പാലക്കാട്: എസ്‌ഐയെക്കൊണ്ട് സുരേഷ് ഗോപി എംപി നിർബന്ധിപ്പിച്ച് സല്യൂട്ട് അടിപ്പിച്ച സംഭവത്തിൽ പ്രതിഷേധം സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്. സുരേഷ് ഗോപിയുടെ നിലപാടിനെ പരിഹസിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്തായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈൻ അധ്യക്ഷത വഹിച്ചു. പ്രോട്ടോക്കോൾ ഇല്ലായെന്നിരിക്കെ എസ് ഐയെക്കൊണ്ട് നിർബന്ധിപ്പിച്ച് സല്യൂട്ടടിപ്പിച്ച സുരേഷ് ഗോപിയുടെ നടപടി പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. ബഹുമാനവും ആദരവും ചോദിച്ച് വാങ്ങേണ്ടതല്ല. സംഭവത്തിൽ സർക്കാർ നടപടിയെടുക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു.
പോലീസ് അസോസിയേഷനും സുരേഷ് ഗോപിയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രോട്ടോക്കോൾ പ്രകാരം എംപിയെ സല്യൂട്ട് ചെയ്യേണ്ടതില്ലെന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്.

