തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകുന്നത് പരിഗണനയിൽ. നാളെ ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.
ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നത് ഉൾപ്പെടെയുള്ള ഇളവ് ഉണ്ടാകുമെന്നാണ് സൂചന. സർക്കാർ ഓഫീസുകൾ ശനിയാഴ്ച തുറന്ന് പ്രവർത്തിക്കാനും തീരുമാനമുണ്ട്. സർക്കാർ ജീവനക്കാർക്ക് കാർഡ് വഴി പഞ്ചിങ് നിർബന്ധമാക്കാനും ആലോചനയുണ്ട്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്.
സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം 1027, കണ്ണൂര്‍ 814, ഇടുക്കി 501, വയനാട് 445, പത്തനംതിട്ട 381, കാസര്‍ഗോഡ് 194 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,90,219 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,60,694 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,525 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1853 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 2,08,773 കോവിഡ് കേസുകളില്‍, 13.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,650 ആയി.

