General (Page 1,410)

കൊച്ചി: കൊച്ചി കപ്പൽശാലയ്ക്ക് നേരെ വീണ്ടും ഭീഷണി സന്ദേശം. കപ്പൽശാല തകർക്കുമെന്ന ഭീഷണി സന്ദേശമാണ് ലഭിച്ചത്. പോലീസിന് ഇ- മെയിൽ ഇത്തവണ ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. പഴയ ഭീഷണി സന്ദേശ കേസുകൾ അന്വേഷിക്കുന്ന പൊലീസ് സംഘത്തിനാണ് ഭീഷണിയെത്തിയത്. സന്ദേശത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഇത് നാലാം തവണയാണ് കൊച്ചി കപ്പൽ ശാലയ്‌ക്കെതിരായ ഭീഷണി സന്ദേശം ലഭിക്കുന്നത്. സന്ദേശമയക്കാൻ ഉപയോഗിക്കുന്നത് പ്രോട്ടോൺ ആപ്പ് ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്ന ഭീഷണിയാണ് ആദ്യം ലഭിച്ചത്. കപ്പൽ ശാലയിലെ ഇന്ധനടാങ്കുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് കഴിഞ്ഞ ദിവസം ലഭിച്ച ഭീഷണി സന്ദേശത്തിൽ പറയുന്നത്. രാജ്യസുരക്ഷ കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് അന്വേഷണം നടക്കുന്നത്. ഇത് ഗുരുതര സാഹചര്യമാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. ഐപി അഡ്രസ് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

തിരുവനന്തപുരം: ഹെലികോപ്ടറിന്റെ വാടകയിനത്തിലായി കഴിഞ്ഞ ഒരു വർഷം കേരള പൊലീസ് ചെലവിട്ടത് 22 കോടിയിലധികം രൂപ. വിവരാവകാശ നിയമപ്രകാരമുള്ള രേഖകളിലാണ് എന്നാൽ ഇക്കാലയളവിൽ ഹെലികോപ്ടർ എന്തൊക്കെ ആവശ്യത്തിന് ഉപയോഗിച്ചുവെന്ന കാര്യത്തിൽ കേരളാ പോലീസിന് കൃത്യമായ മറുപടിയില്ല.

2020 ഏപ്രിൽ മാസത്തിലാണ് പോലീസിന്റെ അടിയന്തരാവശ്യത്തിനെന്ന പേരിൽ ഹെലികോപ്ടർ വാടകയ്‌ക്കെടുത്തത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ ഒന്നാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ട സമയത്തായിരുന്നു അത്. ഡൽഹിയിലെ പൊതുമേഖലാ സ്ഥാപനമായ പവൻ ഹൻസിൽ നിന്നാണ് പൈലറ്റ് ഉൾപ്പെടെ മൂന്ന് ജീവനക്കാരുമായി 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്ടർ കേരളാ പോലീസ് വാടകക്കെടുത്തത്. ഇരുപത് മണിക്കൂർ പറത്താൻ 1.44 കോടി വാടകയും അതിൽ കൂടുതലായാൽ മണിക്കൂറിന് 67000 രൂപ വീതവുമെന്നതായിരുന്നു കണക്ക്.

ഹെലികോപ്ടർ വാടക ഇനത്തിൽ ഇതുവരെ ജി.എസ്.ടി ഉൾപ്പെടെ 22,21,51000 രൂപ ചെലവായെന്നാണ് വിവരാവകാശ രേഖ പ്രകാരമുള്ള കണക്ക്. മാസവാടകയും അനുബന്ധ ചെലവുകൾക്കുമായി 21,64,79,000 രൂപയും ഫീസിനും അനുബന്ധ ചെലവിനുമായി 56,72,000 രൂപയുമാണ് നൽകിയത്. മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നിവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ ഈ സാഹചര്യങ്ങളിലൊന്നും ഹെലികോപ്ടർ ഉപയോഗിച്ചിട്ടില്ല. വാങ്ങിയ ശേഷം എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് ഓപ്പറേഷന് ഉപയോഗിച്ചുവോ എന്നതിനടക്കമുള്ള ചോദ്യങ്ങൾക്ക് പൊലീസിന് വ്യക്തമായ മറുപടി നൽകിയിട്ടില്ല.

തിരുവനന്തപുരം: ആർ.എസ്.പിയ്‌ക്കെതിരെ പരിഹാസവുമായി സി.പി.എം മുൻ സംസ്ഥാന അദ്ധ്യക്ഷൻ കോടിയേരി ബാലകൃഷ്ണൻ. ആർ.എസ്.പി ഇപ്പോൾ സംപൂജ്യരായി കഴിഞ്ഞുവെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആർ.എസ്.പി നേതൃത്വവുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. അവർ കുറച്ച് കാലം കൂടി കോൺഗ്രസിൽ നിന്ന് കാര്യങ്ങൾ നന്നായി പഠിക്കട്ടെ, ബാക്കി കാര്യങ്ങൾ അപ്പോൾ ആലോചിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് വിട്ട് നേതാക്കൾ സി.പി.എമ്മിൽ ചേരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. പാർട്ടി ശക്തി കേന്ദ്രമായ കൊല്ലത്ത് ഉൾപ്പെടെ ആർ.എസ്.പി. യുഡിഎഫിൽ തുടരുന്നതിൽ അതൃപ്തിയുണ്ടല്ലോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന്റെ നാശത്തിന് കാരണം അന്ധമായ സി.പി.എം. വിരോധമാണ്. കേരളത്തിൽ അത് വിലപ്പോവില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. കോൺഗ്രസിൽ അതൃപ്തരായി പാർട്ടി വിട്ടുവരുന്ന എല്ലാവരേയും സ്വീകരിക്കുകയെന്നതല്ല സി.പി.എം നയം. വരുന്ന നേതാക്കളുടെ പ്രവർത്തനശൈലി, നിലപാട് എന്നിവ പരിശോധിച്ച ശേഷമാണ് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. പാർട്ടിയുടേയും മുന്നണിയുടേയും ജനകീയ അടിത്തറ കൂടുതൽ ശക്തിപ്പെടാൻ കോൺഗ്രസ് വിട്ട് നേതാക്കൾ എത്തുന്നത് സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ നേതൃത്വത്തിൽ വരുന്നവരെല്ലാം കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് അവകാശവാദം ഉന്നയിച്ചിട്ടുള്ളവരാണ്. മുല്ലപ്പള്ളിയും ചെന്നിത്തലയുമെല്ലാം ഇത്തരം അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. ഉപ്പുചാക്ക് വെള്ളത്തിൽ വെച്ച അവസ്ഥയാണ് ഇപ്പോൾ കോൺഗ്രസിനെന്നും കോടിയേരി പരിഹസിച്ചു.

pinarayi

തിരുവനന്തപുരം: മലബാർ കലാപം മുസ്ലിം രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമമെന്ന് പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യസമര ഏടുകളെ അങ്ങനെയല്ലെന്ന് വരുത്തിത്തീർക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. സമരത്തിൽ പങ്കെടുക്കാത്തവരെ സ്വാതന്ത്ര്യസമര സേനാനിയെന്ന് ചിത്രീകരിക്കുന്നുവെന്നും വർഗീയ സംഘടനകൾ വ്യാജ പ്രചാരണങ്ങൾ അഴിച്ചു വിടുന്നെന്നും അദ്ദേഹം വ്യക്തമാക്കി. മലബാർ കലാപം 100 വർഷം 100 സെമിനാർ എന്ന സംസ്ഥാനതല ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ചരിത്ര വസ്തുതകളെ വക്രീകരിച്ച് പുതിയ ചരിത്രം സ്ഥാപിക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ് പ്രതിസന്ധി ഘട്ടത്തിലും വിദ്യാഭ്യാസ മേഖല മുന്നോട്ട് പോയി. ഒരു പ്രതിസന്ധിയുടെയും മുന്നിൽ വിറങ്ങലിച്ച് നിൽക്കുകയല്ല ചെയ്തത്. കാലത്തിനനുയോജ്യമായ വികസന മേഖലകളിൽ കൂടി കടക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഡിജിറ്റൽ വിദ്യാഭ്യാസം കൂടുതൽ ശക്തമാക്കുമെന്ന് അദ്ദേഹം വിശദമാക്കി. നൂറു ദിന പദ്ധതികളുടെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ സംസ്ഥാനത്തെ 92 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 107 സ്‌കൂളുകളുടെ ശിലാസ്ഥാപനവും അദ്ദേഹം നിർവ്വഹിച്ചു.

കണക്ടിവിറ്റി വിഷയത്തിൽ സേവന ദാതാക്കളുമായി ചർച്ച നടത്തി. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് കേരളം വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടം അഭിമാനകരമാണ്. കോവിഡ് പോലെയുള്ള പ്രശ്‌നങ്ങൾ ഇതിനിടയിൽ സംഭവിച്ചു എന്നതും വസ്തുതയാണ്. സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം അക്കാദമിക്ക് സൗകര്യവും വികസിപ്പിക്കാൻ സാധിച്ചു. അത്യപൂർവം സ്ഥലങ്ങളിൽ മാത്രമെ ഇപ്പോൾ കണക്ടിവിറ്റി പ്രശ്നമുള്ളു. ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കാൻ കുട്ടികളുടെ കണക്കെടുത്തു. കോവിഡ് തീർത്ത പ്രതിസന്ധി വെല്ലുവിളിയായിട്ടുണ്ടെങ്കിലും ജനാധിപത്യ ബദലുകൾ ഉയർത്തുകയാണ് പ്രധാനം. സൗകര്യപ്രദമായ സമയത്ത് സ്‌കൂളുകൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: സുപ്രീം കോടതി നിർദേശിച്ച പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ്. പദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിർദേശിക്കണമെന്നാണ് ട്രസ്റ്റ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങൾ സ്വതന്ത്ര സ്ഥാപനമാണെന്നാണ് ട്രസ്റ്റിന്റെ നിലപാട്. ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ട്രസ്റ്റിന്റെ ആവശ്യം പരിഗണിക്കും.

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും കഴിഞ്ഞ 25 വർഷത്തെ വരവ് ചെലവ് കണക്കുകൾ വിശ്വാസയോഗ്യമായ സ്ഥാപനത്തിനെ കൊണ്ട് ഓഡിറ്റ് ചെയ്യണമെന്ന് സുപ്രീം കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ചേർന്ന ക്ഷേത്ര ഭരണസമിതിയും ഉപദേശക സമിതിയും ഓഡിറ്റിങ്ങിനായി ഒരു സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടർന്ന് വരവ് ചെലവ് കണക്ക് ഹാജരാക്കാൻ ട്രസ്റ്റിനോട് കമ്പനി ആവശ്യപ്പെട്ടു. ഇതിനെതിരെയാണ് ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചത്.

1965 ൽ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മയാണ് പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചതെന്നും തിരുവിതാംകൂർ രാജകുടുംബം ക്ഷേത്രത്തിൽ നടത്തുന്ന മതപരമായ ആചാരങ്ങൾ നടത്തുന്നിന് വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചതെന്നും സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ വിശദമാക്കുന്നു.. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ തങ്ങൾ ഇടപെടാറില്ലെന്നും ട്രസ്റ്റ് സുപ്രീം കോടതിയെ അറിയിച്ചു. പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള ശ്രീ വൈകുണ്ഡം, അനന്തശയനം, ഭജനപുര, മഹാലക്ഷ്മി, സുദർശൻ എന്നീ മണ്ഡപങ്ങളും, ചിത്രാലയം ആർട്ട് ഗാലറി, കുതിര മാളിക തുടങ്ങിവയുടെയെല്ലാം നിയന്ത്രണം പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിനാണ്. ഇവിടെ നിന്നുള്ള വരവ് ചെലവ് കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്യുന്നില്ലെന്ന് നേരത്തെ അമിക്കസ് ക്യുറി ഗോപാൽ സുബ്രമണ്യം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് മയക്കു മരുന്ന് വേട്ട. ലക്ഷങ്ങൾ വിലവരുന്ന ന്യൂജെൻ മയക്കുമരുന്നുമായി തിരുവനന്തപുരം ടെക്‌നോപാർക്കിൽ ജോലിനോക്കുന്ന വനിതാ ടെക്കി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിലായി. തിരുവനന്തപുരം ചിറയിൻകീഴ് അമൃതം വീട്ടിൽ യദുകൃഷ്ണൻ പൂന്തുറ പടിഞ്ഞാറ്റിൽ വീട്ടിൽ ശ്രുതി എസ്.എൻ കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി നൗഫത്ത് മഹൽ നൗഷാദ് പി ടി എന്നിവരാണ് അറസ്റ്റിലായത്.

തിരുവനന്തപുരം ടെക്നോപാർക്കിലെ ഐടി ജീവനക്കാരാണ് യദുകൃഷ്ണനും ശ്രുതിയും. വർക്ക് ഫ്രം ഹോം ആനുകൂല്യം മുതലാക്കിയായിരുന്നു സംഘത്തിന്റെ പ്രവർത്തനം. എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിനു വേണ്ടിയാണ് സംഘം മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. നൂറുഗ്രാം മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മയക്കു മരുന്ന് കടത്താനായിരുന്നു സംഘത്തിന്റെ ശ്രമം. കേരള-കർണാടക അതിർത്തിയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ പി ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഘം നേരത്തെ മയക്കു മരുന്ന് കടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

തിരുവനന്തപുരം: പിസി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി സാമൂഹിക നിരീക്ഷകനും ബ്ലോഗറുമായ ബഷീർ വളളിക്കുന്ന്. നാർകോട്ടിക് ജിഹാദ് പരാമർശം നടത്തിയ പാലാ ബിഷപ്പിനെ പിന്തുണച്ചതിനാണ് പിസി ജോർജിനെതിരെ വിമർശനവുമായി ബഷീർ വള്ളിക്കുന്ന് രംഗത്തെത്തിയത്. ലൗ ജിഹാദിനെതിരെ നാർക്കോട്ടിക്ക് അച്ചന്റെ കൂടെ മുന്നണിപ്പടയാളിയായി വിഷയം പരമാവധി കത്തിച്ചു കൊണ്ട് കൂടെയുള്ളത് പി സി ജോർജ്ജാണെന്ന് അദ്ദേഹം പറഞ്ഞു. ജഗതി ശ്രീകുമാറിന്റെ മകളെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയ ശേഷം സ്വന്തം വീട്ടിലേക്ക് കയറ്റിയ ആളാണ് പി സി ജോർജെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതൊരു പാതകമെന്ന നിലയിലല്ല പറയുന്നത്. മതം മാറുന്നതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ചോയ്സാണ്. അതിൽ കയറി ചൊറിയേണ്ട ആവശ്യമില്ല. എന്നാൽ മതം മാറ്റ വിഷയത്തിൽ അതിനെതിരെ ഏറ്റവും ബഹളമുണ്ടാക്കുകയും അതൊരു വർഗ്ഗീയ ധൃവീകരണ അജണ്ടയായി കൊണ്ട് നടക്കുകയും ചെയ്യുന്ന ഒരാളുടെ കാര്യത്തിൽ അത് പരാമർശിക്കപ്പെടുന്നത് തെറ്റല്ലെന്ന് ബഷീർ ചൂണ്ടിക്കാട്ടി.

പൂഞ്ഞാറിൽ വിഷം കലക്കി കലക്കി അവസാനം ജനങ്ങൾ അവിടെ നിന്ന് കെട്ട് കെട്ടിച്ചു. യുഡിഎഫും എൽഡിഎഫും ഈ വിഴുപ്പിനെ വേണ്ടെന്ന് വെച്ചു. ഒരുത്തനും തിരിഞ്ഞു നോക്കാത്ത അവസ്ഥയിൽ ഇവനേയും പൊക്കിപ്പിടിച്ചു നടക്കുന്നത് സമൂഹത്തിൽ വിഷം കലക്കാനുള്ള ഒരവസരവും പാഴാക്കാത്ത ചില അന്തിചർച്ചാ അവതാരകർ മാത്രം. ഇപ്പോൾ മതം മാറ്റത്തിനെതിരെയുള്ള സമരനായകന്റെ പുതിയ റോളിലാണ്. സ്ത്രീപീഡനത്തിനെതിരെയുള്ള സമരത്തിൽ മുന്നണിപ്പോരാളിയായി ഗോവിന്ദച്ചാമിയെന്നും അദ്ദേഹം പരിഹസിച്ചു.

തിരുവനന്തപുരം: എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ പ്രമേയം പാസാക്കി യൂത്ത് കോൺഗ്രസ്. തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കെ.സി. വേണുഗോപാലിനെതിരെ പ്രമേയം പാസാക്കിയത്. കെ സി വേണുഗോപാൽ കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്.

അതേസമയം വർക്കല നെടുമങ്ങാട് യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ ദേശീയ നേതൃത്വം മരവിപ്പിച്ചു. സംസ്ഥാന നേതൃത്വത്തെ മറികടന്ന് തീരുമാനങ്ങൾ എടുക്കുന്നതിൽ അതൃപ്തി അറിയിച്ച് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസിനെ ഹൈജാക്ക് ചെയ്യാൻ കെ.സി. വേണുഗോപാൽ ശ്രമിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. താഴേത്തട്ടിലേക്ക് കെ സി. വേണുഗോപാൽ ഇടപെടുന്നത് അനുചിതമാണെന്നാണ് പരാതിയും ഉയർന്നിട്ടുണ്ട്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യുടെ മകൻ അർജുൻ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവായി ദേശീയ നേതൃത്വം നിയമിച്ചതിനെതിരെയും പ്രതിഷേധം ശക്തമാകുന്നുണ്ട്. ഡി.സി.സി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയെ തള്ളിപ്പറഞ്ഞതിനുള്ള പ്രതിഫലമായാണ് കെ സി. വേണുഗോപാൽ തിരുവഞ്ചൂരിന്റെ മകന് നേരിട്ട് നിയമനം നൽകിയതെന്നാണ് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല വിഭാഗങ്ങൾ ആരോപിക്കുന്നത്.

കേരളത്തിലെ മുഴുവൻ സംഘടന കാര്യങ്ങളിലും കെ.സി. വേണുഗോപാൽ അനാവശ്യമായി കൈകടത്തുന്നു എന്ന പരാതി ഉയർത്താനാണ് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല വിഭാഗങ്ങളുടെ തീരുമാനം.

തിരുവനന്തപുരം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉയർത്തിവിട്ട നർക്കോട്ടിക് ജിഹാദ് പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി. മയക്കു മരുന്നും കഞ്ചാവും മറ്റും ഉപയോഗിക്കുന്നവർ കഴിവതും സ്വന്തം മതത്തിൽ പെട്ടവരിൽ നിന്ന് തന്നെ വാങ്ങി ഉപയോഗിക്കേണ്ടതാണെന്നും മറ്റ് മതക്കാരുടെ കയ്യീന്ന് വാങ്ങിച്ചു വെറുതേ വർഗീയ പ്രശ്‌നം ഉണ്ടാക്കരുതെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്‌സ് ജിഹാദ് വിവാദത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. കത്തോലിക്ക യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പാലാ ബിഷപ്പിന്റെ പ്രസ്താവന. കേരളത്തിൽ ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതര മതസ്ഥരായ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും. അമുസ്ലീങ്ങളെ പ്രത്യേകിച്ച് ചെറുപ്പക്കാരെ ലഹരിമരുന്നിന് അടിമയാക്കാൻ ശ്രമിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വാഷിംഗ്ടൺ: പാകിസ്താനുമായുളള തങ്ങളുടെ ബന്ധത്തെ വരുന്ന ആഴ്ചകളിൽ വിശദമായി വിശകലനം ചെയ്യുമെന്ന് വ്യക്തമാക്കി അമേരിക്ക. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ ജനപ്രതിനിധി സഭയിലായിരുന്നു ബ്ലിങ്കന്റെ പ്രതികരണം.

പാകിസ്താൻ താലിബാൻ അംഗങ്ങൾക്ക് സുരക്ഷിതമായ ഒളിത്താവളം നൽകുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യം താമസിയാതെ അമേരിക്കൻ ഭരണകൂടം വിശകലനത്തിന് വിധേയമാക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അഫ്ഗാനിസ്താനിൽ കഴിഞ്ഞ 20 വർഷങ്ങളായി പാകിസ്ഥാൻ നടത്തുന്ന ഇടപെടലും വരും ആഴ്ചകളിൽ അവർ നടത്താൻ പോകുന്ന ഇടപെടലുകളും നിരീക്ഷിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാകിസ്താന് അഫ്ഗാനിസസ്താനിൽ അമേരിയ്ക്കയ്ക്കുളളതിൽ നിന്നും വ്യത്യസ്തമായി ചില താൽപര്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അഫ്ഗാനിലെ താലിബാൻ സർക്കാരിനെ അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അമേരിക്കൻ പ്രതിരോധത്തിനെതിരെ താലിബാന് പരോക്ഷമായി ശക്തമായ പിന്തുണ നൽകുന്നവരാണ് പാകിസ്താൻ. എന്നാൽ ഇത് അംഗീകരിക്കാൻ പാകിസ്താൻ ഇതുവരെ തയ്യാറായിട്ടില്ല.