സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ 2019 നെ അപേക്ഷിച്ച് കുറവ്; ലോക്ക് ഡൗൺ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യത്തിൽ കുറവുണ്ടാകാൻ കാരണമായതായി റിപ്പോർട്ട്

ന്യൂഡൽഹി: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ 2019 നെ അപേക്ഷിച്ച് കുറവുണ്ടായതായി റിപ്പോർട്ട്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി.)യുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2020-ൽ 3,71,503 കേസുകളാണ് സ്ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് രാജ്യത്ത് രജിസ്റ്റർ ചെയ്തതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

2019-നെ അപേക്ഷിച്ച് സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ 8.3 ശതമാനം കുറവുണ്ടായതായതാണ് റിപ്പോർട്ടിൽ പറയുന്നത്. സ്ത്രീകൾക്കെതിരെയുള്ള അക്രമവുമായി ബന്ധപ്പെട്ട് 2019-ൽ 4,05,326 കേസുകളായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. 2019 നെ അപേക്ഷിച്ച് 2020 ൽ 33823 കേസുകൾ കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ സമ്പൂർണ ലോക്ക് ഡൗൺ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യത്തിൽ കുറവുണ്ടാകാൻ കാരണമായതായാണ് റിപ്പോർട്ടിൽ പറയുന്നത്. 2020 മാർച്ച് 25 മുതൽ 2020 മേയ് 31 വരെയായിരുന്നു രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നത്.

20202 ൽ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത് സ്ത്രീകൾ ഭർത്താവിൽനിന്നോ ഭർതൃബന്ധുക്കളിൽനിന്നോ ക്രൂരതയ്ക്കിരയാകുന്ന കേസുകളാണ്. 30.0 ശതമാനമാണ് കേസുകളാണ് ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതംവരുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ 48,037 അതിക്രമങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സ്ത്രീകൾക്കെതിരായ അതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് 2,353 കേസുകളാണ്. ഇതിൽ 1078 എണ്ണവും ലൈംഗിക അതിക്രമ കേസുകളാണ്.ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഒഡീഷയിലാണ്. 7,533 കേസുകളാണ് ഒഡീഷയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹരിയാനയിലാണ് ഏറ്റവും കൂടുതൽ ലൈംഗിക അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 3,889 ലൈംഗിക അതിക്രമ കേസുകളാണ് ഹരിയാനയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.