നന്നായിട്ടുണ്ട് രാഹുൽ; പഞ്ചാബിൽ ചരൺജിത് സിങ് ചന്നിക്കെതിരെയുള്ള മീടു ആരോപണത്തിൽ കോൺഗ്രസിനെതിരെ പരിഹാസവുമായി ബിജെപി

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിങ് ചന്നിയെ തെരഞ്ഞെടുത്തതിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ചന്നിക്കെതിരായ മീ ടൂ കേസിന്റെ പേരിലാണ് ബിജെപി കോൺഗ്രസിനെതിരെ രംഗത്തെത്തിയത്. 2018 ൽ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് മോശം സന്ദേശം അയച്ചെന്ന മീടൂ കേസിൽ ചരൺജിത് സിങ് ചന്നിക്ക് നടപടി നേരിടേണ്ടി വന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ വിമർശനം. ബിജെപിയുടെ ഐടി വകുപ്പ് തലവൻ അമിത് മാളവ്യ വിഷയത്തിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘നന്നായിട്ടുണ്ട് രാഹുൽ’ എന്ന് ട്വീറ്റ് ചെയ്തു കൊണ്ടാണ് അദ്ദേഹത്തിന്റെ പരിഹാസം.

പഞ്ചാബ് വനിതാ കമ്മിഷൻ നോട്ടിസ് അയച്ചതോടെയാണ് കേസ് വീണ്ടും ഉയർന്നുവന്നത്. ചരൺജിത്തിനെതിരായ കേസിൽ ഒരാഴ്ചയ്ക്കുള്ളിൽ നിലപാട് അറിയിക്കാൻ പഞ്ചാബ് വനിതാ കമ്മിഷൻ അധ്യക്ഷ സംസ്ഥാന സർക്കാരിന് മെയ് മാസത്തിൽ നോട്ടിസ് നൽകിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ നിലപാട് അറിയിച്ചില്ലെങ്കിൽ അവർ നിരാഹാര സമരം നടത്തുമെന്നും പഞ്ചാബ് വനിതാ കമ്മിഷൻ അധ്യക്ഷ മനീഷ ഗുലാത്തി ചീഫ് സെക്രട്ടറിക്ക് കത്ത് അയയ്ക്കുകയും സർക്കാരിന്റെ നടപടി റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വിഷയത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ ഇടപെട്ടാണ് സർക്കാരിന്റെ നിലപാട് തേടിയത്. പിന്നീട് അന്ന് മുഖ്യമന്ത്രിയായിരുന്ന അമരിന്ദർ സിങ് ചരൺജിത്തിനോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസ് പരിഹരിച്ചതായും പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നു.