General (Page 1,411)

തിരുവനന്തപുരം: കോഴിക്കോട് കണ്ടെൻമെന്റ് വാർഡുകളിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തീരുമാനം. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് നിപ വൈറസ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇൻക്യുബേഷൻ കാലയളവായ 14 ദിവസം കഴിഞ്ഞ സാഹചര്യത്തിലുമാണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാർഡ് കണ്ടെയ്ൻമെന്റായി തുടരുന്നതാണ്. മെഡിക്കൽ ബോർഡിന്റേയും വിദഗ്ധ സമിതിയുടേയും നിർദേശ പ്രകാരമാണ് തീരുമാനമെടുത്തത്. മറ്റ് പ്രദേശങ്ങളിൽ കടകൾ തുറക്കാനും യാത്ര ചെയ്യാനും കഴിയുന്നതാണ്. രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായും വീടുകളിൽ തന്നെ കഴിയേണ്ടതാണ്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണ്. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ജില്ലാ കളക്ടർ പുറത്തിറക്കുന്നതാണെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

കണ്ടെയ്ൻമെന്റ് സോണിൽ നിർത്തിവച്ചിരുന്ന വാക്സിനേഷൻ ബുധനാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്. ഇനി വാക്സിൻ എടുക്കാൻ ബാക്കിയുള്ളവരെ കണ്ടെത്തി കൃത്യമായ ആക്ഷൻ പ്ലാനോടെയാണ് വാക്സിനേഷൻ നടത്തുന്നത്. രോഗലക്ഷണമുള്ളവർ ഒരു കാരണവശാലും വാക്സിനെടുക്കാൻ പോകരുത്. 9593 പേരാണ് കണ്ടൈൻമെന്റ് വാർഡുകളിൽ ഇനി ആദ്യഡോസ് വാക്സിൻ എടുക്കാനുള്ളത്. 500 മുതൽ 1000 വരെയുള്ള പല സെക്ഷനുകൾ തിരിച്ചായിരിക്കും വാക്സിൻ നൽകുകയെന്ന് വീണാ ജോർജ് വിശദമാക്കി.

അതേസമയം നിപ സമ്പർക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. എൻ.ഐ.വി. പൂനയിലാണ് ഇത് പരിശോധിച്ചത്. ഇതോടെ 143 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും എല്ലാവരും ജാഗ്രത തുടരണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ന്യൂഡൽഹി: രാജ്യത്ത് വിവിധയിടങ്ങളിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്ന ആറു ഭീകരർ അറസ്റ്റിൽ. പാകിസ്താനിൽ നിന്ന് പരിശീലനം നേടിയ രണ്ടുപേർ ഉൾപ്പെടെയാണ് പിടിയിലായിരിക്കുന്നത്. ഉത്സവാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ വലിയ സ്‌ഫോടനങ്ങൾ നടത്താനായിരുന്നു ഭീകരർ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, സംസ്ഥാനങ്ങളിലെ പോലീസിന്റെ കൂട്ടായ ഓപ്പറേഷനിലൂടെയാണ് ഭീകരരെ അറസ്റ്റ് ചെയ്തത്.

സീഷൻ ഖമർ, ഒസാമ, ജൻ മുഹമ്മദ് അലി ഷെയ്ഖ്, മുഹമ്മദ് അബൂബക്കർ, മൂൽചന്ദ്, മുഹമ്മദ് ആമിർ ജാവേദ് എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ കോട്ടയിൽ നിന്നും രണ്ടു പേരെ ഡൽഹിയിൽ നിന്നും മൂന്ന് പേരെ ഉത്തർപ്രദേശിൽ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. പാകിസ്താനിലെ ഒരു ഫാം ഹൗസിൽ 15 ദിവസത്തോളം ഭീകരർക്ക് പരിശീലനം ലഭിച്ചിരുന്നുവെന്നാണ് വിവരം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഐഇഡി സ്‌ഫോടനങ്ങൾ നടത്താനായിരുന്നു ഭീകരർ ആസൂത്രണം ചെയ്തിരുന്നത്.

തിരുവനന്തപുരം: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ ഭൂരഹിതരായ മുഴുവൻ പേർക്കും ഭൂമിയും വീടും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറുദിന കർമപരിപാടിയുടെ ഭാഗമായി 13500 പട്ടയങ്ങൾ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഓൺലൈനിലൂടെയായിരുന്നു ഉദ്ഘാടനം. സംസ്ഥാനത്തെ മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും വീട് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചു വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് വീട് നൽകുമെന്ന് ഉറപ്പ് നൽകിയതാണ്. ലൈഫ് ഉൾപ്പെടെ വിവിധ പദ്ധതികളിലൂടെ ഇതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്ന് അദ്ദേഹം വിശദമാക്കി.

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്നതാണ് സർക്കാർ നയം. ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. ലാന്റ് ബോർഡ് വ്യവഹാരങ്ങളിൽ ഉൾപ്പെട്ട കേസുകൾ തീർപ്പാക്കാൻ പ്രത്യേക കർമപദ്ധതി തയ്യാറാക്കും. മിച്ചഭൂമിയും അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നതും കണ്ടെത്തി നടപടി സ്വീകരിക്കും. ഭൂരഹിതർക്ക് ഭൂമി കൈമാറുന്നതിനായി പ്രത്യേകം ലാൻഡ് ബാങ്ക് തയ്യാറാക്കും. ഇതിനായി ഡിജിറ്റൽ സർവേ നടത്തും. കേരളത്തിലെ ഭൂമിയാകെ ഡിജിറ്റൽ സർവേ നടത്തി അളന്ന് തിട്ടപ്പെടുത്തുന്നതിന് ഒന്നാം ഗഡുവായി 339 കോടി റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ അനുവദിച്ചിട്ടുണ്ട്. നാലു വർഷം കൊണ്ട് ഇത് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിലൂടെ നല്ല് പങ്ക് ഭൂമിയും സർക്കാരിലേക്ക് വന്നുചേരും. കൈയേറ്റക്കാരേയും കുടിയേറ്റക്കാരേയും സർക്കാർ ഒരേ കണ്ണിലല്ല കാണുന്നത്. മണ്ണിൽ പണിയെടുക്കുന്നവന്റെ വേദന മനസിലാക്കി ആശ്വാസം പകരാൻ ശ്രമിക്കുന്ന സർക്കാരാണിത്. അർഹമായ ആനുകൂല്യം വിവിധ ജനവിഭാഗങ്ങൾക്ക് ഉറപ്പ് വരുത്തുന്നത് നവകേരളത്തിന്റെ മുഖമുദ്രയായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സാങ്കേതികത്വത്തിലും നിയമക്കുരുക്കിലും പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ട വലിയൊരു വിഭാഗം നാട്ടിലുണ്ട്. ഇതിൽ ഒന്നേമുക്കാൽ ലക്ഷം കുടുംബങ്ങൾക്ക് 2016-2021 കാലയളവിൽ സർക്കാർ പട്ടയം നൽകി. കേരളത്തിലെ സർവകാല റെക്കോഡാണിത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും കഴിയാത്ത വിധത്തിൽ ഇവിടെ ഭൂപരിഷ്‌ക്കരണം നടത്തി മാതൃകകാട്ടാനായി. കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളെ, അന്തസോടെ നിവർന്നു നിൽക്കാൻ, ഭൂമിയുടെ മേൽ ലഭിച്ച അവകാശം പ്രാപ്തമാക്കി. ഇവരെ ഭൂമിയുടെ ഉടമ ആക്കിയെന്നത് മാത്രമല്ല, ആത്മാഭിമാനം വലിയ തോതിൽ ഉയർത്താനും ഭൂപരിഷ്‌കരണത്തിലൂടെ സാധിച്ചു. ഈ ജനവിഭാഗത്തിന്റെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിനും ഇത് അടിത്തറ പാകിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കോട്ടയം: സിപിഐ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരെ വിമർശനവുമായി കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി. റിപ്പോർട്ട് ബാലിശമാണെന്നും റിപ്പോർട്ടിലെ കാര്യങ്ങൾ സിപിഐ സ്ഥിരീകരിച്ചാൽ അതിനുള്ള മറുപടി കേരള കോൺഗ്രസ് ഔദ്യോഗികമായി തന്നെ നൽകുമെന്നും കേരളാ കോൺഗ്രസ് എം ഉന്നതാധികാര സമിതി വ്യക്താക്കി. കേരള കോൺഗ്രസിന്റെ സ്വാധീനം കൊണ്ടാണ് പല സീറ്റുകളിലും എൽഡിഎഫ് ജയിച്ചതെന്ന് കേരള കോൺഗ്രസ് നേതാവ് സ്റ്റീഫൻ ജോർജ് വ്യക്തമാക്കി.

ജോസ് കെ. മാണിയുടെ ജനകീയ അടിത്തറയ്ക്ക് മാർക്കിടുന്നവർ പലരും പല തിരഞ്ഞെടുപ്പിലും തോറ്റവരാണ്. ജയിക്കുന്ന സീറ്റുകളുടെ ക്രെഡിറ്റ് എടുക്കുകയും പരാജയപ്പെടുന്ന സീറ്റുകളുടെ ഉത്തരവാദിത്വം വ്യക്തികളിൽ കെട്ടിവെക്കുകയും ചെയ്യുന്നത് തികച്ചും പാപ്പരത്തമാണ്. തിരഞ്ഞെടുപ്പ് പരാമർശങ്ങൾ സിപിഐ ഔദ്യോഗികമായി നിഷേധിച്ചിട്ടില്ല. അഭിപ്രായങ്ങൾ സിപിഐയുടേതല്ലെങ്കിൽ അവ നിഷേധിക്കാനുള്ള ബാധ്യത സിപിഐ നേതൃത്വത്തിനുണ്ട്. മുന്നണി മാറിയിട്ടും സിപിഐയ്ക്ക് കേരള കോൺഗ്രസിനോടുള്ള സമീപനത്തിൽ മാറ്റം വന്നിട്ടില്ലെന്നും കമ്മിറ്റിയിൽ വിലയിരുത്തലുണ്ടായി.

ജോസ് കെ. മാണിയുടെ പാലായിലെ തോൽവിക്ക് കാരണം ജനകീയ അടിത്തറ ഇല്ലായ്മയാണെന്നാണ് സിപിഐ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പറയുന്നത്. കേരള കോൺഗ്രസ് (എം) ഇടതു മുന്നണിയിലേക്കു മാറിയതിന്റെ ഗുണം എൽ.ഡി.എഫിന് ഉണ്ടായിട്ടില്ല. കേരള കോൺഗ്രസും എൽ.ജെ.ഡി.യും മുന്നണി വിട്ടത് യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെങ്കിലും അത് എൽ.ഡി.എഫിന് വോട്ടായി മാറിയില്ലെന്നും റിപ്പോർട്ടിലുണ്ട്.

കടുത്തുരുത്തിയിലും പാലായിലും ഇടതുമുന്നണി തോറ്റതോടെ കേരള കോൺഗ്രസിന്റെ ശക്തി ബോധ്യമായി. പാലായിൽ ജോസ് കെ. മാണിയല്ലാതെ നേരത്തേ ഇടതുമുന്നണിയിലുള്ള പാർട്ടിയിലെ ആരെങ്കിലുമാണ് മത്സരിച്ചതെങ്കിൽ ജയിക്കുമായിരുന്നു എന്നും തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന പിന്നോക്ക വിഭാഗം (ഒ ബി സി ) വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിനായി അപേക്ഷ നൽകാം. സംസ്ഥാന സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത. നിശ്ചിത ഫോമിലുള്ള അപേക്ഷ പൂരിപ്പിച്ച് രേഖകൾ സഹിതം സ്‌കൂൾ പ്രധാന അദ്ധ്യാപകനെ ഏൽപ്പിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള നിബന്ധനകൾ

  • ന്യൂനപക്ഷ – ഒഇസി വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാനാകില്ല.
  • കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്.
  • ഒരു കുടുംബത്തിലെ പരമാവധി 2 കുട്ടികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
  • ഇ ഡിസ്ട്രിക്റ്റ് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
  • സ്‌കൂൾ പ്രവേശന സമയത്ത് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തവരും പിന്നീട് മതപരിവർത്തനം നടത്തിയവരും ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

സെപ്റ്റംബർ 30 നു മുമ്പ് സ്‌കോളർഷിപ്പിനുള്ള അപേക്ഷ പഠിക്കുന്ന വിദ്യാലയത്തിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് www.bcddkerala.gov.in, ഫോൺ :0471- 2727379.

മുന്നോക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും പത്താം ക്ലാസ് കഴിഞ്ഞുള്ള പഠന സഹായത്തിന് സ്‌കോളർഷിപ്പ് ലഭിക്കും. സർക്കാർ സ്ഥാപനങ്ങളിലെ വിവിധ കോഴ്‌സുകളിൽ പഠിക്കുന്നതിന് 2021-22 വർഷത്തെ അംബേദ്കർ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം.

പോസ്റ്റ് മെട്രിക് കോഴ്‌സുകൾ (11,12 ക്ലാസുകൾ )ഐ ടി ഐ, പോളിടെക്‌നിക് ഡിപ്ലോമ, ബി.എ, ബിഎസ് സി, ബി കോം തുടങ്ങിയ ഡിഗ്രി കോഴ്‌സുകൾ,പി.ജി, എൽ.എൽ.ബി ഫാർമസി, നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സുകൾ, മെഡിസിൻ, എൻജിനീയറിങ്, അഗ്രിക്കൾച്ചറൽ ബിരുദ കോഴ്‌സുകൾ തുടങ്ങിയവയിലെ പഠനത്തിനാണ് സ്‌കോളർഷിപ് നൽകുന്നത്.

കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുതെന്നാണ് നിബന്ധന. മറ്റ് സർക്കാർ സ്‌കോളർഷിപ്പോ സ്‌റ്റൈപൻഡോ ഇതോടൊപ്പം വാങ്ങാനാവില്ല. കേരള സംസ്ഥാന മുന്നോക്ക ക്ഷേമ കോർപ്പറേഷൻ വഴിയാണ് സ്‌കോളർഷിപ് വിതരണം. അപേക്ഷ നൽകേണ്ട അവസാന തീയതി സെപ്റ്റംബർ 28 ആണ്. വിവരങ്ങൾക്ക് www.kswcfc.org സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾ അറിയാനായി 0471-2311215 എന്ന നമ്പറിൽ ബന്ധപ്പെടാം.

ന്യൂഡൽഹി: ആധാർ കാർഡുള്ള ആർക്കും ഇപ്പോൾ മിനിറ്റുക്കൾക്കുള്ളിൽ അധിക ചെലവുകളോ രേഖകളോ ഇല്ലാതെ തന്നെ പാൻ നമ്പർ കരസ്ഥമാക്കാം. മിനിട്ടുകൾക്കുളളിൽ പാൻകാർഡ് സ്വന്തമാക്കാനായി ആദായനികുതി വകുപ്പിന്റെ ഓദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഇൻസ്റ്റന്റ് പാൻ തെരഞ്ഞെടുക്കുക. ഇതിൽ നിന്ന് ഇ-പാൻ തെരഞ്ഞെടുക്കുക. തുടർന്ന് ആധാർ നമ്പർ നൽകുക (നിലവിൽ പാൻ നമ്പർ ഉള്ളവർക്കു പുതിയ കാർഡ് ലഭിക്കില്ല). ആധാറിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി. നൽകുന്നതോടെ 15 അക്ക തിരിച്ചറിയൽ നമ്പർ നിങ്ങൾക്ക് ലഭിക്കും. കൂടാതെ പാൻ കാർഡും മറ്റു വിവരങ്ങളും നിങ്ങൾ ആധാറിൽ നൽകിയിരിക്കുന്ന ഇ- മെയിലിലേക്ക് ലഭിക്കും.

ഒ.ടി.പി. നൽകിയ സമയത്ത് നിങ്ങൾക്കു ലഭിച്ച 15 അക്ക നമ്പർ വഴി പാൻ കാർഡിന്റെ തത്സമയ വിവരങ്ങളും നിങ്ങൾക്ക് അറിയാനാകും. നിലവിൽ പാൻ കാർഡ് ലഭ്യമായവർ ഈ മാസം 30 നകം ആധാറുമായി ലിങ്ക് ചെയ്യണം. അല്ലാത്തപക്ഷം പാൻ റദ്ദാകുന്നതാണ്. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനും റീഫണ്ടിനും തടസം നേരിടും. കൂടാതെ പിന്നീടുള്ള ഓരോ പാൻ ഉപയോഗത്തിനും പിഴയും ബാധകമാകും. എസ്.ബി.ഐയും ആധാർ കാർഡ് പാനുമായി ബന്ധിപ്പിക്കാത്തവർക്ക് സേവനങ്ങൾ നൽകില്ലെന്നാണ് അധികൃതർ അറിയിച്ചു.

ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ കരുത്തു വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ. രാജ്യത്തിന്റെ മൂന്ന് ഭാഗങ്ങളിൽ ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് ആരംഭിക്കും. ലക്നൗ, കാൺപൂർ, ഝാൻസി തുടങ്ങിയ പ്രദേശങ്ങളിലാണ് നിർമ്മാണ യൂണിറ്റ് ആരംഭിക്കുകയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

300 കോടി രൂപയാണ് നിർമ്മാണ യൂണിറ്റിന്റെ മുതൽമുടക്ക്. ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ മിസൈലാണ് ബ്രഹ്മോസ്. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ബ്രഹ്മോസ് ക്രൂയിസ് മിസൈൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് കരയിൽ നിന്നും വിമാനങ്ങളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാൻ കഴിയും. റഷ്യയുടെ ക്രൂയിസ് മിസൈലിനെ അധാരമാക്കിയാണ് ബ്രഹ്മോസിന്റെ നിർമ്മാണം.

ബ്രഹ്മോസ് മിസൈൽ നിർമ്മാണത്തിനു പുറമേ ഗവേഷണ വികസന പ്രവർത്തനങ്ങളും പുതുതായി സ്ഥാപിക്കുന്ന യൂണിറ്റുകളിൽ നടത്തുമെന്നാണ് വിവരം.. അടുത്ത മൂന്ന വർഷത്തിനുള്ളിൽ 100 ലധികം ബ്രഹ്മോസ് മിസൈലുകൾ നിർമ്മിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുന്നതോടെ 5000 പേർക്കോളം പരോക്ഷമായും 10,000 പേർക്ക് നേരിട്ടും തൊഴിൽ ലഭിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടേയും റഷ്യയിലെ മോസ്‌കോ നദിയുടേയും പേരിന്റെ സംയുക്ത രൂപമായിട്ടാണ് മിസൈലിന് ബ്രഹ്മോസ് എന്ന പേര് നൽകിയിരിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയുടെയും റഷ്യയുടെ എൻപിഒ മഷിനോസ്ട്രോയീനീയുടെയും സംയുക്ത സംരംഭമായ ബ്രഹ്മോസ് എയറോസ്പേസ് ലകനൗവിൽ നിർമ്മാണ യൂണിറ്റ് ആരംഭിക്കാൻ ഉത്തർപ്രദേശ് സർക്കാരിരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.ബ്രഹ്മോസ് ഡയറക്ടർ ജനറൽ സുധീർ കെ മിശ്രയുടെ നേതൃത്വത്തിലുള്ള സംഘം നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സന്ദർശനം നടത്തിയിരുന്നു.

തിരുവനന്തപുരം: കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് കെ പി അനിൽകുമാറിനെ പുറത്താക്കിയതായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോൺഗ്രസ് വിട്ടതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കെ സുധാകരൻ അറിയിച്ചത്.

അനിൽകുമാറിന് നിരാശാ ബോധമാണെന്ന് സുധാകരൻ വ്യക്തമാക്കി. ഗുരുതരമായ അച്ചടക്കലംഘനമാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. അനിൽകുമാർ നൽകിയ വിശദീകരണം തൃപ്തികരമല്ല. നിരുത്തരവാദപരമായ മറുപടിയാണ് നൽകിയത്. ഇനി ചർച്ചയുടെ ആവശ്യമില്ലെന്നും സുധാകരൻ വിശദമാക്കി.

നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചായിരുന്നു അനിൽ കുമാർ കോൺഗ്രസിൽ നിന്നും രാജിവെച്ചത്. കെ സുധാകരനെതിരെ അനിൽ കുമാർ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ലെന്നും 43 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നുമായിരുന്നു രാജിക്കാര്യം പ്രഖ്യാപിച്ചു കൊണ്ട് അനിൽ കുമാർ പറഞ്ഞത്. സോണിയ ഗാന്ധിക്കും കെ സുധാകരനും അനിൽകുമാർ രാജിക്കത്ത് കൈമാറി.

തിരുവനന്തപുരം: പരസ്യപ്രതികരണത്തിന്റെ പേരിൽ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്ത കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ കോൺഗ്രസിൽ നിന്നും രാജിവെച്ച് സിപിഎമ്മിൽ ചേർന്നു. കോൺഗ്രസ് വിടുന്ന കാര്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ഏ കെ ജി സെന്ററിലെത്തിയത്. ഉപാധികളില്ലാതെയാണ് താൻ സിപിഎമ്മിലേയ്ക്ക് പോകുന്നതെന്ന് അനിൽകുമാർ വ്യക്തമാക്കി. സി.പി. എം. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഏ കെ ജി സെന്ററിലെത്തിയ അനിൽകുമാറിനെ സ്വീകരിച്ചത്.

മുൻപ് കോൺഗ്രസിൽ നിന്നും രാജിവെച്ച് സിപിഎമ്മിൽ ചേർന്ന പി എസ് പ്രശാന്തിനൊപ്പമാണ് അനിൽ കുമാർ ഏ കെ ജി സെന്ററിലെത്തിയത്. ആദ്യമായാണ് ഏ കെ ജി സെന്ററിന്റെ പടി ചവിട്ടുന്നത്. വലതുകാൽ വച്ച് കയറുകയാണ്. അഭിമാനത്തോടെയും അന്തസോടെയുമാണ് സിപിഎമ്മുമായി സഹകരിക്കാൻ പോകുന്നത്. സിപിഎം ഉയർത്തുന്ന മതേതര മൂല്യങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ല. 43 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആയുസ്സിന്റെ ഏതാണ്ട് മുക്കാൽ ഭാഗത്തിലധികം പ്രവർത്തിച്ച, വിയർപ്പും രക്തവും സംഭാവന ചെയ്തിട്ടുള്ള പ്രസ്ഥാനത്തിൽ നിന്ന് വിടപറയുകയാണ്. ഇന്നത്തോടുകൂടി ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെ.പി.സി.സി.സി പ്രസിഡന്റ് കെ.സുധാകരനും രാജിക്കത്ത് മെയിൽ വഴി അയച്ചു. പുതിയ നേതൃത്വം വന്നതിന് ശേഷം ആളുകളെ നോക്കി നീതി നടപ്പാക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. പാർട്ടിക്കുള്ളിൽ നീതി നിഷേധിക്കപ്പെടുമെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ട് തന്റെ രക്തത്തിന് വേണ്ടി തലയറുക്കാൻ വേണ്ടി കാത്തുനിൽക്കുന്ന ആളുകളാണ് നേതൃത്വത്തിൽ ഉള്ളതെന്നതുകൊണ്ട്, പിന്നിൽ നിന്ന് പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ലാത്തത് കൊണ്ട് പാർട്ടിയുമായി 43 വർഷമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അദ്ദേഹം വിശദമാക്കി.

2016 ൽ കൊയിലാണ്ടിയിൽ സീറ്റ് നൽകാതെ അപമാനിച്ചു. ഒരു പരാതി പോലും പറഞ്ഞില്ല. അച്ചടക്കത്തോടെ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റി. 2021 ലും സീറ്റ് നൽകാമെന്ന് പറഞ്ഞ് പാർട്ടി ചതിച്ചു. അഞ്ച് വർഷം നിശബ്ദനായിരുന്നു, അഞ്ച് വർഷവും ഒരു പരാതിയും പറയാതെ പ്രവർത്തിച്ചു. ഗ്രൂപ്പില്ലാതെ പ്രവർത്തിച്ചതിനുള്ള തിക്തഫലമാണിത്. ഏഴയൽപക്കത്ത് പോലും സ്ഥാനം നൽകാതെ പാർട്ടി തന്നെ ആദരിച്ചവവെന്നും അനിൽകുമാർ പരിഹസിച്ചു.

കോൺഗ്രസിൽ ഡിസിസി പുനഃസംഘടന നടന്ന ശേഷം പരസ്യ പ്രതികരണം നടത്തിയതിന്റെ പേരിലാണ് കോൺഗ്രസ് അനിൽകുമാറിനെതിരെ നടപടി സ്വീകരിച്ചത്. ഡിസിസി പ്രസിഡന്റുമാർ പലരുടേയും പെട്ടിതാങ്ങുന്നവരാണെന്ന ആരോപണമായിരുന്നു അനിൽകുമാർ ഉന്നയിച്ചത്. പിന്നീട് അനിൽ കുമാറിനെ പാർട്ടി സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

ന്യൂഡൽഹി: അഫ്ഗാനിസ്താനെ സഹായിക്കാൻ രാജ്യാന്തര സമൂഹം മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അഫ്ഗാൻ കടുത്ത മാനുഷിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, കഴിഞ്ഞ കാലത്തെപ്പോലെ രാജ്യത്തിനൊപ്പം നിൽക്കുമെന്ന് അദ്ദേഹം അറിയിച്ചു. അഫ്ഗാൻ നിർണായകവും വെല്ലുവിളി നിറഞ്ഞതുമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്താനിലെ മാനുഷിക സാഹചര്യം സംബന്ധിച്ച യുഎൻ ഉന്നതതല വെർച്വൽ യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.

അഫ്ഗാനിസ്താനോടുള്ള ഇന്ത്യയുടെ സമീപനം ഇന്ത്യയുടെ ചരിത്രപരമായ സൗഹൃദത്താൽ നയിക്കപ്പെടുന്നു. അത് ഇനിയും തുടരും. ആഗോള സമവായമുണ്ടാക്കുന്നതിൽ രാജ്യങ്ങളുടെ ചെറിയ ഗ്രൂപ്പുകളേക്കാൾ ബഹുമുഖമായ വേദി കൂടുതൽ ഫലപ്രദമാണെന്നും അഫ്ഗാനെ സഹായിക്കാൻ സാധ്യമായ ഏറ്റവും മികച്ച അന്തരീക്ഷം സൃഷ്ടിക്കാൻ രാജ്യാന്തര സമൂഹം ഒത്തുചേരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അഫ്ഗാന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സുരക്ഷാ സാഹചര്യങ്ങളിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. മാനുഷിക സഹായത്തിനു തടസ്സമായി ഉയർന്നുവന്നേക്കാവുന്ന യാത്രയുടെയും മറ്റും പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കപ്പെടും. അഫ്ഗാനിസ്താനിൽ നിന്ന് പുറത്തേക്കും അഫ്ഗാനിലേക്കും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കു തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാനാവശ്യമായ സൗകര്യങ്ങൾ അനുവദിക്കണം. അടുത്ത അയൽക്കാരനെന്ന നിലയിൽ ആശങ്കകളോടെയാണ് ഇന്ത്യ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.