കൊച്ചി: ചന്ദ്രികയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ മാറ്റാൻ കഴിഞ്ഞെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ചന്ദിക കളളപ്പണക്കേസിൽ ആവശ്യമായ രേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ഇനി വരേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് എൻഫോഴ്‌സ്‌മെന്റാണ്. എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്താൻ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. എൻഫോഴ്‌മെന്റിന് മുന്നിൽ ഹാജരായി മൊഴി നൽകിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
ഇഡി വിളിച്ചത് നന്നായി. കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ അവസരം ലഭിച്ചുവെന്നും അദ്ദേഹം വിശദമാക്കി. നോട്ട് നിരോധന കാലയളവിൽ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവിൽ 10 കോടി രൂപ കളളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ടാണ് കുഞ്ഞാലിക്കുട്ടി എൻഫോഴ്‌സിന് മുന്നിൽ ഹാജരായത്. അന്വേഷണവുമായി സഹകരിക്കുമെന്നും സാക്ഷിയായാണ് താൻ ഇ.ഡിക്ക് മുന്നിൽ എത്തിയതെന്നും കുഞ്ഞാലിക്കുട്ടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
അതേസമയം കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ തെളിവുകളും രേഖകളും ജലീൽ ഇഡിയ്ക്ക് കൈമാറിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയും മകനും കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രിക ദിനപ്പത്രത്തെയും മുസ്ലിം ലീഗിനെയും മറയാക്കുകയാണെന്നാണ് ജലീൽ പറയുന്നത്.

