഗുജറാത്ത് സർക്കാരിലെ ചിലമന്ത്രിമാരെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ സാദ്ധ്യതയുണ്ടെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കോഴിക്കോട്: എം.എസ്.എഫ് വനിതാ വിഭാഗം ഹരിതയുടെ സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിച്ചു. പി എച്ച് ആയിഷ ബാനുവാണ് ഹരിതയുടെ പുതിയ സംസ്ഥാന പ്രസിഡന്റ്. റുമൈസ റഫീഖിനെയാണ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുന്നത്. നയന സുരേഷാണ് പുതിയ കമ്മിറ്റിയുടെ ട്രഷറർ.

എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കാത്തതിനെ തുടർന്നാണ് മുസ്ലീം ലീഗ് നേതൃത്വം കഴിഞ്ഞ ദിവസം ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ഇപ്പോഴത്തെ പ്രസിഡൻറ് ആയിഷ ബാനു. ജനറൽ സെക്രട്ടറിയായ റുമൈസ റഫീഖ് നേരത്തെ കണ്ണൂർ ജില്ലാ പ്രസിഡൻറും ട്രഷററായ നയന സുരേഷ് മലപ്പുറം ജില്ലാ ഭാരവാഹിയും ആയിരുന്നു.

ജൂൺ 22 ന് കോഴിക്കോട്ട് എം എസ് എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി കെ നവാസും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബും നടത്തിയ ലൈംഗീക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് പഴയ ഹരിത സംസ്ഥാന കമ്മിറ്റിയിലെ 10 നേതാക്കൾ വനിതാ കമ്മിഷന് പരാതി നൽകിയത്. സമവായ ചർച്ചകളെത്തുടർന്ന് നവാസും കബീർ മുതുപറമ്പിലും സമൂഹ മാദ്ധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ മാപ്പല്ല സംഘടനാ തലത്തിലുളള നടപടിയാണ് വേണ്ടതെന്നായിരുന്നു ഹരിത നേതാക്കളുടെ നിലപാട്. നവാസ് അടക്കമുളള എം.എസ്.എഫ് നേതാക്കൾക്ക് എതിരെ നടപടിയെടുക്കാതെ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കില്ലെന്നായിരുന്നു ഹരിത നേതാക്കൾ അറിയിച്ചിരുന്നത്. തുടർന്നാണ് ലീഗ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്. ഹരിത നേതാക്കൾ അച്ചടക്കം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

Covid

ന്യൂഡൽഹി: കോവിഡ് സാമ്പിളുകൾ പരിശോധിക്കാൻ സലൈൻ ഗാർഗിൾ ആർടി-പിസിആർ സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിച്ച് സിഎസ്ഐആറിന് കീഴിലുള്ള നാഗ്പൂർ ആസ്ഥാനമായുള്ള നാഷണൽ എൻവൈറെൻമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NEERI). ലളിതവും, വേഗതയേറിയതും, ചെലവ് കുറഞ്ഞതും, രോഗി സൗഹൃദവും സൗകര്യപ്രദവുമാണ് സലൈൻ ഗാർഗിൾ ആർടി-പിസിആർ സാങ്കേതികവിദ്യ. തൽക്ഷണ പരിശോധന ഫലങ്ങളും നൽകുന്നുവെന്നതാണ് ഇതിന്റെ മറ്റൊരു പ്രധാന പ്രത്യേകത. ഗ്രാമീണ, ആദിവാസി മേഖലകൾക്ക് ഏറ്റവും അനുയോജ്യമായ രീതിയാണിത്. കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ മാത്രമേ ആവശ്യമുള്ളൂ എന്നതാണ് മറ്റൊരു പ്രധാന സവിശേഷത.

കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ സാന്നിധ്യത്തിൽ നോൺ-എക്‌സ്‌ക്ലൂസീവ് അടിസ്ഥാനത്തിൽ കേന്ദ സൂക്ഷ്മ-ചെറുകിട-ഇടത്തര സംരംഭ മന്ത്രാലയത്തിന് ഈ സാങ്കേതികവിദ്യ കൈമാറ്റം ചെയ്തു. ഗവൺമെന്റ്, സ്വകാര്യ സ്ഥാപനങ്ങൾ, വിവിധ ഗ്രാമ വികസന വകുപ്പുകൾ എന്നിവ ഉൾപ്പെടെ കഴിവുള്ള കക്ഷികൾക്ക് ഈ നവീന സാങ്കേതിക വിദ്യ വാണിജ്യാടിസ്ഥാനത്തിൽ പ്രാവർത്തികമാക്കാനുള്ള ലൈസൻസ് ലഭിക്കാനാണ് ഈ നടപടി. ലൈസൻസ് ലഭിക്കുന്ന സ്ഥപനങ്ങൾക്ക്, എളുപ്പത്തിൽ ഉപയോഗിക്കാവുന്ന കോംപാക്റ്റ് കിറ്റുകളുടെ രൂപത്തിൽ വാണിജ്യ അടിസ്ഥാനത്തിൽ നിർമ്മാണം നടത്താവുന്നതാണ്. നാഗ്പൂരിലെ CSIR-NEERI ലുള്ള എൻവൈറെൻമെന്റൽ വൈറോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞനായ ഡോ. കൃഷ്ണ ഖൈർനറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് സലൈൻ ഗാർഗിൾ ആർടി-പിസിആർ സാങ്കേതികവിദ്യ വികസിപ്പിച്ചത്.

മൂക്ക്, തൊണ്ട എന്നിവിടങ്ങളിൽ നിന്ന് സ്രവം ശേഖരിച്ചാണ് നിലവിൽ കോവിഡ് പരിശോധന നടത്തുന്നത്. ഇത് പരിശോധനയ്ക്ക് വിധേയമാകുന്ന ആൾക്കും സാംപിൾ ശേഖരിക്കുന്നവർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. എന്നാൽ പുതിയ സാങ്കേതിക വിദ്യയിലൂടെ കോവിഡ് പരിശോധന അനായാസമാക്കുകയാണ് ചെയ്യുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സലൈൻ ഗാർഗിൾ ആർടി പിസിആർ പരിശോധനയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ട്.

മുംബൈ: കൊവിഡ് വൈറസ് വ്യാപനവും ലോക്ക്ഡൗണും കാരണം ഉണ്ടായ സാമ്പത്തിക ആഘാതത്തിൽ നിന്നും ഇന്ത്യ കരകയറുന്നതായി റിപ്പോർട്ട്. ജൂലൈ മാസം ഇന്ത്യയുടെ വ്യാവസായിക ഉത്പാദനത്തിൽ ഉയർച്ചയുണ്ടായെന്നാണ് റിപ്പോർട്ട്. 11.5 ശതമാനം ഉയർച്ചയാണ് വ്യാവസായിക ഉത്പാദനത്തിൽ ഉണ്ടായിരിക്കുന്നത്.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ സൂചനയായിട്ടാണ് സാമ്പത്തിക വിദഗ്ധർ ഇക്കാര്യം വിലയിരുത്തുന്നത്. ഖനനം, ഊർജം, നിർമിതോത്പാദനം തുടങ്ങിയ മേഖലകളിലെ മികച്ച മുന്നേറ്റമാണ് വ്യാവസായിക ഉത്പാദന സൂചികയിലെ നേട്ടത്തിന് കാരണമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. ഖനന രംഗത്ത് 19.5 ശതമാനം വളർച്ചയും ഊർജ മേഖലയിൽ 11. 1 ശതമാനം നേട്ടവും രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, രാജ്യത്തെ ഉത്പാദന തോത് കോവിഡ് വൈറസ് വ്യാപനത്തിന് മുൻപുളള കാലഘട്ടത്തെ അപേക്ഷിച്ച് കുറവാണെന്നാണ് വിവരം.

തിരുവനന്തപുരം: ചാനൽ ചർച്ചയിലെ പരാമർശത്തിൽ തെറ്റുപറ്റിയതിൽ ഖേദം പ്രകടിപ്പിച്ച് സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായ എം എൻ കാരശേരി. ചാനൽ ചർച്ചയിൽ മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞെന്ന് ഉദ്ധരിച്ചത് തെറ്റാണെന്നും ധാരണപിശക് മൂലമാണ് അത്തരമൊരു പ്രസ്താവനയുണ്ടായതെന്നും കാരശേരി വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോക്നാഥ് ബെഹ്റയോടും ചാനലിന്റെ കാണികളോടും തെറ്റായ വിവരം പറഞ്ഞതിൽ ഖേദിക്കുന്നുവെന്നും എം എൻ കാരശേരി അറിയിച്ചു,

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം:

ഞാൻ ഖേദിക്കുന്നു,

കഴിഞ്ഞ ശനിയാഴ്ച, 2021 സെപ്റ്റംബർ 11 ന് മാതൃഭൂമി ചാനലിലെ ചർച്ചയ്ക്കിടയിൽ ‘മുൻ സംസ്ഥാന ഡി ജി പി ലോകനാഥ് ബെഹ്‌റ കേരളത്തിൽ ലൗജിഹാദ് ഉണ്ട് എന്ന് പറഞ്ഞതായി’ ഞാൻ ഉദ്ധരിച്ചത് ശരിയല്ല. അദ്ദേഹം പിരിയുമ്പോൾ ഭീകരവാദ സാന്നിധ്യത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നതിൽ നിന്നുണ്ടായ ധാരണപ്പിശക് മൂലമാണ് അങ്ങനെ പറയാൻ ഇടയായത്. ലോകനാഥ് ബെഹ്‌റയോടും ചാനലിന്റെ കാണികളോടും ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.

-എം എൻ കാരശ്ശേരി

മലപ്പുറം: സംഘപരിവാറിനെതിരെ വിമർശനവുമായി കെ മുരളീധരൻ എംപി. നാർക്കോട്ടിക് ജിഹാദ് വിവാവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്തെ രണ്ട് പ്രബല സമുദായത്തെ തമ്മിലടിപ്പിച്ച് അതിനിടയിൽ കയറാൻ സംഘപരിവാർ ശ്രമിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. അതിന് സഹായം നൽകുന്ന നിലപാടുകൾ ആരും സ്വീകരിക്കരുതെന്ന് കെ മുരളീധരൻ അഭ്യർത്ഥിച്ചു.

അഭിപ്രായ വ്യത്യാസങ്ങൾ ഒരു മേശക്കു ചുറ്റുമിരുന്ന് പരിഹരിക്കാൻ ഇരു സമുദായ നേതാക്കളും തയ്യാറാകണം. കേരളത്തിൽ ലഹരി മാഫിയ ഉണ്ട്. പക്ഷെ അത് ഒരു മതത്തിന്റെ പേരിൽ കെട്ടിവെക്കരുത്. പാലാ ബിഷപ്പിന്റെ ചില പ്രസ്താവനകളാണ് വിവാദമായത്. അദ്ദേഹത്തെ സംരക്ഷിക്കാൻ വിശ്വാസികൾ ഉണ്ട്. അതിന് സംഘ പരിവാർ വേണ്ട. തർക്കം കൂടുതൽ ഗുരുതരമാകാതെ പരിഹരിക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലാ ബിഷപ്പിന്റെ നാർക്കോടിക്‌സ് വിവാദത്തെ പിന്തുണച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെ മുരളീധരന്റെ പരാമർശം.

വാഷിംഗ്ടൺ: മരിച്ചെന്ന് കരുതിയ അൽ ഖ്വയ്ദ തീവ്രവാദി നേതാവിന്റെ വീഡിയോ സന്ദേശം പുറത്ത്. അയ്മാൻ അൽ സവാഹിരിയുടെ എന്ന ഭീകര നേതാവിന്റെ വീഡിയോ സന്ദേശമാണ് പുറത്തു വന്നിരിക്കുന്നത്. സെപ്തംബർ 11 ആക്രമണത്തിന്റെ ഇരുപതാം വാർഷികത്തിലാണ് വീഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്.

ഒസാമ ബിൻ ലാദന്റെ മരണത്തെ തുടർന്നാണ് സവാഹിരി അൽ ഖ്വയ്ദയുടെ നേതൃത്വം ഏറ്റെടുത്തത്. പിന്നീട് ഒളിവിൽ പോയ ഇയാൾ മരണപ്പെട്ടതായുള്ള വാർത്തകൽ പുറത്തു വന്നിരുന്നു. 2020 നവംബറിൽ രോഗബാധയെതുടർന്ന് സവാഹിരി മരണപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിൽ പൂർണ്ണ ആരോഗ്യവാനായ സവാഹിരിയെയാണ് കാണാൻ കഴിയുന്നത്.

2020 ൽ കൊല്ലപ്പെട്ട നിരവധി തീവ്രവാദികൾക്ക് വീഡിയോയിൽ സവാഹിരി വീര പരിവേശം നൽകുന്നുണ്ട്. 20 വർഷത്തെ യുദ്ധത്തിനു ശേഷം അമേരിക്ക അഫ്ഗാനിൽ നിന്നും തോറ്റ് മടങ്ങിയെന്നും സെപ്തംബർ പതിനൊന്നിന് അൽ ഖ്വയ്ദ വേൾഡ് ട്രേഡ് സെന്ററിൽ നടത്തിയ ആക്രമണം അമേരിക്കയുടെ നെഞ്ചത്ത് ഏറ്റ വലിയൊരു മുറിവായിരുന്നെന്നും വീഡിയോയിൽ പറയുന്നു. അതേസമയം അഫ്ഗാനിസ്താനിൽ പുതുതായി അധികാരമേറ്റെടുത്ത താലിബാൻ നേതൃത്വത്തെ കുറിച്ച് യാതൊരു പരാമർശവും വീഡിയോയിൽ ഇല്ല.