General (Page 1,404)

തിരുവനന്തപുരം: കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കോൺഗ്രസ് വർഗീയ ചേരിതിരിവിന് ശ്രമം നടത്തുന്നുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് വിവിധ സമുദായ നേതാക്കളെ നേരിൽ സന്ദർശിച്ച് സമവായശ്രമം നടത്തുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിൽ സാമുദായിക സംഘർഷത്തിന് സാഹചര്യമില്ല. ബി ജെ പി യുടെ നിലപാടുകൾക്ക് പിൻപാട്ട് പാടുകയാണ് രമേശ് ചെന്നിത്തലയെന്നും എ വിജയരാഘവൻ വ്യക്തമാക്കി. അതേസമയം പാലാ ബിഷപ്പിന്റെ പരാമർശം അടഞ്ഞ അദ്ധ്യായമാണെന്നാണ് എ കെ ബാലൻ പറയുന്നത്.

സർക്കാർ ഒരു ശ്രമവും നടത്താത്ത പശ്ചാത്തലത്തിലാണ് സാമുദായിക സൗഹാർദത്തിന് കെ.പി.സി.സിയുടെ നേതൃത്വത്തിൽ നേതാക്കളുമായി ചർച്ച നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിന് സർക്കാർ തയാറായാൽ പൂർണ പിന്തുണ പ്രതിപക്ഷം നൽകും. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ഈ നാട്ടിലല്ലേ ജീവിക്കുന്നതെന്നും ഇവിടെ നടക്കുന്നതൊന്നും കാണുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയത്തിൽ സ്വന്തമായ അഭിപ്രായം പോലും സി.പി.എം സെക്രട്ടറിക്കില്ല. സ്വന്തമായ അഭിപ്രായം വിജയരാഘവൻ പറഞ്ഞാൽ അതിന് മറുപടി പറയാമെന്നും സതീശൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സാംസ്‌കാരിക സാഹിത്യ സാമൂഹ്യ പ്രവർത്തകർക്കും കലാകാരന്മാർക്കും കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മതസൗഹാർദ്ദം തകർക്കാനും വർഗീയത വളർത്താനുമുള്ള ശ്രമങ്ങൾക്കെതിരെ ഇടപെടണമെന്ന് അഭ്യർത്ഥിച്ചാണ് അദ്ദേഹം കത്തയച്ചത്. മതേതരത്വത്തിന് പോറലേൽക്കുകയും വർഗീയത പിടിമുറുക്കുകയും ചെയ്യുമ്പോൾ മാനവികത അപ്രസക്തമാകും. മതേതരത്വത്തിൽ ഉറച്ച് കേരളത്തിന്റെ സമാധാനാന്തരീക്ഷം കാക്കാനുള്ള പരമാവധി ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ടെന്നും പിന്തുണ വേണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

കത്തിന്റെ പൂർണ്ണരൂപം:

നമ്മുടെ സംസ്ഥാനത്ത് വർഗീയത വളർത്തുന്ന തരത്തിൽ പ്രസ്താവനകളും ചർച്ചകളും വ്യാപകമായിരിക്കുന്നത് ശ്രദ്ധയിൽ വന്നിട്ടുണ്ടാവുമല്ലോ. മുൻപില്ലാത്ത വിധം സമൂഹത്തിൽ ചേരിതിരിവ് ഉണ്ടായിരിക്കുന്നു. സംശയങ്ങളും ആശങ്കകളും വിവിധ മതവിശ്വാസികൾ തമ്മിലുള്ള പരസ്പര വിശ്വാസത്തെയും ബഹുമാനത്തെയും തകർക്കുന്ന രീതിയിലേക്ക് എത്തിയിരിക്കുകയാണ്. കേരളത്തിലെ വിവിധ മതവിശ്വാസികൾ എക്കാലവും പരസ്പരം പുലർത്തിയിരുന്ന സ്നേഹ വിശ്വാസങ്ങൾക്കും സാഹോദര്യത്തിനും പോറൽ ഏൽക്കുന്നത് അത്യന്തം വേദനാജനകമാണ്. സമൂഹത്തെ ചേർത്ത് നിർത്തുന്ന ഇഴയടുപ്പങ്ങൾ പൊട്ടിയകലുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. നമ്മുടെ കേരളം വിദ്വേഷത്തിലും അവിശ്വാസത്തിലും പകയിലും ചെന്നവസാനിക്കരുത്.

എഴുത്തിലും വാക്കിലും ജീവിതത്തിലും മലയാളിക്ക് എന്നും വഴികാട്ടിയിട്ടുള്ള അങ്ങ് ഈ ഘട്ടത്തിൽ സമൂഹത്തിൽ നിറയുന്ന വർഗീയ പ്രവണതകൾ തിരുത്തുന്നതിനും നന്മയുടെ വഴിതെളിക്കുന്നതിനും മാർഗനിർദേശം നൽകണം. അത്തരം ശ്രമങ്ങൾക്ക് ഉപദേശവും പിന്തുണയും വിനീതമായി അഭ്യർത്ഥിക്കുന്നു. മതേതരത്വത്തിന് പോറലേൽക്കുകയും വർഗീയത പിടിമുറുക്കുകയും ചെയ്യുമ്പോൾ മാനവികത അപ്രസക്തമാകും. മതേതരത്വത്തിൽ ഉറച്ചു നിന്നുകൊണ്ട് കേരളത്തിന്റെ സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കാനുള്ള പരമാവധി ശ്രമങ്ങൾ കോൺഗ്രസ്സ് പാർട്ടിയും യുഡിഎഫും ആരംഭിച്ചത് അങ്ങയെ അറിയിക്കുന്നു. എല്ലാ പിന്തുണയും ഉണ്ടാകണം.

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷൻ വിതരണത്തിൽ സംസ്ഥാനം നിർണായക നേട്ടം കരസ്ഥമാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേരളത്തിൽ വാക്സിനേഷൻ ആദ്യ ഡോസ് 90 ശതമാനം കടന്നുവെന്നും അഞ്ച് സംസ്ഥാനങ്ങളിൽ ഇത് നൂറ് ശതമാനത്തിനടുത്താണെന്നും വീണാ ജോർജ് വ്യക്തമാക്കി. ഇതുവരെ 2,39,67,633 (2.39 കോടി) പേർക്ക് ആദ്യ ഡോസ് നൽകിയെന്നും മന്ത്രി പറഞ്ഞു.

വാക്സിനെടുക്കാൻ വിമുഖത പാടില്ല. മരണസംഖ്യ കൂടുതലും വാക്സിനെടുക്കാത്തവരിലാണ്. കോവിഡ് ജാഗ്രതയിൽ ഒരു വിട്ടുവീഴ്ചയും വരുത്തരുത്. ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള പ്രതിരോധം പാലിച്ചാൽ മാത്രമേ ഇപ്പോഴുള്ള ഇളവുകൾ തുടരാൻ കഴിയൂവെന്നും മന്ത്രി വിശദീകരിച്ചു.

ഡെങ്കി പനിയെ കുറിച്ച് പ്രചരിക്കുന്ന വാർത്തകളെ കുറിച്ചും ആരോഗ്യ മന്ത്രി പ്രതികരിച്ചു. ഡെങ്കി പനി സംബന്ധിച്ച് ചില തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഡെങ്കി പനിക്ക് നാല് വകഭേദങ്ങളാണ് ഉള്ളത്. ഇതിൽ രണ്ടാം വകഭേദം പുതിയതായി ഉണ്ടായ ഒന്നാണെന്ന തരത്തിൽ ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അത് തെറ്റാണ്. 2017 ൽ രാജ്യത്ത് കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ഈ വകഭേദം റിപ്പോർട്ട് ചെയ്തിരുന്നു. ഡെങ്കിയുടെ നാല് വകഭേദങ്ങളിൽ ഏറ്റവും അപകടകരമായത് രണ്ടാമത്തേതാണെന്നും വീണാ ജോർജ് മുന്നറിയിപ്പ് നൽകി.

ഡൊറാഡൂൺ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരാഖണ്ഡിൽ വലിയ വാഗ്ദാനങ്ങൾ നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഉത്തരാഖണ്ഡിൽ അധികാരത്തിലേറിയാൽ 6 മാസത്തിനകം ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ നൽകുമെന്നാണ് അരവിന്ദ് കെജ്‌രിവാളിന്റെ വാഗ്ദാനം. 5000 രൂപ പ്രതിമാസ അലവൻസ്, തൊഴിൽ മേഖലയിൽ 80 ശതമാനം സംവരണം തുടങ്ങി വൻ പ്രഖ്യാപനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. ഹൽദ്വാനിയിലെ യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഉത്തരാഖണ്ഡിലെ യുവാക്കൾക്ക് ഇവിടെത്തന്നെ ജോലി ലഭ്യമാക്കും. സംസ്ഥാനത്ത് മികച്ച ലക്ഷ്യങ്ങളുള്ള സർക്കാർ വന്നാൽ ഇതെല്ലാം സാധ്യമാണ്. തൊഴിലില്ലായ്മ മൂലമാണു സംസ്ഥാനത്തെ യുവാക്കൾ മറ്റിടങ്ങളിലേക്കു കുടിയേറുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം തവണയാണ് അരവിന്ദ് കെജ്‌രിവാൾ ഉത്തരാഖണ്ഡിൽ സന്ദർശനം നടത്തുന്നത്. എല്ലാ കുടുംബങ്ങൾക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്നു നേരത്തെ കെജ്രിവാൾ വാഗ്ദാനം ചെയ്തിരുന്നു.

club house

തിരുവനന്തപുരം: ക്ലബ് ഹൗസിൽ സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന റെഡ് റൂമുകൾ സജീവമാകുന്നതായി റിപ്പോർട്ട്. അർദ്ധ രാത്രികളിൽ സജീവമാകുന്ന ഇത്തരം റെഡ് റൂമുകൾക്കെതിരെ നിരീക്ഷണം ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.

റെഡ് റൂമുകൾ ഹണി ട്രാപ്പ് പോലുള്ള കുറ്റകൃത്യങ്ങളിലേക്ക് നീങ്ങിയേക്കാം എന്നാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്. മലയാളികൾ അടക്കം ഇത്തരം റൂമുകൾ നടത്തുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഹിന്ദി തമിഴ് ഭാഷകളിലുള്ള റെഡ് റൂമുകൾ നേരത്തെ തന്നെ ക്ലബ് ഹൗസിൽ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇത്തരം റെഡ് റൂമുകൾ മലയാളത്തിലേക്കും വന്നത്. റെഡ് റൂമുകൾ നടത്തുന്ന മോഡറേറ്റർമാരെ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് സൂചന. ഇവരുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നും റെഡ് റൂമുകളിലെ സ്ഥിരം കേൾവിക്കാരെയും പൊലീസ് ചോദ്യം ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

സ്ത്രീ, പുരുഷഭേദം ഇല്ലാതെയാണ് ഇത്തരം റൂമുകൾ സംഘടിപ്പിക്കപ്പെടുന്നത്. അശ്ലീല സംസാരങ്ങളും, ചോദ്യത്തോരങ്ങളുമായി തുറന്ന സംസാരം എന്നാണ് ഇത്തരം റൂമുകളുടെ രീതി. കേൾവിക്കാരായി ആയിരത്തിന് മുകളിൽ ആളുകളെ ഇത്തരം റൂമുകൾ ആകർഷിക്കുന്നുവെന്നും 18 ന് മുകളിൽ എന്ന ലേബലുമായി എത്തുന്ന ഗ്രൂപ്പുകളിൽ പലപ്പോഴും കൗമരക്കാരാണ് കൂടുതലെന്നുമാണ് സൂചന. അശ്ലീല റൂമുകളിൽ ഏറെയും കൗമാരക്കാരാണെന്നാണ് സൈബർ പൊലീസ് നൽകുന്ന മുന്നറിയിപ്പ്. മൊബൈൽ ഫോണുകൾ രാത്രി രക്ഷിതാക്കൾ വാങ്ങി വെയ്ക്കുന്നതാവും സുരക്ഷിതമെന്ന് പൊലീസ് അറിയിച്ചു.

മലപ്പുറം: കേരളത്തിൽ അതി ഭീകരമായ നാർക്കോട്ടിക് മാഫിയ പിടിമുറുക്കുന്നുണ്ടെന്ന് മുസ്ലീം ലീഗ് എംഎൽഎ നജീബ് കാന്തപുരം. പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശം വിവാദമാകുന്നതിനിടെയാണ് നജീബ് കാന്തപുരം ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് കാലത്ത് നാർക്കോ സംഘങ്ങളുടെ ശ്രംഖല അതിന്റെ വല ശക്തമായി വിരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പെൺകുട്ടികളടക്കം പിഞ്ചു കുട്ടികളെ പോലും നാർക്കോ സംഘങ്ങളുടെ കണ്ണികളാക്കി മാറ്റാൻ വളരെ വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്. പണമുണ്ടാക്കാൻ ഏത് വൃത്തി കെട്ട വഴിയും സ്വീകരിക്കുന്ന വലിയൊരു സംഘം ഇതിന് പിന്നിലുണ്ട്. ഏത് കുട്ടിയും വലയിൽ വീണു പോകും വിധമാണ് ഇതിന്റെ നെറ്റ്‌വർക്കെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാലാ ബിഷപ്പ് ആരോപിച്ച തരത്തിലല്ല ഇതിന്റെ വ്യാപ്തി. ഈ ലഹരി മാഫിയക്ക് മതം മാത്രമല്ല. കണ്ണും മൂക്കുമില്ല. ഹൃദയവുമില്ല. പണക്കൊതി മാത്രമെയുള്ളൂ. ഭരണ കൂടവും പൊതുജനങ്ങളും ഓരോ കുടുംബവും അതീവ ജാഗ്രത പുലർത്തണം. വെറുതെ മതങ്ങളെ ചാർത്തി ഈ വിഷയത്തെ അതിന്റെ യഥാർത്ഥ പ്രശ്‌നത്തിൽ നിന്ന് വഴിതിരിച്ച് വിടരുത്. അത് തെറ്റും ദുരുദ്ദേശപരവുമാണ്. ഇന്ന് നേരിട്ടറിഞ്ഞ നെഞ്ച് പിളർക്കുന്ന ഒരു യാഥാർത്ഥ്യത്തിൽ നിന്നാണ് ഈ കുറിപ്പ് പങ്കുവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിങ് ചന്നിയെ തെരഞ്ഞെടുത്തതിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ചന്നിക്കെതിരായ മീ ടൂ കേസിന്റെ പേരിലാണ് ബിജെപി കോൺഗ്രസിനെതിരെ രംഗത്തെത്തിയത്. 2018 ൽ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് മോശം സന്ദേശം അയച്ചെന്ന മീടൂ കേസിൽ ചരൺജിത് സിങ് ചന്നിക്ക് നടപടി നേരിടേണ്ടി വന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ വിമർശനം. ബിജെപിയുടെ ഐടി വകുപ്പ് തലവൻ അമിത് മാളവ്യ വിഷയത്തിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘നന്നായിട്ടുണ്ട് രാഹുൽ’ എന്ന് ട്വീറ്റ് ചെയ്തു കൊണ്ടാണ് അദ്ദേഹത്തിന്റെ പരിഹാസം.

പഞ്ചാബ് വനിതാ കമ്മിഷൻ നോട്ടിസ് അയച്ചതോടെയാണ് കേസ് വീണ്ടും ഉയർന്നുവന്നത്. ചരൺജിത്തിനെതിരായ കേസിൽ ഒരാഴ്ചയ്ക്കുള്ളിൽ നിലപാട് അറിയിക്കാൻ പഞ്ചാബ് വനിതാ കമ്മിഷൻ അധ്യക്ഷ സംസ്ഥാന സർക്കാരിന് മെയ് മാസത്തിൽ നോട്ടിസ് നൽകിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ നിലപാട് അറിയിച്ചില്ലെങ്കിൽ അവർ നിരാഹാര സമരം നടത്തുമെന്നും പഞ്ചാബ് വനിതാ കമ്മിഷൻ അധ്യക്ഷ മനീഷ ഗുലാത്തി ചീഫ് സെക്രട്ടറിക്ക് കത്ത് അയയ്ക്കുകയും സർക്കാരിന്റെ നടപടി റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വിഷയത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ ഇടപെട്ടാണ് സർക്കാരിന്റെ നിലപാട് തേടിയത്. പിന്നീട് അന്ന് മുഖ്യമന്ത്രിയായിരുന്ന അമരിന്ദർ സിങ് ചരൺജിത്തിനോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസ് പരിഹരിച്ചതായും പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നു.

ലക്‌നൗ: ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് 350 സീറ്റുകൾ ലഭിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി ഭരണത്തിൽ സംസ്ഥാനത്ത് പൂർണ മാറ്റം പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ റിപ്പോർട്ട് കാർഡ് അവതരിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കഴിഞ്ഞ നാലര വർഷം ജനങ്ങൾക്ക് വേണ്ടിയാണ് തങ്ങൾ ഭരിച്ചത്. തങ്ങളാരും സ്വന്തമായി വീട് ഉണ്ടാക്കിയില്ലെങ്കിലും സംസ്ഥാനത്തെ 42 ലക്ഷം പാവപ്പെട്ടവർക്ക് വീടു നൽകി. ക്രിമിനലുകളെ ഇല്ലാതാക്കി. ഇതോടെ ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം വർദ്ധിച്ചു.

കഴിഞ്ഞ നാലര വർഷത്തെ ഭരണത്തിൽ ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്ന 2017 മുതൽ കലാപങ്ങളില്ലാത്ത സംസ്ഥാനമായി ഉത്തർപ്രദേശ് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കുന്നതിനുള്ള കേന്ദ്ര ഫണ്ട് വിനിയോഗിക്കുന്നതിൽ കേരളം അലംഭാവം കാട്ടുന്നുവെന്നതിന്റെ തെളിവുകൾ പുറത്ത്. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. വനങ്ങളുടെ ഗുണനിലവാരവും വിസ്തീർണ്ണവും വർദ്ധിപ്പിക്കാൻ ആരംഭിച്ച ദേശീയ പദ്ധതിയായ ഗ്രീൻ ഇന്ത്യ മിഷനു കീഴിൽ 2015-16 മുതൽ 2020-21 വരെയുള്ള കാലയളവിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നൽകിയത് 25.47 കോടി രൂപയാണ്. എന്നാൽ ഇതിൽ സംസ്ഥാനം ചെലവിട്ടത് 9.88 കോടി രൂപ മാത്രമാണ്.

കേരളം ഉൾപ്പടെ 15 സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ഫണ്ട് അനുവദിച്ചത്. ഇതിൽ ആറു സംസ്ഥാനങ്ങൾ മാത്രമാണ് ഫണ്ട് പൂർണ്ണമായും ചെലവഴിച്ചത്. മിസോറാം, സിക്കിം, പഞ്ചാബ്, മണിപ്പൂർ, കർണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് ഫണ്ട് പൂർണ്ണമായും ചെലവഴിച്ചതെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾ ഇതുവരെ വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ല.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്ബൂതിരിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ഇക്കാര്യങ്ങൾ വിശദമാക്കിയിരിക്കുന്നത്. രണ്ടു മഹാപ്രളയങ്ങൾ സംഭവിച്ചിട്ടും കാലാവസ്ഥ വ്യതിയാനം ഉയർത്തുന്ന പാരിസ്ഥിതിക വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനുള്ള ഫണ്ട് കേരളം ഫലപ്രദമായി വിനിയോഗിക്കാത്തത് എന്തുകൊണ്ടാണെന്ന് സംസ്ഥാന സർക്കാരും വനം വകുപ്പും വ്യക്തമാക്കണമെന്ന് ഗോവിന്ദൻ നമ്പൂതിരി ആവശ്യപ്പെട്ടു.

ജൈവവൈവിധ്യം, ജലം, ജൈവവസ്തുക്കൾ, കണ്ടൽക്കാടുകൾ, തണ്ണീർത്തടങ്ങൾ, നിർണായക ആവാസവ്യവസ്ഥകൾ മുതലായവ സംരക്ഷിക്കുകയാണ് കാലാവസ്ഥാ വ്യതിയാനത്തിനായുള്ള ദേശീയ പ്രവർത്തന പദ്ധതിയുടെ (എൻഎപിസിസി) എട്ട് ദൗത്യങ്ങളിൽ ഒന്നായ ഗ്രീൻ ഇന്ത്യ മിഷന്റെ പ്രധാന ലക്ഷ്യങ്ങൾ. രാജ്യത്ത് കുറഞ്ഞുവരുന്ന വനവിസ്തൃതി പുനഃസ്ഥാപിക്കുകയും മെച്ചപ്പെടുത്തുകയും കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാനുള്ള നടപടികളുമാണ് ഗ്രീൻ ഇന്ത്യ മിഷൻ (ജിഐഎം) ലക്ഷ്യമിടുന്നത്.

കേന്ദ്രം സംസ്ഥാനങ്ങൾക്ക് അനുവദിച്ച ഫണ്ടിന്റെ വിശദ വിവരങ്ങൾ: ഫണ്ട് അനുവദിച്ചത്, വിനിയോഗിച്ചത്(കോടിയിൽ)

ആന്ധ്രാപ്രദേശ് 4.17, 3.72
ഛത്തീസ്ഗഡ് 66.63, 66.27
ഹിമാചൽ പ്രദേശ് 17.09 –
ജമ്മു കശ്മീർ 25.73 –
കർണാടക 8.97, 8.97
കേരളം 25.47, 9.88
മധ്യപ്രദേശ് 54.81, 54.38
മഹാരാഷ്ട്ര 10.30, 7.65
മണിപ്പൂർ 38.37, 38.24
മിസോറാം 72.95, 72.95
ഒഡീഷ 49.57, 38.50
പഞ്ചാബ് 15.52, 15.59
സിക്കിം 8.64 ,8.47
ഉത്തരാഖണ്ഡ് 48.10, 44.94
പശ്ചിമ ബംഗാൾ 9.43

വാഷിംഗ്ടൺ: ചൈനയുടെ വർധിച്ചു വരുന്ന സ്വാധീനത്തെ തടയാൻ വേണ്ടി ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും. ഓക്കസ് എന്നാണ് ഈ പ്രതിരോധ മുന്നണിയ്ക്ക് നൽകിയിരിക്കുന്ന പേര്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട് മോറിസൻ എന്നിവർ ചേർന്ന് വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് സഖ്യത്തിന് രൂപം നൽകിയത്. ചൈനയ്‌ക്കെതിരെയുള്ള പ്രതിരോധ മുന്നണിയുടെ ഭാഗമായി ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിവ്യൂഹം പണിയാൻ സഹായിക്കാനാണ് യുഎസും ബ്രിട്ടനും തീരുമാനിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയക്ക് ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനി പണിയുന്നതാണ് ഓക്കസ് പദ്ധതിയിലെ ആദ്യഘട്ട പ്രവർത്തനം. അഡലെയ്ഡിലായിരിക്കും അന്തർവാഹിനിയുടെ നിർമ്മാണം. ഇതു യാഥാർഥ്യമാകുന്നതോടെ ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിയുള്ള ഏഴാമത്തെ രാജ്യം എന്ന നേട്ടം ഓസ്‌ട്രേലിയയ്ക്ക് സ്വന്തമാകും. അതേസമയം ഇതിനർഥം ഓസ്‌ട്രേലിയ ആണവായുധങ്ങളുടെ പിന്നാലെ പോകുമെന്നല്ലെന്ന് പ്രധാനമന്ത്രി സ്‌കോട് മോറിസൺ അറിയിച്ചു.

ഇക്കാര്യത്തിൽ യുഎസിന്റെയും ബ്രിട്ടന്റെയും ഉറ്റ സഖ്യകക്ഷിയായ ഫ്രാൻസിന് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഫ്രാൻസിന്റെ കീഴിലുള്ള നേവൽ ഗ്രൂപ് എന്ന നാവികായുധ കമ്പനിയുമായി 90 ബില്യൺ കരാറിൽ ആണവ അന്തർവാഹിനികൾക്ക് ഓസ്‌ട്രേലിയ ഓർഡർ നൽകിയിരുന്നതാണ്. ഇപ്പോൾ യുഎസും ബ്രിട്ടനും കൂടി വന്നതോടെ ഈ കരാർ ഫ്രാൻസിനു നഷ്ടമായി.

ആണവ അന്തർവാഹിനികളെ മുന്നോട്ടു നയിക്കുന്ന ന്യൂക്ലിയർ പ്രൊപ്പൽഷൻ സാങ്കേതികവിദ്യ യുഎസ് ഇതുവരെ ബ്രിട്ടനല്ലാതെ മറ്റൊരു രാജ്യത്തിനും നൽകിയിട്ടില്ല. എന്നാൽ ചൈനയ്‌ക്കെതിരെയുള്ള പ്രതിരോധ സഖ്യത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയും ഇതിൽ പങ്കാളിയാകും. നിലവിൽ കോളിൻ ക്ലാസ് എന്നറിയപ്പെടുന്ന അന്തർവാഹിനികളാണ് ഓസ്‌ട്രേലിയൻ നേവിക്കുള്ളത്. ഡീസൽ ഊർജത്തിൽ പ്രവർത്തിക്കുന്ന ഇവയ്ക്ക് ഒരുപാടുകാലം കടലിൽ കിടക്കാൻ കഴിയില്ല. എന്നാൽ ആണവ പ്രൊപ്പൽഷൻ സാങ്കേതികവിദ്യ വരുന്നതോടെ ഇക്കാര്യത്തിൽ മാറ്റമാകുകയും 5 മാസത്തോളം പസഫിക് മേഖലയിൽ കിടക്കാനും വളരെ നിശ്ശബ്ദമായി പ്രവർത്തിക്കാനും ഓസ്‌ട്രേലിയൻ നേവിക്ക് അവസരമൊരുങ്ങുകയും ചെയ്യും.