നാർക്കോട്ടിക്‌സ് ജിഹാദ്‌ വിവാദം; സമവായത്തിന് മുൻകൈ എടുക്കേണ്ടത് സർക്കാരാണെന്ന് കെ സുധാകരൻ

കോട്ടയം: ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനും. ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്തുവച്ചായിരുന്നു കൂടിക്കാഴ്ച. ചങ്ങനാശ്ശേരി ബിഷപ്പിനോട് എല്ലാ പിന്തുണയും അഭ്യർത്ഥിച്ചുവെന്ന് സുധാകരൻ വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സുധാകരന്റെ പ്രതികരണം.

പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്‌സ് ജിഹാദ്‌ വിവാദത്തിൽ സമവായത്തിന് മുൻകൈ എടുക്കേണ്ടത് സർക്കാരാണ്. എന്നാൽ ചോര നക്കി കുടിക്കാൻ നിൽക്കുന്ന ചെന്നായയെ പോലെ സർക്കാർ നോക്കി നിൽക്കുന്നു. സമവായത്തിനല്ല ബിഷപ്പിനെ കാണാൻ പോയത്. വ്രണപ്പെടാത്ത സാമുദായിക സൗഹാർദമാണ് വേണ്ടതെന്നും വർഗീയ വിഷം ചാലിക്കപ്പെടാൻ അനുവദിച്ചുകൂടെന്നും സുധാകരൻ വിശദമാക്കി.

സാഹോദര്യം നിലനിർത്തുകയാണ് കോൺഗ്രസിന്റെ ദൗത്യം. മത സൗഹാർദം സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.