ലക്‌നൗ: ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് 350 സീറ്റുകൾ ലഭിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി ഭരണത്തിൽ സംസ്ഥാനത്ത് പൂർണ മാറ്റം പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ റിപ്പോർട്ട് കാർഡ് അവതരിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കഴിഞ്ഞ നാലര വർഷം ജനങ്ങൾക്ക് വേണ്ടിയാണ് തങ്ങൾ ഭരിച്ചത്. തങ്ങളാരും സ്വന്തമായി വീട് ഉണ്ടാക്കിയില്ലെങ്കിലും സംസ്ഥാനത്തെ 42 ലക്ഷം പാവപ്പെട്ടവർക്ക് വീടു നൽകി. ക്രിമിനലുകളെ ഇല്ലാതാക്കി. ഇതോടെ ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം വർദ്ധിച്ചു.
കഴിഞ്ഞ നാലര വർഷത്തെ ഭരണത്തിൽ ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്ന 2017 മുതൽ കലാപങ്ങളില്ലാത്ത സംസ്ഥാനമായി ഉത്തർപ്രദേശ് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

