കോവിഡ് രോഗിയായിരിക്കെ ആത്മഹത്യ ചെയ്താൽ കുടുംബത്തിനു കോവിഡ് നഷ്ടപരിഹാരം നൽകില്ലെന്ന തീരുമാനം പുനഃപരിശോധിക്കണം; നിർദ്ദേശം നൽകി സുപ്രീം കോടതി

ന്യൂഡൽഹി: കോവിഡ് രോഗിയായിരിക്കെ ആത്മഹത്യ ചെയ്താൽ കുടുംബത്തിനു കോവിഡ് നഷ്ടപരിഹാരം നൽകില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. കോവിഡ് നഷ്ടപരിഹാരത്തിനുവേണ്ടി മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനു കേന്ദ്രം സമർപ്പിച്ച മാർഗരേഖ പരിഗണിച്ചാണ് കോടതിയുടെ നടപടി.

കോവിഡ് രോഗി ആത്മഹത്യ ചെയ്താലും കോവിഡ് മരണമായി തന്നെ കണക്കാക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് എം.ആർ.ഷാ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം. മരണ സർട്ടിഫിക്കറ്റ് നൽകുന്നതിലെ പരാതികൾ പരിഹരിക്കാനുള്ള ജില്ലാതല സമിതികൾ എത്ര ദിവസത്തിനകം രൂപീകരിക്കണമെന്നു വ്യക്തമാക്കാനും കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സമിതിക്കു മുൻപാകെ ഹാജരാക്കേണ്ട രേഖകൾ ഏതൊക്കെയെന്നതിൽ വ്യക്തത വരുത്തണമെന്നും കോടതി നിർദേശിച്ചു.