പാലക്കാട്: സമാന്തര ടെലഫോൺ എക്‌സ്‌ചേഞ്ച് കേസുമായി ബന്ധപ്പെട്ട് പാലക്കാട് നടത്തിയ റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് സംഘടനയുടെ ലഘുലേഖകൾ കണ്ടെത്തി. പോപ്പുലർ ഫ്രണ്ടിന്റെ രണ്ട് ലഘുലേഖകളാണ് റെയ്ഡിൽ കണ്ടെത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. കുഴൽമന്ദം സ്വദേശി ഹുസൈന്റെ ഉടമസ്ഥതയിലുള്ള കീർത്തി എന്ന ആയുർവേദ ഫാർമസിയുടെ മറവിലാണ് സമാന്തര എക്‌സേഞ്ച് പ്രവർത്തിച്ചിരുന്നത്. ബംഗളൂരുവിലും കോഴിക്കോടും സമാന്തര ഏക്‌സ്‌ചേഞ്ച് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് മേട്ടുപ്പാളയം എക്‌സ്‌ചേഞ്ചിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ (എം എ) ടവറിലെ വാടകമുറിയിലാണ് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്. സംസ്ഥാന ഇന്റലിജൻസ് ബ്യൂറോയും പാലക്കാട് നോർത്ത് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സമാന്തര എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്. മുറിയുടെ പൂട്ട് തകർത്ത് അകത്ത് കടന്നാണ് പരിശോധന നടത്തിയതെന്ന് പോലീസ് അറിയിച്ചു. എട്ട് സിം കാർഡുകളും ഉപയോഗിച്ച 32 സിം ബോക്‌സുകളും ഇവിടെ നിന്നും കണ്ടെത്തിയെന്നും പോലീസ് വ്യക്തമാക്കി.
പാലക്കാട് കണ്ടെത്തിയത് ഐഎസ് വിരുദ്ധ പോസ്റ്ററുകളാണെന്നും ഐ എസ് പോസ്റ്ററുകൾ കണ്ടെത്തിയെന്ന് പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് വിശദമാക്കി. കോഴിക്കോട് സമാന്തര എക്‌സ്‌ചേഞ്ച് കേസുമായി ബന്ധമുണ്ടോയെന്ന കാര്യം പരിശോധിച്ച് വരികയാണ്. അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു. സമാന്തര എക്‌സ്‌ചേഞ്ച് കേസിൽ കോഴിക്കോട്ട് നിന്നും പിടികൂടിയയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലും സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് ഉണ്ടെന്ന വിവരം ലഭിച്ചതെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

