തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് പാർട്ടി എന്നത് തകർന്നുകൊണ്ടിരിക്കുന്ന കൂടാരമാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് സിപിഎമ്മിലേക്ക് വരുന്നത് സ്വാഭാവിക പ്രക്രിയയാണ്. തകർച്ചയുടെ ഭാഗമായി നിൽക്കേണ്ടതില്ലെന്ന് കോൺഗ്രസിൽ നിൽക്കുന്ന പലരും ചിന്തിച്ചെന്ന് വരും. അതിന്റെ ഭാഗമായാണ് പലരും കോൺഗ്രസ് വിട്ടുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ പലരും കോൺഗ്രസ് വിടാൻ തയ്യാറായിരുന്നു. അങ്ങനെ വിടാൻ തയ്യാറായവർ ബിജെപിയിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. ബിജെപിയിലേക്ക് പോയേക്കും എന്ന് കണ്ടപ്പോൾ അവരെ നിലനിർത്തുന്നതിന് വേണ്ടി കോൺഗ്രസ് നേതൃത്വം ഇടപെട്ടത് ആളുകൾക്കറിയാവുന്ന കാര്യമാണ്. തീരുമാനിച്ചാൽ ബിജെപിയിലേക്ക് പോകുമെന്ന് പരസ്യമായി പറഞ്ഞ പല നേതാക്കളും ഇപ്പോൾ കോൺഗ്രസിലുണ്ടെന്നും അദ്ദേഹം വിശദമാക്കി.
ബിജെപി രാജ്യത്ത് സ്വീകരിക്കുന്ന നയം രാജ്യത്തിന്റെ തകർച്ചയ്ക്ക് തന്നെ വഴിവെക്കുന്നതാണ്. അവരെ ആ രീതിയിൽ നേരിടാനല്ല കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പാർട്ടിക്കകത്തുള്ള പലർക്കും അറിയാം. ബിജെപിയുടെ നീക്കങ്ങൾക്കെതിരേ കൃത്യമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണെന്ന് കോൺഗ്രസിലുള്ള പലർക്കുമറിയാം. അപ്പോൾ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് വരാൻ പലരും തയ്യാറാവുന്നത് സ്വാഭാവികമാണെന്നും അതിനെ ആരോഗ്യകരമായ പ്രവണതയെന്നാണ് സിപിഎം വിലയിരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

