തിരുവനന്തപുരം: വാക്സിനേഷൻ രംഗത്ത് മറ്റൊരു നിർണായക നേട്ടം കൂടി കരസ്ഥമാക്കി കേരളം. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിനേഷൻ 80 ശതമാനം കഴിഞ്ഞു. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 80.42 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും (2,30,80,548) 32.30 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (92,71,115) നൽകിയെന്ന് മന്ത്രി അറിയിച്ചു.
ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 3,23,51,663 ഡോസ് വാക്സിൻ നൽകാനായി. സംസ്ഥാനത്ത് ബുധനാഴ്ച്ച 4,76,603 പേർക്കാണ് വാക്സിൻ നൽകിയത്. 1528 സർക്കാർ കേന്ദ്രങ്ങളും 376 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1904 വാക്സിനേഷൻ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നതെന്ന് വീണാ ജോർജ് വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്തിന് 6,94,210 ഡോസ് വാക്സിൻ കൂടി ലഭ്യമായി. തിരുവനന്തപുരത്ത് 2,91,000, എറണാകുളത്ത് 1,80,210, കോഴിക്കോട് 2,23,000 എന്നിങ്ങനെ ഡോസ് കോവിഷീൽഡ് വാക്സിനാണ് ലഭ്യമായത്. ലഭ്യമായ വാക്സിൻ വിവിധ ജില്ലകളിലെത്തിച്ചു വരുന്നുവെന്ന് മന്ത്രി വിശദമാക്കി.
മറ്റ് പലതിലും പോലെ വാക്സിനേഷനിലും കേരളം മാതൃകയാണ്. രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികൾക്ക് വീട്ടിൽ പോയി വാക്സിൻ നൽകിയ സംസ്ഥാനമാണ് കേരളം. 60 വയസിന് മുകളിലുള്ളവർക്കും കിടപ്പ് രോഗികൾക്കും മുഴുവൻ ആദ്യ ഡോസ് വാക്സിൻ നൽകുന്നതിതിനായി പ്രത്യേക യജ്ഞങ്ങൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. വാക്സിനേഷനായി രജിസ്ട്രേഷൻ നടത്താനറിയാത്തവർക്ക് കൂടി വാക്സിൻ നൽകാനായി, വാക്സിൻ സമത്വത്തിനായി വേവ് (WAVE: Work Along for Vaccine Equity) ക്യാമ്പയിൻ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഇതുകൂടാതെ ഗർഭിണികളുടെ വാക്സിനേഷനായി മാതൃകവചം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷൻ എന്നിവയും നടപ്പിലാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

